പൌരാണിക ഭാരതത്തിൽ നില നിന്നിരുന്ന ഹേതുവാദമാണ് ചാർവ്വാകം. ആദിമ യുക്തിവാദം എന്നു പറയാം. ഭാരതത്തിന്റെ ചിന്താപൈതൃകം തന്നെ ചാർവ്വാകദർശനത്തിനു ചാർത്തിക്കൊടുക്കാൻ ചിലർ ധൃഷ്ടരാവാറുണ്ട്.
എന്താണ് ചാർവ്വാകം? അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളെന്തൊക്കെ? അത് മുന്നോട്ടു വെക്കുന്ന ജീവിതദർശനമെന്ത്?
ഇക്കാര്യങ്ങൾ പഠിക്കാൻ ഒരു ശ്രമം നടത്തി. എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള വിവരങ്ങൾ ഇവിടെ പങ്കു വെക്കുന്നു.
- ഭാരതത്തിലെ അതിപ്രാചീനമായ ഭൌതികവാദദര്‍ശനമാണ് ലോകായതം. പൌരാണിക ഹേതുവാദമെന്ന് പറയാം. നിലനിന്നിരുന്ന അനുഷ്ഠാനമതസമ്പ്രദായങ്ങളോടും അതിന്റെ മനുഷ്യവിരുദ്ധതയോടും പൌരോഹിത്യത്തോടുമെല്ലാം കലഹിച്ചു കൊണ്ട് വികാസം പ്രാപിച്ച ലോകായത ദര്‍ശനം വേദം, ആത്മീയത തുടങ്ങിയവയെ നിഷേധിച്ചു. ബൃഹസ്പതിയാണ് ലോകായതത്തിന്റെ സ്ഥാപകന്‍. ചാര്‍വാകന്‍ എന്നും ഇദ്ദേഹത്തിന് പേരുണ്ട്.
- ചാര്‍വാകന്മാരുടെ ദര്‍ശനമാണ് ചാര്‍വാകം. ചര്‍വണശീലരെന്ന് (‘ചര്‍വ്’എന്നാല്‍ ചവയ്ക്കല്‍ എന്നര്‍ത്ഥം) പരിഹസിക്കപ്പെട്ടതു മൂലമാവാം ചാര്‍വാകന്മാരായത്. തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നതാണല്ലോ ഈ ദര്‍ശനം മുന്നോട്ടുവെക്കുന്ന ജീവിതലക്ഷ്യം. ചാരുവായ വാകത്താല്‍ (സുന്ദരമായ പദങ്ങളാല്‍) ജനങ്ങളെ വശീകരിച്ചു വഴി തെറ്റിക്കുന്നവര്‍ എന്ന പൌരോഹിത്യ വിമര്‍ശവുമാകാം ഈ പേരിന് നിദാനം.
- ലോകായതം എന്ന പേരിന് രണ്ട് വിശദീകരണങ്ങളുണ്ട്. ലോകേഷു (ജനങ്ങളില്‍) ആയതേ (വ്യാപിച്ചത്) എന്നതാണൊന്ന്. ലോകത്തെ (ലോകമെന്നാല്‍ ചാര്‍വാകര്‍ക്ക് പദാര്‍ത്ഥ ലോകമാണ്, അതായത് ഇന്ദ്രിയഗോചര ലോകം) ആസ്പദമാക്കിയുള്ള ദര്‍ശനം എന്നും വിശദീകരിക്കപ്പെടാറുണ്ട്.
ചാര്‍വാകദര്‍ശനത്തിലെ മുഖ്യസിദ്ധാന്തങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.
1) നിരീശ്വരവാദം:-
- ലോകസ്രഷ്ടാവായ ഒരീശ്വരന്‍ ഇല്ല. ഈ സിദ്ധാന്തമാണ് ലോകായത ദര്‍ശനത്തിന്റെ നാരായ വേര്. ഈശ്വരനെ പ്രത്യക്ഷജ്ഞാനത്താലോ അനുമാനത്താലോ അറിയാന്‍ കഴിയില്ല. (ലോകായതത്തില്‍ പ്രത്യക്ഷം മാത്രമാണ് ജ്ഞാനത്തിന്റെ ആധാരം. അനുമാനം ആവാമെങ്കില്‍പ്പോലും അത് നേര്‍ക്കു നേര്‍ പ്രത്യക്ഷത്തെ ആശ്രയിച്ചു മാത്രമേ നില നില്‍ക്കുകയുള്ളൂ. ഹേതുവാദത്തിന്റെ മുഖ്യ സവിശേഷതയായി ഈ നിലപാടിനെ കരുതാം).
2) പദാര്‍ത്ഥവാദം:-
- ഭൂമി, വായു, ജലം, അഗ്നി ( ഇതിനെ വേണമെങ്കില്‍ ആധുനിക ശാസ്ത്രഭാഷയിലെ ഖരം, വാതകം, ദ്രാവകം, ഊര്‍ജ്ജം എന്നതിനു സമാനമായി ഗണിക്കാം) എന്നീ ചതുര്‍ഭൂതങ്ങളാണ് മൂലപദാര്‍ത്ഥങ്ങള്‍. ഇവയുടെ വ്യത്യസ്തമായ സംയോഗത്തില്‍ നിന്നാണ് ശരീരം, ഇന്ദ്രിയങ്ങള്‍, വസ്തുക്കള്‍ ഇവയെല്ലാമുണ്ടാകുന്നത്.
