ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യങ്ങളുടെ പ്രസക്തിയെപ്പറ്റി ചില വിചാരങ്ങളാവാം. ചോദ്യങ്ങൾ അവബോധത്തിന്റെ കവാടങ്ങളാണ്. സാമൂഹികമാറ്റത്തിന്റെ ഉപകരണങ്ങളുമാണ്. ചോദ്യങ്ങളാണ് ദാർശനികന്മാരെയും വിപ്ലവകാരികളെയും സൃഷ്ടിച്ചത്. പ്രവാചകന്മാരെ അവരുടെ സാമൂഹികദൌത്യത്തിലേക്ക് നയിച്ചതും ചോദ്യങ്ങളായിരുന്നു. ഇവിടെ പ്രവാചകന്മാർ ഏറ്റെടുത്തതും നിറവേറ്റിയതുമായ സാമൂഹിക ദൗത്യത്തെപ്പറ്റിയും നാം ചിന്തിക്കേണ്ടതാണ്. ഏത് തരം സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയാണ് അവര്‍ യത്‌നിച്ചിരുന്നത്? അവരില്‍ നിന്നെന്താണ് സമൂഹത്തിന് ലഭിച്ചിരുന്നത്?

പ്രവാചകന്‍ എന്ന അസ്തിത്വത്തിലേക്ക് മുഹമ്മദ് നബി ഉണരുന്നത് ഹിറാ ഗുഹയില്‍ വെച്ചാണ്. അവിടെ നബി തിരുമേനി അല്ലാഹുവിന്റെ മലക്കിനെ ദര്‍ശിച്ചു. അവിടെ വെച്ചദ്ദേഹത്തിന് ലഭിച്ച ഉല്‍ബോധനം വായിക്കുവിന്‍ (ഇഖ്‌റഅ്) എന്നായിരുന്നുവെന്നത് സുവിദിതമാണ്. നിശ്ചയമായും ‘നീ നിന്റെ ഈശന്റെ നാമത്തില്‍ വായിക്കുവിന്‍’ എന്നത് മഹത്തരമായൊരു കല്പനയായിരുന്നു. എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും നല്‍കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കല്‍പന. മുഹമ്മദ് നബിക്കു ലഭിച്ച ഏറ്റവും പ്രഥമമായ കല്‍പനയും. ആദ്യമായി അവതരിച്ചിട്ടുള്ള കല്‍പനയെന്ന നിലക്ക് ആത്മീയ ജീവിതത്തിന്റെ അസ്തിവാരമായിത്തന്നെ അത് പരിഗണിക്കപ്പെടേണ്ടതാണ്. അതേയവസരം അങ്ങനെയൊരു പ്രാധാന്യം ആ കല്‍പനയ്ക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ? വായിക്കുക എന്നാണ് കല്‍പന. അതായത്, കൂടുതലായി അന്വേഷിച്ചു കൊണ്ടിരിക്കുക. നന്നായി വിശകലനം ചെയ്യുക. ശരിയായി ചിന്തിക്കുക. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക.

questionsചോദ്യങ്ങള്‍ പരിവര്‍ത്തനശേഷിയുള്ള ആയുധങ്ങളാണ്. പ്രമുഖനായൊരു ഗ്രീക്ക് ദാര്‍ശനികന്‍ പഠിപ്പിച്ചതു പോലെ, ഉത്തരങ്ങള്‍ അത്ര പ്രധാനമല്ല, ചോദ്യങ്ങള്‍ക്കാണ് പരിവര്‍ത്തനശേഷിയുള്ളത്. ചോദ്യം ചോദിക്കുക എന്നത് പ്രധാനം തന്നെയാണ്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാനാണ് സോക്രട്ടീസ് യുവാക്കളെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിനെതിരെ അഥീനിയന്‍ ഭരണകൂടം ചുമത്തിയ കുറ്റങ്ങളിലൊന്നുമതായിരുന്നല്ലോ. സമൂഹവും വ്യക്തിയും തമ്മില്‍ സ്ഥിരവും ഉത്തമവുമായ ബന്ധമുണ്ടായെങ്കില്‍ മാത്രമേ ഉത്തമനായ മനുഷ്യനും ഭദ്രമായ സമൂഹവുമുണ്ടായിത്തീരുകയുള്ളൂ എന്നു വിശ്വസിച്ച കങ് ഫ്യു ചിസ് അത്തരത്തിലൊരു ബന്ധം വളരുന്നതിന് നിര്‍ദ്ദേശിച്ചു കൊടുത്ത എട്ടു പടികളുള്ള മാര്‍ഗത്തില്‍ ഒന്നാമത്തേത് വസ്തുതകളെക്കുറിച്ച അന്വേഷണം എന്നതാണ്. ചോദ്യങ്ങള്‍ വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും താക്കോലുകളാണെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങളധികരിപ്പിക്കരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നുമുണ്ട്. അതേ സമയം അവിടെ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത് പുരോഹിതന്മാരും അധികാരികളും അവരോട് മാനസികമായടിമപ്പെട്ടു പോയ മനുഷ്യരും പ്രവാചകന്മാരെ ആക്ഷേപിച്ചു ചോദിച്ച തരം ചോദ്യങ്ങളെയാകുന്നു. എന്നു തന്നെയല്ല, പരിഹാസത്തിന്റെയും പ്രതിലോമപരതയുടെയും ശബ്ദമാണ് ആ ചോദ്യങ്ങള്‍. ചോദ്യങ്ങളുന്നയിച്ച പുരോഹിതന്മാരെയും അനുയായികളെയും അണലി സന്തതികളേ എന്നു വിളിച്ചാക്ഷേപിച്ചുവല്ലോ സ്‌നാപകയോഹന്നാന്‍. യൂദ പുരോഹിതന്മാര്‍ യേശുവിനോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സീസറിനു നികുതി കൊടുക്കുന്നതിനെസ്സംബന്ധിച്ചും ‘പിഴച്ച’ സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇതിനുദാഹരണമാണ്. അടിമത്തം മാനസികാവസ്ഥയായിപ്പോയ സമുദായം മോശയോടു ചോദിച്ച ചോദ്യങ്ങളെ ഖുര്‍ആന്‍ ഇതിനുള്ള തെളിവായുദ്ധരിച്ചിട്ടുണ്ട്. ഞങ്ങളിതിനു മുമ്പും കച്ചവടം നടത്തിയിട്ടുണ്ട്, നീ പറയുന്ന നൈതികതയൊന്നും സാമ്പത്തികകാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ബാധകമായിരുന്നില്ലെന്നിരിക്കേ ഇപ്പോള്‍ നീയിപ്പറയുന്ന വര്‍ത്തമാനങ്ങള്‍ നിനക്കെവിടുന്നു കിട്ടിയെടോ എന്ന് ശുഐബ് നബിയോട് സമൂഹത്തിലെ സമ്പന്നന്‍മാര്‍ ചോദിച്ചതും വേദഗ്രന്ഥത്തില്‍ വായിക്കാം. ദൈവത്തിന്റെ ദാസന്മാരായ മനുഷ്യരെ അടിമകളാക്കി വെക്കരുതെന്ന് ഫറോവയോടു പറഞ്ഞ മോശയോട് അയാള്‍ ചോദിച്ച ചോദ്യവുമിക്കൂട്ടത്തില്‍പ്പെടും. മുമ്പു മുതലേ അവര്‍ അടിമകളായിരുന്നല്ലോ, എന്നിരിക്കേ, അതിനെതിരാണു ദൈവകല്‍പനയെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളൊക്കെ പിഴച്ചു പോയവരാണെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടതെന്നാണ് ഫറോവ ചോദിച്ചത്. ഇപ്രകാരം വ്യവസ്ഥിതിയോടുള്ള പ്രവാചകന്മാരുടെ കലഹത്തില്‍ നിന്ന് ജനശ്രദ്ധയെ തിരിച്ചു വിടാനുള്ള ചോദ്യങ്ങളാണ് അധികാരികള്‍ ചോദിച്ചതെങ്കില്‍ സാധാരണക്കാരായ മറ്റു ചിലരാകട്ടെ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.

അതായത് പരിവര്‍ത്തനോന്മുഖമായ ചോദ്യങ്ങളുള്ളതു പോലെത്തന്നെ പ്രതിലോമപരമായ ചോദ്യങ്ങളുമുണ്ട്. അതില്‍ത്തന്നെ സമ്പ്രദായങ്ങളെ താങ്ങിനിര്‍ത്തുന്ന ചോദ്യങ്ങളും ഉത്തരവാദിത്തങ്ങളോടുള്ള വിമുഖതയുടെ ഉല്‍പന്നങ്ങളായ ചോദ്യങ്ങളുമുണ്ട്.

വായിക്കുക അല്ലെങ്കില്‍ അന്വേഷിക്കുക എന്ന ആഹ്വാനത്തിനു ശേഷം മുഹമ്മദ് നബിക്ക് ലഭിച്ച കല്‍പനയെന്തായിരുന്നു? പുതപ്പിട്ടു മൂടിക്കിടക്കുന്നവനേ, ഉടനെഴുന്നേല്‍ക്കുവിന്‍, നിന്റെ ജനതയ്ക്ക് മുന്നറിയിപ്പു കൊടുക്കുവിന്‍, നിന്റെ നാഥന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍, നിന്റെ ഉടുമുണ്ടുകള്‍ വൃത്തിയാക്കിയിടുവിന്‍, സകല മാലിന്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവിന്‍, കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ടാവരുത് ആര്‍ക്കെങ്കിലും സഹായം ചെയ്യുന്നത്, നിന്റെ ഈശ്വരനു വേണ്ടി ക്ഷമ കൈക്കൊള്ളുവിന്‍ എന്നീ കല്‍പനകളായിരുന്നു അവ.

പുതച്ചുമൂടിക്കിടക്കുക എന്നത് അതീവ സുഖകരമായൊരവസ്ഥയാണ്. പുറത്തു നടക്കുന്നതൊന്നും തന്നെ നമ്മളറിയേണ്ടതില്ല. കാണേണ്ടതും കേള്‍ക്കേണ്ടതുമില്ല. നില നില്‍ക്കുന്ന ഒരു സൗകര്യത്തിനകത്ത് സുഖനിദ്ര കൊള്ളുകയും വിസ്മൃതിയിലകപ്പെടുകയും ചെയ്യുക. പുതപ്പിനടിയില്‍ക്കഴിയുന്ന മുഹമ്മദിനെ ദൈവം തട്ടി വിളിക്കുകയാണ്, എഴുന്നേല്‍ക്ക്. പുതപ്പങ്ങോട്ടു തട്ടി മാറ്റുക. എണീറ്റിട്ടാളുകളോട് ചില വര്‍ത്തമാനങ്ങള്‍ പറയണം. അവരെ ഉല്‍ബുദ്ധരാക്കുമാറ്. ഈ കട്ടിക്കരിമ്പടം അന്നത്തെ സാമൂഹികാവസ്ഥകളെയും മതസമ്പ്രദായങ്ങളെയും സൂചിപ്പിക്കുന്നു. അന്നാട്ടില്‍ നില നിന്നിരുന്ന മതപരമോ സാമൂഹികമോ ആയ ഒരത്യാചാരത്തിലും മുഹമ്മദ് പങ്കാളിയായിരുന്നില്ല. എന്നു തന്നെയല്ല, സമൂഹത്തിന്റെ നിലപാടുകളും ജീവിതരീതിയും അന്നത്തെ അധീശസമ്പ്രദായവുമൊന്നും ശരിയല്ലെന്നുള്ള തിരിച്ചറിവിലാണവിടുന്ന് കുറഞ്ഞ കാലത്തേക്ക് ഒരൊളിച്ചോട്ടം നടത്തുകയും ഏകനായി ഗുഹയില്‍ ധ്യാനിക്കുകയും ചെയ്തത്. എന്നാല്‍പ്പോലും സ്വയം വിശുദ്ധനായിരിക്കെത്തന്നെ, അവിശുദ്ധമായ അധീശവ്യവസ്ഥയുടെ തണലിലും ചൂടിലും കഴിഞ്ഞു കൂടാന്‍ നിനക്കനുവാദമില്ലെന്നും ജഡപാരമ്പര്യങ്ങളാലുള്ള കട്ടിപ്പുതപ്പിനെ തട്ടി മാറ്റാന്‍ നീ ബാധ്യസ്ഥനാണെന്നുമാണ് അല്ലാഹു നബിയോട് പറയുന്നത്. ജനതയെ ഉല്‍ബുദ്ധരാക്കുവാന്‍, അവര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ ദൈവം നബിയോടു കല്‍പിക്കുന്നു.

അപ്പോള്‍ ഒന്നാമതായി നബിയോടു കല്‍പിച്ചത് അറിയാനും അവബോധമാര്‍ജിക്കാനുമാണെങ്കില്‍ തുടര്‍ന്നു പറഞ്ഞത് സമൂഹത്തെ ഉല്‍ബുദ്ധരാക്കാനും പരിവര്‍ത്തിപ്പിക്കാനും. ഒന്നാമത്തേത് ജ്ഞാനമാണ് രണ്ടാമത്തേത് വിപ്ലവമാണ്. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടല്ലാതെ പരിവര്‍ത്തനോന്മുഖമായ ഉല്‍ബുദ്ധത വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നു സ്പഷ്ടം. സ്വാഭാവികമായും ചോദ്യങ്ങളുന്നയിക്കാനാണ് നബിതിരുമേനി സമൂഹത്തെ പ്രാപ്തരാക്കിയതെന്നു മനസ്സിലാക്കാം. റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയാധീശത്വത്തെയും അവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന യൂദ പൗരോഹിത്യത്തെയും ചോദ്യം ചെയ്യാനാണ് യേശു ജനതയെ പഠിപ്പിച്ചിരുന്നത്. സീസറിന്റെ സാമന്തനായി അധികാരം വാണിരുന്ന അന്തിപ്പാസ് രാജാവിന്റെ ചെയ്തികളെയും അധികാരിയായിരിക്കുവാനുള്ള അയാളുടെ അര്‍ഹതയെയും ചോദ്യം ചെയ്തതിന്റെ പേരില്‍ യോഹന്നാന്‍ പ്രവാചകന്റെ തലയറുത്ത കഥ പറയുന്നുണ്ടല്ലോ ബൈബിളില്‍.

തന്റെ ഉത്തരവാദിത്തത്തെ ഓര്‍മിപ്പിക്കുന്ന അന്വേഷണങ്ങളെയാണ് വേദഗ്രന്ഥം പരിശീലിപ്പിക്കുന്നത്. താന്‍ ആരാണ്, എന്തിനാണ്? ഇതു മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ, സമൂഹത്തിലും ചരിത്രത്തിലും തനിക്കുള്ള ഉത്തരവാദിത്തത്തെസ്സംബന്ധിച്ച അറിവുകള്‍ അയാളില്‍ നിറയും. സ്വാഭാവികമായും അയാള്‍ തന്റെ ചുറ്റുപാടിലും കണ്ടെത്തുന്ന അനീതിയെ ചോദ്യം ചെയ്തു തുടങ്ങും. അങ്ങനെ അയാളില്‍ നിന്നു പുറപ്പെടുന്ന ചോദ്യങ്ങള്‍. സോക്രട്ടീസിന്റെ ശിഷ്യന്മാര്‍ ചോദിച്ചതിത്തരം ചോദ്യങ്ങളാകുന്നു.

