അതേ ആത്മരൂപത്തില്‍ നിന്നു തന്നെ അതിന്റെ ഇണയേയും …

images

ആണും പെണ്ണുമടങ്ങുന്ന മനുഷ്യര്‍ ഈ ഭൂമിയില്‍ നിന്നുള്ള നന്മകള്‍ സ്വീകരിച്ചും ഭൂമിയില്‍ നന്മകള്‍ പ്രവര്‍ത്തിച്ചും ജീവിക്കണമെന്നാണ് ദൈവകല്പന. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്നതിനുള്ള പാഠങ്ങളാണ് വേദങ്ങളിലുള്ളത്. അന്നിലക്ക് പ്രവര്‍ത്തിക്കാനുള്ള ബാധ്യത, കര്‍മസ്വാതന്ത്ര്യം, കര്‍മഫലാനുഭവം എന്നിവയുടെ കാര്യത്തില്‍ സ്ത്രീപുരുഷന്മാര്‍ തമ്മിലെന്തെങ്കിലും അന്തരം യഥാര്‍ത്ഥത്തില്‍ മതം കല്പിച്ചിട്ടേയില്ല. അതേ സമയം അധീശത്വ പ്രവണതകള്‍ക്കും വ്യവസ്ഥയ്ക്കും വല്ലാതെ കീഴ്‌പ്പെട്ട് സ്ഥാപനവല്‍ക്കരിക്കപ്പെട്ടു പോയ മതം പുരുഷകേന്ദ്രിതവും സ്ത്രീവിരുദ്ധവുമായ സ്വഭാവമാര്‍ജിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സ്ത്രീയുടെ പദവിയുമായി ബന്ധപ്പെട്ട മതാധ്യാപനങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

സത്യത്തില്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ പരിഗണനയിലോ പദവിയിലോ മതം വിവേചനനയം സ്വീകരിച്ചിട്ടില്ല. പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പിനുമുള്ള സ്വാതന്ത്ര്യം രണ്ടു വിഭാഗത്തിനും ഒരു പോലെയുണ്ട്. ധാര്‍മിക സദാചാര നിയമങ്ങള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലെ ബാധകവുമാണ്. പൊതുവായ മതനിയമങ്ങള്‍ക്ക് ആണും പെണ്ണും തുല്യ അളവില്‍ വിധേയരാണ്. അതേയവസരം രണ്ടു വിഭാഗത്തിന്റെയും ശാരീരികവും മാനസികവുമായ പ്രത്യേകതകളിലും അതോടനുബന്ധിച്ച് അവരില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളും തമ്മിലുള്ള അന്തരം കണക്കിലെടുത്തുകൊണ്ടുള്ള ചില സൂക്ഷ്മവ്യത്യാസങ്ങള്‍ മതകല്പനകളുടെ വിശദാംശങ്ങളില്‍ കാണാന്‍ പറ്റും. അതാകട്ടെ, മനുഷ്യന്റെ ഈ രണ്ട് പാതികളെയും ഒരു പോലെ അംഗീകരിച്ചും ആദരിച്ചും കൊണ്ടായിരിക്കും താനും.

ആദം ഹവ്വമാരുമായി ബന്ധപ്പെട്ട ആഖ്യാനം തന്നെ ശ്രദ്ധിക്കുക. തോട്ടത്തിലേക്കു കടന്ന് കായ്കനികള്‍ യഥേഷ്ടം ഭക്ഷിക്കാനും എന്നാല്‍ ധാര്‍മികപരിധികള്‍ പാലിക്കാനും അല്ലാഹു ആവശ്യപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ? അതുമായി ബന്ധപ്പെട്ട കല്പനകള്‍ നല്‍കുന്നത് ദ്വിവചനത്തിലാണ്. ഇവിടെ മൂന്നു കാര്യങ്ങളുള്ളതായി കാണാം. ഒന്നാമതായി, ഈശ്വരന്‍ ആണിനേയും പെണ്ണിനേയും ഒരു പോലെ അഭിസംബോധന ചെയ്യുന്നു, തികച്ചും വിവേചനരഹിതമായിത്തന്നെ. രണ്ടാമതായി ധാര്‍മിക നിയമങ്ങളും വിധിവിലക്കുകളും രണ്ടു പേര്‍ക്കും ഒരു പോലെ ബാധകമാണ്. പ്രവര്‍ത്തിക്കുന്നതിലും പ്രവര്‍ത്തനഫലങ്ങളനുഭവിക്കുന്നതിലും അവര്‍ക്കുള്ള അവകാശവും ഒരു പോലെ. ഇതോടനുബന്ധമായി മൂന്നാമത്തെ കാര്യം കാണാം. അതായത്, കര്‍തൃസ്ഥാനത്തു തന്നെയാണ് ആണും പെണ്ണും നില കൊള്ളുന്നത്.