3) പ്രജ്ഞാവാദം:-
- ചതുര്‍ഭൂതങ്ങളുടെ (മൂലകങ്ങളുടെ) സംയോഗത്തില്‍ നിന്നു തന്നെയാണ് പ്രജ്ഞ അഥവാ ചൈതന്യവുമുണ്ടാകുന്നത്. മൂലപദാര്‍ത്ഥങ്ങളില്‍ ചൈതന്യമില്ലെങ്കിലും അവ ചേരുമ്പോള്‍ അതുണ്ടാവാം. വ്യത്യസ്ത ധാന്യങ്ങള്‍ ചേര്‍ന്ന് മദ്യമാകുമ്പോള്‍ ഘടകപദാര്‍ത്ഥങ്ങള്‍ക്കില്ലാത്ത ലഹരി അതിനുണ്ടാകുന്നതു പോലെയാണിതും.
4) ദേഹാത്മവാദം (ആത്മാ നിഷേധം):-
- പ്രജ്ഞയോടു കൂടിയ ശരീരം തന്നെ ആത്മാവ്. അതിനപ്പുറമൊരാത്മീയാസ്തിത്വമില്ല. ഞാന്‍ വെളുത്തിട്ട്, കറുത്തിട്ട്, ഞാന്‍ കാണുന്നു കേള്‍ക്കുന്നു എന്നെല്ലാം പറയുമ്പോള്‍ ഇതിലെ ഞാന്‍ ശരീരം തന്നെയാണല്ലോ..?
5) സ്വഭാവവാദം:-
- തീയുടെ ചൂടും വെള്ളത്തിന്റെ ദ്രവത്വവും കരിമ്പിന്റെ മധുരവുമെല്ലാം അവയുടെ സ്വാഭാവിക ഗുണങ്ങളാണ്. കുടം നിര്‍മ്മിക്കാന്‍ കുശവന്‍ വേണമെന്നു വെച്ച് കാറ്റു വീശാനും വിത്തു മുളയ്ക്കാനും ചേതനാകാരണം വേണമെന്നില്ല.
6) പുനര്‍ജ്ജന്മ നിരാസം:-
- മരണത്തിനപ്പുറം നിലനില്‍ക്കുന്ന ഒന്നും നമ്മിലില്ല. ദേഹമോ ഇന്ദ്രിയങ്ങളോ മനസ്സോ പ്രാണനോ അല്ലാതെ ഒരാത്മാവുമില്ല. ശരീരം നശിക്കുന്നതോടെ ചേതന നശിക്കും അതോടെ ജീവിതവും അവസാനിക്കും.
- പുനര്‍ജ്ജന്മമില്ലാത്തതിനാല്‍ പരലോകവുമില്ല. പരലോകമുണ്ടെങ്കില്‍ അവിടെ പോകുന്ന ആത്മാക്കള്‍ ബന്ധുജന സന്ദര്‍ശനത്തിനായി എന്നെങ്കിലും തിരിച്ചു വരേണ്ടതല്ലേ? ശ്രാദ്ധം ഊട്ടുന്നത് നിരര്‍ത്ഥകമാണ്. പരലോകത്തു പോകുന്നവര്‍ക്കു വേണ്ടി ഇവിടെ ആരെങ്കിലും തിന്നിട്ടെന്ത്? അങ്ങനെയെങ്കില്‍ ദേശാടനത്തിനു പോകുന്നവന്‍ പൊതിച്ചോറു കൊണ്ടു പോകുന്നതെന്തിന്? അവനു വേണ്ടി നാട്ടില്‍ നിന്നു തന്നെ ആരെങ്കിലും തിന്നാല്‍ പോരേ?
- മരണം തന്നെ മോക്ഷം. അതിനപ്പുറം ജീവിതമില്ല. മരണത്തോടു കൂടി ജീവിതം അവസാനിക്കുമെന്നതിനാല്‍ അര്‍ത്ഥവും (ധനസമ്പാദനം) കാമവും (ജീവിത സുഖം) മാത്രമാണ് പുരുഷാര്‍ത്ഥങ്ങള്‍. (ജീവിതത്തിന് നാല് ലക്ഷ്യങ്ങളുണ്ടെന്നാണ് ഹൈന്ദവ ധര്‍മശാസനം. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. ഇവയെ പുരുഷാര്‍ത്ഥങ്ങള്‍ എന്നു പറയുന്നു). സുഖവും ദു:ഖവും ഈ ലോകത്തില്‍ത്തന്നെ. ഈ ലോകജീവിതം കൂടുതല്‍ സുഖകരവും ആനന്ദപ്രദവുമാക്കുകയെന്നതല്ലാതെ ജീവിത ലക്ഷ്യങ്ങളൊന്നുമില്ല.
- ചാര്‍വാക ദര്‍ശനത്തിന്റെ മുഖ്യ തത്വങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട സാമൂഹിക പശ്ചാത്തലങ്ങള്‍, ജീവിതത്തെയും ധാര്‍മികതയെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവ കൂടി പരിശോധിക്കേണ്ടതുണ്ട്. അത് അടുത്ത പോസ്റ്റില്‍.