നീതിയുടെ ചോദ്യങ്ങള്‍-

ഇത്തരം ചോദ്യങ്ങള്‍ക്ക് മനുഷ്യരെ പ്രാപ്തരാക്കുവാനാണ് അവരെ ഉല്‍ബോധിപ്പിക്കുവിന്‍ എന്നതിലൂടെ ഖുര്‍ആന്‍ നബിയോട് കല്‍പിക്കുന്നത്. സമൂഹത്തിനു മേല്‍ വിരിക്കപ്പെട്ടിട്ടുള്ള, യാഥാസ്ഥിതികത്വത്തിന്റെ കട്ടിപ്പുതപ്പ് തട്ടിമാറ്റുന്നതിന് ഇത്തരം ചോദ്യങ്ങള്‍ ആവശ്യവുമാണ്. അതായത് സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും നന്മയിലേക്കും ധാര്‍മികതയിലേക്കുമുള്ള ചോദ്യങ്ങള്‍. 

1462690_589735257758472_2019034259_o

Jostein Gaarder ന്റെ Sophie’s World എന്ന നോവലില്‍ ജീവിതത്തിന്റെ സങ്കീണതകളെസ്സംബന്ധിച്ച് പറയുന്നൊരുപമയുണ്ട്. Playing Card കളെയാണ് അദ്ദേഹം ഉപമാനമായവതരിപ്പിക്കുന്നത്. കറുപ്പും ചുവപ്പുമായ കാര്‍ഡുകള്‍. ഇടയില്‍ വന്നു പോകുന്നൊരു ജോക്കറും. ചുവപ്പും കറുപ്പും നിറമുള്ള കളിച്ചീട്ടുകള്‍ രണ്ടു മനോഭാവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. സങ്കീര്‍ണമായ ഒരു പാട് ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് മനുഷ്യലോകം. തൃപ്തികരമായ മറുപടി നല്‍കാനാവുന്നില്ല അവയ്ക്ക്. അപ്പോള്‍പ്പിന്നെ രണ്ടു സാധ്യതകളാണുള്ളത്. എല്ലാമറിയാമെന്നു നടിച്ച് ഈ ലോകത്തെയും അവനവനെത്തന്നെയും വിഡ്ഢികളാക്കുകയെന്നതാണൊന്ന്. രണ്ടാമത്തേത് ചോദ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് മനുഷ്യപുരോഗതിയെത്തന്നെ തടയലുമാണ്. അങ്ങനെ ആളുകള്‍ രണ്ടായിത്തിരിയുന്നു. ഉറച്ചതെങ്കിലും തെറ്റാവാനിടയുള്ള ധാരണകള്‍ പുലര്‍ത്തുന്നവരും പുരോഗതിയോട് വിമുഖരായിരിക്കുന്നവരും.

തമ്മില്‍ ഇടഞ്ഞും പിണഞ്ഞും അവസാനം നിരയൊത്തും വീണ്ടും കുഴഞ്ഞുമറിഞ്ഞും നില്‍ക്കുന്ന, കറുത്തതും ചുവന്നതുമായ ഈ ചീട്ടുകള്‍ തന്നെയാണ് ജീവിതം. ചിലപ്പോള്‍ മാത്രം ഇടയിലൊരു ജോക്കര്‍ പ്രത്യക്ഷപ്പെടും. ക്ലബ്‌സിലോ ഹാര്‍ട്‌സിലോ സ്‌പേഡ്‌സിലോ ഡയമണ്ട്‌സിലോ പെടാത്ത ഒന്നാണത്. ഒന്നു മുതല്‍ പൂജ്യം വരെയുള്ള അക്കങ്ങളൊന്നു കൊണ്ടും അവന്റെ മൂല്യം അളക്കാനൊക്കില്ല. രാജാവും റാണിയും ജാക്കും അവന്റെ മുമ്പില്‍ നിഷ്പ്രഭം. ഒരു ചീട്ടു കെട്ടില്‍ ക്ലബ്ബും (ക്ലാവർ) ഹാര്‍ട്ടും (ഓഡിയോ) ഡയമണ്ടും സ്‌പേഡും ഒരു പാടുണ്ടാവും. എന്നാല്‍ ജോക്കര്‍ ഒന്നു മാത്രം.

അവന്‍ ചോദ്യം ചോദിക്കുന്നവനാണ്. ശരിയായ അറിവിലേക്ക് മറ്റുള്ളവരെ നയിക്കുന്നവനുമാണ്. വ്യവസ്ഥയെ അഴിച്ചു പണിയുന്നവനും ആധിപത്യത്തെ ചോദ്യം ചെയ്യുന്നവനുമാണ്. അവന്‍ ചിരിക്കുകയും ചിരിപ്പിക്കുകയും ചിരിയെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കുകയും ചെയ്യുന്നു.

ഓരോ ജോക്കറും ഓരോ വിപ്ലവകാരിയാണ്.

മാന്ത്രികന്‍ തൊപ്പിയില്‍ നിന്നു പുറത്തേക്കെടുത്ത ഒരു മുയലിനെക്കൂടി ഉപമയാക്കുന്നുണ്ട് ജസ്റ്റിന്‍ ഗാര്‍ഡര്‍ അതേ പുസ്തകത്തില്‍ത്തന്നെ. മാന്ത്രികന്‍ ഈ വിദ്യ കാണിക്കുമ്പോള്‍ നമ്മള്‍ പെട്ടെന്നു വളരെ വിസ്മയിക്കും. തൊപ്പിയില്‍ നിന്നു പുറത്തെടുക്കപ്പെട്ട മുയലാണ് ലോകം എന്നു കരുതുക. അപ്പോള്‍ മുയല്‍ ലോകം അഥവാ കാര്യവും മാന്ത്രികന്‍ കാരണവും. മുയലിന്റെ ശരീരത്തില്‍ ധാരാളം ചെള്ളുകളുണ്ട്. മുയലിന്റെ തൊലിയോടു ചേര്‍ന്നാണ് ചെള്ളുകള്‍ നില കൊള്ളുന്നത്. അവയില്‍ ഭൂരിഭാഗവും മുയലിന്റെ തൊലിയും രോമങ്ങളും നല്‍കുന്ന ചൂടിന്റെ സുഖത്തില്‍ മയങ്ങുന്നു. ഒരന്വേഷണ ബുദ്ധിയുമില്ലാത്തതു കൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളൊന്നും തന്നെ അവയെ ബാധിക്കുന്നില്ല. എന്നാല്‍ സാഹസികബുദ്ധിയുള്ള ചില ചെള്ളുകള്‍ മുയല്‍ രോമത്തിലൂടെ മുകളിലേക്കു സഞ്ചരിക്കുകയും മുയലിന്റെ ഉറവിടമായ തൊപ്പിയെയും കാരണമായ മാന്ത്രികനെയും കണ്ടെത്തുകയും ചെയ്യുന്നു. അത് യഥാര്‍ത്ഥത്തില്‍ തങ്ങളെക്കുറിച്ചു തന്നെയുള്ള തിരിച്ചറിവായിത്തീരുന്നു. രോമങ്ങളിലൂടെയുള്ള അവയുടെ സഞ്ചാരം അന്വേഷണയാത്രയാണ്. അതിന് പ്രേരകമായിത്തീരുന്നതാകട്ടെ, ഉള്ളിലുണരുന്ന ചോദ്യങ്ങളും.

ഇനി മറ്റൊന്നു ചിന്തിക്കുക. തൊലിയുടെ ചൂടും പറ്റി ഭൗതികാസക്തിക്കടിപ്പെട്ടു ജീവിക്കുന്ന ചെള്ളുകള്‍ തമ്മില്‍ മല്‍സരമുണ്ടാവുന്നു. ഈ മല്‍സരത്തില്‍ അര്‍ഹതയുള്ളതിന്റെ അതിജീവനമുണ്ടാകുന്നു. അതായത്, കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നു. ഒരധീശ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നര്‍ത്ഥം. ബഹുഭൂരിഭാഗം ചെള്ളുകളും സമൂഹ ഘടനയില്‍ അടിമകളോ അടിയാന്മാരോ ആയിത്തീരുകയാണ്. മുയലിന്റെ പ്രതലമായ തൊപ്പിയും തൊപ്പിയുടെ ഉടമസ്ഥനായ മാന്ത്രികനെയും കണ്ടെത്തുകയും തുടര്‍ന്നിങ്ങോട്ടുള്ള കാര്യകാരണബന്ധങ്ങളെപ്പറ്റി യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അവബോധം നേടുകയും ചെയ്തവര്‍ താഴോട്ടിറങ്ങി വരികയും കൂടുതല്‍ ചെള്ളുകളെ ചോദ്യങ്ങളുന്നയിക്കാനും അന്വേഷണത്തിന്റെ വഴിയിലൂടെ യാത്ര ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആധിപത്യങ്ങളെ ചോദ്യം ചെയ്യുന്നു, അവയുടെ ശ്രേണീബദ്ധതയെ നിരാകരിക്കുന്നു, മാമൂലുകളെ ധിക്കരിക്കുന്നു. അങ്ങനെ ചോദ്യങ്ങളും അന്വേഷണങ്ങളും കലാപമായിത്തീരുന്നു.

ചോദ്യങ്ങള്‍ ആദിമഹേതുവിനെക്കുറിച്ച അന്വേഷണമായിത്തീരുന്നതോടെയാണ് കൃത്രിമമായ അധികാര ഘടനകളെ നിരാകരിക്കാന്‍ സാധിക്കുന്നത്. പിതുരാധിപത്യത്തിന്റെ ദൈവങ്ങളെയാണ് ഇബ്‌റാഹീം തകര്‍ത്തതെന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പുരോഹിതനും സ്വന്തം പിതാവുമായ ആസറിനെ ഇബ്‌റാഹീം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയ ആസര്‍ വീട്ടില്‍ നിന്നദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. രാജാവിനെയും ചോദ്യം ചെയ്തു പ്രവാചകനായ അബ്രഹാം. രാജാവും പിതാവും പുരോഹിതനും പിതൃസ്ഥാനീയരാണ്. എന്നാല്‍ പിതുരാധിപത്യഘടനയില്‍ അവര്‍ പിതൃബിംബങ്ങളായി മാറുന്നു. ഈ ബിംബങ്ങളുടെ തകര്‍ച്ചയെയാണ് ഇബ്‌റാഹീമിന്റെ വിഗ്രഹഭഞ്ജനത്തിലൂടെ നാമറിയുന്നത്. ഏതെന്‍സിലെ പ്രമാണിമാരുടെ ദൈവങ്ങളെ സോക്രട്ടീസും ചോദ്യം ചെയ്തു. മനുഷ്യവിരുദ്ധവും വരേണ്യവുമായ മാമൂലുകളെ തകര്‍ത്ത എല്ലാ മഹാന്മാരും ചോദ്യം ചെയ്യാനാണ് പ്രേരിപ്പിച്ചതെന്നു കാണാം. തൊപ്പിയെയും മാന്ത്രികനെയും കണ്ടറിഞ്ഞിട്ടുള്ളവരായിരുന്നു അവര്‍. ഇബ്‌റാഹീം പ്രപഞ്ച വ്യവസ്ഥയെ അറിഞ്ഞുവെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.

ചോദ്യങ്ങള്‍ക്കുത്തരം തങ്ങളുടെ പക്കലാണുള്ളതെന്ന് ശഠിക്കുന്നവര്‍ സമൂഹത്തിലെ അധികാരികളാണ്. അധികാരികളും പ്രമാണികളും പറയുന്നത് പലപ്പോഴും പലര്‍ക്കും ശരിയും ആകര്‍ഷകവുമായിത്തോന്നിയേക്കും. അവരുടെ വര്‍ത്തമാനങ്ങള്‍ ഭൂമിയില്‍ നിങ്ങളെ വളരെയേറെ ആകര്‍ഷിച്ചേക്കാമെന്നു തന്നെയാണല്ലോ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് (അല്‍ ബഖറഃ). എന്നാല്‍ ഭൂമിയില്‍ അക്രമം വ്യാപിപ്പിക്കുകയും മനുഷ്യനെയും വിളവുകളെയും നശിപ്പിക്കുകയുമാവും അധികാരം ലഭിച്ചാല്‍ അവര്‍ ചെയ്യുക. ചോദ്യങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവര്‍ ഘടനയോടു പൊരുത്തപ്പെടുന്ന സാധാരണക്കാരും. ചോദ്യങ്ങളുന്നയിക്കുകയും ചോദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരത്രേ വിപ്ലവകാരികള്‍.

ഇപ്രകാരം ചോദ്യങ്ങളുടെ രാഷ്ട്രീയ പ്രസക്തിയെ തിരിച്ചറിയണമെന്നാണ് ഖുര്‍ആന്റെ ആഹ്വാനം. ചോദ്യങ്ങളുടെ ആധാരം അന്വേഷണവുമാവണം. അതിനാല്‍ത്തന്നെയാണ് വേദഗ്രന്ഥം അതിന്റെ ഉല്‍ബോധനം വായിക്കുക (ഇഖ്‌റഅ്) എന്ന കല്‍പനയിലാരംഭിച്ചത്.

വായിക്കുക.., നിന്റെ ഈശ്വരന്റെ നാമത്തില്‍, അവനല്ലോ നിന്നെ സൃഷ്ടിച്ചത്. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന് രൂപപ്പെടുത്തിയതവന്‍ തന്നെ. ആകയാല്‍ നീ വായിക്കുക. നിന്റെ ഈശ്വരന്‍ അത്യധികം ഔദാര്യവാനത്രേ. എന്തെന്നാല്‍ അവന്‍ തൂലികയാല്‍ നിനക്കറിവു നല്‍കി. അവന്‍ മനുഷ്യനെ അവനറിയില്ലായിരുന്നത് പഠിപ്പിച്ചു (ഖുര്‍ആന്‍ സൂറഃ അല്‍ അലഖ് :1-5).

question1

അതേ ആത്മരൂപത്തില്‍ നിന്നു തന്നെ അതിന്റെ ഇണയേയും …

images

ആണും പെണ്ണുമടങ്ങുന്ന മനുഷ്യര്‍ ഈ ഭൂമിയില്‍ നിന്നുള്ള നന്മകള്‍ സ്വീകരിച്ചും ഭൂമിയില്‍ നന്മകള്‍ പ്രവര്‍ത്തിച്ചും ജീവിക്കണമെന്നാണ് ദൈവകല്പന. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്നതിനുള്ള പാഠങ്ങളാണ് വേദങ്ങളിലുള്ളത്. അന്നിലക്ക് പ്രവര്‍ത്തിക്കാനുള്ള ബാധ്യത, കര്‍മസ്വാതന്ത്ര്യം, കര്‍മഫലാനുഭവം എന്നിവയുടെ കാര്യത്തില്‍ സ്ത്രീപുരുഷന്മാര്‍ തമ്മിലെന്തെങ്കിലും അന്തരം യഥാര്‍ത്ഥത്തില്‍ മതം കല്പിച്ചിട്ടേയില്ല. അതേ സമയം അധീശത്വ പ്രവണതകള്‍ക്കും വ്യവസ്ഥയ്ക്കും വല്ലാതെ കീഴ്‌പ്പെട്ട് സ്ഥാപനവല്‍ക്കരിക്കപ്പെട്ടു പോയ മതം പുരുഷകേന്ദ്രിതവും സ്ത്രീവിരുദ്ധവുമായ സ്വഭാവമാര്‍ജിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സ്ത്രീയുടെ പദവിയുമായി ബന്ധപ്പെട്ട മതാധ്യാപനങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

സത്യത്തില്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ പരിഗണനയിലോ പദവിയിലോ മതം വിവേചനനയം സ്വീകരിച്ചിട്ടില്ല. പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പിനുമുള്ള സ്വാതന്ത്ര്യം രണ്ടു വിഭാഗത്തിനും ഒരു പോലെയുണ്ട്. ധാര്‍മിക സദാചാര നിയമങ്ങള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലെ ബാധകവുമാണ്. പൊതുവായ മതനിയമങ്ങള്‍ക്ക് ആണും പെണ്ണും തുല്യ അളവില്‍ വിധേയരാണ്. അതേയവസരം രണ്ടു വിഭാഗത്തിന്റെയും ശാരീരികവും മാനസികവുമായ പ്രത്യേകതകളിലും അതോടനുബന്ധിച്ച് അവരില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളും തമ്മിലുള്ള അന്തരം കണക്കിലെടുത്തുകൊണ്ടുള്ള ചില സൂക്ഷ്മവ്യത്യാസങ്ങള്‍ മതകല്പനകളുടെ വിശദാംശങ്ങളില്‍ കാണാന്‍ പറ്റും. അതാകട്ടെ, മനുഷ്യന്റെ ഈ രണ്ട് പാതികളെയും ഒരു പോലെ അംഗീകരിച്ചും ആദരിച്ചും കൊണ്ടായിരിക്കും താനും.