സ്ത്രീ, അധികാരം, ആത്മീയത

ആദിയിലെ ഒരൊറ്റ ആത്മരൂപത്തില്‍ (നഫ്‌സ്) നിന്നാണ് ആണിനെയും പെണ്ണിനെയും പടച്ചതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. (ഹേ മനുഷ്യരേ.., നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി സൂക്ഷ്മത കൈക്കൊള്ളുവിന്‍. അവനത്രേ നിങ്ങളെ ഒരേയൊരു നഫ്‌സില്‍ നിന്ന് നിങ്ങളെയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും പടച്ചത്. എന്നിട്ടവര്‍ രണ്ടുപേരില്‍ നിന്നുമായി ഒരു പാടൊരുപാട് സ്ത്രീപുരുഷന്മാരെ ലോകമെങ്ങും പരത്തുകയും ചെയ്തു -ഖുര്‍ആന്‍, അന്നിസാ 1). ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ച വേദപരാമര്‍ശത്തില്‍; നിങ്ങള്‍ക്കായി, നിങ്ങളില്‍ നിന്നു തന്നെ സൃഷ്ടിച്ച ഇണകള്‍ (അര്‍ റൂം 21) എന്നു കാണാം. ഇപ്രകാരം ആണിന്റെയും പെണ്ണിന്റെയും ആത്മീയമായ തുല്യതയെ വേദഗ്രന്ഥം സ്ഥാപിക്കുന്നു. പ്രവാചകന്റെ സഹചാരികളായി ജീവിച്ച, ആണും പെണ്ണുമായ എല്ലാ ശിഷ്യര്‍ക്കും സ്വഹാബി എന്ന ആത്മീയ പദവി നല്‍കി ആദരിക്കാറുണ്ടല്ലോ. സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും പരിഗണനയും ആദരവും നല്‍കിയവരായിരുന്നു പ്രവാചകന്മാരെല്ലാം എന്നു കാണാം. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ നബിതിരുമേനി ചുമതലപ്പെടുത്തിയിരുന്ന ഉമ്മു വറഖഃ എന്ന സ്ത്രീയെപ്പറ്റി ഹദീഥുകളിലും ചരിത്രത്തിലും പരാമര്‍ശം കാണാം.

ഇനി രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളെടുത്തു നോക്കിയാലും ഇതേ പരിഗണന തന്നെ കാണാം. നബി തിരുമേനി പുരഷന്മാരില്‍ നിന്നെന്ന പോലെ സ്ത്രീകളില്‍ നിന്നും ബൈഅത്ത് സ്വീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. മതപരമായ നേതൃത്വാംഗീകാരം മാത്രമല്ല അത്. മറിച്ച് അതൊരു സമ്മതിദാന ഉടമ്പടിയാണ്. ആധുനിക ജനാധിപത്യത്തിലെ വോട്ടിങ് സമ്പ്രദായം പോലൊന്ന്. സ്വാഭാവികമായും പെണ്ണിന്റെ രാഷ്ട്രീയമായ നിര്‍ണയാവകാശവും രാഷ്ട്രീയ പ്രക്രിയയിലുള്ള പങ്കാളിത്തവും വോട്ടവകാശവും അംഗീകരിക്കുന്ന ഒരു നടപടിയായി അതിനെ കാണാവുന്നതാണ്.

പ്രവര്‍ത്തിക്കുന്നതിനും പ്രവര്‍ത്തനഫലമനുഭവിക്കുന്നതിനും സ്ത്രീപുരുഷന്മാര്‍ക്കുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഒരു പോലെ അംഗീകരിച്ചു കൊണ്ട് ഖുര്‍ആനില്‍ സൂറ ആലു ഇംറാനില്‍ ഒരു പ്രഖ്യാപനം കാണാം. അതിലാകട്ടെ ആദര്‍ശബോധവും ത്യാഗവും എന്നതു തൊട്ട് സമരവും പോരാട്ടവും വരെ പറയുന്നുണ്ടു താനും. ഈ മേഖലകളിലെല്ലാമുള്ള പങ്കാളിത്തത്തെയാണ് അതടയാളപ്പെടുത്തുന്നത് എന്നര്‍ത്ഥം.

ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങളെയും പങ്കാളിത്തത്തെയും ഇവിടെയെല്ലാം ഉറപ്പു വരുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ ചില പ്രത്യേക സംഭവങ്ങളും നബിയുടെ ജീവിതത്തില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഉമ്മു ഹാനി ബിന്‍ത് അബീത്വാലിബ് എന്ന മുസ്ലിം വനിത ശത്രു സേനയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് രാഷ്ട്രീയാഭയം നല്‍കുകയുണ്ടായി. (ഇന്നത്തേതു പോലെ രാഷ്ട്ര ഭരണകൂടങ്ങള്‍ അഭയം നല്‍കുന്ന രീതിയില്‍ നിന്നു ഭിന്നമായി, ഏതെങ്കിലും നിലക്ക് ഭീഷണി നേരിടുകയോ ബഹിഷ്‌കരിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്ക് വ്യക്തികളോ ഗോത്രങ്ങളോ കുടുംബങ്ങളോ സംരക്ഷണം നല്കുന്ന പതിവാണ് അന്നുണ്ടായിരുന്നത്). ഇക്കാര്യത്തില്‍ അവരെ പലരും ആക്ഷേപിച്ചുവെങ്കിലും നബി അവരോടിങ്ങനെ പ്രതികരിച്ചു: ഉമ്മു ഹാനി, നീ അഭയം നല്കിയവര്‍ക്ക് നാമും അഭയം നല്കിയിരിക്കുന്നു. ആരുടെ സമാധാനവും നിര്‍ഭയത്വവും നീ ഏറ്റെടുത്തിട്ടുണ്ടോ അവരുടെ സമാധാനം നാമും ഉറപ്പു വരുത്തുന്നതാകുന്നു (ഇബ്‌നു ഇസ്ഹാഖ്, ബുഖാരി). മക്കാവിജയത്തിനു ശേഷം നബി തിരുമേനിക്ക് ബൈഅത്തു നല്‍കിയ ഉമ്മുഹാകിം എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ നബി പ്രഖ്യാപിച്ച പൊതു മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് അതംഗീകരിച്ചു. ബദ്‌റിലെ പോരില്‍ ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂജഹലിന്റെ മകന്‍, അപ്പോഴും ഇസ്ലാമുമായി യുദ്ധത്തിലായിരുന്ന ഇക്‌രിമയായിരുന്നു ഉമ്മുഹാകിമിന്റെ ഭര്‍ത്താവ്.

നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകള്‍

18തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ പില്‍ക്കാലങ്ങളില്‍ ഓരോ മതവും സ്ഥാപിതസമുദായമതമായി മാറുകയും അധീശത്വപരമായ പ്രവണതകള്‍ക്കവയെല്ലാം കീഴ്‌പ്പെടുകയും ചെയ്തതോടെ അതിന് സ്ത്രീവിരുദ്ധമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു. ലൈംഗികതയെപ്പോലും പെണ്ണിന്റെ പ്രലോഭനവും സാത്താന്റെ തന്ത്രവുമായി വ്യാഖ്യാനിക്കാന്‍ പൗരോഹിത്യവും മതനേതൃത്വങ്ങളും ധൃഷ്ടരായി. ദൈവം തന്റെ പ്രതിരൂപത്തില്‍ ആദം എന്ന പുരുഷനെ സൃഷ്ടിച്ചുവെന്നും ആ പുരുഷനെ പ്രലോഭിപ്പിച്ച് വഴി തെറ്റിക്കാന്‍ സാത്താന്‍ നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടുവെന്നും ഒരു കഥ പറയാറുണ്ട്. തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അവസാനം സാത്താന്‍ തന്റെ ഉള്ളിലുള്ള എല്ലാ തിന്മകളെയും അവയുടെ ഏറ്റവും കുടിലമായ അവസ്ഥയില്‍ പുറത്തെടുത്ത് ഉരുക്കി വാര്‍ത്തെടുത്ത് ലൈംഗികതയാക്കി അത് ആദമിന്റെ കൂട്ടാളിയായിരുന്ന ഹവ്വ എന്ന സ്ത്രീയില്‍ നിക്ഷേപിക്കുകയാണത്രേ ചെയ്തത്. ആ പ്രലോഭനത്തെ അതിജയിക്കാന്‍ പുരുഷനു പറ്റിയില്ല. പലതുമെന്ന പോലെ തനി അസംബന്ധമായ ഒരു വ്യാഖ്യാനമത്രേ ഇത്. ഇതും സമാനമായ വ്യാഖ്യാനങ്ങളും ഒന്നാമതായി ലൈംഗികതയെസ്സംബന്ധിച്ച് ഒരു തരം അവിശുദ്ധസങ്കല്പമുണ്ടാക്കുന്നു. രണ്ടാമതായി പെണ്ണിനെ കേവലം ലൈംഗിക പ്രതീകവും അതിലൂടെ വഴി പിഴപ്പിക്കുന്ന ഒരു സ്വത്വവുമായി മുദ്ര കുത്തുന്നു. മതത്തിന്റെ യഥാര്‍ത്ഥ വിശുദ്ധിയില്‍ ഈ രണ്ടു സിദ്ധാന്തങ്ങളും തെറ്റാണ്. പുരുഷന്‍ തന്റെ ഭാര്യയോട് പറ്റിച്ചേരുമെന്നും ആകയാല്‍ ദൈവം കൂട്ടിച്ചേര്‍ത്തതിനെ നിങ്ങള്‍ വേര്‍പെടുത്തരുത് എന്നും യേശു പഠിപ്പിച്ചിട്ടുണ്ടല്ലോ. ഇതും ‘നിങ്ങള്‍ക്കായി, നിങ്ങളില്‍ നിന്നു തന്നെ സൃഷ്ടിച്ച ഇണകള്‍’ എന്ന, ഖുര്‍ആന്‍ സൂക്തവും ഇണകള്‍ പരസ്പരപൂരകമായാണ് വര്‍ത്തിക്കേണ്ടതെന്ന നിലപാടിലൂന്നുന്നു.

മനുഷ്യന്‍ സ്വതന്ത്രനാണ്. ആ സ്വാതന്ത്ര്യമുപയോഗിച്ചാണ് അവന്‍ ദൈവത്തെയും നന്മയെയും കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഈ പരിശ്രമത്തില്‍ സ്ത്രീ പുരുഷന്മാരുടെ പങ്കാളിത്തവും സഹകരണവുമാണ് ആവശ്യം. അവര്‍ തമ്മിലുള്ള വ്യത്യാസങ്ങളാകട്ടെ മനുഷ്യവംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ അനിവാര്യതയുമാകുന്നു. സ്ത്രീയെ പ്രണയത്തിന്റെ പ്രതീകമായും ലൈംഗികതയെ ജീവിതത്തോടു തന്നെയുള്ള അഭിനിവേശമായുമൊക്കെ കവികളും സാഹിത്യകാരന്മാരുമൊക്കെ വാഴ്ത്തുമ്പോള്‍ അതിനെയും നിന്ദ്യതയായി വ്യാഖ്യാനിക്കാനാവും മതപുരോഹിതന്മാര്‍ക്കു താല്‍പര്യം.

ബസ്വറയിലെ, ദിവ്യപ്രണയത്തിന്റെ വാഴ്ത്തുപാട്ടുകള്‍ക്ക് പ്രശസ്തയായ റാബിയ അല്‍ അദവിയയേയും സൂഫീ പണ്ഡിതന്‍ ഹസന്‍ ബസ്വരിയേയും ചേര്‍ത്ത് പ്രചാരത്തിലുള്ളൊരു കഥയുണ്ട്. ഒരു സംവാദത്തിനിടയില്‍ റാബിയ ചോദിച്ചത്രേ, ധിഷണയെ അല്ലാഹു എവ്വിധമാണ് ഭാഗിച്ചത് എന്ന്. അല്പം തമാശ രൂപത്തില്‍ ഹസന്‍ പറഞ്ഞ മറുപടി: ധിഷണയെ ദൈവം പത്തായി ഭാഗിച്ചു. എന്നിട്ട് ഒമ്പതും പുരുഷനും ഒരു ഭാഗം സ്ത്രീക്കും നല്കി.

അപ്പോള്‍ റാബിയ ചോദിച്ചു: എങ്കില്‍ ലൈംഗികത എങ്ങനെയാണ് ഭാഗിക്കപ്പെട്ടത്? ഹസന്‍: അതും ദൈവം പത്തായി ഭാഗിച്ചു. എന്നിട്ട് ഒമ്പതും സത്രീക്കു നല്കിയപ്പോള്‍ ഒരു ഭാഗം മാത്രം പുരുഷനുകൊടുത്തു.

