മരണത്തിന്റെ നാനാര്‍ത്ഥങ്ങള്‍

pied-piper-seventh-sealതന്റെ ജീവിതകാലം ഇനിയും അവസാനിച്ചിട്ടില്ലെന്നു വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത, ബെര്‍ഗ്മാന്റെ നായകന്‍ അന്റോണിയസ് ബ്ലോക്കിന്റെ അവകാശ വാദത്തെ (Seventh Seal/ Ingmer Bergman) മരണം പരിഹസിച്ചു തള്ളി. തന്റെ നിയോഗങ്ങള്‍ അനന്തമാണെന്ന വ്യാമോഹം ഭൂമുഖത്തെ എല്ലാ മനുഷ്യര്‍ക്കുമുണ്ട്. മരിക്കാന്‍ ഇനിയുമേറെ സമയമുണ്ടെന്ന നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസമാണത്.

നിരത്തിവെച്ച ചതുരംഗപ്പലകയായിരുന്നു നായകന്റെ പിന്നീടത്തെ പിടിവള്ളി. മരണത്തെ അയാള്‍ ചതുരംഗം കളിക്കാന്‍ ക്ഷണിച്ചു. തോല്‍ക്കാത്ത കാലത്തോളം ജീവിക്കാാന്‍ അനുവദിക്കണമെന്ന ഉപാധിയില്‍ ബ്ലോക്കും മരണവും കളി തുടങ്ങി. എന്നാല്‍ മരണത്തിന്റെ അഭൌമമായ അജയ്യതക്കു മുന്നില്‍ തന്റെ ചതുരംഗ പ്രാവീണ്യത്തിന്റെ പരിമിതി അയാള്‍ തിരിച്ചറിയുക തന്നെ ചെയ്തു.

മരണവും ജീവിതവും തമ്മിലുള്ള ചതുരംഗക്കളിയാണ് ബര്‍ഗ്മാന്റെ ഏഴാം മുദ്രയുടെ മുഖ്യ പ്രമേയം. അതേയവസരം മരണത്തിനു കീഴ്‌പ്പെടേണ്ടിവരുമ്പോഴും മണ്ണില്‍ ജീവിതത്തിന്റെ തുടര്‍ച്ചയും നമ്മള്‍ കാണുന്നു. അന്റോണിയസ് ബ്ലോക്കും സംഘവും കൈകള്‍ കോര്‍ത്തുപിടിച്ച് മരണത്തിന്റെ മലമുകളിലേക്ക് കയറിപ്പോകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍, തെരുവുസര്‍ക്കസ്സുകാരന്‍ ജോഫും കുടുംബവും ജീവിതത്തിലേക്കു തന്നെയാണ് യാത്ര ചെയ്യുന്നത്. സമാനമായ മറ്റൊരു രംഗം നാം നേരത്തേ കണ്ടിട്ടുണ്ട്. ഇരുമ്പുപണിക്കാരന്‍ പ്ലോഗിന്റെ ഭാര്യയെ തട്ടിയെടുത്ത സ്‌കാറ്റ് അവിചാരിതമായി പ്ലോഗിന്റെയും സംഘത്തിന്റെയും മുന്നിലെത്തിപ്പെട്ടതോടെ മരണമഭിനയിച്ചു രക്ഷപ്പെടുന്നു. മറ്റുള്ളവരെ വിഡ്ഢികളാക്കിയതിന്റെ ആനന്ദത്തിലും മരണത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും അയാളൊരു മരത്തില്‍ക്കയറി. അതിന്റെ മുകളിലിരുന്ന് ആനന്ദിച്ചു പാടിക്കൊണ്ടിരുന്നു. ഭാവിയെക്കുറിച്ചുള്ള പാട്ട്. ആ മരത്തിന്റെ കടയ്ക്കല്‍ കോടാലി പതിയുന്ന ശബ്ദം. നോക്കിയപ്പോള്‍ മരണം തന്നെ. നിന്റെ മരം ഞാന്‍ മുറിക്കുകയാണ്, എന്തെന്നാല്‍ നിന്റെ സമയം കഴിഞ്ഞു. അയാള്‍ക്ക് രക്ഷപ്പെടാനാവുമായിരുന്നില്ല. അനിവാര്യമായ അവസാനം. മരം മറിഞ്ഞുവീണ് അയാള്‍ മരിച്ചു. ഉടന്‍ നമ്മള്‍ കാണുന്നത് മരത്തിന്റെ കുറ്റിയില്‍ നിന്ന് വാലും വിറപ്പിച്ച് ചിലച്ചു കൊണ്ടോടിപ്പോകുന്ന ഒരണ്ണാന്‍. ദ്രുതമായൊരു ചലനം. അപ്പോഴും തുടരുന്ന ജീവന്റെ സ്പന്ദനം, ജീവിതത്തിന്റെ താളം. അതു പോലെത്തന്നെയാണ് ചിത്രാന്ത്യത്തില്‍ മരണനൃത്തത്തിനിടയിലും ജീവന്റെയും ജീവിതത്തിന്റെയും തുടര്‍ച്ചയായി ജോഫിനെയും മിയയേയും മകന്‍ മൈക്കലിനെയും (ജോസഫും മറിയയുമായി ജോഫ്, മിയ എന്നീ പേരുകള്‍ക്കുള്ള സാദൃശ്യം ശ്രദ്ധേയമാണ്, പരിശുദ്ധമായ കുടുംബം, ജോഫാണെങ്കില്‍ അലൗകിക ദര്‍ശനാനുഭവങ്ങളുടെ ഉടമ) കണ്ടെത്തുന്നത്.

മഹാഭാരതത്തിലെ യക്ഷപ്രശ്‌നത്തിന്റെ ആഖ്യാനത്തില്‍ മരണത്തെക്കുറിച്ച പരാമര്‍ശം ഇങ്ങനെ കാണാം. എന്താണ് ഈ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വസ്തുതയെന്ന് യക്ഷന്‍ ചോദിച്ചപ്പോള്‍ യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു. ഓരോ നിമിഷവും അനേകം ജീവജാലങ്ങളും മനുഷ്യരും മരിച്ചു വിഴുന്നുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ പോലും ബോധാവാനാകുന്നില്ല, ഏതു നിമിഷം വേണമെങ്കിലും താനും മരിച്ചുവീണേക്കാമെന്ന്, എന്നതാണ് ഈ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വസ്തുത. മരിക്കാനുള്ളതും കൂടിയാണ് ജീവിതം എന്ന അവബോധം ഉണ്ടായിക്കാണാത്തതിലെ അത്ഭുതമാണ് ഇവിടെ യുധിഷ്ഠിരന്‍ വ്യക്തമാക്കുന്നത്.

ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ധാരാളം ചിന്തകളുണ്ടായിട്ടുണ്ട്. ജീവിതത്തിന്റെ തത്വവും സത്യവും അന്വേഷിക്കുന്നതിന് മരണത്തിന്റെ പൊരുളിനെക്കുറിച്ച വിചിന്തനം അനിവാര്യമത്രേ. ശ്വേതാശ്വതരോപനിഷത്ത് ആരംഭിക്കുന്നത് ചില ബ്രഹ്മജിജ്ഞാസുക്കളുടെ ചോദ്യങ്ങളിലാണ്. പരമാത്മാവും ജീവാത്മാവും പ്രകൃതിയുമാണ് ബ്രഹ്മം (സര്‍വം പ്രോക്തം ത്രിവിധം ബ്രഹ്മമേതത് -ഈശാവാസ്യോപനിഷത്ത്). ആത്മീയതയേയും ജീവിതത്തെയും സംബന്ധിച്ച അന്വേഷണമാണ് ബ്രഹ്മജിജ്ഞാസ എന്നര്‍ത്ഥം. അവരുടെ ചോദ്യങ്ങളെ ഉപനിഷത്ത് നാലു ചോദ്യങ്ങളായി സംഗ്രഹിച്ചു. അതില്‍ ആദ്യത്തെ മൂന്നെണ്ണം യഥാക്രമം മനുഷ്യന്റെയും ലോകത്തിന്റെയും ഉല്പത്തി, നിലനില്‍പ്, മടക്കം എന്നിവയെക്കുറിച്ചാണ്. കുതഃ സ്മ ജാതാഃ? (നാമെന്തില്‍ നിന്നുല്‍ഭവിച്ചു? ), ജീവാമ കേന? (എങ്ങനെ നിലനില്‍ക്കുന്നു?) ക്വച സംപ്രതിഷ്ഠാഃ? (എങ്ങോട്ടാണ് നമ്മുടെ മടക്കം?) എന്നിവയാണാ ചോദ്യങ്ങള്‍. ഉറവിടത്തിന്റെ ബ്രഹ്മതത്വം അവര്‍ ഗ്രഹിച്ചു. അതില്‍ത്തന്നെയാണ് നില കൊള്ളുന്നതെന്നും അതിലേക്കാണ് മടക്കമെന്നും തിരിച്ചറിഞ്ഞു. ഇവിടെ, മടക്കം എന്നത് പ്രായോഗിക രൂപത്തില്‍ മരണവും കൂടിയാണെന്ന് മനസ്സിലാക്കാം. മരണം അവസാനമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മടക്കമെങ്ങോട്ടെന്ന ചോദ്യമുണ്ടാകുന്നത്. ജീവാത്മാവിന്റെയും പ്രകൃതിയുടെയും ഉറവിടത്തെയും മടക്കത്തെയും കുറിച്ച അന്വേഷണത്തിലൂടെ അവര്‍ ആദിമതത്വത്തിലേക്കെത്തിച്ചേര്‍ന്നു. പല ദര്‍ശനങ്ങളില്‍ പറയപ്പെട്ട പല തത്വങ്ങളെ (കാരണങ്ങളെ) വിശകലനം ചെയ്ത ശേഷം കൂടുതല്‍ ഗാഢമായ ചിന്തയിലൂടെ സ്വഗുണങ്ങളാല്‍ നിഗൂഢനായിരിക്കുന്ന, പ്രകാശവത്തായ ആത്മശക്തിയെ (ദേവാത്മശക്തിം സ്വഗുണൈര്‍ന്നിഗൂഢാം) അവര്‍ കണ്ടെത്തിയതായാണ് തുടര്‍ന്നു പറയുന്നത്. അതാകട്ടെ, പറയപ്പെട്ടിട്ടുള്ള സകല കാരണങ്ങളെയും ഏകനായി അധിഷ്ഠാനം ചെയ്യുന്നതാണെന്നും (യഃ കാരണാനി നിഖിലാനി താനി, കാലാത്മയുക്ത്യാന്യധിധിഷ്ഠ്യത്യേകഃ) അവര്‍ തിരിച്ചറിഞ്ഞു.

മനുഷ്യന്റെ അനശ്വരതയെക്കുറിച്ച വര്‍ത്തമാനം മതങ്ങളില്‍ പൊതുവായി കാണപ്പെടുന്നു. എന്നാല്‍ നില നില്‍ക്കുന്ന ജീവിതാവസ്ഥയില്‍ നിന്ന് അവനൊരു വിടുതലുണ്ടാവും. അതിനെയാണ് മതം മരണം എന്നു വിളിക്കുന്നത്. ഖുര്‍ആന്‍ അതിപ്രകാരം പറയുന്നു, സകല മനുഷ്യരും മരണം രുചിക്കേണ്ടവര്‍ തന്നെ, എന്നിട്ട് നിങ്ങളെല്ലാവരും അവരവരുടെ കര്‍മഫലം പുനരുത്ഥാനനാളില്‍ പരിപൂര്‍ണമായനുഭവിക്കുകയും ചെയ്യും (സൂറഃ ആലു ഇംറാന്‍ 185).

ജീവിതത്തിന്റെ വികാസത്തെയും പരിണാമത്തെയും സംബന്ധിച്ച ഓര്‍മപ്പെടുത്തലിലാണ് വേദഗ്രന്ഥം മരണത്തെയും പരാമര്‍ശിക്കുന്നത്. ലോകവും അതിലെ ജീവനും ജീവിതവുമെല്ലാം ഒട്ടേളെ പരിവര്‍ത്തനങ്ങളിലൂടെ കടന്നു വന്നതാണ്. അതു പ്രകാരം ഭൂമിയില്‍ ജീവനുണ്ടാവുകയും ജീവന്റെ ലോകം വികാസം പ്രാപിക്കുകയും ചെയ്തു. ദൈവത്തിന്റെ ഇച്ഛയില്‍ നിന്ന് (സ്വധഃ എന്ന് ഋഗ്വേദത്തിലും ഇറാദഃ എന്ന് ഖുര്‍ആനിലും പറയുന്നത്, മറ്റൊരു ലേഖനത്തില്‍ നാമിതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്) സര്‍വ്വതും പിറവി കൊണ്ടു എന്ന് വേദത്തില്‍ പറയുന്നു. അതായത് ലോകത്തിന്റെ ആദിമസൂക്ഷ്മാവസ്ഥയെന്നു പറയുന്നത് ദൈവത്തിന്റെ ഇച്ഛയാകുന്നു. ഈ ആദിമരൂപത്തിന് ബഹുവിധപരിണാമങ്ങളുണ്ടായി. പരിണാമത്തെ യാന്ത്രികപരിണാമമായാണ് ശാസ്ത്രം വിശദീകരിക്കുന്നതെങ്കില്‍, ഖുര്‍ആനില്‍ അതൊരു സബോധപ്രക്രിയയാണ്. ആകയാല്‍ പരിണാമം എന്ന ലഘൂകരണത്തെക്കാള്‍ പ്രപഞ്ച, ജൈവവികാസം എന്ന ആശയത്തൊണ് വേദം പിന്താങ്ങുക. വാസിഅ്, മൂസിഅ് എന്നീ വാക്കുകളില്‍ ഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നതതിനാലാണ്. വികസിക്കുന്നതും വികാസമുള്ളതുമാണ് വാസിഅ്. മൂസിഅ് എന്ന വാക്കിന് വികസിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം. Death_Magnetic_by_Baphometh666