ആദം ഹവ്വമാരുമായി ബന്ധപ്പെട്ട ആഖ്യാനം തന്നെ ശ്രദ്ധിക്കുക. തോട്ടത്തിലേക്കു കടന്ന് കായ്കനികള്‍ യഥേഷ്ടം ഭക്ഷിക്കാനും എന്നാല്‍ ധാര്‍മികപരിധികള്‍ പാലിക്കാനും അല്ലാഹു ആവശ്യപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ? അതുമായി ബന്ധപ്പെട്ട കല്പനകള്‍ നല്‍കുന്നത് ദ്വിവചനത്തിലാണ്. ഇവിടെ മൂന്നു കാര്യങ്ങളുള്ളതായി കാണാം. ഒന്നാമതായി, ഈശ്വരന്‍ ആണിനേയും പെണ്ണിനേയും ഒരു പോലെ അഭിസംബോധന ചെയ്യുന്നു, തികച്ചും വിവേചനരഹിതമായിത്തന്നെ. രണ്ടാമതായി ധാര്‍മിക നിയമങ്ങളും വിധിവിലക്കുകളും രണ്ടു പേര്‍ക്കും ഒരു പോലെ ബാധകമാണ്. പ്രവര്‍ത്തിക്കുന്നതിലും പ്രവര്‍ത്തനഫലങ്ങളനുഭവിക്കുന്നതിലും അവര്‍ക്കുള്ള അവകാശവും ഒരു പോലെ. ഇതോടനുബന്ധമായി മൂന്നാമത്തെ കാര്യം കാണാം. അതായത്, കര്‍തൃസ്ഥാനത്തു തന്നെയാണ് ആണും പെണ്ണും നില കൊള്ളുന്നത്.

സ്ത്രീ, അധികാരം, ആത്മീയത

ആദിയിലെ ഒരൊറ്റ ആത്മരൂപത്തില്‍ (നഫ്‌സ്) നിന്നാണ് ആണിനെയും പെണ്ണിനെയും പടച്ചതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. (ഹേ മനുഷ്യരേ.., നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി സൂക്ഷ്മത കൈക്കൊള്ളുവിന്‍. അവനത്രേ നിങ്ങളെ ഒരേയൊരു നഫ്‌സില്‍ നിന്ന് നിങ്ങളെയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും പടച്ചത്. എന്നിട്ടവര്‍ രണ്ടുപേരില്‍ നിന്നുമായി ഒരു പാടൊരുപാട് സ്ത്രീപുരുഷന്മാരെ ലോകമെങ്ങും പരത്തുകയും ചെയ്തു -ഖുര്‍ആന്‍, അന്നിസാ 1). ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ച വേദപരാമര്‍ശത്തില്‍; നിങ്ങള്‍ക്കായി, നിങ്ങളില്‍ നിന്നു തന്നെ സൃഷ്ടിച്ച ഇണകള്‍ (അര്‍ റൂം 21) എന്നു കാണാം. ഇപ്രകാരം ആണിന്റെയും പെണ്ണിന്റെയും ആത്മീയമായ തുല്യതയെ വേദഗ്രന്ഥം സ്ഥാപിക്കുന്നു. പ്രവാചകന്റെ സഹചാരികളായി ജീവിച്ച, ആണും പെണ്ണുമായ എല്ലാ ശിഷ്യര്‍ക്കും സ്വഹാബി എന്ന ആത്മീയ പദവി നല്‍കി ആദരിക്കാറുണ്ടല്ലോ. സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും പരിഗണനയും ആദരവും നല്‍കിയവരായിരുന്നു പ്രവാചകന്മാരെല്ലാം എന്നു കാണാം. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ നബിതിരുമേനി ചുമതലപ്പെടുത്തിയിരുന്ന ഉമ്മു വറഖഃ എന്ന സ്ത്രീയെപ്പറ്റി ഹദീഥുകളിലും ചരിത്രത്തിലും പരാമര്‍ശം കാണാം.

ഇനി രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളെടുത്തു നോക്കിയാലും ഇതേ പരിഗണന തന്നെ കാണാം. നബി തിരുമേനി പുരഷന്മാരില്‍ നിന്നെന്ന പോലെ സ്ത്രീകളില്‍ നിന്നും ബൈഅത്ത് സ്വീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. മതപരമായ നേതൃത്വാംഗീകാരം മാത്രമല്ല അത്. മറിച്ച് അതൊരു സമ്മതിദാന ഉടമ്പടിയാണ്. ആധുനിക ജനാധിപത്യത്തിലെ വോട്ടിങ് സമ്പ്രദായം പോലൊന്ന്. സ്വാഭാവികമായും പെണ്ണിന്റെ രാഷ്ട്രീയമായ നിര്‍ണയാവകാശവും രാഷ്ട്രീയ പ്രക്രിയയിലുള്ള പങ്കാളിത്തവും വോട്ടവകാശവും അംഗീകരിക്കുന്ന ഒരു നടപടിയായി അതിനെ കാണാവുന്നതാണ്.

പ്രവര്‍ത്തിക്കുന്നതിനും പ്രവര്‍ത്തനഫലമനുഭവിക്കുന്നതിനും സ്ത്രീപുരുഷന്മാര്‍ക്കുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഒരു പോലെ അംഗീകരിച്ചു കൊണ്ട് ഖുര്‍ആനില്‍ സൂറ ആലു ഇംറാനില്‍ ഒരു പ്രഖ്യാപനം കാണാം. അതിലാകട്ടെ ആദര്‍ശബോധവും ത്യാഗവും എന്നതു തൊട്ട് സമരവും പോരാട്ടവും വരെ പറയുന്നുണ്ടു താനും. ഈ മേഖലകളിലെല്ലാമുള്ള പങ്കാളിത്തത്തെയാണ് അതടയാളപ്പെടുത്തുന്നത് എന്നര്‍ത്ഥം.

ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങളെയും പങ്കാളിത്തത്തെയും ഇവിടെയെല്ലാം ഉറപ്പു വരുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ ചില പ്രത്യേക സംഭവങ്ങളും നബിയുടെ ജീവിതത്തില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഉമ്മു ഹാനി ബിന്‍ത് അബീത്വാലിബ് എന്ന മുസ്ലിം വനിത ശത്രു സേനയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് രാഷ്ട്രീയാഭയം നല്‍കുകയുണ്ടായി. (ഇന്നത്തേതു പോലെ രാഷ്ട്ര ഭരണകൂടങ്ങള്‍ അഭയം നല്‍കുന്ന രീതിയില്‍ നിന്നു ഭിന്നമായി, ഏതെങ്കിലും നിലക്ക് ഭീഷണി നേരിടുകയോ ബഹിഷ്‌കരിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്ക് വ്യക്തികളോ ഗോത്രങ്ങളോ കുടുംബങ്ങളോ സംരക്ഷണം നല്കുന്ന പതിവാണ് അന്നുണ്ടായിരുന്നത്). ഇക്കാര്യത്തില്‍ അവരെ പലരും ആക്ഷേപിച്ചുവെങ്കിലും നബി അവരോടിങ്ങനെ പ്രതികരിച്ചു: ഉമ്മു ഹാനി, നീ അഭയം നല്കിയവര്‍ക്ക് നാമും അഭയം നല്കിയിരിക്കുന്നു. ആരുടെ സമാധാനവും നിര്‍ഭയത്വവും നീ ഏറ്റെടുത്തിട്ടുണ്ടോ അവരുടെ സമാധാനം നാമും ഉറപ്പു വരുത്തുന്നതാകുന്നു (ഇബ്‌നു ഇസ്ഹാഖ്, ബുഖാരി). മക്കാവിജയത്തിനു ശേഷം നബി തിരുമേനിക്ക് ബൈഅത്തു നല്‍കിയ ഉമ്മുഹാകിം എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ നബി പ്രഖ്യാപിച്ച പൊതു മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് അതംഗീകരിച്ചു. ബദ്‌റിലെ പോരില്‍ ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂജഹലിന്റെ മകന്‍, അപ്പോഴും ഇസ്ലാമുമായി യുദ്ധത്തിലായിരുന്ന ഇക്‌രിമയായിരുന്നു ഉമ്മുഹാകിമിന്റെ ഭര്‍ത്താവ്.

നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകള്‍

18തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ പില്‍ക്കാലങ്ങളില്‍ ഓരോ മതവും സ്ഥാപിതസമുദായമതമായി മാറുകയും അധീശത്വപരമായ പ്രവണതകള്‍ക്കവയെല്ലാം കീഴ്‌പ്പെടുകയും ചെയ്തതോടെ അതിന് സ്ത്രീവിരുദ്ധമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു. ലൈംഗികതയെപ്പോലും പെണ്ണിന്റെ പ്രലോഭനവും സാത്താന്റെ തന്ത്രവുമായി വ്യാഖ്യാനിക്കാന്‍ പൗരോഹിത്യവും മതനേതൃത്വങ്ങളും ധൃഷ്ടരായി. ദൈവം തന്റെ പ്രതിരൂപത്തില്‍ ആദം എന്ന പുരുഷനെ സൃഷ്ടിച്ചുവെന്നും ആ പുരുഷനെ പ്രലോഭിപ്പിച്ച് വഴി തെറ്റിക്കാന്‍ സാത്താന്‍ നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടുവെന്നും ഒരു കഥ പറയാറുണ്ട്. തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അവസാനം സാത്താന്‍ തന്റെ ഉള്ളിലുള്ള എല്ലാ തിന്മകളെയും അവയുടെ ഏറ്റവും കുടിലമായ അവസ്ഥയില്‍ പുറത്തെടുത്ത് ഉരുക്കി വാര്‍ത്തെടുത്ത് ലൈംഗികതയാക്കി അത് ആദമിന്റെ കൂട്ടാളിയായിരുന്ന ഹവ്വ എന്ന സ്ത്രീയില്‍ നിക്ഷേപിക്കുകയാണത്രേ ചെയ്തത്. ആ പ്രലോഭനത്തെ അതിജയിക്കാന്‍ പുരുഷനു പറ്റിയില്ല. പലതുമെന്ന പോലെ തനി അസംബന്ധമായ ഒരു വ്യാഖ്യാനമത്രേ ഇത്. ഇതും സമാനമായ വ്യാഖ്യാനങ്ങളും ഒന്നാമതായി ലൈംഗികതയെസ്സംബന്ധിച്ച് ഒരു തരം അവിശുദ്ധസങ്കല്പമുണ്ടാക്കുന്നു. രണ്ടാമതായി പെണ്ണിനെ കേവലം ലൈംഗിക പ്രതീകവും അതിലൂടെ വഴി പിഴപ്പിക്കുന്ന ഒരു സ്വത്വവുമായി മുദ്ര കുത്തുന്നു. മതത്തിന്റെ യഥാര്‍ത്ഥ വിശുദ്ധിയില്‍ ഈ രണ്ടു സിദ്ധാന്തങ്ങളും തെറ്റാണ്. പുരുഷന്‍ തന്റെ ഭാര്യയോട് പറ്റിച്ചേരുമെന്നും ആകയാല്‍ ദൈവം കൂട്ടിച്ചേര്‍ത്തതിനെ നിങ്ങള്‍ വേര്‍പെടുത്തരുത് എന്നും യേശു പഠിപ്പിച്ചിട്ടുണ്ടല്ലോ. ഇതും ‘നിങ്ങള്‍ക്കായി, നിങ്ങളില്‍ നിന്നു തന്നെ സൃഷ്ടിച്ച ഇണകള്‍’ എന്ന, ഖുര്‍ആന്‍ സൂക്തവും ഇണകള്‍ പരസ്പരപൂരകമായാണ് വര്‍ത്തിക്കേണ്ടതെന്ന നിലപാടിലൂന്നുന്നു.

മനുഷ്യന്‍ സ്വതന്ത്രനാണ്. ആ സ്വാതന്ത്ര്യമുപയോഗിച്ചാണ് അവന്‍ ദൈവത്തെയും നന്മയെയും കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഈ പരിശ്രമത്തില്‍ സ്ത്രീ പുരുഷന്മാരുടെ പങ്കാളിത്തവും സഹകരണവുമാണ് ആവശ്യം. അവര്‍ തമ്മിലുള്ള വ്യത്യാസങ്ങളാകട്ടെ മനുഷ്യവംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ അനിവാര്യതയുമാകുന്നു. സ്ത്രീയെ പ്രണയത്തിന്റെ പ്രതീകമായും ലൈംഗികതയെ ജീവിതത്തോടു തന്നെയുള്ള അഭിനിവേശമായുമൊക്കെ കവികളും സാഹിത്യകാരന്മാരുമൊക്കെ വാഴ്ത്തുമ്പോള്‍ അതിനെയും നിന്ദ്യതയായി വ്യാഖ്യാനിക്കാനാവും മതപുരോഹിതന്മാര്‍ക്കു താല്‍പര്യം.

ബസ്വറയിലെ, ദിവ്യപ്രണയത്തിന്റെ വാഴ്ത്തുപാട്ടുകള്‍ക്ക് പ്രശസ്തയായ റാബിയ അല്‍ അദവിയയേയും സൂഫീ പണ്ഡിതന്‍ ഹസന്‍ ബസ്വരിയേയും ചേര്‍ത്ത് പ്രചാരത്തിലുള്ളൊരു കഥയുണ്ട്. ഒരു സംവാദത്തിനിടയില്‍ റാബിയ ചോദിച്ചത്രേ, ധിഷണയെ അല്ലാഹു എവ്വിധമാണ് ഭാഗിച്ചത് എന്ന്. അല്പം തമാശ രൂപത്തില്‍ ഹസന്‍ പറഞ്ഞ മറുപടി: ധിഷണയെ ദൈവം പത്തായി ഭാഗിച്ചു. എന്നിട്ട് ഒമ്പതും പുരുഷനും ഒരു ഭാഗം സ്ത്രീക്കും നല്കി.

