അറിഞ്ഞതിന്റെ പ്രയോജനം

മഹത്തരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ തെളിഞ്ഞ ഒരവബോധം ആവശ്യമാകുന്നു. കാര്യങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ചും നിരീക്ഷിച്ചും അവബോധത്തെ തെളിമയുള്ളതാക്കാന്‍ സാധിക്കും. ഇങ്ങനെ കേള്‍ക്കുന്നതും കാണുന്നതും കൊണ്ട് ഹൃദയത്തെ ജ്വലിപ്പിക്കുകയാണെങ്കില്‍ ഒരാളുടെ ജ്ഞാനം അയാള്‍ക്കു തന്നെയും സമൂഹത്തിനും ഉപകാരപ്പെടും.

ഒരിക്കലൊരു രാജസദസ്സിലൊരു ശില്പി വന്നു. അയാളുടെ കൈയില്‍ മനോഹരമായ മൂന്നു ശില്പങ്ങളുണ്ട്. തീര്‍ത്തും ഒരു പോലെയുള്ള മൂന്നു ശില്പങ്ങള്‍. ഒരച്ചില്‍ വാര്‍ത്തെടുത്തതു പോലെ. എത്ര സൂക്ഷ്മമായി നോക്കിയാലും അവ തമ്മിലൊരു വ്യത്യാസവും കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. ശില്പങ്ങള്‍ രാജാവിന്റെ മുമ്പില്‍ വെച്ച ശേഷം ശില്പി പറഞ്ഞു, രാജാവേ, ഈ മൂന്നു ശില്പങ്ങളില്‍ ഒന്ന് മറ്റ് രണ്ടെണ്ണത്തെക്കാള്‍ ശ്രേഷ്ഠമാണ്. അതേതെന്ന് കണ്ടെത്താന്‍ അങ്ങയുടെ സദസ്സിലെ പണ്ഡിതന്മാര്‍ക്കാര്‍ക്കെങ്കിലും കഴിയുമോ?

ഒരു പാട് പണ്ഡിതന്മാരും കലാകാരന്മാരും മറ്റുമടങ്ങുന്ന സദസ്സാണ്. രാജാവ് എല്ലാവരെയും നോക്കി. പലരും മുന്നോട്ടു വന്ന് ശില്പങ്ങള്‍ തിരിച്ചും മറിച്ചും നോക്കി. എന്നാല്‍ അവ തമ്മിലൊരന്തരവും കണ്ടെത്താനവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. രാജാവിന് താന്‍ അപമാനിതനാകുമ്പോലെ തോന്നി. ഒരു സമസ്യ മുന്നില്‍ വന്നാല്‍ രാജാവിനത് പരിഹരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അത് രാജാവിന്റെ ജോലിയുമല്ല. എന്നാല്‍ രാജ്യം ഭരിക്കുക എന്നതോടൊപ്പം, ജനങ്ങളുടെ വ്യത്യസ്തങ്ങളായ കഴിവുകളെ വേണ്ടും വണ്ണം സമാഹരിച്ച് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഉപയുക്തമാക്കുക എന്നത് രാജാവിന് സാധിക്കേണ്ടതാണ്. ശരിയായി ചിന്തിക്കുന്ന ആളുകളില്ലെന്നു വരുമ്പോള്‍ ആ രാജ്യത്തിന്റെ നിലനില്‍പ് ഭദ്രമല്ലെന്നാണര്‍ത്ഥം. പ്രജകളെല്ലാരും പോരാളികളായി മാറിയാല്‍ രാജ്യത്തിനൊരു യുദ്ധവും ജയിക്കാനാവില്ല. അവരില്‍ നല്ലൊരു വിഭാഗം ജ്ഞാനികളായിട്ടുണ്ടെങ്കിലാണ് അവര്‍ക്ക് വിജയം നേടാനാവുക. പോരാളികളും ജ്ഞാനികളും സമ്പത്തും അനിവാര്യമാണ്. ഇതും ആവശ്യമായ മറ്റ് വിഭവങ്ങളും ശരിയായ തോതില്‍ സമാഹരിക്കുന്നവനായിരിക്കും മികച്ച ഭരണാധികാരി. ഒരു രാജ്യത്തെസ്സംബന്ധിച്ചിടത്തോളം ഏതു പ്രശ്‌നവും പരിഹരിക്കുന്ന പണ്ഡിതന്മാര്‍ ആവശ്യമാണെന്നുള്ളതു കൊണ്ടു തന്നെ ഇങ്ങനെയൊരു കാര്യത്തില്‍ തന്റെ പണ്ഡിതന്മാര്‍ പരാജയപ്പെടുന്നതു കണ്ടപ്പോള്‍ രാജാവസ്വസ്ഥനായി. ഇത്തരം കാര്യങ്ങളില്‍ ഒരു രാജ്യത്തിന്റെ ശേഷി പരിശോധിക്കാന്‍ അയല്‍ രാജാക്കന്മാര്‍ ആളെ വിടാറുമുണ്ട്.