ഇപ്രകാരം, ഇതേ ജൈവവികാസത്തിന്റെ ശ്രേണിയില്‍ മനുഷ്യനും ഉത്ഭവിച്ചു. അതിനു ശേഷം ഓരോ മനുഷ്യവ്യക്തിയിലും ജൈവികമായ വളര്‍ച്ച, മനുഷ്യസമൂഹത്തിന് സാംസ്‌കാരിക പരിണാമവും. ഓരോ മനുഷ്യവ്യക്തിയും മണ്ണിന്റെ സത്തില്‍ നിന്നു തുടങ്ങുന്നു. പിന്നെ ബീജകണങ്ങള്‍. ശേഷം ഗര്‍ഭപാത്രത്തിലൊട്ടിപ്പിടിച്ച സിക്താണ്ഡം. അതു കഴിഞ്ഞ് മാംസപിണ്ഡം പോലെ ഭ്രൂണം. പിന്നെയതില്‍ അസ്ഥികള്‍. അതു കഴിഞ്ഞ് നിശ്ചിതാവധി വരെ ഗര്‍ഭത്തില്‍. പിന്നെ ശൈശവം, യൗവനം, വാര്‍ധക്യം. അപ്രകാരം സമൂഹത്തിലും സംസ്‌കാരത്തിലുമുണ്ടാകുന്ന വളര്‍ച്ചകള്‍ (ഖുര്‍ആന്‍, സൂറഃ അല്‍ മുഅ്മിനൂന്‍ :12-16, അല്‍ ഹജ്ജ് :5). ക്രമപ്രവൃദ്ധമായി നിങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാകുന്നു (ല തര്‍കബുന്ന ത്വബഖന്‍ അന്‍ ത്വബഖ്- സൂറഃ അല്‍ ഇന്‍ശിഖാഖ് :19) എന്ന് വേദഗ്രന്ഥത്തിലുണ്ട്. ലോകത്ത് നാം കണ്ടുകൊണ്ടിരിക്കുന്ന ദൈനംദിന ചാക്രിക പരിവര്‍ത്തനങ്ങളെത്തൊട്ട് നടത്തുന്നൊരു സത്യപ്രസ്താവനയായാണ് ഖുര്‍ആനിലിതു പറയുന്നത്. അതായത്, സൂര്യാസ്തമയാനന്തരമുണ്ടാകുന്ന ശോഭ, പകലിനു ശേഷമുണ്ടാകുന്ന ഇരുട്ടും അതില്‍ പകല്‍സമയം ഭൂമിയില്‍ വ്യാപിച്ചിരുന്ന മനുഷ്യരും ജന്തുക്കളും കൂടണയുന്നതും, പിന്നെ പടിപടിയായി പൂര്‍ണത പ്രാപിക്കുന്ന ചന്ദ്രക്കലയും. എന്നും ഒരേയവസ്ഥയിലായിരിക്കില്ല ലോകം എന്നതിന്റെ അടയാളങ്ങള്‍. അതു പോലെ ജീവനും എന്നും ഒരേ അവസ്ഥയിലായിരുന്നില്ല. സംസ്‌കാരവും അപ്രകാരം തന്നെ. സ്വാഭാവികമായും നിങ്ങളുടെ ജീവിതത്തിനും അത് ബാധകമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ത്വബഖന്‍ അന്‍ ത്വബഖ് എന്നു പറഞ്ഞാല്‍ ഒരു പടിയില്‍ നിന്ന് മറ്റൊരു പടിയിലേക്കെന്ന നിലയില്‍ എന്നര്‍ത്ഥം. മുകളില്‍ വിവരിച്ച ഘട്ടങ്ങള്‍ കഴിഞ്ഞ് മറ്റൊരവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ മുന്നോടിയായി മരണത്തെ മനസ്സിലാക്കുന്നതിന് എന്താണ് തടസ്സം എന്നാണ് വേദഗ്രന്ഥത്തിന്റെ ചോദ്യം. സൂറഃ ഹജ്ജില്‍ മനുഷ്യജീവിയുടെ വികാസഘട്ടങ്ങളെസ്സംബന്ധിച്ച് പരാമര്‍ശിക്കുന്നതു തന്നെ, മരണാനന്തര പുനരുത്ഥാനത്തെസ്സംബന്ധിച്ച് നി്ങ്ങള്‍ക്ക് വല്ല സന്ദേഹവുമുണ്ടെങ്കില്‍ എന്നു പറഞ്ഞു കൊണ്ടാണ്.

ഈ ലോകത്തെ മാനസികാവസ്ഥ വെച്ച് തീര്‍ത്തും ഭാവനാതീതമായ മറ്റൊരവസ്ഥയിലേക്ക് ലോകവും ജീവിതവും പരിണമിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായാണ് ഖുര്‍ആന്‍ ഇതെല്ലാം പറയുന്നത്. ആ അവസ്ഥയിലേക്കുള്ളൊരു കവാടമായി മരണത്തെ അത് വിലയിരുത്തുകയും ചെയ്യുന്നു. മനുഷ്യനിലെ ആത്മാവ് അപ്പോഴും നിലനില്‍ക്കുകയാണ്. മണ്ണില്‍ നിന്നുണ്ടായി മണ്ണിലേക്കു തന്നെ മടങ്ങിയ ശരീരമാകട്ടെ, വീണ്ടും മണ്ണില്‍ നിന്നുയിര്‍ക്കുകും ആത്മാവ് അതുമായിച്ചേര്‍ന്ന് തന്റെ സ്വത്വത്തെ വീണ്ടെടുക്കുകയും ചെയ്യും. തുടര്‍ ജീവിതത്തില്‍ മനുഷ്യന്‍ അവന്റെ കര്‍മഫലമനുഭവിക്കുമെന്നാണ് വേദപാഠം.

മരണം, മൂന്ന് സമീപനങ്ങള്‍-

മരണത്തെസ്സംബന്ധിച്ചുള്ള മൂന്ന് സമീപനങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തേത് ശാസ്ത്രത്തിന്റെ സമീപനമാണ്. ശാസ്ത്രം മരണത്തെ ഒരു സജീവ വസ്തുവിന്റെ ജീവിതാവസാനമായാണ് കാണുന്നത്. ഇരപിടുത്തമോ രോഗമോ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയോ വാര്‍ധക്യമോ പോഷകാഹാരക്കുറവോ അപകടമോ നിമിത്തം ഒരു സജീവവസ്തുവിന് മരണമുണ്ടാകാം. സാധാരണ ഗതിയില്‍ മനുഷ്യന്റെ മരണത്തിന് കാരണമാകുന്നത് വാര്‍ധക്യത്തിലെ രോഗമാണ്. ജീവലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്തുവിനെ, സംയുക്തത്തെ ആണ് സജീവവസ്തു അല്ലെങ്കില്‍ ജീവി എന്നു പറയുന്നത്. ശാസ്ത്രത്തില്‍ ജീവന്‍ എന്ന ഒന്നില്ല. ജീവലക്ഷണങ്ങളും ജീവിയും മാത്രമേയുള്ളൂ.

എന്നാല്‍, കാര്യങ്ങള്‍ അത്ര ലളിതമാണോ? പൊതുവേ തന്നെ മരണത്തിന്റെ ജൈവശാസ്ത്രപരമായ നിര്‍വചനങ്ങളും വിവരണങ്ങളും സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഒരു നിലക്ക് ശാസ്ത്രത്തിന്റെ അന്വേഷണപരിധി അവിടെ അവസാനിക്കുന്നുവെന്നു കരുതാം. സ്വാഭാവികമായും ഏതൊരു പ്രതിഭാസത്തെയും ഇപ്രകാരം വിശദീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനപ്പുറമൊന്നുമില്ലാത്ത വിധം, അല്ലെങ്കില്‍ അത് സാധ്യമല്ലാത്ത വിധം നമ്മുടെ അറിവുകളെ സിദ്ധാന്തവല്‍ക്കരിക്കുന്നത് തെറ്റാണ്.