അപ്പോള്‍ റാബിയ ചോദിച്ചു: എങ്കില്‍ ലൈംഗികത എങ്ങനെയാണ് ഭാഗിക്കപ്പെട്ടത്? ഹസന്‍: അതും ദൈവം പത്തായി ഭാഗിച്ചു. എന്നിട്ട് ഒമ്പതും സത്രീക്കു നല്കിയപ്പോള്‍ ഒരു ഭാഗം മാത്രം പുരുഷനുകൊടുത്തു.

ഹസന്റെ സിദ്ധാന്തത്തോട് റാബിയ ഇങ്ങനെ പ്രതികരിച്ചു: ശരി തന്നെയാണ് താങ്കള്‍ പറഞ്ഞത്. എന്നാല്‍ ധിഷണയില്‍ നിന്ന് ഏറ്റവും കരുത്തുറ്റ ഭാഗമാണ് സ്ത്രീക്കു നല്‍കപ്പെട്ടത്. എന്തെന്നാല്‍ തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ലൈംഗികതയെ അതുപയോഗിച്ചവള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. അതവളുടെ കരുത്തായി മാറുകയും ചെയ്യുന്നു. ഏറ്റവും സര്‍ഗാത്മകമായി അതിനെ വിനിയോഗിക്കാനും അവള്‍ക്കു കഴിയുന്നു. എന്നാല്‍ ധിഷണയില്‍ ഒമ്പതും ലഭിച്ചിട്ടും പുരുഷന്‍ പത്തിലൊന്നു മാത്രമുള്ള തന്റെ ലൈംഗികതയെ ഭയപ്പെടുന്നു. അതവന്റെ സ്വാസ്ഥ്യം കളയുകയം ചെയ്യുന്നു.

സ്ത്രീയുടെ ധിഷണയുടെ കരുത്ത്, ആന്തരികമായ ശേഷി എന്നതോടൊപ്പം അവളിലെ തികച്ചും റൊമാന്റിക് ആയ പ്രകൃതവും വളരെ നന്നായിത്തന്നെ അടയാളപ്പെടുത്തുന്ന ഒന്നാണ് ഈ കഥ.

ഖുര്‍ആന്‍, അതിന്റെ അനുഗാതാക്കളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം സഹായികളാണെന്നു പ്രഖ്യാപിക്കുന്നു. രണ്ടു വിഭാഗത്തിന്റെയും ശേഷി ശേമുഷികള്‍ സമാഹരിക്കപ്പെടുമ്പോഴാണ് മനുഷ്യന്റെ കഴിവുകള്‍ക്ക് പൂര്‍ണത കൈവരുന്നത്. ആയതിനാല്‍, പരസ്പരം ആദരിച്ചും അംഗീകരിച്ചും വേണം സ്ത്രീപുരുഷന്മാര്‍ മുന്നോട്ടു പോവാന്‍. വേദങ്ങള്‍ അംഗീകാരവും പരാമര്‍ശവും നല്‍കിയിട്ടുള്ള മഹദ് പുരുഷന്മാര്‍ക്കും രാജാക്കന്മാര്‍ക്കും പ്രവാചകന്മാര്‍ക്കുമൊക്കെ കരുത്തായി അവരോടൊപ്പം അവരുടെ ഇണകളും നിലകൊണ്ടിരുന്നു. അതീന്ദ്രിയത്വത്തെയും ആത്മീയതയെയും ബന്ധിപ്പിച്ചു കൊണ്ട് കര്‍ക്കശ നിലപാടു സ്വീകരിച്ചിട്ടുള്ള വിഭാണ്ഡകന്‍ എന്ന മുനിയുടെ, ലൈംഗികതയും സ്ത്രീയുമായി ബന്ധപ്പെട്ട പ്രതിലോമ നിലപാടുകളെ പരിഹസിക്കുകയാണ് വേദവ്യാസന്‍ മഹാഭാരതത്തിലെ ഋശ്യശൃംഗോപാഖ്യാനത്തിലൂടെ എന്ന് കുട്ടികൃഷ്ണ മാരാര്‍ നിരീക്ഷിച്ചിട്ടുണ്ട് (വ്യാസന്റെ ചിരി എന്ന ലേഖനം, ഭാരതപര്യടനം). ഇണയെയും പ്രണയത്തെയും തങ്ങളുടെ കരുത്തായിത്തന്നെ പ്രവാചകന്മാര്‍ ഉള്‍ക്കൊണ്ടു. ഹിറാ ഗുഹയില്‍ ദിവ്യദര്‍ശനം ലഭിച്ച മുഹമ്മദ് നബി ആ അനുഭവമുണ്ടാക്കിയ ആഘാതത്തില്‍ വീട്ടിലേക്കോടി പ്രേയസിയായ ഖദീജയോട് എന്നെ പുതപ്പിക്കൂ എന്നാവശ്യപ്പെടുന്നു. വെറുതെ പുതപ്പെടുത്തു മൂടണമെന്നാവില്ലല്ലോ അവിടെ ഉദ്ദേശിക്കുന്നുണ്ടാവുക. കരുത്തുറ്റൊരു താങ്ങായിരുന്നു പ്രവാചകനപ്പോള്‍ ആവശ്യം. ഒപ്പം അനുരാഗത്തിന്റെ സാന്ത്വനവും. അതിനാല്‍ത്തന്നെ തന്റെ ഇണയില്‍ നിന്നദ്ദേഹമാവശ്യപ്പെടുന്നത് ശരീരം കൊണ്ടും പ്രണയം കൊണ്ടും തന്നെ പുതപ്പിക്കാനാവണം. സത്യത്തില്‍ ഖദീജയുടെ അനുരാഗം നബിക്കെന്നും താങ്ങായി വര്‍ത്തിക്കുകയും ചെയ്തു, അവരുടെ മരണശേഷം പോലും.

മര്‍യമിന്റെ കഥ പറയുന്നുണ്ടല്ലോ ഖുര്‍ആനും ബൈബിളും. യേശുവിന്റെ മാതാവായ മര്‍യം. യരൂശലേം പള്ളിയില്‍, അന്നത്തെ ഏറ്റവും പ്രമുഖമായ ദൈവാലയത്തില്‍ ആണ് മര്‍യം വളര്‍ന്നു വന്നത്. പള്ളിയുടെ മിഹ്‌റാബില്‍ എന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. അവര്‍ക്കവിടെ ലഭിച്ച ദൈവാനുഗ്രഹം കണ്ട് അവരുടെ രക്ഷിതാവായ സകരിയ്യ പ്രവാചകന്‍ അദ്ഭുതം കൂറിയിരുന്നതായും പറയുന്നു. പ്രവാചകന്മാര്‍ക്ക് ദിവ്യബോധനമെത്തിച്ചിരുന്ന ജിബ്രീല്‍ മാലാഖ മര്‍യമിനോട് സംസാരിച്ചതായി ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്നുണ്ട്. അതായത് പ്രവാചകന്മാരോളം സ്ഥാനം നല്‍കി അല്ലാഹു അവരെ ആദരിച്ചു. ജീവിതത്തില്‍ അവലംബിക്കാവുന്ന ഏറ്റവും നല്ല മാതൃകകളായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നതും മര്‍യം ഉള്‍പ്പെടെ രണ്ട് സ്ത്രീകളെയാണ്.

ഇങ്ങനെയെല്ലാം തന്നെ, സ്ത്രീ പുരുഷന്മാര്‍ പരസ്പരം വച്ചു പുലര്‍ത്തേണ്ട ആദരവിനെ മതം അടയാളപ്പെടുത്തിയിട്ടുണ്ട്. ആരും ആരുടെയും അടിമയോ സുഖോപകരണമോ അല്ല. ഓരോ വ്യക്തിക്കും, അതാണായാലും പെണ്ണായാലും വ്യത്യസ്തമായ കഴിവുകളുണ്ട്. അതെല്ലാം തന്നെ തികച്ചും പ്രയോജനപ്രദമായി സമാഹരിക്കപ്പെടുമ്പോഴാണ് മനുഷ്യസമൂഹം വികസിക്കുന്നത്. അതു പോലെത്തന്നെ സ്ത്രീ പുരുഷന്മാരുടെ വ്യത്യസ്തവും പരസ്പര പൂരകവുമായ പ്രവൃത്തികളും ഉത്തരവാദിത്തങ്ങളും ഒത്തു ചേരുമ്പോഴാണ് മനുഷ്യജീവിതം പൂര്‍ണമാവുന്നത്. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ഖുര്‍ആന്‍ ആണിനോടും പെണ്ണിനോടും കല്പിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ പങ്കാളിത്തമുള്ള പ്രവര്‍ത്തകരാണ് ഇരു വിഭാഗവും. ഇതു മനസ്സിലാക്കി പരസ്പരം അംഗീകരിക്കാനും ആദരിക്കാനും തയ്യാറാകുമ്പോഴാണ് സമൂഹം മുന്നോട്ടു പോകുന്നത്.

അക്ഷരവും അധികാരവും

വിശക്കുന്ന മനുഷ്യാ., പുസ്തകം കൈയിലെടുക്കുക. അതൊരായുധമാണ്.
-ബെര്‍തോള്‍ഡ് ബ്രെഹ്ത്

 

വിഷം പുരട്ടി ഒളിച്ചു വെച്ച കലാപത്തിന്റെ പുസ്തകങ്ങള്‍-

താളുകളില്‍ വിഷം പുരട്ടി സൂക്ഷിച്ച ഒരു പുസ്തകത്തിന്റെ കഥയുണ്ട് Umberto Ecoവിന്റെ ഒരു വിഖ്യാത നോവലില്‍. അത്യന്തം നിഗൂഢത നില നില്‍ക്കുന്ന, The Name of the Rose എന്ന നോവലിലെ മുഖ്യമായ പശ്ചാത്തലം തന്നെ ഈ പുസ്തകത്തെക്കുറിച്ച അന്വേഷണമാണ്. (ഈ നോവല്‍ അതേ പേരില്‍ Jean-Jaques Annaud മനോഹരമായി സിനിമയാക്കിയിട്ടുണ്ട്). പല പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഉംബര്‍ടോ എകോ ഒരു പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ആ സഞ്ചാരം ഒടുക്കം നമ്മളെ മെല്‍കിലെ ആഡ്‌സോ എന്ന ബെനഡിക്റ്റന്‍ സന്യാസിയുടെ ഓര്‍മക്കുറിപ്പുകളിലെത്തിക്കുന്നു. ഇറ്റലിയിലെ ഒരു ബെനഡിക്റ്റന്‍ സന്യാസാശ്രമത്തില്‍ നടന്ന ദുര്‍മരണങ്ങളെക്കുറിച്ച അന്വേഷണത്തിന് മഠത്തിന്റെ ആബോ (Abbot -മഠാധിപതി)യുടെ അഭ്യര്‍ത്ഥന പ്രകാരം, മറ്റു ചില കാര്യങ്ങള്‍ക്കായി ആഡ്‌സോയോടൊപ്പം അവടെയെത്തിയിരുന്ന, അദ്ദേഹത്തിന്റെ ഗുരുവായ വില്യം ബാസ്‌കര്‍വില്‍ എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസി തയ്യാറായി. ബൈബിളിലെ വെളിപാടു പുസ്തകത്തിലെ (Apocalypse) പ്രവചനങ്ങളുടെ മാതൃകയിലായിരുന്നു, കൊലപാതകങ്ങള്‍ എന്നു തോന്നിക്കുന്ന മരണങ്ങള്‍ നടന്നത്.

ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ രക്തം കലര്‍ന്ന തീയും കന്മഴയും ഭൂമിയില്‍ പതിച്ചുവെന്നാണ് യോഹന്നാന്റെ വെളിപാടിലെ ഒന്നാം പ്രവചനം. മഠത്തിലെ പകര്‍പ്പെഴുത്തുകാരനും ചിത്രകാരനുമായ അദെല്‍മോ മുകളില്‍ നിന്നും പാറക്കെട്ടില്‍ വീണ് തല തകര്‍ന്നു രക്തത്തില്‍ കുളിച്ചു മരിക്കുകയായിരുന്നു. പരിഭാഷകനായ വെനന്‍ഷ്യസ് ചോരയില്‍ മുങ്ങിയാണ് മരിച്ചു കിടന്നത്. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി എന്ന രണ്ടാം പ്രവചനത്തിന് സമാനമായിരുന്നു അത്. സഹലൈബ്രേറിയന്‍ ബെറിങ്ഗര്‍ കുളിമുറിയില്‍ വിഷം അകത്തു ചെന്ന നിലയില്‍ കാണപ്പെട്ടു. തിക്തകം (കയ്പുരസമുള്ളത് എന്നര്‍ത്ഥം) എന്ന നക്ഷത്രം കടലില്‍ വീണ് ജലത്തിന്റെ മൂന്നിലൊന്ന് തിക്തകമായെന്നും ആ ജലത്താല്‍ ആളുകള്‍ മരണമടഞ്ഞുവെന്നുമാണ് യോഹന്നാന്‍ മൂന്നാമതായി പ്രവചിച്ചത്. തോട്ടക്കാരന്‍ സെവെറിനസ് തല തകര്‍ന്നു മരിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മൂന്നിലൊന്ന് തകര്‍ക്കപ്പെട്ടുവെന്ന പ്രവചനത്തെയാണ് അതനുസ്മരിപ്പിച്ചത്. ലൈബ്രേറിയന്‍ മലാഖി വിഷബാധയേറ്റു മരിച്ചു. മരിക്കുമ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവരെ നോക്കി, ആയിരം തേളുകളുടെ വിഷമുണ്ടതിനെന്ന് അദ്ദേഹമെന്നോടു പറഞ്ഞിരുന്നുവെന്ന് അന്ത്യമൊഴി നല്‍കി. തേളു കുത്തുമ്പോലത്തെ പീഡനത്തെപ്പറ്റിയുള്ളതാണ് വെളിപാടിലെ അഞ്ചാമത്തെ പ്രവചനം. ഇനിയും രണ്ടു കൊലപാതകങ്ങള്‍ കൂടി നടന്നേക്കുമെന്ന് ബ്രദര്‍ വില്യം ഊഹിച്ചു. അതേപ്പറ്റിയുള്ള പ്രവചനമനുസരിച്ച് ഒരാള്‍ തീയും പുകയുമേറ്റും അവസാനത്തെയാള്‍ ഉദരത്തില്‍ കയ്‌പേറിയതും വായില്‍ തേന്‍ പോലെ മധുരിക്കുന്നതുമായ ചുരുള്‍ കാരണവുമായിരിക്കും മരിക്കുക.