ഹസന്റെ സിദ്ധാന്തത്തോട് റാബിയ ഇങ്ങനെ പ്രതികരിച്ചു: ശരി തന്നെയാണ് താങ്കള്‍ പറഞ്ഞത്. എന്നാല്‍ ധിഷണയില്‍ നിന്ന് ഏറ്റവും കരുത്തുറ്റ ഭാഗമാണ് സ്ത്രീക്കു നല്‍കപ്പെട്ടത്. എന്തെന്നാല്‍ തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ലൈംഗികതയെ അതുപയോഗിച്ചവള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. അതവളുടെ കരുത്തായി മാറുകയും ചെയ്യുന്നു. ഏറ്റവും സര്‍ഗാത്മകമായി അതിനെ വിനിയോഗിക്കാനും അവള്‍ക്കു കഴിയുന്നു. എന്നാല്‍ ധിഷണയില്‍ ഒമ്പതും ലഭിച്ചിട്ടും പുരുഷന്‍ പത്തിലൊന്നു മാത്രമുള്ള തന്റെ ലൈംഗികതയെ ഭയപ്പെടുന്നു. അതവന്റെ സ്വാസ്ഥ്യം കളയുകയം ചെയ്യുന്നു.

സ്ത്രീയുടെ ധിഷണയുടെ കരുത്ത്, ആന്തരികമായ ശേഷി എന്നതോടൊപ്പം അവളിലെ തികച്ചും റൊമാന്റിക് ആയ പ്രകൃതവും വളരെ നന്നായിത്തന്നെ അടയാളപ്പെടുത്തുന്ന ഒന്നാണ് ഈ കഥ.

ഖുര്‍ആന്‍, അതിന്റെ അനുഗാതാക്കളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം സഹായികളാണെന്നു പ്രഖ്യാപിക്കുന്നു. രണ്ടു വിഭാഗത്തിന്റെയും ശേഷി ശേമുഷികള്‍ സമാഹരിക്കപ്പെടുമ്പോഴാണ് മനുഷ്യന്റെ കഴിവുകള്‍ക്ക് പൂര്‍ണത കൈവരുന്നത്. ആയതിനാല്‍, പരസ്പരം ആദരിച്ചും അംഗീകരിച്ചും വേണം സ്ത്രീപുരുഷന്മാര്‍ മുന്നോട്ടു പോവാന്‍. വേദങ്ങള്‍ അംഗീകാരവും പരാമര്‍ശവും നല്‍കിയിട്ടുള്ള മഹദ് പുരുഷന്മാര്‍ക്കും രാജാക്കന്മാര്‍ക്കും പ്രവാചകന്മാര്‍ക്കുമൊക്കെ കരുത്തായി അവരോടൊപ്പം അവരുടെ ഇണകളും നിലകൊണ്ടിരുന്നു. അതീന്ദ്രിയത്വത്തെയും ആത്മീയതയെയും ബന്ധിപ്പിച്ചു കൊണ്ട് കര്‍ക്കശ നിലപാടു സ്വീകരിച്ചിട്ടുള്ള വിഭാണ്ഡകന്‍ എന്ന മുനിയുടെ, ലൈംഗികതയും സ്ത്രീയുമായി ബന്ധപ്പെട്ട പ്രതിലോമ നിലപാടുകളെ പരിഹസിക്കുകയാണ് വേദവ്യാസന്‍ മഹാഭാരതത്തിലെ ഋശ്യശൃംഗോപാഖ്യാനത്തിലൂടെ എന്ന് കുട്ടികൃഷ്ണ മാരാര്‍ നിരീക്ഷിച്ചിട്ടുണ്ട് (വ്യാസന്റെ ചിരി എന്ന ലേഖനം, ഭാരതപര്യടനം). ഇണയെയും പ്രണയത്തെയും തങ്ങളുടെ കരുത്തായിത്തന്നെ പ്രവാചകന്മാര്‍ ഉള്‍ക്കൊണ്ടു. ഹിറാ ഗുഹയില്‍ ദിവ്യദര്‍ശനം ലഭിച്ച മുഹമ്മദ് നബി ആ അനുഭവമുണ്ടാക്കിയ ആഘാതത്തില്‍ വീട്ടിലേക്കോടി പ്രേയസിയായ ഖദീജയോട് എന്നെ പുതപ്പിക്കൂ എന്നാവശ്യപ്പെടുന്നു. വെറുതെ പുതപ്പെടുത്തു മൂടണമെന്നാവില്ലല്ലോ അവിടെ ഉദ്ദേശിക്കുന്നുണ്ടാവുക. കരുത്തുറ്റൊരു താങ്ങായിരുന്നു പ്രവാചകനപ്പോള്‍ ആവശ്യം. ഒപ്പം അനുരാഗത്തിന്റെ സാന്ത്വനവും. അതിനാല്‍ത്തന്നെ തന്റെ ഇണയില്‍ നിന്നദ്ദേഹമാവശ്യപ്പെടുന്നത് ശരീരം കൊണ്ടും പ്രണയം കൊണ്ടും തന്നെ പുതപ്പിക്കാനാവണം. സത്യത്തില്‍ ഖദീജയുടെ അനുരാഗം നബിക്കെന്നും താങ്ങായി വര്‍ത്തിക്കുകയും ചെയ്തു, അവരുടെ മരണശേഷം പോലും.