ലോകത്തിന് ഭൗതികവും അഭൗതികവുമായ രണ്ടു തലങ്ങളുണ്ടെന്ന തിരിച്ചറിവാണ് മതചിന്തകളെല്ലാം മുന്നോട്ടു വെക്കുന്നത്. മനുഷ്യസ്വത്വത്തിനുമതുണ്ട്. രൂപകാണ്ഡമെന്നും നാമകാണ്ഡമെന്നും ശ്രീബുദ്ധന്‍ അതിനെ വിഭാഗീകരിക്കുന്നു. രൂപവും ആശയവും എന്ന് പ്ലേറ്റോ. പ്ലേറ്റോവിന്റെ  തത്വദര്‍ശനമനുസരിച്ച്, മനുഷ്യന്‍ നിര്‍മിതമായിരിരിക്കുന്നത് രണ്ടു പ്രത്യേക ഭാഗങ്ങളാലാണ്. അല്പകാലം കൊണ്ട് നശിച്ചു പോകുന്ന ഒരു ശരീരം. ശരീരത്തിനെന്തു പറ്റുന്നുവെന്നതിനെ ഒട്ടും കാര്യമാക്കാത്ത, സ്വതന്ത്രമായ ഒരാത്മാവ്. ആത്മാവിനെ നശിപ്പിക്കാന്‍ കഴിയില്ലെന്നും സത്ത തന്നെ ആത്മീയമാകയാല്‍ അമര്‍ത്യമാണെന്നുമാണ് കാന്റിന്റെ അഭിപ്രായം. സത്യത്തില്‍ ഈ ആത്മരൂപത്തിന്റെ വികാസത്തിനുണ്ടാകുന്ന വ്യതിയാനമായി മരണത്തെ ദര്‍ശിക്കാവുന്നതാണ്. ഈ ചിന്തയാണ് മനുഷ്യനെ അപാരതയിലേക്കു നയിക്കുക. എന്നാല്‍, പ്രകൃതിശാസ്ത്രപരമായ അറിവുകള്‍ നിലവില്‍ കാണാനും അറിയാനും സാധിക്കുന്ന ലോകം, ജീവിതം, അതിലേക്ക് വികസിച്ചു വന്നതിന്റെ ചരിത്രം, പശ്ചാത്തലം എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അക്കാര്യത്തില്‍ ആ അറിവുകളെ ഉള്‍ക്കൊള്ളുന്ന ആധുനികശാസ്ത്രം ഏറെ പ്രധാനവും അനിവാര്യവുമായൊരു വിജ്ഞാനശാഖയാകുന്നു. എന്നാല്‍ ഭൗതികലോകത്തിന്റെ അതിരുകളില്‍ത്തട്ടി അതു നില്‍ക്കും.

എന്നാല്‍ ആ അതിരുകള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം എന്നാരെങ്കിലും കരുതിയാലോ? അവിടെയാണ് ജ്ഞാനം തന്നെ ജ്ഞാനിയെ ചുരുക്കിക്കളയുന്നത്. സത്യത്തില്‍ മനുഷ്യന്റെ വികാരങ്ങള്‍, ബോധം, സര്‍ഗാത്മകത മുതലായവയെ തൃപ്തികരമായി വിശദീകരിക്കുവാന്‍ ഈ അറിവിനെങ്ങനെ സാധിക്കും? അതേയവസരം ഈയറിവു മാത്രമാണ് ശരിയെന്നു ചിന്തിക്കുന്നവര്‍ അതീതമെന്നു കരുതുന്ന അന്വേഷണങ്ങളെയും പാഠങ്ങളെയും നിരാകരിക്കുന്നു. അതിനാല്‍ത്തന്നെ മരണം ജീവിതത്തിന്റെ അവസാനമാണെന്ന തീര്‍പ്പില്‍ അവര്‍ തൃപ്തരാവുകയും ചെയ്യുന്നു.

മനുഷ്യന്റെ സര്‍ഗാത്മകാവിഷ്‌കാരവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ സമീപനം. അപാരതയിലേക്കു ചേരുവാനുള്ള ഒരു തരം നൈസര്‍ഗികാഭിലാഷം മനുഷ്യനുള്ളതായി കാണാം. ബഹുമുഖങ്ങളായ, മനുഷ്യാഭിലാഷങ്ങളാണല്ലോ പലപ്പോഴും കലയിലും സാഹിത്യത്തിലും പ്രകടമാകുന്നത്. സ്വാഭാവികമായും മരണത്തെ തീര്‍ത്തും അവസാനമായി കാണാന്‍ സര്‍ഗാത്മകത വിസമ്മതിക്കുന്നു. അതിനാല്‍ത്തന്നെ സാഹിത്യാദികലകളില്‍ മരണം അസ്തിത്വപരമായ ഉല്‍ക്കണ്ഠകളുടെ ഹേതുവായിത്തീരുന്നു.

കല്പറ്റ നാരാണന്റെ, ഇത്ര മാത്രം എന്ന നോവല്‍ (കെ ഗോപിനാഥ് അതേ പേരില്‍ അത് സിനിമയാക്കിയിട്ടുണ്ട്) മരിച്ചു കിടക്കുന്ന സുമിത്രയില്‍ നിന്നു തുടങ്ങുന്നു. അതില്‍ത്തന്നെ അവസാനിക്കുകയും. മരണത്തിലുടെയാണ് സുമിത്രയുടെ ജീവിതത്തെയും അസ്തിത്വത്തെയും അതന്വേഷിക്കുന്നത്.

മരണവുമായി ചെസ്സു കളിക്കുന്ന ബെര്‍ഗ്മാന്റെ നായകനെപ്പറ്റി പറഞ്ഞു കൊണ്ടാണല്ലോ ഈ ലേഖനം ആരംഭിച്ചത്. കുമ്പസാരക്കൂട്ടിലുള്ള അന്റോണിയസ് ബ്ലോക്കിനെ കാണുന്നുണ്ട് നാം ഒരു രംഗത്ത്. എന്നാല്‍ കുമ്പലാരം സ്വീകരിക്കുന്നാളിന്റെ സ്ഥാനത്ത് മരണം തന്നെ. പുരികം ഉള്‍പ്പെടെ വടിച്ചു കളഞ്ഞ, വളരെ തണുത്ത മുഖഭാവമുള്ള, അതീവശാന്തനാണ് സെവന്‍ത് സീലിലെ മരണം. മരണത്തോടാണെന്നറിയാതെ ബ്ലോക്ക് ഏറ്റുപറയുന്നു: ശൂന്യത എന്റെ മുഖത്തിനു നേരെ തിരിച്ചുപിടിച്ചിരിക്കുന്നൊരു കണ്ണാടിയാണ്. ഞാനതില്‍ എന്നെത്തന്നെ കാണുന്നു. ഭയവും മടുപ്പും എന്നില്‍ നിറയുന്നു.