എന്തായാലും അന്വേഷണം തുടങ്ങിയതോടെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തിന്റെ കാര്യം ബ്രദര്‍ വില്യമിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടനുബന്ധിച്ച് മഠത്തിലെ പ്രസിദ്ധമായ ലൈബ്രറിയുടെ മുന്‍ സൂക്ഷിപ്പുകാരനും അവിടുത്തെ ഏറ്റവും പ്രമുഖ സന്യാസിയുമായ ബുര്‍ഗോസിലെ ഹോര്‍ഹെയെ പ്രത്യേകം നിരീക്ഷിച്ചതോടെ നടന്നിട്ടുള്ള ദുര്‍മരണങ്ങളില്‍ മിക്കതും അയാള്‍ കാരണമാണെന്ന് വില്യം ബാസ്‌കര്‍വില്ലിന് ബോധ്യപ്പെട്ടു. മരണങ്ങള്‍ക്ക് വെളിപാടു പ്രവചനങ്ങളുമായുള്ള സാദൃശ്യം ഒട്ടൊക്കെ യാദൃച്ഛികമായിരുന്നു. അന്ധനായ ഹോര്‍ഹെ കഠിന ബ്രഹ്മചര്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്. അതേയവസരം കടുത്ത അധീശപ്രവണതയുള്ളയാളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ പ്രതീകം. അയാളുടെ അന്ധതയും അതിന്റെ സൂചനയാണ്. പ്രത്യേകിച്ചും കടുത്ത വിരക്തി പലപ്പോഴും അധീശപ്രവണതയോ ചിലപ്പോള്‍ വിധേയത്വ ബോധമോ വളര്‍ത്തും. EcoUmberto_F_UllaMontanK11_Stor

ഹോര്‍ഹെയെ അസ്വസ്ഥനാക്കിയ പുസ്തകത്തെപ്പറ്റി പറയാം. അതിനാണ് ഈ ലേഖനത്തില്‍ നാം പ്രതിപാദിക്കാന്‍ പോകുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളത്. ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്‌റ്റോട്ടിലിന്റെ Poetics എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു അത്. കാവ്യമീമാംസയെക്കുറിച്ച പുസ്തകമാണ് പൊയറ്റിക്‌സ്. കവിതകളെയും മറ്റും അരിസ്റ്റോട്ടില്‍ ട്രാജഡി, കോമഡി, എപിക് എന്നിങ്ങനെ മൂന്നായി തിരിക്കുന്നുണ്ടെങ്കിലും പൊയറ്റിക്‌സില്‍ ട്രാജഡിയെപ്പറ്റി മാത്രമേ വിശദമായി പ്രതിപാദിക്കുന്നുള്ളൂ. കോമഡിയെപ്പറ്റിയായിരുന്നു പ്രസ്തുത രണ്ടാം ഭാഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്. ഈ പുസ്തകമാണ് ഹോര്‍ഹെ താളുകളില്‍ വിഷം പുരട്ടി രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത്.

പുസ്തകത്തോടുള്ള, ഹോര്‍ഹെ എന്ന അധികാരസ്വരൂപത്തിന്റെ വിരോധത്തിന് ചില കാരണങ്ങളുണ്ട്.

ഒന്നാമതായും ചിരിയെക്കുറിച്ചുള്ളതാണ് പുസ്തകം. ഹോര്‍ഹെയുടെ വീക്ഷണത്തില്‍ ചിരി ദൗര്‍ബ്ബല്യമാണ്. ദുഷ്പ്രവൃത്തിയും ശരീരത്തിന്റെ താല്‍പര്യവുമാണ്. കര്‍ഷകന്റെ വിനോദവും മദ്യപാനിയുടെ തോന്ന്യാസവുമാണത്. യേശു ഒരിക്കലും ചിരിച്ചിട്ടില്ലെന്നാണയാളുടെ വാദം. എന്നാല്‍ അരിസ്‌റ്റോട്ടില്‍ ചിരിയെ കലയും കലാപവുമായി വികസിപ്പിക്കുന്നു. ഭയത്തിലൂടെ മാത്രമേ മനുഷ്യനെ നിയമാനുസാരിയാക്കാന്‍ കഴിയൂ എന്നിരിക്കേ ചിരി ഭയത്തെ ദൂരീകരിക്കുമെന്ന് ഹോര്‍ഹെ ഭയപ്പെട്ടു. രണ്ടാമത്തെ അയാളുടെ ഭീതി അരിസ്റ്റോട്ടിലിന്റെ ചിരിയുടെ കലാപശേഷി തന്നെയായിരിക്കണം. ജ്ഞാനികള്‍ക്കു മുന്നില്‍ ചിരിയുടെ വാതില്‍ തുറന്നുകൊടുക്കുന്ന അരിസ്റ്റോട്ടില്‍ ‘തന്റെ’ ദൈവത്തെയും ലോകത്തെയും കീഴ്‌മേല്‍ മറിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അരിസ്‌റ്റോട്ടിലിന്റെ പുസ്തകം അറബികള്‍ വിവര്‍ത്തനം ചെയ്തതില്‍ നിന്നാണ് പിന്നീടതിന്റെ ലാറ്റിന്‍ പതിപ്പുണ്ടാകുന്നത്. ഇതാണ് പുസ്തകവിരോധത്തിന്റെ മൂന്നാമത്തെ കാരണം. ‘അവിശ്വാസിക’ളായ അറബികളോടുള്ള വെറുപ്പ്. കുരിശുയുദ്ധമനോഗതിക്കാരനായ ക്രൈസ്തവസന്യാസിയുടെ ഇസ്ലാം ഭീതിയും വിരോധവും. ഇസ്ലാമോഫോബിയ.

പുസ്തകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സമകാലിക വിവാദങ്ങളാണ് എകോവിന്റെ റോസിനെ ഓര്‍മയിലേക്ക് കൊണ്ടു വന്നത്. പുസ്തകങ്ങള്‍ക്കെതിരിലുള്ള കേസുകള്‍, ഭീഷണികള്‍, അറസ്റ്റുകള്‍, സത്യവാങ്മൂലങ്ങള്‍ എന്നിത്യാദി സംഭവങ്ങളാല്‍ ബഹുലമായിരുന്നുവല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിന്റെ സാംസ്‌കാരികരംഗം. ഏറ്റവുമവസാനം ഗെയില്‍ ട്രേഡ്‌വെല്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി ബുക്‌സിനു നേരെയുണ്ടായ അതിക്രമങ്ങളും.

അധികാരത്തിന്റെ ആത്മീയത-

ട്രേഡ്‌വെല്ലിന്റെ പുസ്തകം കേരളത്തിലെ അറിയപ്പെടുന്ന ആത്മീയകേന്ദ്രവുമായി ബന്ധപ്പെട്ടതാകയാല്‍ത്തന്നെ എകോയുടെ കഥയുമായി ഇതിന് വേറെയുമൊട്ടേറെ സാമ്യങ്ങളുണ്ട്. അമൃതാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ക്കേ അത്യന്തം നിഗൂഢമാണ്. എന്നാല്‍ റോസിലെ ബെനഡിക്‌റ്റൈന്‍ ആശ്രമത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ വിരക്തിയുടെയും ഗൂഢാത്മകതയുടെയും മതരൂപങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന പരിണതികളും. സന്യാസം ഹോര്‍ഹെയില്‍ സൃഷ്ടിച്ചത് അധീശത്വ മനസ്സും മതപരവും സാമുദായികവുമായ മുന്‍വിധികളുമായിരുന്നെങ്കില്‍ അയാളുടെ മഠത്തിലെ മറ്റുപലരും വികൃതലൈംഗികതകള്‍ക്ക് കീഴ്‌പ്പെട്ടു പോയതായി കൊലപാതകാന്വേഷണത്തിനിടയില്‍ ബ്രദര്‍ വില്യം മനസ്സിലാക്കുന്നുണ്ട്. അന്ധനായ ഹോര്‍ഹെ അതിനെക്കാളന്ധമായ തന്റെ വിശ്വാസത്തിന്റെ വിഷം പേജുകളില്‍ പുരട്ടി വെച്ചിരുന്ന ചിരിയുടെ, കലാപത്തിന്റെ പുസ്തകം രഹസ്യമുറിയിലുണ്ടെന്നു കണ്ടെത്താനിടയായ ബെറിങ്ഗര്‍ അന്വേഷണകുതുകിയായ അദെല്‍മോയെ പുസ്തകം തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വവര്‍ഗരതിക്കിരയാക്കുകയായിരു

ന്നു. അയാള്‍ക്കു വഴങ്ങിയതിലുള്ള പശ്ചാത്താപം നിമിത്തം മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതായിരുന്നു അദെല്‍മോ. പിന്നീട് പുസ്തകം കൈക്കലാക്കിയ വെനന്‍ഷ്യസ് നാക്കില്‍ വിരല്‍ തൊട്ട് പേജുകള്‍ മറിച്ചതു വഴി വിഷം തീണ്ടി അടുക്കളയിലേക്കോടി ചോര ഛര്‍ദ്ദിച്ചു മരിച്ചു. ബെറിങ്ഗറും ഇതേ പ്രകാരം വിഷം അകത്തു ചെന്നു മരിച്ചു. പുസ്തകം വീണ്ടെടുക്കാന്‍ ഹോര്‍ഹെ മലാഖിയെ അയച്ചു. സെവെറിനസിന്റെ കൈയില്‍ പുസ്തകം കണ്ട അയാള്‍ തോട്ടക്കാരനെ തലയ്ക്കടിച്ചു കൊന്നു. ആയിരം തേളുകളുടെ ശക്തിയുള്ള പുസ്തകം തുറന്നു നോക്കരുതെന്ന ഹോര്‍ഹെയുടെ മുന്നറിയിപ്പിനെ അവഗണിച്ച് മലാഖി അത് മറിച്ചു നോക്കി, അയാളും മരിച്ചു. പിന്നീട്, ബ്രദര്‍ വില്യമിന്റെ കേസന്വേഷണത്തിനിടെ ഒരിടനാഴിക്കിടയില്‍ കുടുങ്ങിപ്പോയ ആബോ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. അവസാനം വിവരങ്ങളെല്ലാം മനസ്സിലാക്കിയ വില്യമിനെ പുസ്തകം കൊണ്ടു തന്നെ കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹോര്‍ഹെ അതിന്റെ താളുകള്‍ സ്വയം കടിച്ചിറക്കിക്കളഞ്ഞു. യാദൃച്ഛികമെങ്കിലും വെളിപാടു പ്രവചനമാതൃകയില്‍ത്തന്നെ ആബോയും ഹോര്‍ഹെയും മരിച്ചു.

സന്യാസാശ്രമങ്ങളിലും ആത്മീയകേന്ദ്രങ്ങളിലും നടക്കുന്ന രതി വൈകൃതങ്ങളും ലൈംഗികാക്രമണങ്ങളും ഒട്ടും പുതുമയുള്ള സംഭവമല്ല. അതേയവസരം എത്ര തന്നെ സംഭവങ്ങള്‍ പുറത്തു വന്നാലും നിയമവ്യവസ്ഥകള്‍ ഇവരെ വെറുതെ വിടുന്നതിനുള്ള പ്രധാന കാരണം അധീശവ്യവസ്ഥയോടു പൊരുത്തപ്പെടുന്നതും അതിനെ സഹായിക്കുന്നതുമായ ഒന്നാണ് ആത്മീയതക്കും മതത്തിനും ഇത്തരം സംഘങ്ങള്‍ നല്‍കുന്നതും പരിശീലിപ്പിക്കുന്നതുമായ ഗൂഢവ്യാഖ്യാനങ്ങള്‍ എന്നതു തന്നെയാകുന്നു. മറ്റൊന്ന് പുതിയ ജനാധിപത്യ കാലത്ത് പ്രത്യേകിച്ചും കോര്‍പറേറ്റ് സ്വഭാവമാര്‍ജിച്ചിട്ടുള്ള ഇത്തരം സംഘങ്ങളുടെ ആള്‍ ബലവും സാമ്പത്തിക ശേഷിയുമത്രേ. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ വിശുദ്ധനരകത്തിനു സമാനമായ പുസ്തകങ്ങള്‍ ലോകത്തു തന്നെ മറ്റൊട്ടേറെ ആശ്രമങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും എതിരായും പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവാന്വേഷണവുമായി ബന്ധപ്പെട്ട അബദ്ധധാരണകളാല്‍ ആശ്രമങ്ങളില്‍ച്ചെന്നു പെട്ടവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു അവയിലേറെയും. ലൈംഗികാക്രമണങ്ങളും സാമ്പത്തിക ചൂഷണങ്ങളും മിക്ക നവ ആത്മീയ കേന്ദ്രങ്ങളുടെയും സ്വഭാവം തന്നെയാണെന്നാണ് പല സംഭവങ്ങള്‍ മുന്നില്‍ വെച്ചു ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ലൈംഗികാക്രമണം, സന്യാസനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തവരുടെ വൈകാരികമായ ക്ഷോഭങ്ങളുടെ അണ പൊട്ടല്‍ മാത്രമല്ലെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മറിച്ച്, ഒന്നാമതായും നിയമവിരുദ്ധവേഴ്ചകള്‍ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. രണ്ടാമതായി സാമ്പത്തികവും ലൈംഗികവുമായ മേല്‍ക്കൈ എന്നത് ജീവിതത്തിനു മേല്‍ തന്നെയുള്ള അധീശത്വമായി മാറുന്നു. അനുഭവങ്ങളായിരുന്നു അവരുടെ തിരിച്ചറിവുകള്‍ക്ക് ഹേതു. ട്രേഡ്‌വെല്‍ തന്നെ അവരുടെ പുസ്തകത്തില്‍ പറഞ്ഞതു പോലെ, ദൈവത്തെ കാണാന്‍ വേണ്ടി ഞാന്‍ ഗുരുവിനെ തേടി. ദൈവത്തെ കണ്ടതേയില്ല, എന്നാല്‍ സ്വയം കണ്ടു. അതില്‍ ദൈവത്തിന് നന്ദി.

image17 gail-3_650_022314080902പുസ്തകങ്ങളുടെ താളുകളില്‍ വിഷം പുരട്ടി അധീശത്വപരമായ തങ്ങളുടെ നിലപാടിനെ ഭദ്രമാക്കാന്‍ തന്നെയാണ് സമൂഹ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ നടക്കുന്ന അസഹിഷ്ണുതാപൂര്‍വ്വമായ ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണ്.