മര്‍യമിന്റെ കഥ പറയുന്നുണ്ടല്ലോ ഖുര്‍ആനും ബൈബിളും. യേശുവിന്റെ മാതാവായ മര്‍യം. യരൂശലേം പള്ളിയില്‍, അന്നത്തെ ഏറ്റവും പ്രമുഖമായ ദൈവാലയത്തില്‍ ആണ് മര്‍യം വളര്‍ന്നു വന്നത്. പള്ളിയുടെ മിഹ്‌റാബില്‍ എന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. അവര്‍ക്കവിടെ ലഭിച്ച ദൈവാനുഗ്രഹം കണ്ട് അവരുടെ രക്ഷിതാവായ സകരിയ്യ പ്രവാചകന്‍ അദ്ഭുതം കൂറിയിരുന്നതായും പറയുന്നു. പ്രവാചകന്മാര്‍ക്ക് ദിവ്യബോധനമെത്തിച്ചിരുന്ന ജിബ്രീല്‍ മാലാഖ മര്‍യമിനോട് സംസാരിച്ചതായി ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്നുണ്ട്. അതായത് പ്രവാചകന്മാരോളം സ്ഥാനം നല്‍കി അല്ലാഹു അവരെ ആദരിച്ചു. ജീവിതത്തില്‍ അവലംബിക്കാവുന്ന ഏറ്റവും നല്ല മാതൃകകളായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നതും മര്‍യം ഉള്‍പ്പെടെ രണ്ട് സ്ത്രീകളെയാണ്.

ഇങ്ങനെയെല്ലാം തന്നെ, സ്ത്രീ പുരുഷന്മാര്‍ പരസ്പരം വച്ചു പുലര്‍ത്തേണ്ട ആദരവിനെ മതം അടയാളപ്പെടുത്തിയിട്ടുണ്ട്. ആരും ആരുടെയും അടിമയോ സുഖോപകരണമോ അല്ല. ഓരോ വ്യക്തിക്കും, അതാണായാലും പെണ്ണായാലും വ്യത്യസ്തമായ കഴിവുകളുണ്ട്. അതെല്ലാം തന്നെ തികച്ചും പ്രയോജനപ്രദമായി സമാഹരിക്കപ്പെടുമ്പോഴാണ് മനുഷ്യസമൂഹം വികസിക്കുന്നത്. അതു പോലെത്തന്നെ സ്ത്രീ പുരുഷന്മാരുടെ വ്യത്യസ്തവും പരസ്പര പൂരകവുമായ പ്രവൃത്തികളും ഉത്തരവാദിത്തങ്ങളും ഒത്തു ചേരുമ്പോഴാണ് മനുഷ്യജീവിതം പൂര്‍ണമാവുന്നത്. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ഖുര്‍ആന്‍ ആണിനോടും പെണ്ണിനോടും കല്പിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ പങ്കാളിത്തമുള്ള പ്രവര്‍ത്തകരാണ് ഇരു വിഭാഗവും. ഇതു മനസ്സിലാക്കി പരസ്പരം അംഗീകരിക്കാനും ആദരിക്കാനും തയ്യാറാകുമ്പോഴാണ് സമൂഹം മുന്നോട്ടു പോകുന്നത്.