മരണഭയം ബെര്‍ഗ്മാന്റെ സിനിമയില്‍ Existential ഉല്‍ക്കണ്ഠകളായി മാറുന്നു.
images...
സെവന്‍ത് സീലിനു തൊട്ടുടനെ വന്ന ബെര്‍ഗ്മാന്‍ ചിത്രമായ വൈല്‍ഡ് സ്‌ട്രോബെറീസിലും മരണം പ്രമേയമായി വരുന്നുണ്ട്. ഈ ചിത്രം തുടങ്ങുന്നത് നായകന്റെയൊരു ദുസ്സ്വപ്‌നത്തില്‍ നിന്നാണ്. ശവപ്പെട്ടിയില്‍ കിടക്കുന്ന സ്വന്തം ശരീരം അയാളെ മരണത്തിലേക്കു ക്ഷണിക്കുന്നു. മരണഭയം തന്നെയാണ് ഈ രംഗത്തും നമുക്കനുഭവിക്കാനാവുക. എന്നാല്‍ ഈ സ്വപ്‌നരംഗം ഒരു തെരുവിലാണരങ്ങേറുന്നത്. അതേയവസരം സെവന്‍ത് സീലില്‍ നായകനും മരണവുമായുള്ള ചെസ്സുകളി നടക്കുന്നത് കടല്‍ത്തീരത്താണ്. കാട്ടു ഞാവല്‍പ്പഴങ്ങളിലെ തെരുവ് മൂര്‍ത്തവും വൈയക്തികവുമാണെങ്കില്‍ ഏഴാം മുദ്രയിലെ കടല്‍ത്തീരം അമൂര്‍ത്തവും പൊതുവുമാണ്. കടല്‍ത്തീരത്തു വെച്ച് മരണവുമായി ഏകാകിയും അന്വേഷകനുമായ അന്റോണിയസ് ബ്ലോക്ക് ചെസ്സ് കളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ക്ക് നാം ആവര്‍ത്തിച്ചു കാണുന്നു. ചിത്രത്തിന്റെ അവസാനത്തിലാവട്ടെ, മരണത്തിനു പിന്നാലെ മരണനൃത്തം ചെയ്ത് മരണത്തിലേക്കകന്നു പോവുന്ന കുറേ മനുഷ്യരുടെ നിഴല്‍രൂപങ്ങള്‍. ഒരു ചതുരംഗ കളിക്കളത്തില്‍ മരണവുമായി ഏറ്റുമുട്ടുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ജയിച്ചെന്ന് വരാം. പക്ഷേ ഏതെങ്കിലുമൊരു അവസരത്തില്‍ നമ്മുടെ എല്ലാ കരുക്കളെയും ബന്ധിച്ചു മരണം തന്റെ അവസാന കരുനീക്കം നടത്തും. ഏഴാം മുദ്രയിലെ മരണം പറയുന്നതുപോലെ, കഴിഞ്ഞു; നിന്റെ രാജാവ് ബന്ധനസ്ഥനായിരിക്കുന്നു.

ജീവിതത്തോടുള്ള ആസക്തി മനുഷ്യസഹജമാണ്. അതിനാല്‍ത്തന്നെ മരണം ഒരു ഭയപ്പാടായി, അസ്തിത്വ ചിന്തകളായി നമ്മില്‍ വളരുന്നു. നില നില്‍ക്കാനും അപാരതയിലേക്ക് ചേരാനും നാം ആഗ്രഹിക്കുന്നു. ഇത്തരം വികാരങ്ങളത്രേ സര്‍ഗാവിഷ്‌കാരങ്ങളില്‍ നാമനുഭവിക്കുക. മരണം എന്നതിനെ ആത്യന്തികമായ അവസാനമായിക്കാണാന്‍ ഇവ വിസമ്മതിക്കുന്നുണ്ട്. എന്നാല്‍ മരണമൊരു യാഥാര്‍ത്ഥ്യമാണു താനും.

ശരീരവും ആത്മാവും-

മതം മരണത്തെക്കുറിച്ചോര്‍മിപ്പിക്കുന്നത് ജീവിതം പഠിപ്പിക്കാനാണ്. ഇതാണ് ഇതുമായി ബന്ധപ്പെട്ട മൂന്നാമത്തെ സമീപനം.

ആത്മാവിനെപ്പറ്റി പറഞ്ഞല്ലോ. ഭൗതികപ്രകൃതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ഥൂലശരീരം മാത്രമാണ് മനുഷ്യന്‍ എന്ന് മതം കരുതുന്നില്ല. അതേ സമയം ശരീരത്തെ ആത്മാവിന്റെ തടവറയായി കാണുന്ന ആധ്യാത്മിക സമീപനം മതത്തിനു സ്വീകാര്യമല്ലെന്നും തോന്നുന്നു. ആത്മാവ് ശരീരത്തിന്റെയും ശരീരം ആത്മാവിന്റെയും വസ്ത്രമാകുന്നു. എന്നാല്‍ ശരീരം രൂപഭേദങ്ങള്‍ക്കു വിധേയമാണ്. ഈ പരിണാമത്തെയാണ് മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ വേദഗ്രന്ഥം വിശദീകരിക്കുന്നത്. ഈ രൂപഭേദത്തിന്റെ ഭാഗം തന്നെയാണ് മരണവും. സകല മനുഷ്യരും മരണമനുഭവിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നത് ഈ സ്വഭാവത്തിലാണ്. ഭൗതികവും ഭൗമികവുമായ മൂലകങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ശാരീരികമായ ഉയിരു നേടിയതെന്ന് ആദ്യമേ തന്നെ അത് വിവരിക്കുന്നു. തികച്ചും ഭൗതികമായ, ഭൗതികമായ സംവേദനങ്ങള്‍ക്കു വഴങ്ങുന്ന മൂലവസ്തുക്കള്‍ എന്ന നിലക്കാണ് വേദഗ്രന്ഥം അത് പറയുന്നത്. ഈ മൂലകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥത്തിന് മണ്ണ് എന്നു പ്രയോഗിക്കുന്നു ഖുര്‍ആന്‍. വെള്ളത്തില്‍ നിന്നു സത്തെടുത്ത് ലോകപാലകനായ മനുഷ്യനെ സൃഷ്ടിച്ചു എന്ന ഐതരേയോപനിഷദ് പാഠവും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. അതിനു നല്‍കുന്ന വിശേഷണങ്ങളാകട്ടെ, ഇന്ദ്രിയസംവേദനങ്ങള്‍ക്കു വഴങ്ങുന്ന പദാര്‍ത്ഥം എന്ന ധ്വനി സൃഷ്ടിക്കുന്നതാണ്. കറുത്തത്, വരണ്ടത്, മണമുള്ളത്, കലം പോലെ മുഴക്കമുള്ളത് (നിറം, സ്പര്‍ശം, ഗന്ധം, ശബ്ദം എന്നീ വിശേഷങ്ങളോടു കൂടിയത്) എന്നിങ്ങനെയുള്ള പരാമര്‍ശമാണ് ഖുര്‍ആനില്‍ (സൂറഃ അല്‍ ഹിജ്ര്‍: 26, അര്‍ റഹ്മാന്‍: 14 എന്നീ സൂക്തങ്ങള്‍) കാണാന്‍ സാധിക്കുക. മണ്ണില്‍ നിന്നു നിങ്ങള്‍ക്കുയിരു തന്നവനാണല്ലാഹു എന്ന് സൂറഃ ഹൂദില്‍ പരാമര്‍ശമുണ്ട്. ഇപ്രകാരം ഭൗതികമായ മൂലവസ്തുക്കളില്‍ നിന്നുള്ള ഉല്‍ഭവത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അവന്റെ നിലനില്‍പുമായി ബന്ധപ്പെട്ട ഭൗതികോപാധികളെ പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ മണ്ണ് എന്നു തന്നെ പറയുന്നു. മനുഷ്യന്റെ ഭൌതിക ഘടകങ്ങളെല്ലാം മണ്ണില്‍നിന്നുള്ളതാണല്ലോ. മാംസമായാലും സസ്യമായാലും മനുഷ്യന്റെ ആഹാരത്തിന്റെ പ്രഭവസ്ഥാനം മണ്ണാണ്. അത് വെള്ളവുമായി ചേര്‍ന്ന് മനുഷ്യന് ഭക്ഷിക്കാവുന്ന ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഉല്‍പാദിപ്പിക്കുകയും പാലും മാംസവും പ്രദാനംചെയ്യുന്ന മൃഗങ്ങളെ പോറ്റുകയും ചെയ്യുന്നു. മനുഷ്യന് ജന്മം നല്‍കുന്ന ബീജം ആ ആഹാരത്തില്‍നിന്നുണ്ടാകുന്നതാണ്. ഭ്രൂണാവസ്ഥ മുതല്‍ മരണം വരെയുള്ള അവന്റെ അസ്തിത്വത്തിന്റെ സകല ഘടകങ്ങളും സംഭരിക്കപ്പെടുന്നത് ആഹാരത്തില്‍നിന്നുതന്നെയാണ്.