നിലനില്‍ക്കുന്ന അധീശവ്യവസ്ഥ പുസ്തകങ്ങളെ നേര്‍ക്കു നേര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അമൃതാശ്രമത്തിന്റെ കാര്യത്തിലാണെങ്കില്‍ പുസ്തകത്തെ നേര്‍ക്കു നേര്‍ നിരോധിക്കുകയോ ചെയ്യാതെ, മഠത്തിന്റെ അധികാര താല്‍പര്യങ്ങളെ ഭദ്രമാക്കുന്ന രീതിയിലാണ് ഭരണകൂടവും അനുബന്ധസംവിധാനങ്ങളും പെരുമാറുന്നതെന്നു മാത്രം. ഏറ്റവുമടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ ചെറുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരല്‍പം മാത്രം വിപുലമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതൊഴിച്ചാല്‍, സാധാരണ ഉണ്ടാവാറുള്ളതു പോലെ വലിയ കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നുമുയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. വെന്‍ഡി ധോണിഗറുടെ പുസ്തകം മുതല്‍ക്ക് ജമാഅത്തെ ഇസ്ലാമിക്കെതിരായ കേസില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ നിരോധഭീഷണിയുയര്‍ത്തിയ പതിനാല് പുസ്തകങ്ങള്‍ വരെയുള്ളതില്‍ ഇസ്ലാം എതിര്‍ കക്ഷിയല്ല. എന്നല്ല, കോഴിക്കോട്ടെ പുസ്തക റെയ്ഡും പ്രസ്തുത സത്യവാങ്മൂലവുമടങ്ങുന്ന സംഭവങ്ങളില്‍ ഇസ്ലാമും മുസ്ലിംകളും ഇരകളാണു താനും. ഒരു പക്ഷേ ഇതാണ് പതിവ് തര്‍ക്കവിദ്വാന്മാരുടെ മൗനത്തിനു കാരണമായിട്ടുള്ളതെങ്കില്‍, പുസ്തകങ്ങള്‍ക്കെതിരായ നടപടി കൊണ്ട് എന്തൊക്കെയാണോ ഭരണകൂടം ഉദ്ദേശിച്ചത്, അതില്‍ച്ചില കാര്യങ്ങള്‍ അവര്‍ നേടിക്കഴിഞ്ഞുവെന്നു വേണം കരുതാന്‍. മുമ്പ് റുഷ്ദിയുടെയും ലജ്ജയുടെയും കാര്യത്തില്‍ ഇതൊന്നുമായിരുന്നില്ല കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെ പ്രതികരണം. എന്തിന്, ആറാം തിരുമുറിവിന്റെ കാര്യത്തില്‍പ്പോലും കേരളം വളരെ ജാഗ്രതയും കരുത്തും കാണിച്ചിരുന്നുവെന്നോര്‍ക്കുക. സാത്താനിക പദ്യങ്ങളുടെ കാര്യത്തിലോ ലജ്ജയുടെ കാര്യത്തിലോ മുസ്ലിം മതസമൂഹം സ്വീകരിച്ചിരുന്ന സമീപനത്തെ അംഗീകരിക്കേണ്ട കാര്യം നമുക്കില്ല. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പവിത്രമായിക്കരുതുന്നൊരു ചരിത്രത്തെ സാഹിത്യത്തിന്റെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ ആക്ഷേപിക്കുകയെന്നതല്ലാത്ത യാതൊരു ലക്ഷ്യവും സാത്താനിക പദ്യങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നു നമുക്ക് ബോധ്യപ്പെടും. എന്നാല്‍പ്പോലും ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുക എന്നതു തന്നെയാണ് മാന്യത, ജനാധിപത്യപരമായ യുക്തി. അന്നിലക്കാകുമ്പോള്‍ റുഷ്ദിക്കെതിരായ പ്രവര്‍ത്തനങ്ങളും അപലപനീയം തന്നെയാകുന്നു. എന്നാല്‍ ഇവിടെ സൂചിപ്പിച്ച കാര്യം, സാംസ്‌കാരിക കേരളം ആ വിഷയങ്ങളിലെല്ലാം കാണിച്ചിട്ടുള്ള താല്‍പര്യം ഇപ്പോഴത്തെ സംഭവങ്ങളില്‍ ചിലതിലെങ്കിലും കാണിക്കുന്നില്ല എന്നതാണ്.

അസഹിഷ്ണുതയുടെ സംസ്‌കാരം-

മതത്തെയും ആത്മീയതയെയും വിമോചനപരവും മാനസികവുമായ ദര്‍ശനവും അനുഭൂതിയുമായി കണ്ട് ശീലിച്ചിട്ടില്ലാത്തവര്‍ യാതൊരര്‍ത്ഥവുമില്ലാത്ത അനുഷ്ഠാനങ്ങളിലും അസഹിഷ്ണുത നിറഞ്ഞ വൈകാരികതയിലും അഭിരമിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍ വ്യാപകമാവുന്നു. വരേണ്യവംശീയദേശീയവാദത്തിന്റെ ആചാര്യന്മാരായ സംഘ്പരവാര്‍ സംഘടനകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന വിഭാഗമാണ്. ഈയടുത്ത കാലത്ത് തുടര്‍ച്ചയായി അവരുടെ പല തരത്തിലുള്ള അക്രമങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായി.

വെന്‍ഡി ദോണിഗറുടെ The Hindus An Alternative History എന്ന പുസ്തകത്തിനെതിരെ 295 A വകുപ്പു പ്രകാരം ഒരു സംഘപരിവാരസംഘടന കേസു കൊടുത്തു. അതേയവസരം കേസിന്റെ വിധിക്കു വേണ്ടിയൊന്നും കാത്തു നില്‍ക്കാതെ പുസ്തകത്തിനെതിരെ അവര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെത്തുടര്‍

ന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകം പിന്‍വലിക്കുക മാത്രമല്ല, സ്റ്റാളുകളില്‍ നിന്നും തിരിച്ചെടുത്ത കോപ്പികള്‍ നശിപ്പിക്കുക കൂടി ചെയ്തു. അല്‍പം മുമ്പ്, മാതാഅമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും എന്ന പുസ്തകം രചിച്ച ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവിനെ 295 A വകുപ്പു ചുമത്തി പ്രൊസിക്യൂട്ടു ചെയ്യാനുള്ള നടപടികള്‍ക്ക് ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ മുന്നോട്ടു പോയില്ല. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ പുസ്തകം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ദൃശ്യ പത്ര മാധ്യമങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ള പ്രചാരണം സമൂഹത്തില്‍ വര്‍ഗീയാസ്വാസ്ഥ്യത്തിന്റെ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. അമൃതാനന്ദമയിഭക്തര്‍ക്കു വേണ്ടി വാദിച്ച വക്കീല്‍ അന്നു നടത്തിയ ഒരു പരാമര്‍ശം മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയും എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും എന്നതായിരുന്നു. പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളെ വസ്തു നിഷ്ഠമായും യുക്തിബോധത്തോടെയും സമീപിക്കുന്നതിനു പകരം ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയുമൊക്കെ മതവും വിശ്വാസവുമൊക്കെ വച്ചു കൊണ്ട് വിലയിരുത്തുന്ന മാനസികാവസ്ഥയെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്?

ആവിഷ്‌കാരത്തിന്റെ എല്ലാ രൂപങ്ങളോടുമുണ്ടാവുന്നുണ്ട് ഈ അസഹിഷ്ണുത. ചിത്രരചനയില്‍ അഗ്രിമസ്ഥാനത്തു നില്‍ക്കുന്നവരില്‍പ്പെട്ട എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം പോലുമുപേക്ഷിച്ച് അന്യനാട്ടുകാരനായി മരിക്കേണ്ടിവന്നത് നമ്മുടെ ദേശത്തിനു തന്നെയുണ്ടാക്കിയ അഭിമാനക്ഷതത്തെയോര്‍ത്ത് നമ്മളിലെത്ര പേര്‍ അസ്വസ്ഥരായിട്ടുണ്ട്? തൃശൂരില്‍ വിബ്‌ജ്യോര്‍ ചലച്ചിത്രമേളയില്‍ കശ്മീര്‍ ചലച്ചിത്രകാരനായ ബിലാല്‍ എ ജാനിന്റെ Ocean of Tears എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും സംഘപരിവാരവും രംഗത്തിറങ്ങി ബഹളം വെച്ചെങ്കിലും പ്രതിനിധികള്‍ ഒറ്റക്കെട്ടായി ചെറുത്തതോടെ നാണം കെട്ടു സ്ഥലം വിടേണ്ടി വന്നു. അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനു പകരം സംഘാടകരെ ഉപദ്രവിക്കാനാണ് പൊലീസും ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ പി.എസ്.ബി.ടി സാമ്പത്തികസഹായം നല്‍കി നിര്‍മിച്ച കണ്ണീര്‍ക്കടല്‍ സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ്. അല്ലെങ്കില്‍ത്തന്നെയും അംഗീകാരമുള്ള ചലച്ചിത്രമേളകള്‍ക്ക് സെന്‍സര്‍ സര്‍ടിഫിക്കറ്റ് നിര്‍ബന്ധവുമല്ല താനും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ, മൃണാള്‍ സെന്നും ശ്യാം ബെനഗലും അഡ്വ നരിമാനുമൊക്കെ അംഗങ്ങളായ ട്രസ്റ്റാണ് പി.എസ്.ബി.ടി.

ഇത്തരത്തിലുള്ള ക്രൂരമായ കൈയേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇസ്ലാമിലെ സ്ത്രീകളോടുള്ള പരിഗണനയെ വിമര്‍ശിച്ച് അയാന്‍ ഹിര്‍സി അലിയോടൊപ്പം Submission എന്ന സിനിമ നിര്‍മിച്ചതിന്റെ പേരില്‍ ഡച്ച് ചലച്ചിത്രകാരന്‍ തിയോ വാന്‍ ഗോഷിനെ മുസ്ലിം മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത് 2004 ലാണ്. ഇസ്ലാമിനെ ആശയപരമായി വിലയിരുത്തുന്നതില്‍ വാന്‍ ഗോഷിനോ ഹിര്‍സി അലിക്കോ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ നേരിടേണ്ടത് തികച്ചും ആശയപരമായിത്തന്നെയാണ്. കൊലപാതകം അവരുടെ വിമര്‍ശങ്ങള്‍ ശരിയാണെന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

സത്യത്തില്‍ ഗെയില്‍ ട്രേഡ്‌വെല്ലിന്റേതുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഭാരതീയ സനാതന പാരമ്പര്യത്തെയോ ആത്മീയതയെയോ വിമര്‍ശിക്കുന്നതല്ല. സമ്പൂര്‍ണം എന്നവകാശപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളോ സംഘടനകളോ വിമര്‍ശനാതീതരല്ല താനും. മഠത്തില്‍ താനനുഭവിച്ച ലൈംഗകാതിക്രമങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളെ ഇന്ത്യയില്‍ ആത്മശാന്തി തേടിവന്ന ഒരു വിദേശ വനിത തുറന്നെഴുതുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ചെയ്തത്. മാത്രവുമല്ല, പുസ്തകത്തെപ്പറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് പെലീസ് തുനിഞ്ഞത്.

പുസ്തകങ്ങളോടുള്ള വ്യവസ്ഥിതിയുടെ ആക്രമണത്തിന്റെ, സമീപകാലത്തെ മറ്റു ചില ഉദാഹരണങ്ങള്‍ കൂടി ഇവിടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോഴിക്കോട്ടെ ചില പ്രസാധനാലയങ്ങളിലുണ്ടായ റെയ്ഡ്, തുടര്‍ന്നുണ്ടായ കേസ്, പതിനാല് പുസ്തകങ്ങള്‍ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലം മുതലായവയാണത്. അധികാരികളുടെ ഈ പുസ്തകവേട്ടയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന മാനസികവും സാമൂഹികവുമായ ചില കാര്യങ്ങളുണ്ട്. അക്ഷരവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം. അനുബന്ധമായി മറ്റു ചില തത്വങ്ങളുമുണ്ട്.

അക്ഷരവും അധികാരവും തമ്മില്‍-

അക്ഷരത്തോടും അറിവിനോടുമുള്ള അധീശത്വത്തിന്റെ അസഹിഷ്ണുതയ്ക്ക് അധികാരത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളില്‍ വിത്തു വിതക്കാരന്റെ ഉപമ പറയുന്നുണ്ടല്ലോ. വചനം കേള്‍പ്പിക്കുന്നവനാണ് വിതക്കാരനെന്ന് യേശു വിശദീകരിക്കുന്നുണ്ട്. അതായത് അക്ഷരങ്ങളാണ് വിത്തുകള്‍. സെമിറ്റിക് ജനത സ്വതവേ വായിക്കുകയല്ല, കേള്‍ക്കുകയാണ് ചെയ്തിരുന്നത്. അതില്‍ ഒരു കൂട്ടം വിത്തുകള്‍ വഴിയരികില്‍ വീണുപോയപ്പോള്‍ ദുഷ്ടന്‍ വന്ന് അത് ചവിട്ടിത്തൂത്തുകളഞ്ഞെന്നാണ് യേശു പറഞ്ഞത്. അതിനദ്ദേഹം നല്‍കിയ വിശദീകരണത്തിലുള്ളത് നിങ്ങളുടെ നേതാക്കന്മാരാണ് ദുഷ്ടന്‍ എന്നതു കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കു

ന്നതെന്നായിരുന്നു. അക്ഷരത്തെ ഭയക്കുന്ന അധികാരത്തെയാണിവിടെ സൂചിപ്പിച്ചതെന്നര്‍ത്ഥം. നൂഹിന്റെ വചനം കേള്‍ക്കാന്‍ കൂട്ടാക്കാതെ വിരല്‍ ചെവിയില്‍ തിരുകിയ ജനതയെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അധികാരികളുടെ വിലക്കാണ് ഇതിനു കാരണമെന്നു വ്യക്തം. കേള്‍ക്കരുതെന്നു വിലക്കുക തന്നെയാണ് മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ കാര്യത്തിലും അന്നത്തെ അധികാരിവര്‍ഗം ചെയ്തിരുന്നതെന്ന് ചരിത്രം.

ജ്ഞാനിയായ സേക്രട്ടീസ് യുവാക്കളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് അഥീനിയന്‍ ഭരണകൂടം വിചാരണ ചെയ്തു കൊന്നു കളഞ്ഞു. ചിന്തകളെയാണ് അവിടെയും ഭരണകൂടം ഭയപ്പെട്ടത്. സോക്രട്ടീസ് ഏഥന്‍സിലെ വരേണ്യപാരമ്പര്യത്തെ നിരാകരിച്ചു. പ്രമാണിമാരുടെ ദൈവങ്ങളെ തകര്‍ത്തു. പരമ്പരാഗതവും ദേശീയവുമായ പാഠങ്ങളെ നിരൂപണബുദ്ധിയോടെ സമീപിക്കാന്‍ യുവജനതയെ പ്രാപ്തരാക്കി. ഉജ്വലവും വിപ്ലവാത്മകവുമായ ഈ ചിന്തകള്‍ അധികാരികളുടെ സ്വാസ്ഥ്യം കെടുത്തി. വിചാരണയിലും വധശിക്ഷയിലും പ്രതിഫലിച്ചത് അക്ഷരങ്ങളോടും ചിന്തകളോടുമുള്ള ഈയസഹിഷ്ണുത തന്നെയായിരുന്നെന്നു വേണം മനസ്സിലാക്കാന്‍. അന്നത്തെ ആത്മീയാചാര്യന്മാരും മതനേതാക്കന്മാരും കൂട്ടുണ്ടായിരുന്നു ഈ അക്ഷരഹത്യയ്ക്ക്.