ഇനിയിപ്പോള്‍ ശില്പി പറയുന്നതു തെറ്റാണെന്നു വരുമോ? ഈ ശില്പങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലോ. എന്നാല്‍ ശില്പി തന്റെ വാദത്തിലുറച്ചു നിന്നു. അത് തെളിയിക്കാന്‍ തനിക്കു പറ്റുമെന്നുമയാള്‍ പറഞ്ഞു. അപ്പോഴേക്കും അല്പം കൂടി സൂക്ഷ്മഗ്രഹണപടുവായൊരു മന്ത്രി മുന്നോട്ടു വന്നു. അയാള്‍ അതി സൂക്ഷ്മം ശില്പങ്ങള്‍ പരിശോധിച്ചു. പെട്ടെന്നയാളുടെ മുഖത്തൊരു പ്രകാശം പരക്കുന്നത് രാജാവ് ശ്രദ്ധിച്ചു. ശില്പങ്ങളെടുത്ത് അയാളവയുടെ ചെവിയില്‍ ഒന്നൂതി നോക്കി. എന്തോ പിടികിട്ടിയ മട്ടില്‍ തല കുലുക്കി. പുഞ്ചിരിച്ചു. തനിക്ക് മൂന്ന് ആരന്‍ പുല്ല് വേണമെന്നയാള്‍ പറഞ്ഞു. സൂചി മുന പോലത്തെ മൂന്ന് പുല്‍ക്കൊടികള്‍ കൊണ്ടു വരപ്പെട്ടു. ഒരു പുല്ലെടുത്ത് അയാള്‍ ഒരു ശില്പത്തിന്റെ ചെവിയില്‍ കടത്തി. ഒരു തടസ്സവുമില്ലാതെ അത് മറ്റേ ചെവിയിലൂടെ പുറത്തേക്കു നീണ്ടു.

അല്ലയോ രാജാവേ, ചിലരുടെ സ്വഭാവമിങ്ങനെയാണ്. മുന്നിലിരിക്കുന്നതു കണ്ടാല്‍ പറയുന്നതേതും ഗൗരവത്തില്‍ കേട്ടു മനസ്സിലാക്കുന്നതു പോലെ തോന്നും. എന്നാലോ, അവര്‍ യാതൊന്നും ഗ്രഹിക്കുന്നതല്ല. ഇത്തരക്കാരെക്കുറിച്ച് നമ്മള്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നവരെന്നു പറയും. വളരെ മോശമായ സ്വഭാവമാണത്.

മറ്റൊരാരന്‍ പുല്ലെടുത്ത് അയാള്‍ രണ്ടാമത്തെ പ്രതിമയുടെ ചെവിയിലേക്കു കടത്തി. അതാകട്ടെ, വായിലൂടെ പുറത്തേക്കു നീണ്ടു. എന്നാല്‍ അതിന്റെ അഗ്രം ഒടിഞ്ഞും ചതഞ്ഞും വികൃതമായിരുന്നു. രാജാവേ, മറ്റു ചിലര്‍ ഇങ്ങനെയാണ്. അവര്‍ കേള്‍ക്കാന്‍ സന്നദ്ധരാകും. എന്നാല്‍ കേള്‍ക്കുന്നതല്ല മനസ്സിലാക്കുക, മനസ്സിലാക്കിയതല്ല പറയുക. കാര്യങ്ങള്‍ക്കവര്‍ വളരെ വികൃതമായ ഭാഷ്യം ചമയ്ക്കും. പ്രയോജനരഹിതമായും അമിതമാും സംസാരിക്കും. ഒട്ടും നല്ലതല്ലാത്തൊരു സ്വഭാവം തന്നെയാണിതും. ഇതു കൊണ്ടു വളരെ ദോഷങ്ങളുണ്ട്. വ്യക്തികള്‍ തമ്മില്‍ തെറ്റും. സമൂഹങ്ങള്‍ പരസ്പരം വിദ്വേഷത്തിലകപ്പെടും. യുദ്ധം വരെ ഉണ്ടാകും.

മൂന്നാം പ്രതിമയുടെ ചെവിയിലും അയാള്‍ പുല്ലു കയറ്റി. ആ പുല്‍നാമ്പ് അകത്തേക്കു ചെന്നു. ശില്പത്തിന്റെ ആഴത്തിലേക്കതു തറഞ്ഞുകയറി. മന്ത്രി പറഞ്ഞു, മഹാരാജന്‍, ഇത് ഏറ്റവുമുല്‍കൃഷ്ടമായൊരു സ്വഭാവത്തെയാണ് കാണിക്കുന്നത്. കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ശരിയായി മനസ്സിലാക്കുകയും ചെയ്യുന്നവരുടെ പ്രതീകമാണ് ഈ ശില്പം. അങ്ങനെയവര്‍ തിരിച്ചറിവുള്ളവരാകും. അവരുടെ ജ്ഞാനം ലോകത്തിനുപകരിക്കും. വെളിച്ചമായിത്തീരും. അതിനാല്‍ ഈ മൂന്നു ശില്പങ്ങളില്‍ ഏറ്റവുമുല്‍കൃഷ്ടമായതിതു തന്നെ.

മന്ത്രി പറഞ്ഞത് ശില്പി സമ്മതിച്ചു. രാജാവ് അത്യധികം സന്തുഷ്ടനായിത്തീര്‍ന്നു.

അങ്ങനെ മൂന്നു തരത്തിലുള്ള ആളുകളെ നാമിവിടെ കണ്ടുമുട്ടി. ഒന്നാമത്തെ കൂട്ടര്‍ അറിവിനോടു വൈമുഖ്യം പ്രകടിപ്പിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ ശരിക്കുമറിയാതെ അറിഞ്ഞെന്നു ഭാവിക്കുകയും കാര്യങ്ങളെ വികൃതമാക്കുകയും ചെയ്യുന്നവര്‍. മൂന്നാമത്തെ വിഭാഗമാകട്ടെ, അറിയുകയും തിരിച്ചറിയുകയും അറിവു കൊണ്ടു വഴി കാട്ടുകയും ചെയ്യുന്നവര്‍.

ആകയാല്‍, ശരിയായി നിരീക്ഷിക്കാനും ശ്രദ്ധയോടെ ശ്രവിക്കാനും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും സാധിക്കുകയെന്നത് വളരെ പ്രധാനമാകുന്നു. അപ്രകാരം ചെയ്യുന്നവരുടെ ചിന്തകള്‍ സാര്‍ത്ഥകമാകും, ജീവിതവും.