ഗര്‍ഭവളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ മനുഷ്യശിശു അതിന്റെ ആത്മാവുമായി കൂടിച്ചേരുന്നു. അങ്ങനെയാണതിന് മനുഷ്യവ്യക്തിത്വമുണ്ടാവുന്നത്. മറ്റൊരു ഘട്ടത്തില്‍ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോകുന്നു. ഈ വേര്‍പെടലിനെയാണ് മരണം എന്നു വിളിക്കുക. ഇതിനു ശേഷം ജീര്‍ണിച്ച് ദ്രവിച്ചു നശിച്ചു പോകുന്ന ശരീരം പക്ഷേ വീണ്ടും രൂപം കൈക്കൊണ്ട് അതിന്റെ ആത്മാവുമായി പുനഃസംഘടിക്കുമെന്നാണ് ഖുര്‍ആന്റെ പാഠം.

അതിനു ശേഷം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്, കര്‍മഫലങ്ങള്‍ ഓരോരുത്തരും പൂര്‍ണമായനുഭവിക്കുമെന്നാണ്. ഓരോ മനുഷ്യന്റെയും കര്‍മങ്ങള്‍ക്കു മേല്‍ അയാള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനാല്‍ത്തന്നെ കര്‍മഫലം അനുഭവിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണെന്നുമാണ് പൊതുവേ മതം പഠിപ്പിക്കുന്നത്. എന്നിട്ട് മരണത്തെയും അതിനു ശേഷമുള്ള ജീവിതത്തുടര്‍ച്ചയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കര്‍മഫലം എന്നത് പല രീതിയിലുമുണ്ട്. ഒന്ന് ഒരാളുടെ പ്രവൃത്തി അയാളുടെയോ സമൂഹത്തിന്റെയോ ജീവിതത്തില്‍ത്തന്നെ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍. രണ്ടാമതായി ഒരു കര്‍മം അത് ചെയ്യുന്നയാളില്‍ ക്രിയാത്മകമായോ നിഷേധാത്മകമായോ ഉണ്ടാക്കുന്ന, മാനസികമായ ഫലങ്ങള്‍. മൂന്ന്, ജന്മാന്തരത്തില്‍ ഓരോരുത്തരും അനുഭവിക്കേണ്ടി വരുന്ന കര്‍മഫലങ്ങള്‍.

മൂന്നു തരം പരാജയങ്ങളെപ്പറ്റി പറയുന്നുണ്ട് ശ്രീബുദ്ധന്‍. സദാചാരത്തിന്റെ, മനസ്സിന്റെ, ദര്‍ശനത്തിന്റെ എന്നിങ്ങനെയാണ് ആ പരാജയങ്ങള്‍. ഇതില്‍ ദര്‍ശനത്തിന്റെ പരാജയത്തിന്റ ലക്ഷണങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ബുദ്ധന്‍ കര്‍മഫലത്തെയും പരലോകത്തെയും പറ്റി സൂചിപ്പിക്കുന്നുണ്ട്. സല്‍പ്രവൃത്തിക്കും ദുഷ്പ്രവൃത്തിക്കും അതതിന്റെ ഫലമില്ലെന്നു ധരിക്കുന്നവനും ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമില്ലെന്നു വിശ്വസിക്കുന്നവനും ദാര്‍ശനികമായി പരാജയപ്പെടുമെന്നാണ് ബുദ്ധന്റെ പാഠം. അതായത്, കര്‍മഫലമുണ്ടാവുമെന്നും ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്നുമംഗീകരിക്കല്‍ ദാര്‍ശനികമായ വിജയത്തിന്റെ അനിവാര്യാധാരങ്ങളാകുന്നു. മനസ്സിനെ സംശുദ്ധമാക്കി ആന്തരികമായ വിജയം കരസ്ഥമാക്കുന്നതിനും അതിലൂടെ കര്‍മങ്ങളെ വിശുദ്ധമാക്കി സദാചാരത്തിന്റെ വിജയം നേടുന്നതിനും കൂടി മരണവും മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട ഈ വിശ്വാസം സഹായിക്കുമെന്നു കാണാം. ഇപ്രകാരം മരണത്തെ ജീവിതത്തിന്റെ മരണാനന്തരത്തുടര്‍ച്ചയെക്കുറിച്ചും കര്‍മഫലത്തെക്കുറിച്ചും ഓര്‍മിക്കുന്നതിനുള്ള സന്ദര്‍ഭമാക്കുക വഴി ജീവിതത്തെ ശുദ്ധീകരിക്കുക എന്ന നിലപാടിലേക്കാണ് മതം സഞ്ചരിക്കുന്നത്.

 

മരണാനന്തരം- സ്വത്വത്തിന്റെ വാലറ്റം-

 

അങ്ങനെയാണെങ്കില്‍പ്പോലും, പുനരുജ്ജീവനമെന്നു വെച്ചാല്‍ ആദിമമായി ഉണ്ടായിത്തീരുന്ന, മുകളില്‍ വിവരിച്ചതുപോലുള്ളൊരു പ്രക്രിയയല്ല താനും. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ ശരീരത്തിന്റെ പുനരുത്ഥാനമുണ്ടാവുന്നതെന്ന ചോദ്യത്തിന് പറയാവുന്നൊരു വിശദീകരണം നബിവചനത്തില്‍ വന്നിട്ടുണ്ട്.

മനുഷ്യശരീരത്തിന് അനശ്വരമായ ഒരു ഭാഗമുണ്ടെന്നും അതില്‍ നിന്ന് പുനരുയിര്‍പ്പുണ്ടാകുമെന്നും പഠിപ്പിക്കുന്ന വചനമാണത്. അജ്ബുദ്ദനബ് എന്നാണ് ഈ ഭാഗത്തിന് നബി പറയുന്ന പേര്. ‘മനുഷ്യനില്‍ നിന്ന് സകല അംശങ്ങളും ദ്രവിച്ചു പോകും. അജ്ബുദ്ദനബ് ഒഴികെ. അതില്‍ നിന്നാണ് സൃഷ്ടിക്ക് രൂപം നല്‍കിയത്. പിന്നീട് അല്ലാഹു ഉപരിമണ്ഡലത്തില്‍ നിന്ന് ജലം വര്‍ഷിച്ചു. അതു വഴി ആ സൃഷ്ടികളെല്ലാം മുളപ്പിക്കപ്പെട്ടു. പുല്ലുകള്‍ മുളപ്പിക്കപ്പെട്ടതു പോലെ.’

ആ സൂക്ഷ്മാംശത്തില്‍ നിന്നാണ് മനുഷ്യന് വീണ്ടും രൂപം നല്‍കുന്നത് എന്ന് ഇതേസ്സംബന്ധിച്ച് മറ്റൊരു നബിവചന നിവേദനത്തില്‍ പറയുന്നുണ്ട്.