ഭീതിയും ഭീതിയുടെ ഉല്‍പാദനവും-

മൂലധനകേന്ദ്രിതമായ ഇന്നത്തെ അധികാരഘടനയ്‌ക്കെതിരെ ശക്തമായ ആശയപ്രതിരോധം സൃഷ്ടിക്കുന്നവരാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. അതിനാല്‍ ആഗോളതലത്തില്‍ത്തന്നെ അധീശത്വം ഇസ്ലാമിനെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

മുതലാളിത്തത്തിന്റെ ആരംഭദശയില്‍ത്തന്നെ അതിന്റെ ചൂഷണസ്വഭാവത്തെ തുറന്നു കാട്ടി, അടിസ്ഥാനവര്‍ഗത്തിന്റെ ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച കമ്യൂനിസ്റ്റ് ദര്‍ശനത്തിനെതിരെ അധികാരികള്‍ നടത്തിയ പ്രചാരണങ്ങളെ പ്രതിപാദിക്കുന്നുണ്ട് കമ്യൂനിസ്റ്റ് മാനിഫെസ്റ്റോയില്‍. അത് തുടങ്ങുന്നതു തന്നെ യൂറോപ്പിനെ ബാധിച്ചിരിക്കുന്ന കമ്യൂനിസ്റ്റ് ദുര്‍ഭൂതത്തെസ്സംബന്ധിച്ച മുതലാളിത്ത പ്രചാരണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. എതിര്‍ക്കുന്നവരെസ്സംബന്ധിച്ച് ഭീതി വളര്‍ത്താനുള്ള ശ്രമം പണ്ടേയുള്ളതാണ്. ദൈവികദര്‍ശനത്തെ, അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഊന്നല്‍ നല്‍കി ആവിഷ്‌കരിക്കാന്‍ ശ്രമിച്ച, ആധുനിക ഇസ്ലാമിക പ്രസ്ഥാനാചാര്യന്മാരായ മൗദൂദിയുടെയും ഖുത്വുബിന്റെയുമൊക്കെ ചിന്തകള്‍ പ്രതിരോധത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച വെളിവു നല്‍കിയതോടെ, അവരുടെ ആധാരമായ ഇസ്ലാമിനെക്കുറിച്ച് പലതരം ആശങ്കകള്‍ സൃഷ്ടിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വം ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഫലമായി വളര്‍ന്നുവന്ന ഇസ്ലാം ഭീതി പ്രസാധനാലയങ്ങളിലുള്ള റെയ്ഡ് മുതല്‍ പതിനാല് പുസ്തകങ്ങളെക്കുറിച്ച അഫിഡവിറ്റ് വരെയുള്ള കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.

ദൈവികദര്‍ശനത്തിന്റെ പ്രബോധനമായ പുസ്തകങ്ങള്‍ അധീശത്വത്തിന്റെ നിരാകരണമാണ്. ഇതാണ് ഇസ്ലാം ഭീതിയുടെ പ്രാദുര്‍ഭാവത്തിന്റെ നിമിത്തം. നിരാകരണങ്ങളെ സ്വയം ഭയപ്പെടുകയന്നത് അന്യായമായ അധികാരപ്രയോഗത്തിന്റെ വക്താക്കളുടെ സഹജസ്വഭാവമാകുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ക്കശമായ അധികാരസംസ്ഥാപനം തന്നെ ഭീതിയുടെ പ്രത്യക്ഷമത്രേ. അതിനാല്‍ത്തന്നെ നിരാകരണത്തിന്റെ ശക്തികളെസ്സംബന്ധിച്ച് പല തരത്തിലുള്ള ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ അധീശത്വം ശ്രമിച്ചു കൊണ്ടേയിരിക്കും. പുസ്തകങ്ങളോടുള്ള വിരോധത്തിനു പിന്നില്‍ ഇതും ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ടാവാം.

 

സംശയങ്ങളുടെ പ്രജനനം-

ജനതയെ ഭിന്നിപ്പിക്കല്‍ അധികാരാസക്തരുടെ പൊതുവായ നിലപാടാണ്. ഇതിന്റെ പ്രധാനപടിയാണ് സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കല്‍. ഇതിനു വേണ്ടി പ്രയോഗിക്കാറുള്ള തന്ത്രങ്ങളെയും പതിനാല് പുസ്തകങ്ങളെപ്പറ്റിയുള്ള അഫിഡവിറ്റില്‍പ്പറഞ്ഞ ചില കാര്യങ്ങളില്‍ കാണാന്‍ കഴിയും. രണ്ട് പുസ്തകങ്ങളുടെ കാര്യത്തില്‍ വിശ്വാസപരമായി ഇസ്ലാമിനും ക്രിസ്തുമതത്തിനുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ പെരുപ്പിച്ചു കാട്ടുന്ന പരാമര്‍ശങ്ങളുണ്ട്. പൊതുവായി ഓരോ മതത്തിന്റെയും വിശ്വാസകാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ മറ്റു മതസ്ഥരില്‍ യാതൊരാശങ്കയും ജനിപ്പിക്കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രത്യേകം അടര്‍ത്തിയെടുത്ത് പൂര്‍വാപരബന്ധമില്ലാതെ ഉദ്ധരിച്ചാല്‍ ചിലപ്പോള്‍ മൂലകൃതിയില്‍ ആ കാര്യങ്ങളുടെ പരാമര്‍ശം കൊണ്ടുള്ള ഉദ്ദേശ്യം പോലും ചിലപ്പോള്‍ മാറിപ്പോകാം. മറ്റൊരു ജനതയില്‍ ഇവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന ബോധം സൃഷ്ടിക്കാന്‍ പോലും അത് കാരണമായേക്കാം.

ജഅ്ഫര്‍ ബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ അബിസീനിയയിലേക്ക് ഹിജ്‌റ പോയ മുസ്ലിം സംഘത്തെ അവിടെ നിന്നു പുറത്താക്കണമെന്നാവശ്യപ്പട്ട് ഖുറൈശി പ്രതിനിധിയായ അംറ് ബ്‌നു ആസ് അബിസീനിയന്‍ രാജാവായ നജ്ജാശിയോടു സംസാരിച്ചപ്പോള്‍, എന്തിന്റെ പേരിലാണ് തങ്ങള്‍ ജന്മനാടുപേക്ഷിച്ചു പോരേണ്ടിവന്നതെന്ന് ജഅ്ഫര്‍ വിവരിച്ചു. ഇതു കേട്ട രാജാവ് അവരെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് അംറ് പ്രയോഗിച്ച തന്ത്രം ഇതു തന്നെയായിരുന്നു. യേശുവിനെക്കുറിച്ച ഇവരുടെ വിശ്വാസമെന്തെന്നു ചോദിക്കാന്‍ അംറ് രാജാവിനോടു പറഞ്ഞു. അതു മാത്രമായിട്ടു കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനിയായ രാജാവ് അസ്വസ്ഥനാകുമെന്നും മുസ്ലിം സംഘത്തെ പുറത്താക്കുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ ജഅ്ഫര്‍ തന്ത്രപൂര്‍വ്വം തന്നെ പ്രതികരിച്ചത് ചരിത്രം.

സമാനമായ സ്വഭാവത്തിലാണ് അഫിഡവിറ്റില്‍ വരികളുദ്ധരിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശുമരണം, ത്രിയേകത്വം മുതലായ കാര്യങ്ങളില്‍ ഇസ്ലാം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നത അല്‍പം വിവരമുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും രണ്ടു സമൂഹങ്ങളും ഒന്നായി സൗഹൃദത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുമുണ്ട്. എന്നല്ല, ലോകത്തൊരിടത്തും ഈ വിശ്വാസഭിന്നതയുടെ പേരില്‍ ഒരു കലാപവുമരങ്ങേറിയിട്ടില്ല. എന്നിരിക്കേ, ഇപ്പോള്‍ മുകളില്‍റഞ്ഞതു പ്രകാരം ഉദ്ധരിക്കുന്നത്, തീര്‍ച്ചയായും ഇരു സമൂഹങ്ങളുടെയും സൗഹൃദത്തെതകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടിത്തന്നെയാണ്. ഇപ്രകാരം അവിശ്വാസം ജനിപ്പിക്കുന്ന പ്രക്രിയ കൂടി പുസ്തകങ്ങള്‍ക്കെതിരായ നീക്കത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എന്തായാലും, വിമോചനത്തിന്റെ ആയുധങ്ങളാണ് പുസ്തകങ്ങള്‍. താളില്‍ വിഷം പുരട്ടിയും നിരോധമേര്‍പ്പെടുത്തിയും അവയില്‍ നിന്ന് മനുഷ്യനെ അകറ്റാനുള്ള തന്ത്രങ്ങളുടെ പ്രയോഗത്തിന് ചിന്തകളുടെ ഉല്‍ഭവത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. ജീവിതത്തെ അധീനപ്പെടുത്താനുള്ള അധീശശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ അക്ഷരങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞേ പറ്റൂ. അധികാരത്തിനെതിരെ അക്ഷരങ്ങളുടെ പക്ഷത്തു നില്‍ക്കാനും അക്ഷരവൈരികളായ അക്രമികളെ തിരിച്ചറിയാനും നമുക്കു കഴിയുക എന്നത് വളരെ പ്രധാനമാണ്.

ആത്മീയതയും കൾട്ട് ഗുരുക്കന്മാരും

കര്‍മങ്ങളില്‍ ആത്മീയാനുഭൂതി കണ്ടെത്താനാണ് വേദങ്ങള്‍ ഉപദേശിക്കുന്നത്. ആധ്യാത്മികമായ ഒരു വിശകലനത്തില്‍ മനുഷ്യന്റെ ഓരോ കര്‍മത്തിനും മൂന്നു തലങ്ങളുണ്ടെന്നു കാണാം. ഇത് മൂന്നിലുമുള്ള സമ്പൂര്‍ത്തിയാണ് മനുഷ്യകര്‍മങ്ങളെ ഉന്നതമാക്കുക. ആ ഔന്നത്യമാണ് ആധ്യാത്മികതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുക.

അനുഷ്ഠാനപരമായ തലമാണ് ഇവയില്‍ ഏറ്റവും ബാഹ്യതലത്തിലുള്ളത്. ഓരോ പ്രവൃത്തിയും, അത് മതപരം എന്നു വ്യവഹരിക്കാറുള്ള തലത്തിലുള്ളതാവട്ടെ സാമൂഹികമായ മറ്റെന്തെങ്കിലുമാവട്ടെ, ചെയ്യേണ്ട രീതിയില്‍ത്തന്നെ ചെയ്യുക എന്നതാണ് ഇതില്‍ വരുന്ന കാര്യം. അതിനകത്തുള്ള രണ്ടാമത്തെ തലം യുക്തിയും സദാചാരവുമായി ബന്ധപ്പെട്ടതാണ്. പ്രവൃത്തികളെന്തും സയുക്തികവും ധാര്‍മികവുമാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഏറ്റവും ആന്തരികമായ തലത്തില്‍ കുടിക്കൊള്ളുന്ന അനുഭവമാണ് ആത്മീയത. ഈ അവബോധത്തോടു കൂടി ഏര്‍പ്പെടുന്ന സകല പ്രവൃത്തികളേയും ആത്മീയാനുഭവങ്ങളാക്കി മാറ്റാന്‍ സാധിക്കും. അതിനാലാണ് കര്‍മത്തിന്റെ വഴിയിലൂടെ ശതവര്‍ഷം ജീവിച്ചിരിക്കാനാണ് നീ കൊതിക്കേണ്ടതെന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നത്. സകല പ്രവൃത്തികളിലും അല്ലാഹു ആത്മീയത രേഖപ്പെടുത്തിയിട്ടുണഅടെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. ഇതിനു നല്‍കപ്പെട്ട പല വിശദീകരണങ്ങളിലൂടെ സുഹൃത്തിന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിക്കുന്നതു മുതല്‍ നിന്റെ ഇണയോടൊത്ത് സല്ലപിക്കുകയും രതിയിലേര്‍പ്പെടുകയും ചെയ്യുന്നതു വരെ ആത്മീയ വ്യാപാരങ്ങളാണെന്നവിടുന്നു പഠിപ്പിക്കുകയും ചെയ്തു.

കര്‍മങ്ങളിലൂടെ ആത്മീയത അഭ്യസിപ്പിക്കുന്ന, മതത്തിന്റെ ഈയനുശീലനത്തെക്കുറിച്ച അജ്ഞതയാണ് ആത്മീയതയ്ക്ക് കുറുക്കു വഴികള്‍ തേടാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ഇതാകട്ടെ, ആത്മീയതയെ വ്യാപാരവല്‍ക്കരിക്കാന്‍ ചിലര്‍ക്ക് സഹായകവുമായി. പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയത എന്ന തത്വത്തിലൂടെ മതം മനുഷ്യന്റെ ശേഷി ശേമുഷികളെ സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്നേടത്ത് ആത്മീയ മാഫിയകള്‍ താന്‍ തന്നിലേക്കു തന്നെ ചുരുങ്ങിക്കൊണ്ടുള്ള, സ്വാര്‍ത്ഥവും അതിനാല്‍ത്തന്നെ അനാശാസ്യവുമായ ആത്മീയതയെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. ബാധ്യതകളില്ലാത്ത ആത്മീയാനന്ദത്തെ വില്‍ക്കലാണിത്. ലൈംഗികതയുള്‍പ്പെടെയുള്ള മനുഷ്യന്റെ ഭൗതികാനന്ദങ്ങളെ ബാധ്യതാവിമുക്തമാക്കി കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത തന്ത്രത്തിന്റെ മറ്റൊരു രൂപമാണിത്.

വിമോചനപരവും വിപ്ലവാത്മകവുമായ ഉള്ളടക്കമുള്ള, പ്രവാചകന്മാരുടെയും കാലാതീതരായ ഗുരുക്കന്മാരുടെയും ദര്‍ശനത്തെ അധീശത്വ ബോധമുള്ള പുരോഹിതന്മാര്‍ കൈയാളിയതോടെ അതിന്റെ സാമൂഹികതയും പ്രതിബദ്ധതയും നശിച്ചു. നിലവിലുള്ള അധീശഘടനയോടു കലഹിച്ചിരുന്ന യഥാര്‍ത്ഥ മതത്തെ ഒന്നാമതായും അവര്‍ സ്ഥാപനവല്‍ക്കരിച്ചു. അതിലൂടെ രൂപപ്പെട്ട പുരോഹിതാധിപത്യം (priestocracy, ecclesiastical supremacy) മതത്തിനു പുറത്തുള്ള അധീശരൂപങ്ങളോടു സന്ധി ചെയ്തു. ഇപ്രകാരം ചൂഷണത്തിന്റെ ഉപകപണമായിത്തീര്‍ന്ന സ്ഥാപിതമതത്തിന്റെ വൈതാളികന്മാര്‍ യഥാര്‍ത്ഥ സനാതന തത്വങ്ങളെ മനുഷ്യന്റെ ഹേതു(rational) യുക്തിയുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഡോഗ്മകളാക്കി പരിവര്‍ത്തിപ്പിച്ചു. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെയും ദൈവശാസ്ത്രപാഠങ്ങളെയും നിഗൂഢവല്‍ക്കരിക്കുകയും ചെയ്തു. (അതായത് മൂന്നു വ്യതിയാനങ്ങളാണ് മതത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തിക്കളഞ്ഞത്. സ്ഥാപനവല്‍ക്കരണം -Institutionalization-, സിദ്ധാന്തവല്‍ക്കരണം -Dogmatization-, ഗൂഢാര്‍ത്ഥവല്‍ക്കരണം -Misticization- എന്നിവയാണവ). ഇതോടെ ജീവിതത്തില്‍ നിന്നു വേര്‍പെട്ടു പോയ മതം പ്രയോജനരഹിതമായിത്തീര്‍ന്നെങ്കിലും ആത്മീയതയോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ അഭിനിവേശം നിമിത്തം മതത്തോടുള്ള ബന്ധം അറുത്തെറിയാന്‍ അവനു കഴിഞ്ഞില്ല. സാമൂഹികമായ ബാധ്യതകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് വ്യവച്ഛേദിക്കപ്പെട്ട മതരൂപങ്ങളില്‍ അവന്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിച്ചു.

ഇതിന്റെ ഏറ്റവുമാധുനികമായ തുടര്‍ച്ചയായാണ് പുതിയ കാലത്തെ ആത്മീയ ചൂഷണങ്ങളെയും നാം വിലയിരുത്തേണ്ടത്.

അതോടൊപ്പം തന്നെ മുതലാളിത്ത ജീവിതശൈലിയും അതിന്റെ ധാരാളിത്തവും ചൂഷണങ്ങളുമുണ്ടാക്കിയിട്ടുള്ള മടുപ്പും പുതിയ കാലത്തെ പ്രശ്‌നമാണ്. അറുപത് എഴുപതുകളില്‍ മുതലാളിത്ത രാജ്യങ്ങളിലുണ്ടായ ഹിപ്പി പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയുടെ പിന്നിലുള്ള സാമൂഹ്യ സാഹചര്യം ഇതു തന്നെയാണ്. ആര്‍ത്തിയിലും ഭോഗപരതയിലുമധിഷ്ഠിതമായ ജീവിതശൈലി സൃഷ്ടിച്ച, തൊഴില്‍ ചൂഷണങ്ങള്‍ മുതല്‍ രണ്ട് ലോകയുദ്ധങ്ങള്‍ വരെയുള്ള ദുരന്തങ്ങളാണ് യുവസമൂഹത്തെ തനി അരാജകവാദികളും സകല മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരും എല്ലാ ഘടനകളെയും അവിശ്വസിക്കുന്നവരുമാക്കി മാറ്റി. എന്നാല്‍ ഇതിന്റെ തന്നെ മറ്റൊരു മുഖമായി, ഈ മടുപ്പിനെത്തന്നെ ചൂഷണം ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പുതിയ കാലത്തെ ആത്മീയ മുക്തിപ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കി. അറുപത് എഴുപതുകളില്‍ത്തന്നെയാണ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടേറെ മുക്തിപ്രസ്ഥാനങ്ങളുടലെടുത്തതെന്നു കാണാം. മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന പ്രസ്ഥാനം (Transcendental Meditation Movement), സ്വാമി പ്രഭുപാദരുടെ കൃഷ്ണാനുഭൂതി പ്രസ്ഥാനം (ഹരേ കൃഷ്ണ പ്രസ്ഥാനം) തുടങ്ങിയവയെല്ലാം ഇക്കാലത്തുണ്ടായവയാണ്.

വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മതത്തോടും പുരോഹിതാധിപത്യത്തോടുമുള്ള കലാപവും ആത്മീയമായ വ്യതിയാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചെകുത്താന്‍ പൂജ (Devil Worship) പോലുള്ള സമ്പ്രദായങ്ങളുടലെടുത്തതതില്‍ നിന്നാണെന്നു വേണം കരുതാന്‍. വൈരാഗ്യജീവിതത്തിന്റെ മഹത്വത്തെസ്സംബന്ധിച്ച മതപാഠങ്ങളോടുള്ള വിയോജിപ്പുകളാവണം യോനി പൂജ, ഉര്‍വരതാതാധന പോലുള്ള രീതികളുടെ പ്രചോദനം.
1798698_628323220566342_1182557279_n
എന്തായാലും ഇത്തരത്തിലുള്ള സകല പ്രവണതകളെയും ചൂഷണം ചെയ്യാനുള്ള സംഘടിതമായ പരിശ്രമം നവീന മുക്തിപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെസ്സംബന്ധിച്ച വിചാരങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നത് ഇത്തരം മുക്ത്യാഭാസ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നവീന ഗുരുക്കന്മാര്‍ ഒന്നുകില്‍ തനിത്തട്ടിപ്പുകാരായിരിക്കും, അല്ലെങ്കില്‍ തീവ്രമനോരോഗികളായിരിക്കും എന്നതാണ്. അതി ഭീകരമായ അധീശത്വ മനസ്സുള്ളവരായിരിക്കും, അമ്മയെന്നോ ബാബയെന്നോ ഒക്കെ വിളിക്കപ്പെടുന്ന മിക്ക ഗുരുക്കന്മാരും. ചിലരെസ്സംബന്ധിച്ചേടത്തോളം, അവരുണ്ടാക്കിയിട്ടുള്ള നിഗൂഢതാ സിദ്ധാന്തങ്ങളും വൈരാഗ്യജീവിതത്തിലുള്ള കാര്‍ക്കശ്യവും അവരില്‍ കടുത്ത ആധിപത്യ മനസ്സ് സൃഷ്ടിക്കുകയാണ് ചെയ്യുക. ഉംബര്‍ടോ എക്കോയുടെ The Name of the Rose എന്ന നോവലില്‍ ഹോര്‍ഹെ എന്ന ഒരു കഥാപാത്രമുണ്ട്. ചിരിക്കുന്നതു പോലും നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന അന്ധസന്യാസിയായ ഹോര്‍ഹെ ഇപ്രകാരമുള്ള ഒരധീശമാനസിക നിലയുള്ളൊരാളാണ്. അയാളുടെ അന്ധതയും അയാളുടെ മതകാര്‍ക്കശ്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. ആശ്രമത്തിലെ സാധാരണ അന്തേവാസികളിലാകട്ടെ, ഇത്തരം നിയന്ത്രണങ്ങള്‍ വഴക്കത്തിന്റെ മാനസികാവസ്ഥയാണ് സൃഷ്ടിക്കുക. ഒരു തരം castration complex ഇതിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടാവാം. മറ്റു ചില ഗുരുക്കന്മാര്‍ ഉന്മാദവും വിഷാദവും ഇടകലര്‍ന്നു വരുന്ന Manic-Depressive മനോനിലയുള്ളവരായിരിക്കുമെന്നും പഠനങ്ങളുണ്ട്. അമേരിക്കയിലെ ജിം ജോണ്‍സിനെയും ഡേവിഡ് കോര്‍ഷിനെയും പോലുള്ള ആശ്രമഗുരുക്കന്മാര്‍ തങ്ങളുടെ അണികളെക്കൊണ്ട് കൂട്ട ആത്മഹത്യ ചെയ്യിച്ച സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ. ടോകിയോവില്‍ ട്രെയിനുകള്‍ക്കു നേരെ സരീന്‍ വാതകാക്രമണം നടത്തിയ, ഷോകോ അസാഹരയുടെ ഓം ഷിന്റിക്യോ പ്രസ്ഥാനത്തെയും കൂട്ടത്തില്‍ വായിക്കാം. ഉന്മാദം എത്രത്തോളം അപകടകരമായ അവസ്ഥയിലേക്കെത്താമെന്നതിന്റെ ഉദാഹരണമാണിത്. ഒരാളെ ഗുരുവോ ദൈവമോ അമ്മയോ ഉസ്താദോ ആയി അംഗീകരിച്ചു കഴിഞ്ഞാല്‍പ്പിന്നെ കള്‍ട്ട് അംഗത്തെസ്സംബന്ധിച്ചിടത്തോളം അയാളെക്കുറിച്ച സയുക്തികമായ വിലയിരുത്തലുകള്‍ പാടേ ഇല്ലാതാവുകയാണ്. ഇങ്ങനെ വരുമ്പോള്‍ മനോവ്യതിയാനങ്ങള്‍ക്ക് ഗുരുവും ശിഷ്യനും ഇരയായിത്തീരുന്നുണ്ടെന്നര്‍ത്ഥം. പങ്കുവെക്കപ്പെടുന്ന മതിഭ്രമങ്ങളാവട്ടെ, പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. ഫോളി അ ദ് (Folie a deux) പോലുള്ള സൈക്യാട്രിക് പ്രതിഭാസങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നതായി ആന്റണി സ്‌റ്റോര്‍ Feet of Clay, A Study of Gurus എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അധീശത്വം സ്ഥാപിക്കുന്നതിനു വേണ്ടി സാമ്പത്തികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് പല ഗുരുക്കന്മാരും ആശ്രമവാസികളെ ഇരയാക്കിയിട്ടുണ്ട്. റാസ്പുടിന്‍, ഗുര്‍ജിഫ് മുതല്‍ നമ്മുടെ നാട്ടിലെ നിത്യാനന്ദസ്വാമി വരെ ഇതിനുദാഹരണങ്ങളാണ്. അധികാരം നന്നായി ആസ്വദിച്ചിരുന്നവരായിരുന്നു പല ഗുരുക്കന്മാരും. നന്നായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട പല മുക്തിപ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ബഹുവിധങ്ങളായ ചൂഷണങ്ങളുടെ കഥകള്‍ പല കാലത്തും പുറത്തു വന്നിട്ടുണ്ട്. മാതാ അമൃതാനന്ദ മയിയെപ്പറ്റിയുള്ള, ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍ അവസാനത്തെ ഉദാഹരണം മാത്രം. അധികാര രാഷ്ട്രീയത്തിന് പുരോഹിതാധിപത്യവുമായി പണ്ടേയുള്ള അവിശുദ്ധബന്ധമാണ് ഇപ്പോഴും ഭരണകൂടത്തെ ഇത്തരം തട്ടിപ്പുകളുടെ സംരക്ഷകരാക്കിത്തീര്‍ക്കുന്നത്.

മതത്തിനും വേദതത്വങ്ങള്‍ക്കും വിചിത്രമായ വ്യാഖ്യാനങ്ങളും പ്രയോഗരീതികളും കണ്ടെത്തുകയാണ് പലപ്പോഴും കള്‍ട്ട് ഗുരുക്കന്മാര്‍. ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ ഖലീഫമാരെത്തുടര്‍ന്ന് മുസ്ലിം ലോകത്ത് അധികാരം കൈയടക്കിയ രാജാക്കന്മാര്‍ പ്രതിനിധാനം ചെയ്ത അതിധാരാളിത്ത ജീവിതശൈലിയോടുള്ള തീവ്രമായ വിയോജിപ്പ് വിപ്ലവകാരികളായ ചില പണ്ഡിതന്മാരെ ഒറ്റപ്പുതപ്പു പുതച്ചു ജീവിക്കുന്ന, അവശ്യമല്ലാത്ത സകലതുമുപേക്ഷിക്കുന്ന സൂഫികളാക്കി മാറ്റി (പരുക്കന്‍ കമ്പിളിപ്പുതപ്പിനാണ് അറബിയില്‍ സൂഫ് എന്നു പറയുക. ഇതില്‍ നിന്നുള്ളതാണ് സൂഫി, തസവ്വുഫ് തുടങ്ങിയ പദങ്ങള്‍). തീര്‍ച്ചയായും ശക്തമായൊരു പ്രതികരണം എന്ന നിലക്ക് അതിന് രാഷ്ട്രീയ സ്വഭാവമുണ്ടായിരുന്നു. ഇസ്ലാമിക ലോകത്തെ സിനിക്കുകള്‍ എന്ന് ഇവരെ വിളിക്കാം. (ഡയോജനിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിച്ച തത്വചിന്താ പ്രസ്ഥാനമാണ് സിനിസിസം. ഒരൂന്നുവടിയും ഒരേയൊരു ഭക്ഷണപാത്രവും പിന്നെയൊരൊറ്റ വസ്ത്രവും, ഇത്രയുമായിരുന്നു ഡയോജനിസിന്റെ സ്വകാര്യ സമ്പാദ്യം. ഒരു വീപ്പയ്ക്കകത്താണ് അദ്ദേഹം താമസിച്ചിരുന്നത്). ഇതിനെ സിദ്ധാന്തവല്‍ക്കരിച്ചു കൊണ്ട് പ്രയോജനരഹിതവും അത്യാഡംബരപൂര്‍ണവുമായ ത്വരീഖത്തു പ്രസ്ഥാനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ചിലപ്പോള്‍ ത്വരീഖത്ത് ഗുരുക്കന്മാരുടെ ശവകുടീരങ്ങള്‍ വരെ ഈ അത്യാഡംബരത്തെയാണ് പ്രകാശിപ്പിക്കാറ്. പ്രവാചകന്റെ അടയാളത്തെ (അഥര്‍) മൂര്‍ത്തിവല്‍ക്കരിച്ച് ആത്മീയോല്‍സവം നടത്തിയ സാമിരിയെന്ന കള്‍ട്ട് ഗുരുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ആ മൂര്‍ത്തിയെ കത്തിച്ചു പൊടിച്ച് കടലില്‍ക്കലക്കുമെന്ന് പ്രവാചകന്‍ മൂസ പറയുന്നുണ്ട്. കത്താത്ത മുടിയുമില്ല, പാത്രവുമില്ല. മനുഷ്യന്റെ ചോരയില്‍ നിന്നും ചിന്തയില്‍ നിന്നും നബിയെ അകറ്റിക്കളയുന്ന രോമവും പാനപാത്രവും ഒരു നാള്‍ കത്തുക തന്നെ ചെയ്യും.

സത്യത്തിൽ ഒരേ മനശ്ശാസ്ത്രം തന്നെയാണ് മഠത്തിന്റെയും മുടിയുടെയും കാര്യത്തിൽ പ്രവർത്തനക്ഷമമാവുന്നത്.

ഹൈന്ദവ ആധ്യാത്മികതയിലെ വേദാന്ത ധാരയിലേയും താന്ത്രിക ധാരയിലെയും പല സങ്കല്പങ്ങളെയും തത്വങ്ങളെയും തങ്ങള്‍ക്കനുരൂപമായി വ്യാഖ്യാനിച്ചു കൊണ്ടത്രേ പല ആള്‍ദൈവ പ്രസ്ഥാനങ്ങളും നില നില്‍ക്കുന്നത്. കുണ്ഡലിനി ഉദ്ദീപനവുമായി ബന്ധപ്പെട്ട, യാതൊരു യുക്തി പിന്‍ബലവുമില്ലാത്ത സിദ്ധാന്തങ്ങള്‍ മുതല്‍ അദൈ്വതം തുടങ്ങിയ, വേദാന്തത്തിലെ ദര്‍ശനങ്ങളെ വരെ ഇതിനായി ദുരുപയോഗം ചെയ്യാറുണ്ട്.

ആത്മാവും ശരീരവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള യത്‌നത്തെയാണ് മതം എന്നു പറയുന്നത്. കള്‍ട്ടുകളും ആശ്രമങ്ങളും ഇതിനെ വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. മതം ഉദ്‌ഘോഷിക്കുന്ന മനുഷ്യാന്തസ്സ് തിരിച്ചു പിടിക്കുകയെന്നത് യഥാര്‍ത്ഥത്തിലുള്ള മാനവലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനും തട്ടിപ്പുകാരുടെയും മനോരോഗികളുടെയും ചൂഷണത്തില്‍ നിന്നുള്ള വിമോചനത്തിനും അനിവാര്യമാകുന്നു.