എന്താണ് അജ്ബുദ്ദനബ്? ഏറ്റവും ചെറിയ ഘടകം അല്ലെങ്കില്‍ ഏറ്റവും സൂക്ഷ്മമായ അവസാനഘടകം എന്നാണ് ഇതിന് സാധാരണയായി അര്‍ത്ഥം പറയാറുള്ളത്. എന്നു പറഞ്ഞാല്‍ ഭൗതികശരീരത്തില്‍ ഏറ്റവുമവസാനത്തിലും നിലനില്‍ക്കുന്ന ഘടകം. ഇതേ വാക്കിനു തന്നെ ഉദ്ഭവസ്ഥാനം, അടിസ്ഥാനം, ഏറ്റവും ആദിമമായത് എന്നീ അര്‍ത്ഥങ്ങളുമുണ്ട്. അങ്ങനെ വരുമ്പോള്‍ സൃഷ്ടിയുടെ ഏറ്റവും പ്രാഥമികമായ ഘടകം. സൃഷ്ടിപ്രക്രിയയുടെ പ്രാരംഭത്തില്‍, വ്യത്യസ്ത ഘടകങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടായ വസ്തു, ആദിമ കോശം എന്ന് അര്‍ത്ഥം വരും. അപ്പോള്‍ പ്രവാചകന്‍ പറയുന്നതു പോലെത്തന്നെ, അതില്‍ നിന്നാണ് ഉല്‍ഭവിച്ചത്, അത് നശിക്കാതെ നില നില്‍ക്കും, അതില്‍ നിന്നു തന്നെ പുനരുജ്ജീവിക്കുകയും ചെയ്യും.

ഐഹികാനുഭവങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളെ ശാസ്ത്രത്തിന്റെ നിരീക്ഷണമാപിനികള്‍ വച്ച് തെളിയിക്കാനാവില്ലെങ്കില്‍പ്പോലും ഈ ഘടകത്തെ പദാര്‍ത്ഥഘടകമായാണ് നബി തിരുമേനി വിശദീകരിച്ചിട്ടുള്ളതെന്നതിനാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട നിഗമനങ്ങളെന്തെങ്കിലും ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതില്‍ അസാംഗത്യമുണ്ടാവാനിടയില്ല.

ബഹുകോശജീവികളില്‍ രണ്ട് വ്യത്യസ്ത കോശപരമ്പരകളുണ്ട്. ലിംഗകോശവും ശരീരകോശവും.  images

ഓഗസ്റ്റ് വീസ്മാന്റെ ജേം പ്ലാസം സിദ്ധാന്തമനുസരിച്ച്, ലിംഗകോശങ്ങളില്‍ ജേം പ്ലാസം എന്ന ഒരു വിഭാഗമുണ്ട്. ഇതൊഴിച്ചുള്ള ശരീരഭാഗങ്ങളെ സോമ എന്നാണ് പറയുക. ശരീരത്തിലെ സോമാറ്റിക് സെല്ലുകള്‍ പൂര്‍ണമായും നശിച്ചു പോകും. എന്നാല്‍ ജേം സെല്ലുകള്‍ക്ക് അത്തരത്തിലൊരു നാശമുണ്ടാകുന്നില്ല. അതിലാണ് പാരമ്പര്യവിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. വളരെക്കുറഞ്ഞതായിരിക്കും ജേം പ്ലാസത്തിന്റെ അളവ്. ബാഹ്യമായ ഒരു ഘടകത്താലും അത് സ്വാധീനിക്കപ്പെടുന്നില്ല. ഓരോ തലമുറയിലും മാറ്റം കൂടാതെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ സിദ്ധാന്തത്തിന് ഒരു പക്ഷേ ദൗര്‍ബ്ബല്യങ്ങളുണ്ടാവാം. എന്നാല്‍പ്പോലും പാരമ്പര്യങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പക്ഷേ യുക്തമായ ഒരു വിശദീകരണം തന്നെയായിരിക്കുമിത്. ചില മതശാസ്ത്രജ്ഞന്മാര്‍ ജേം, സോമാറ്റിക് സെല്ലുകളെ യഥാക്രമം ആത്മാവും ശരീരവും ആയി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി ചില ശാസ്ത്രലേഖനങ്ങളില്‍ പരിഹാസപൂര്‍വ്വം ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ചര്‍ച്ച ശരീരം എങ്ങനെ പുനരുജ്ജീവിക്കും എന്നതു തന്നെയാണ്. അജ്ബുദ്ദനബിനെക്കുറിച്ച നബിവചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത് അത് ഭൗതികഘടകം തന്നെയാണെന്നാകുന്നു. ഇവിടെ സൂചിപ്പിച്ച ജേം പ്ലാസം സിദ്ധാന്തവുമായി ഇതിനെ യോജിപ്പിക്കാമെങ്കില്‍, അങ്ങനെ യോജിപ്പിക്കപ്പെടണം എന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ലെങ്കില്‍പ്പോലും, ഒരിക്കലും അത് നാശരഹിതമായ ആത്മാവ് എന്ന നിലക്കല്ല വ്യാഖ്യാനിക്കപ്പെടുക എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഗുഹയുടെ രൂപകം-

ഇവ്വിധം പുനഃസംഘടിക്കുന്ന ആത്മാവും ശരീരവും, അതായത് മനുഷ്യന്‍ അവന്റെ കര്‍മങ്ങള്‍ക്കൊത്തുള്ള ജീവിതം പിന്നീടനുഭവിക്കും എന്നാണ് വേദഗ്രന്ഥം ഓര്‍മിപ്പിക്കുന്നത്. മനുഷ്യകര്‍മങ്ങളെ നിശിതമായി വിശകലനം ചെയ്യുന്ന വിചാരണ ദൈവനീതിയുടെ അനിവാര്യമായ താത്പര്യമാണെന്ന കാഴ്ചപ്പാടാണ് മതത്തിനുള്ളത്. തന്റെ നൈസര്‍ഗികമായ നന്മ തിരിച്ചറിഞ്ഞ് അതിനനുസൃതമായി പ്രതികരിച്ചവന്‍ നൈസര്‍ഗികതയുടെ അതേ ലോകത്ത്, ആദമും ഹവ്വയും തങ്ങളുടെ ജീവിതമാരംഭിച്ച പൂന്തോപ്പില്‍ ജീവിതം തുടരും. അത് അനശ്വര സത്യം, അനശ്വര സൗന്ദര്യം, അനശ്വര നന്മ എന്നിവയുടെ ലോകമത്രേ. നൈസര്‍ഗികതയോടു പുറം തിരിഞ്ഞ് തന്നോടു തന്നെ അക്രമം പ്രവര്‍ത്തിച്ചവന്‍ അവന്റെ അധര്‍മങ്ങളുടെ ഫലമാസ്വദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇതാണ് പൊതുവില്‍ ജന്മാന്തരജീവിതവുമായി ബന്ധപ്പെട്ട വേദപാഠം.

നിലനില്‍ക്കുന്ന ലോകത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മനുഷ്യരെപ്പറ്റി പ്ലേറ്റോയുടെ റിപ്പബ്ലിക്കില്‍ പരാമര്‍ശിക്കുന്ന ഒരു ഉപമയുണ്ട്. ഗുഹയുടെ അന്യാപദേശം എന്നോ പ്ലേറ്റോയുടെ ഗുഹാരൂപകം എന്നോ (Allegory of the Cave, Plato’s Metaphor of the Cave) ഇതറിയപ്പെടുന്നു. സോക്രട്ടീസിന്റെ സംഭാഷണമായാണ് ഇതുദ്ധരിച്ചിരിക്കുന്നത്. ജനനകാലം തൊട്ടു തന്നെ ഒരു ഗുഹയില്‍ അതിന്റെ പ്രവേശനദ്വാരത്തിനു പുറം തിരിഞ്ഞ് ബന്ധനസ്ഥരായി ആയുസ്സു പോക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരെ വര്‍ണ്ണിക്കുകയാണ് സോക്രട്ടീസ്. മുന്‍പിലുള്ള ശൂന്യഭിത്തിയില്‍ (ഗുഹയുടെ പിന്‍ഭിത്തി) നോക്കിയിരിക്കുകയാണവര്‍. ഈ ഹതഭാഗ്യര്‍ക്കു പുറകില്‍ ഒരഗ്‌നികുണ്ഡവും അതിനും അവര്‍ക്കും മദ്ധ്യേ ഒരു മതില്‍ക്കെട്ടും ഉണ്ട്. മതില്‍ക്കെട്ടിനു മുകളില്‍ ചലിക്കുന്ന പാവകളുടെ നിഴല്‍ ഗുഹക്കുള്ളിലെ ശൂന്യഭിത്തിയില്‍ പതിക്കുന്നു. തിരിഞ്ഞു നോക്കാനാകാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുന്ന ആ മനുഷ്യര്‍, തങ്ങള്‍ക്കു മുന്നില്‍ ഭിത്തിയില്‍ തെളിയുന്ന നിഴലുകളെ നോക്കിയിരിക്കുന്നു. നിഴലുകള്‍ക്കപ്പുറമൊന്നും ദര്‍ശിച്ചിട്ടില്ലാത്ത അവര്‍ അവയെ യാഥാര്‍ത്ഥ്യമായി കരുതുന്നു. അവരുടെ അനുഭവലോകത്തിന്റെ പരമാവധി, ആ നിഴലുകളാകുന്നു. ഗുഹയ്ക്കു പുറത്തുള്ള പര്‍മാര്‍ത്ഥത ദര്‍ശിക്കാന്‍ അവസരം കിട്ടി, നിഴലുകളെ നിഴലുകളായി തിരിച്ചറിയാനും അവയെ പരമാര്‍ത്ഥതയായി തെറ്റിദ്ധരിക്കാതിരിക്കാനും പ്രാപ്തിനേടിയവരാണ് തത്ത്വജ്ഞാനികള്‍. മാതൃകകളുടെ സിദ്ധാന്തം (Theory of Forms) എന്ന തന്റെ സിദ്ധാന്തത്തിനുപോല്‍ബലകമായാണ് പ്ലേറ്റോ ഇതവതരിപ്പിക്കുന്നത്. നമുക്ക് അനുഭവേദ്യമാകുന്ന പദാര്‍ഥപ്രപഞ്ചത്തിനപ്പുറം പദാര്‍ഥേതരമായ ഒരു മാതൃകാലോകമുണ്ടെന്നും പദാര്‍ഥപ്രപഞ്ചത്തിലെ വസ്തുക്കളും ഗുണങ്ങളുമെല്ലാം ഇതരലോകത്തിലെ അവയുടെ ഗുണസമ്പൂര്‍ണമായ മാതൃകകളുടെ, അഥവാ ആശയങ്ങളുടെ നിഴലുകള്‍ മാത്രമാണെന്നുമുള്ള പരികല്‍പനയാണ് മാതൃകകളുടെ സിദ്ധാന്തം. ഇന്ദ്രിയങ്ങള്‍ മുഖേന നാം അറിയുന്നതും പരിവര്‍ത്തനവിധേയവുമായ ലോകത്തിനപ്പുറമുള്ള ഈ മാതൃകാലോമാണ് മൗലികവും ഉദാത്തവുമായ യാഥാര്‍ത്ഥ്യം. മാതൃകാലോകത്തെക്കുറിച്ചുള്ള അറിവേ യഥാര്‍ത്ഥ ജ്ഞാനമാകുന്നുള്ളു. മാതൃകകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്ലേറ്റോണിയന്‍ കാഴ്ചപ്പാടുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് നാം മുതിരുന്നില്ല. അതേയവസരം, ഈ ലോകവും ജീവിതവും മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന തോന്നല്‍ ഒരു ഭ്രമം മാത്രമാണെന്ന ആശയമത്രേ സോക്രട്ടീസിന്റെ ഗുഹോപമയില്‍ നിന്ന് നമുക്കു കിട്ടുന്നത്. ഏതാണ്ടിതേ രീതിയില്‍ ഖുര്‍ആനിലുമുണ്ടൊരുപമ. സൂറഃ യാസീനില്‍ അതിങ്ങനെ കാണാം. പിരടികള്‍ കൂച്ചുവിലങ്ങുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടവര്‍, അതാകട്ടെ, അവരുടെ താടിയെല്ലുകള്‍ വരെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിനാല്‍ തല പൊക്കിപ്പിടിച്ചൊരേ നിലയില്‍ മാത്രമേ അവര്‍ക്കു നില്‍ക്കാനാവൂ. അവരുടെ മുന്നിലതാ ഒരു വന്‍ മതില്‍. പിന്നിലുമുണ്ടൊന്നപ്രകാരം. അങ്ങനെ നാമവരെ മൂടിയിട്ടുണ്ടല്ലോ. ആകയാലൊന്നുമവര്‍ക്കു കാണാന്‍ പറ്റില്ല. അവരോടു പറയുന്നതും പറയാത്തതും സമം. അവരെന്തറിയാന്‍.

 

ചുരുക്കിപ്പറഞ്ഞാല്‍ മരണത്തെസ്സംബന്ധിച്ച ശാസ്ത്രീയ നിരീക്ഷണം വസ്തുനിഷ്ഠമാണ്. ആ തലത്തില്‍ അത് ശരിയുമാണ്. എന്നാല്‍ വസ്തുനിഷ്ഠലോകത്തിനപ്പുറം മറ്റു ശരികളില്ലെന്ന വിചാരം നമ്മുടെ ദര്‍ശനത്തെ അപൂര്‍ണമാക്കുന്നു. മരണം മനസ്സിലുണര്‍ത്തുന്ന ഉല്‍ക്കണ്ഠകളെ ആവിഷ്‌കരിക്കാനാണല്ലോ കലയും സാഹിത്യവും ശ്രമിക്കുന്നത്. ഈ ഉല്‍ക്കണ്ഠകളും ന്യായവും യാഥാര്‍ത്ഥ്യവുമാണ്. അതേയവസരം ഇപ്പറഞ്ഞ വസ്തുനിഷ്ഠ വിവരണത്തെയും സര്‍ഗാത്മകമായ ഉല്‍ക്കണ്ഠകളെയും അംഗീകരിച്ചു കൊണ്ടു തന്നെ, അതിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോര്‍ക്കുവാനുള്ള അവസരമായി മരണത്തെ അഭിമുഖീകരിക്കുക വഴി മതം പുതിയ അവബോധവും ജീവിത വിശുദ്ധിയും പകരുന്നു. അത്യധികം സൂക്ഷ്മമായൊരു ജീവിതത്തെ പരിചയപ്പെടുത്തുകയും. അങ്ങനെ മരണം എപ്രകാരം ഒരു യാഥാര്‍ത്ഥ്യവും ഉല്‍ക്കണ്ഠയുമാകുന്നുവോ, അപ്രകാരം തന്നെ അതൊരു പ്രതീക്ഷയുമാകുന്നു.

 

എന്റെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കേണ്ടതാകുന്നു. അതിനു വേണ്ടി എന്റെ ജീവിതം നിലനില്‍ക്കുകയെന്നതു തന്നെയാണ് ദൈവികനീതിയുടെ താല്‍പര്യം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )