കൃഷി, പ്രകൃതി, ആത്മീയത

കൃഷിയും പ്രകൃതിയും രണ്ടാം ഭാഗം (കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച)

നേരായ പ്രകൃതി, ജീവിതത്തിന്റെ ഭക്ഷണം തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്, ജപ്പാനിലെ, പ്രകൃതികൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്ക. നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ‘ആധ്യാത്മികാ’നുഭവങ്ങള്‍. എന്തു കൊണ്ട് നമുക്കിതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു?

 

2) മണ്ണും മനുഷ്യനും തമ്മിലുള്ള അന്യവല്‍ക്കരണം

ക- ലാഭം അധീശവ്യവസ്ഥയാകുന്നത്:-

അഗ്രിബിസിനസ് എന്ന വാക്ക് ഒരു പക്ഷേ അടുത്തകാലത്ത് മാത്രം രൂപപ്പെട്ടതാവാം. നേരത്തേ സൂചിപ്പിച്ചിരുന്ന, പ്രകൃതിയുടെ ഹിതം എന്നതില്‍ നിന്നു ഭിന്നമായി തന്റെ ലാഭേച്ഛയ്ക്കൊത്ത് മണ്ണീനെ മുറിപ്പെടുത്തുക എന്ന പ്രക്രിയ മനുഷ്യന്‍ ആരംഭിച്ചതോടെത്തന്നെ, പക്ഷേ കൃഷി സംസ്കാരം എന്നതില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് കേവല വ്യവഹാരമായിത്തീര്‍ന്നിരുന്നു.
അങ്ങനെ കാട് വെട്ടി പാടമാക്കി മാറ്റി. പിന്നീട് പാടം നികത്തി ഫാക്റ്ററിയുണ്ടാക്കുകയും.
മഹത്തായ ഒരു നിര്‍മാണപ്രക്രിയ എന്നതു വിട്ട് ലാഭവ്യവസ്ഥിതികള്‍ കൃഷിയെ സംഹാരാത്മകമാക്കി പരിവര്‍ത്തിപ്പിച്ചു. പാടങ്ങളുടെ ചുറ്റിലുമുള്ള കുറ്റിക്കാടുകള്‍ വെട്ടി നിരത്തി അതും കൂടി കൃഷിനിലമാക്കി മാറ്റിയതോടെ അവയിലധിവസിച്ചിരുന്ന കിളീകള്‍ നശിച്ചു. അപ്പോള്‍ പാടത്ത് കീടങ്ങള്‍ പെരുകി. അപ്പോള്‍ കീടനാശിനികളുല്പാദിപ്പിക്കപ്പെട്ടു. അതോടെ മണ്ണും അന്നവും വിഷമയമായി. മനുഷ്യന്റെ ശരീരവും മണ്ണും മലിനമായി.
ലാഭാധിഷ്ഠിത പ്രക്രിയകള്‍ സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ ഭാഗമായാണ് അധീശവ്യവസ്ഥകള്‍ രൂപം കൊണ്ടത്.
‘പരമ്പരാഗതം’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള കേരളത്തിലെ കൃഷിരീതി ഫ്യൂഡല്‍, ജാതി വ്യവസ്ഥകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. നേരത്തേ നമ്മള്‍ കണ്ട രണ്ടു ഗുണങ്ങളെ (പ്രകൃത്യനുബന്ധത, പ്രതിബദ്ധത) ആധാരമാക്കുന്നതല്ല അതും അതുല്പാദിച്ച സാമൂഹിക ക്രമവും. അത് അടിയാളനെ ചൂഷണം ചെയ്യാന്‍ ജന്മിക്ക് അവസരം നല്‍കി. ശ്രേണീബദ്ധമായ ഈ വ്യവസ്ഥ മനുഷ്യബന്ധങ്ങളെ മേല്‍ കീഴ് സങ്കല്പത്തിനുള്ളിലാക്കി. അഥവാ മനുഷ്യാന്തസ്സിനെ അത് കീഴ് മേല്‍ മറിച്ചു.
ഇതില്‍ മണ്ണിനോടിടപെടുന്നവന്‍ കേവലം അടിമപ്പണിക്കാരന്‍ മാത്രമായിരുന്നു. അവന്റെ വികാരങ്ങള്‍ക്കോ ചോദനകള്‍ക്കോ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല. അതിനാല്‍ അവന് മണ്ണിനെ അറിയാനവസരം ലഭിച്ചില്ല. അഥവാ അറിഞ്ഞാലും അതിനൊത്ത് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ഹരിതവിപ്ലവാനന്തരം വികസിച്ച ശാസ്ത്രീയ കൃഷി കേരളത്തില്‍ മുതലാളിത്ത വ്യവസ്ഥയും മനസ്സുമുല്പാദിപ്പിച്ചു. ലാഭം തന്നെ പ്രേരകവും പ്രത്യയശാസ്ത്രവുമായിത്തീര്‍ന്നു. സകല മൂല്യങ്ങളെയും വെല്ലു വിളിക്കുന്ന കമ്പനികളുടെ (മൂലധനശക്തികളുടെ) ആധിപത്യം കൃഷിക്കും പ്രകൃതിക്കും മേലുണ്ടായി. അതിന് സഹായകമായ വിധത്തില്‍ ലോകക്രമം അട്ടിമറിക്കപ്പെട്ടു. ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ചുട്ടെടുത്ത് കൃഷിയുടെ നിയന്ത്രണം കമ്പനികള്‍ കൈയടക്കി. അതിന് സഹായകമായ ശാസ്ത്ര സാങ്കേതിക വികാസങ്ങളുണ്ടാവുകയും വിളകള്‍ക്ക് ജനിതകവ്യതിയാനം വരുത്തുകയും ചെയ്തു.
ഖ) ശാസ്ത്രവും സാങ്കേതികവിദ്യയും സ്വയം ധര്‍മനീതിയായിത്തീരുന്നു:-
ഇക്കാലത്ത് ഉന്നതശാസ്ത്രജ്ഞാനമായി കരുതപ്പെടുന്നതു തന്നെ കേവല സാങ്കേതിക പരികല്പനകളും നിര്‍മിതികളുമാകുന്നു. ജീവിതത്തിന്റെയും പ്രകൃതിയുടെയും പുറന്തോടുകളില്‍ തട്ടിക്കളിക്കുകയൂം ഉന്മത്ത വ്യാമോഹങ്ങളുടെ പുറകെ പായുകയും ചെയ്യുന്ന ആഴമില്ലാത്ത പ്രക്രിയയായി വിദ്യാഭ്യാസം മാറി.
ഭൌതികമാത്രമായ നാഗരികതയിലേക്ക് ആധുനിക ലോകം കൂപ്പു കുത്തി.
പുരോഗതിയെക്കുറിച്ച വര്‍ത്തമാനങ്ങളുടെ  അകമ്പടിയോടെ (ഭ്രമിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറയുന്നവര്‍ -വ മിനന്നാസി മന്‍ യുഅജിബുക ഖൌലുഹു- എന്ന് ഖുര്‍‌ആന്‍) പ്രവേശിച്ച അധീശവ്യവസ്ഥ പ്രകൃതിയേയും മനുഷ്യനേയും തകര്‍ത്തു. (അവര്‍ക്ക് ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരവിടെ നാശം പടര്‍ത്തുകയും വിളകളെയും മനുഷ്യ വംശങ്ങളെയും നശിപ്പിക്കുകയും ചെയ്യും -ഖുര്‍‌ആന്‍).
ഈശ്വരീയമായ ജ്ഞാനത്തില്‍ നിന്നും അവബോധത്തില്‍ നിന്നും മനുഷ്യജ്ഞാനം വഴി പിരിഞ്ഞു. മനുഷ്യ യുക്തി ഈശ്വരന്റെയും പ്രകൃതിയുടെയും ജ്ഞാനത്തെക്കാള്‍ മുന്തിയതാണെന്ന സങ്കല്പമുണ്ടായി. സ്വധിഷണയില്‍ മനുഷ്യനു തോന്നിയ അതിരു വിട്ട വിശ്വാസം ജീവിതത്തിന്റെയും പ്രകൃതിയുടെയും ഈശ്വരന്റെയും ദര്‍ശനത്തെ അവന് നഷ്ടപ്പെടുത്തി. “മനുഷ്യന്‍ ആദിയില്‍ മരങ്ങളുടെയും നദികളുടെയും നക്ഷത്രങ്ങളുടെയും മാര്‍ഗം പിന്തുടര്‍ന്നിരുന്നു. കൂടുതല്‍ വിദ്യ നേടി പലതും കണ്ടുപിടിച്ചതോടെയാണ് അവന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടു തുടങ്ങിയതെ”ന്ന് ലൌ ത്‌സു പറയുന്നു.
ബുദ്ധിക്ക് ദുര്‍മ്മേദസ്സ് പിടിപെട്ടു.ആര്‍ത്തിക്കു കത്താന്‍ ശാസ്ത്രം എണ്ണയൊഴിച്ചു കൊടുത്തു. മണ്ണിനെയും മറ്റ് മനുഷ്യരെയും അറിയാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെട്ടു. ഇതിനോട് എതിരു നില്‍ക്കുന്നത് ‘മഹാപാപ’മായി കരുതപ്പെട്ടു. ജനിതക വിത്തുകളെയും കീടനാശിനികളെയും എതിര്‍ക്കുന്നത് അന്ധവിശ്വാസമായിത്തീരുന്നതങ്ങനെയാണ്.
ഗ) മരുഭൂമികളുണ്ടാവുന്നു:-
പൌരാണിക നാഗരികതകളുടെ (കൃഷിയായിരുന്നല്ലോ അവയുടെ ആധാരം) കേന്ദ്രങ്ങള്‍ പോലും ഇന്ന് മരുപ്പറമ്പായി നില കൊള്ളുകയാണല്ലോ.
യൂഫ്രട്ടീസ് -ടൈഗ്രിസ് തടത്തില്‍, പ്രാചീന മെസൊപട്ടേമിയയിലാണ് കാട്ടുഗോതമ്പ് ഉല്‍ഭവിച്ചത്. അങ്ങനെ മനുഷ്യന്‍ ഗോതമ്പു വളര്‍ത്താന്‍ തുടങ്ങി. ആഫ്രിക്കയിലെ സഹാറന്‍ മേഖലയില്‍ പ്രാചീനദശയില്‍ നെല്ലു വളര്‍ത്തിയിരുന്നു. എങ്ങനെയാണ് ഈ സ്ഥലങ്ങളെല്ലാം ഇന്നത്തെ അവസ്ഥയിലേക്ക് പരിവര്‍ത്തിതമായത്?
ചില മണ്ണ് പ്രത്യേകമായ ചില വിളകളെ ആഗ്രഹിക്കുന്നു. ഈയഭിലാഷത്തെ അംഗീകരിക്കുന്നവനാവണം കര്‍ഷകന്‍. അവിടെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നത് പ്രകൃതിയോടു കാണിക്കുന്ന അക്രമമത്രെ. കേരളത്തിലെ മണ്ണിന്റെ ഗുണം (അതിന്റെ അഭിലാഷം), കേരളീയന്റെ അന്നം എന്നിവ അറിഞ്ഞു കൊണ്ടു വേണം കേരളത്തിലെ കൃഷി.
മാനുഷികവും പ്രകൃതിപരവുമായ ഒരു പ്രമാണത്തിലേക്ക്
ഈശ്വരന്‍, അതായത് നന്മകള്‍ അധിവസിക്കുന്ന ഒരു ഭൂമിയിലേക്കുള്ള (സ്വര്‍ഗത്തിലേക്കുള്ള) മടക്കത്തെപ്പറ്റി ചിന്തിക്കണം.
ദര്‍ശനത്തിന്റെയും മതത്തിന്റെയും വിശുദ്ധി വീണ്ടെടുക്കണം.
അറിവിന്റെ ലക്ഷ്യത്തെപ്പറ്റിയും മാനവികമായ ഒരു ശാസ്ത്രത്തെപ്പറ്റിയുമുള്ള ഒരവബോധത്തിലേക്ക് നാം വികസിക്കണം.
മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലുമുള്ള ധൈഷണികതയെ, ധിഷണാശാലികളെ, ജ്ഞാനികളെ സമ്മേളിപ്പിക്കുകയും സര്‍വ്വ മതങ്ങളിലെയു ശാസ്ത്രങ്ങളിലെയും കലകളിലെയും സാമൂഹിക വിജ്ഞാനീയങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് കാലാനുസൃതമായി വികസിപ്പിക്കാനും പ്രതിബദ്ധതയുടെ ഒരു ദര്‍ശനമായി അതിനെ സ്വാംശീകരിക്കാനും നമുക്ക് സാധിക്കണം.

അതതു ദേശങ്ങളിലെ സാംസ്കാരികവും പ്രാകൃതികവുമായ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടും നില നിര്‍ത്തിയും പ്രകൃത്യനുബന്ധമായ വികസന സംസ്കാരം, കാര്‍ഷിക രീതികള്‍ രൂപപ്പെടുത്തിയെടുക്കണം.

കൃഷിയും പ്രകൃതിയും

ഒന്നാം ഭാഗം

മനുഷ്യന്റെ സാംസ്കാരികവും നാഗരികവുമായ വികാസത്തിന്റെ ആരംഭത്തെയാ‍ണ് കൃഷി അടയാളപ്പെടുത്തുന്നത്. മനുഷ്യനെ കൂട്ടായ ജീവിതത്തിലേക്കും സാമൂഹികതയിലേക്കും നയിച്ചതും അതാണ്.

നദീതടങ്ങളിലാണ് പ്രാചീനമായ നാഗരികതകള്‍ മുഴുവനും വേരു പിടിച്ചത്. നദികളുടെ കൈവഴികള്‍ രക്തധമനികളും മരങ്ങള്‍ അസ്ഥികളുമായ ഒരു ശരീരമായിരുന്നു മനുഷ്യസംസ്കാരം. ഇതിന്റെ പോഷണത്തിനുള്ള അന്നമാണ് കൃഷിയിലൂടെ മനുഷ്യന്‍ സമ്പാദിച്ചത്. സ്ഥലം വില്‍ക്കണമെന്നാവശ്യപ്പെട്ട, അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധികളായ വെള്ളക്കാരോട് സിയാറ്റിലിലെ റെഡ് ഇന്ത്യന്‍ മൂപ്പന്‍ നടത്തിയ പ്രസംഗം വിഖ്യാതമാണല്ലോ? ഈ നദികളില്ലൂടെ ഒഴുകുന്ന വെള്ളം തങ്ങളുടെ രക്തമാണെന്നും മരങ്ങള്‍ പൂര്‍വ്വികരുടെ അസ്ഥികളാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവൃത്തിയിലൂടെ ആരോഗ്യം മാത്രമല്ല, സംസ്കാരത്തെയും സമൂഹത്തെയും തന്നെയാണ് മനുഷ്യന്‍ നിര്‍മ്മിച്ചത്. കൃഷിയിലധിഷ്ഠിതമായിരുന്നു പ്രഖ്യാതമായ മാനവസംസ്കാരങ്ങളെല്ലാം.

മനുഷ്യന്റെ ആധാരം മണ്ണാണെന്ന് ഖുര്‍‌ആനും ബൈബിളുമെല്ലാം പഠിപ്പിക്കുന്നുണ്ട്. “നിങ്ങളെല്ലാം ആദമില്‍ നിന്ന്, ആദമോ മണ്ണില്‍ നിന്ന്” എന്ന് നബിവചനമുണ്ട്. മനുഷ്യന്റെ അടിസ്ഥാനപ്രകൃതത്തെയാകാം ഇവിടെ ആദം എന്ന പദം കൊണ്ട് വിവക്ഷിക്കേണ്ടത്. ആ പ്രകൃതം മണ്ണില്‍ നിന്ന് രൂപപ്പെടുന്നതാണ്. അപ്പോള്‍ മണ്ണു നന്നായാല്‍ മനുഷ്യന്‍ നന്നായിയെന്നര്‍ത്ഥം. സമൃദ്ധവും ശുദ്ധവുമായ മണ്ണും വിളകളുമാണ് ശുദ്ധമായ മനുഷ്യപ്രകൃതിയെ നിര്‍മ്മിക്കുന്നത്.

1) കൃഷി -ഈശ്വരന്‍ അധിവസിക്കുന്ന പ്രകൃതിയുമായുള്ള വിനിമയം

ഖുര്‍‌ആനില്‍ മനുഷ്യന്റെ ഏതൊരു നന്മയേയും ശുദ്ധമായ മണ്ണിനോടും സമൃദ്ധമായ വിളകളോടും ഉപമിക്കുന്നതായി കാണാം. “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ധനമോ കഴിവോ) വ്യയം ചെയ്യുന്നവന്റെ പ്രവൃത്തി വിതയ്ക്കപ്പെട്ട ഒരു വിത്തു പോലെ. അതില്‍ ഏഴു കതിരുകള്‍ മുളച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികള്‍. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് പിന്നെയും ഇരട്ടിച്ചും നല്‍കുന്നു” (ഖുര്‍‌ആന്‍- സൂറ: അല്‍ ബഖറ:). നല്ല മനസ്സുകള്‍ നന്മ വിളയിക്കുന്നതിനെപ്പറ്റി ഖുര്‍‌ആന്‍ പറയുന്നു: “നല്ല ഭൂ പ്രദേശം അതിന്റെ നാഥന്റെ അനുമതിയോടെ നല്ല വിളവുകള്‍ നല്‍കുന്നു” (അല്‍ അ‌അറാഫ്).

ഈശ്വരന്‍ നന്മയാണ്. ഈശ്വരീയ സര്‍ഗാത്മകതയുടെ അടയാളമാണ് പ്രകൃതി. നന്മയുടെ ഒരാധാരത്തില്‍, ഭൂമിയില്‍ നിലനിന്നു കൊണ്ട് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന നന്മകളേയും അതിന് പിന്‍ബലമേകുന്ന പ്രകൃതി സ്രോതസ്സുകളേയും ഈശ്വരാനുഗ്രഹത്തേയുമെല്ലാം അനുഭവിപ്പിക്കുന്ന ഒട്ടേറെ ആധ്യാത്മിക വചനങ്ങളുണ്ട്. ഋഗ്വേദത്തില്‍ ഇപ്രകാരം വായിക്കാം. “ഹേ ശുന, ഹേ സീര.. എന്റെ വചനം ശ്രവിപ്പിന്‍. ഈ നഭസ്സില്‍ ഒരുക്കിയ ജലത്താല്‍ നിങ്ങളിരുവരും ചേര്‍ന്ന് ഭൂമിയെ നനച്ചാലും”(5.57.5). ശുനന്‍ വായുവും സീരന്‍ സൂര്യനുമാണ് (യാസ്കന്‍). നഭസ്സിലൊരുക്കപ്പെട്ട (ഉന്നതവും ശുദ്ധവുമായ), ജീവാധാരമായ ജലവും ശുദ്ധ വായുവും സൌരോര്‍ജ്ജവും പ്രകൃതി നിയമത്തോട് എന്ന പോലെ മനുഷ്യന്റെ അഭിലാഷത്തോടും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉത്തമമായ വിളകളുണ്ടാവുന്നു. മനുഷ്യന്റെ അധ്വാനം അതിനെ കൃഷിയും സംസ്കാരവുമായി (അഗ്രികള്‍ച്ചര്‍) പരിവര്‍ത്തിപ്പിക്കുന്നു. “ഞങ്ങളോടൊപ്പം ഞങ്ങളെ കൈവിടാതെ നില്‍ക്കുന്ന ക്ഷേത്രപതിയുടെ (ക്ഷേത്രം എന്നാല്‍ ഗര്‍ഭപാത്രം, വീട്, നാട്, കൃഷിനിലം, ആരാധനാലയം എന്നെല്ലാം അര്‍ത്ഥം, ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന ഒരു വാക്ക്) സഹായത്താല്‍ ഞങ്ങള്‍ ഗോവ്, അശ്വം, വിളകള്‍ എന്നിവയെ നേടുന്നു. ഇവ്വിധം എല്ലാക്കാര്യങ്ങളിലും അവന്‍ ഞങ്ങളോട് കരണ കാണിക്കുന്നു” (ഋഗ്വേദം: 4.57.1).
മല, മഴ, മണ്ണ്, അന്തരീക്ഷം, വിള എന്നിവയെ മനുഷ്യന്റെ നിലനില്‍പ്പിന്റെ ഉപാധികളായും ഈശ്വരീയ ദൃഷ്ടാന്തങ്ങളായും ഖുര്‍‌ആന്‍ അവതരിപ്പിക്കുന്നു. “മനുഷ്യന്‍ അവന്റെ ആഹാരത്തിലേക്കു നോക്കട്ടെ. നാം നന്നായി ജലം വര്‍ഷിച്ചത്. പിന്നെ മണ്ണിനെ പിളര്‍ക്കുകയും (വിളയാന്‍ പാകമാക്കുകയും) അതില്‍ ധാരാളം ധാന്യങ്ങളുല്‍പ്പാദിപ്പിക്കുകയും ചെയ്തത്. അതു പോലെ മുന്തിരികളും പച്ചക്കറികളും. പിന്നെ ഒലിവും ഈത്തപ്പഴവും. അപ്രകാരം തന്നെ ഇടതൂര്‍ന്ന തോട്ടങ്ങള്‍. പഴങ്ങളും പുല്‍ വര്‍ഗങ്ങളും. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ജീവനോപായങ്ങള്‍” (അബസ).

ഇതുമായി ബന്ധപ്പെട്ട ചില ധാര്‍മിക തത്വങ്ങള്‍..,
ക) ഏകത്വം എന്ന ദര്‍ശനം:-

ഏകത്വം എന്ന, ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം കേവലം ഒരൊറ്റ ദൈവത്തിലുള്ള വിശ്വാസം എന്നതിനെ മാത്രമല്ല കുറിക്കുന്നത്. പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ താളൈക്യവും കൂടിയാണത്. പ്രകൃതിയിലെ സര്‍വ്വ വൈവിധ്യങ്ങളും, മനുഷ്യന്റെ മനസ്സും ശരീരവും, വ്യക്തിയും സമൂഹവും എല്ലാം ഒരേകകമായിത്തീരുന്നു. ഖുര്‍‌ആന്‍, ഋഗ്വേദം, ധര്‍മപദം, താവോ തെ ചിങ് തുടങ്ങി സര്‍വ്വ ആധ്യാത്മിക പാഠങ്ങളും മനുഷ്യനോടാവശ്യപ്പെടുന്നത് പ്രകൃതിയുടെ മതം സ്വീകരിക്കാനത്രേ.

ഖ) ഈശ്വരന്റെ പ്രതിനിധിയായ മനുഷ്യന്‍ എന്ന സങ്കല്പം:-

ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്ന സ്ഥാനത്ത് വേദം മനുഷ്യനെ പ്രതിഷ്ഠിക്കുന്നു. ഈയനന്ത പ്രപഞ്ചത്തില്‍ ഭൂമിയിലാണ് ഈശ്വരന്റെ പ്രതിനിധി (ഖലീഫ) നിലകൊള്ളുന്നതെന്നത് ഭൂമിയുടെ പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഒപ്പം മനുഷ്യന്റെ ആത്മീയ പ്രാധാന്യത്തെയും അത് സൂചിപ്പിക്കുന്നു.

നന്മയാണ് ദൈവം. നന്മയുടെ പ്രത്യക്ഷമാണ് ഭൂമി. പ്രവര്‍ത്തിക്കാന്‍ മനുഷ്യനോടുള്ള ആഹ്വാനമാണ് വേദം. “ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടി” എന്ന, ഖുര്‍‌ആന്‍ വചനത്തെ ഭോഗാര്‍ത്ഥത്തില്‍ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. സത്യത്തില്‍ മനുഷ്യന് തന്റെ നന്മകളാല്‍  സ്വര്‍ഗം പണിയാനുള്ളതാണ് ഭൂമി എന്ന ആശയമാണത്. ഭൂമിയുടെ സഹജമായ നന്മകളെ നിലനിര്‍ത്തുക മാത്രമല്ല സ്വപരിശ്രമങ്ങളാല്‍ അതിനെ വളര്‍ത്തുകയും ചെയ്യാനുള്ള ബാധ്യതയെയാണ് വേദം പഠിപ്പിക്കുന്നത്. “നിങ്ങള്‍ മണ്ണില്‍ നിന്ന് പടക്കപ്പെടുകയും മണ്ണിന്റെ പരിപാലനം ഏല്‍പ്പിക്കപ്പെടുകയും ചെയ്തു”വെന്ന് ഖുര്‍‌ആന്‍ (ഹൂദ്). നിഷ്ക്രിയനാവലോ ചുമ്മാതിരിക്കലോ അല്ല, മറിച്ച് ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുകയെന്നതാണ് മനുഷ്യന്റെ ചുമതലയെന്നര്‍ത്ഥം.
ഈ പ്രവര്‍ത്തനമാണ് വികസനത്തിന്റെ ആധാരമാകേണ്ടത്. കൃഷിയുടേയും. ഈ വികസനം പ്രകൃത്യനുബന്ധമാണ്. അതു കൊണ്ടു തന്നെ ഈ കൃഷി കാടിനനുബന്ധവും. അതിനാല്‍ ശരിയായ കൃഷിയെ നാം പ്രകൃത്യനുബന്ധ കൃഷിയെന്നു വിളിക്കും. ഭൂമിയില്‍ ആദിമമായ നന്മകള്‍ വിളയിച്ച ഈശ്വരനാണ് ആദിമ കര്‍ഷകന്‍. ഈശ്വരീയതയുടെ നൈരന്തര്യമായി അപ്പോള്‍ കൃഷിയെ പരിഗണിക്കാം. ഇവിടെ നല്ല മനുഷ്യന്‍ എന്നതിനു തന്നെ നല്ല കര്‍ഷകന്‍ എന്ന അര്‍ത്ഥമുണ്ടാകുന്നു. കര്‍ഷകന്‍ ദൈവത്തിന്റെ അനന്തരാവകാശിയായിത്തീരുന്നു.
പ്രകൃതിയുടെ ആത്മാവു കണ്ടെത്താനുള്ള ശ്രമമാണ് കൃഷി. പ്രകൃതിയില്‍ കുടിക്കൊള്ളുന്ന ഈശ്വരേച്ഛയാണ് അതിന്റെ ആത്മാവ്.
ഈ പ്രക്രിയയില്‍ മനുഷ്യന്‍ നിലത്തെ ഭോഗിക്കുകയല്ല. അതിന്റെ സ്പന്ദനങ്ങളെ അവന്‍ അനുഭവിക്കുന്നു, അഭിലാഷങ്ങളെ അറിയുന്നു.
ഖുര്‍‌ആന്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധത്തെ നിലവും കര്‍ഷകനും തമ്മിലുള്ള ബന്ധത്തോടുപമിച്ചിട്ടുണ്ട്. സ്വാഭാവികമായും തിരിച്ച്, നിലവും കര്‍ഷകനും തമ്മിലുള്ളത്, പരസ്പരം തീവ്രാനുരാഗവും ഗുണകാംക്ഷയും പുലര്‍ത്തുന്ന ഇണകള്‍ തമ്മിലുള്ള ബന്ധമാവണമെന്നും പറയാം. ഹൈന്ദവദര്‍ശനത്തില്‍ ഈ സങ്കല്പം പ്രകൃതി-പുരുഷ മിത്തായി വികസിക്കുന്നുണ്ട്. കര്‍ഷകന്‍ നിലത്തിനു വേണ്ടി മാത്രമല്ല, നിലം കര്‍ഷനു വേണ്ടിയും ആഗ്രഹിക്കുന്നു. “നിങ്ങള്‍ വെള്ളത്തിനു വേണ്ടി ദാഹിക്കുമ്പോഴെല്ലാം വെള്ളം നിങ്ങള്‍ക്കു വേണ്ടിയും ദാഹിക്കുന്നു” (ജലാലുദ്ദീന്‍ റൂമി).
ഒരു നബിവചനത്തില്‍ ഒരു മാതൃകാ മനുഷ്യനെപ്പറ്റി പറയുന്നുണ്ട്. കര്‍ഷകനായ അയാള്‍ ഭൂമി തനിക്കു തരുന്ന ആദായത്തെ മൂന്നായി ഭാഗിക്കുന്നു. ഒരു പങ്ക് തനിക്കും കുടുംബത്തിനും. ഒന്ന് സമൂഹത്തിനു വേണ്ടി, അഥവാ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി. മൂന്നാമത്തെത് അയാള്‍ മണ്ണിലേക്കു തന്നെ മടക്കുന്നു. അതിന്റെ പോഷണത്തിനു വേണ്ടി. കൃഷി പ്രതിബദ്ധതയിലധിഷ്ഠിതമാവണം. സമൂഹത്തോട്, പ്രകൃതിയോട്, മണ്ണിനോട്. അതു വഴി ഈശ്വരനോട്.
ആദ്യമേ തന്നെ പ്രകൃതി ഉണ്ട്; ഭക്ഷണവും. നേരായ പ്രകൃതി, ജീവിതത്തിന്റെ ഭക്ഷണം എന്ന് നമുക്കവയെ വിശേഷിപ്പിക്കാം (മസനോബു ഫുക്കുവോക്ക). ഖുര്‍‌ആന്റെ ഭാഷയില്‍ സംസ്കരിക്കപ്പെട്ട ഭൂമി. അതിനു നടുവിലാണ് മനുഷ്യന്റെ ഉല്‍ഭവം. എന്നാല്‍ തനിക്കാണ് പ്രഥമസ്ഥാനമുള്ളതെന്നും തനിക്കിഷ്ടമുള്ള വിധം എന്തും തനിക്കു ചെയ്യാ(ഉല്‍പ്പാദിപ്പിക്കാം)മെന്നുമുള്ള ദര്‍ശനമംഗീകരിച്ചതോടെ ഗുണകാംക്ഷ പുലര്‍ത്തുന്ന ഇണ എന്നതില്‍ നിന്ന് പ്രകൃതിയോട് കല്‍പ്പിക്കുന്ന അഹങ്കാരിയായ യജമാനന്‍ എന്ന നിലയിലേക്ക് മനുഷ്യന്‍ മാറി. പ്രകൃതിയോടുള്ള ഏറ്റുമുട്ടലും പ്രകൃതിയെ കീഴടക്കുന്നതിനെക്കുറിച്ച ദര്‍ശനങ്ങളും മുതല്‍ അന്തക വിത്തുകളിലെത്തി നില്‍ക്കുന്ന സാങ്കേതികവിദ്യകള്‍ വരെ അങ്ങനെയുണ്ടാകുന്നതാണ്.

ഈയവസ്ഥ മനുഷ്യനെ പ്രകൃതിയില്‍ നിന്ന് അന്യവല്‍ക്കരിച്ചു. അതേപ്പറ്റിയും പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ അനിവാര്യതയെപ്പറ്റിയും അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം….

ആത്മീയതയും കൾട്ട് ഗുരുക്കന്മാരും

കര്‍മങ്ങളില്‍ ആത്മീയാനുഭൂതി കണ്ടെത്താനാണ് വേദങ്ങള്‍ ഉപദേശിക്കുന്നത്. ആധ്യാത്മികമായ ഒരു വിശകലനത്തില്‍ മനുഷ്യന്റെ ഓരോ കര്‍മത്തിനും മൂന്നു തലങ്ങളുണ്ടെന്നു കാണാം. ഇത് മൂന്നിലുമുള്ള സമ്പൂര്‍ത്തിയാണ് മനുഷ്യകര്‍മങ്ങളെ ഉന്നതമാക്കുക. ആ ഔന്നത്യമാണ് ആധ്യാത്മികതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുക.

അനുഷ്ഠാനപരമായ തലമാണ് ഇവയില്‍ ഏറ്റവും ബാഹ്യതലത്തിലുള്ളത്. ഓരോ പ്രവൃത്തിയും, അത് മതപരം എന്നു വ്യവഹരിക്കാറുള്ള തലത്തിലുള്ളതാവട്ടെ സാമൂഹികമായ മറ്റെന്തെങ്കിലുമാവട്ടെ, ചെയ്യേണ്ട രീതിയില്‍ത്തന്നെ ചെയ്യുക എന്നതാണ് ഇതില്‍ വരുന്ന കാര്യം. അതിനകത്തുള്ള രണ്ടാമത്തെ തലം യുക്തിയും സദാചാരവുമായി ബന്ധപ്പെട്ടതാണ്. പ്രവൃത്തികളെന്തും സയുക്തികവും ധാര്‍മികവുമാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഏറ്റവും ആന്തരികമായ തലത്തില്‍ കുടിക്കൊള്ളുന്ന അനുഭവമാണ് ആത്മീയത. ഈ അവബോധത്തോടു കൂടി ഏര്‍പ്പെടുന്ന സകല പ്രവൃത്തികളേയും ആത്മീയാനുഭവങ്ങളാക്കി മാറ്റാന്‍ സാധിക്കും. അതിനാലാണ് കര്‍മത്തിന്റെ വഴിയിലൂടെ ശതവര്‍ഷം ജീവിച്ചിരിക്കാനാണ് നീ കൊതിക്കേണ്ടതെന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നത്. സകല പ്രവൃത്തികളിലും അല്ലാഹു ആത്മീയത രേഖപ്പെടുത്തിയിട്ടുണഅടെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. ഇതിനു നല്‍കപ്പെട്ട പല വിശദീകരണങ്ങളിലൂടെ സുഹൃത്തിന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിക്കുന്നതു മുതല്‍ നിന്റെ ഇണയോടൊത്ത് സല്ലപിക്കുകയും രതിയിലേര്‍പ്പെടുകയും ചെയ്യുന്നതു വരെ ആത്മീയ വ്യാപാരങ്ങളാണെന്നവിടുന്നു പഠിപ്പിക്കുകയും ചെയ്തു.

കര്‍മങ്ങളിലൂടെ ആത്മീയത അഭ്യസിപ്പിക്കുന്ന, മതത്തിന്റെ ഈയനുശീലനത്തെക്കുറിച്ച അജ്ഞതയാണ് ആത്മീയതയ്ക്ക് കുറുക്കു വഴികള്‍ തേടാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ഇതാകട്ടെ, ആത്മീയതയെ വ്യാപാരവല്‍ക്കരിക്കാന്‍ ചിലര്‍ക്ക് സഹായകവുമായി. പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയത എന്ന തത്വത്തിലൂടെ മതം മനുഷ്യന്റെ ശേഷി ശേമുഷികളെ സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്നേടത്ത് ആത്മീയ മാഫിയകള്‍ താന്‍ തന്നിലേക്കു തന്നെ ചുരുങ്ങിക്കൊണ്ടുള്ള, സ്വാര്‍ത്ഥവും അതിനാല്‍ത്തന്നെ അനാശാസ്യവുമായ ആത്മീയതയെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. ബാധ്യതകളില്ലാത്ത ആത്മീയാനന്ദത്തെ വില്‍ക്കലാണിത്. ലൈംഗികതയുള്‍പ്പെടെയുള്ള മനുഷ്യന്റെ ഭൗതികാനന്ദങ്ങളെ ബാധ്യതാവിമുക്തമാക്കി കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത തന്ത്രത്തിന്റെ മറ്റൊരു രൂപമാണിത്.

വിമോചനപരവും വിപ്ലവാത്മകവുമായ ഉള്ളടക്കമുള്ള, പ്രവാചകന്മാരുടെയും കാലാതീതരായ ഗുരുക്കന്മാരുടെയും ദര്‍ശനത്തെ അധീശത്വ ബോധമുള്ള പുരോഹിതന്മാര്‍ കൈയാളിയതോടെ അതിന്റെ സാമൂഹികതയും പ്രതിബദ്ധതയും നശിച്ചു. നിലവിലുള്ള അധീശഘടനയോടു കലഹിച്ചിരുന്ന യഥാര്‍ത്ഥ മതത്തെ ഒന്നാമതായും അവര്‍ സ്ഥാപനവല്‍ക്കരിച്ചു. അതിലൂടെ രൂപപ്പെട്ട പുരോഹിതാധിപത്യം (priestocracy, ecclesiastical supremacy) മതത്തിനു പുറത്തുള്ള അധീശരൂപങ്ങളോടു സന്ധി ചെയ്തു. ഇപ്രകാരം ചൂഷണത്തിന്റെ ഉപകപണമായിത്തീര്‍ന്ന സ്ഥാപിതമതത്തിന്റെ വൈതാളികന്മാര്‍ യഥാര്‍ത്ഥ സനാതന തത്വങ്ങളെ മനുഷ്യന്റെ ഹേതു(rational) യുക്തിയുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഡോഗ്മകളാക്കി പരിവര്‍ത്തിപ്പിച്ചു. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെയും ദൈവശാസ്ത്രപാഠങ്ങളെയും നിഗൂഢവല്‍ക്കരിക്കുകയും ചെയ്തു. (അതായത് മൂന്നു വ്യതിയാനങ്ങളാണ് മതത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തിക്കളഞ്ഞത്. സ്ഥാപനവല്‍ക്കരണം -Institutionalization-, സിദ്ധാന്തവല്‍ക്കരണം -Dogmatization-, ഗൂഢാര്‍ത്ഥവല്‍ക്കരണം -Misticization- എന്നിവയാണവ). ഇതോടെ ജീവിതത്തില്‍ നിന്നു വേര്‍പെട്ടു പോയ മതം പ്രയോജനരഹിതമായിത്തീര്‍ന്നെങ്കിലും ആത്മീയതയോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ അഭിനിവേശം നിമിത്തം മതത്തോടുള്ള ബന്ധം അറുത്തെറിയാന്‍ അവനു കഴിഞ്ഞില്ല. സാമൂഹികമായ ബാധ്യതകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് വ്യവച്ഛേദിക്കപ്പെട്ട മതരൂപങ്ങളില്‍ അവന്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിച്ചു.

ഇതിന്റെ ഏറ്റവുമാധുനികമായ തുടര്‍ച്ചയായാണ് പുതിയ കാലത്തെ ആത്മീയ ചൂഷണങ്ങളെയും നാം വിലയിരുത്തേണ്ടത്.

അതോടൊപ്പം തന്നെ മുതലാളിത്ത ജീവിതശൈലിയും അതിന്റെ ധാരാളിത്തവും ചൂഷണങ്ങളുമുണ്ടാക്കിയിട്ടുള്ള മടുപ്പും പുതിയ കാലത്തെ പ്രശ്‌നമാണ്. അറുപത് എഴുപതുകളില്‍ മുതലാളിത്ത രാജ്യങ്ങളിലുണ്ടായ ഹിപ്പി പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയുടെ പിന്നിലുള്ള സാമൂഹ്യ സാഹചര്യം ഇതു തന്നെയാണ്. ആര്‍ത്തിയിലും ഭോഗപരതയിലുമധിഷ്ഠിതമായ ജീവിതശൈലി സൃഷ്ടിച്ച, തൊഴില്‍ ചൂഷണങ്ങള്‍ മുതല്‍ രണ്ട് ലോകയുദ്ധങ്ങള്‍ വരെയുള്ള ദുരന്തങ്ങളാണ് യുവസമൂഹത്തെ തനി അരാജകവാദികളും സകല മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരും എല്ലാ ഘടനകളെയും അവിശ്വസിക്കുന്നവരുമാക്കി മാറ്റി. എന്നാല്‍ ഇതിന്റെ തന്നെ മറ്റൊരു മുഖമായി, ഈ മടുപ്പിനെത്തന്നെ ചൂഷണം ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പുതിയ കാലത്തെ ആത്മീയ മുക്തിപ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കി. അറുപത് എഴുപതുകളില്‍ത്തന്നെയാണ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടേറെ മുക്തിപ്രസ്ഥാനങ്ങളുടലെടുത്തതെന്നു കാണാം. മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന പ്രസ്ഥാനം (Transcendental Meditation Movement), സ്വാമി പ്രഭുപാദരുടെ കൃഷ്ണാനുഭൂതി പ്രസ്ഥാനം (ഹരേ കൃഷ്ണ പ്രസ്ഥാനം) തുടങ്ങിയവയെല്ലാം ഇക്കാലത്തുണ്ടായവയാണ്.

വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മതത്തോടും പുരോഹിതാധിപത്യത്തോടുമുള്ള കലാപവും ആത്മീയമായ വ്യതിയാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചെകുത്താന്‍ പൂജ (Devil Worship) പോലുള്ള സമ്പ്രദായങ്ങളുടലെടുത്തതതില്‍ നിന്നാണെന്നു വേണം കരുതാന്‍. വൈരാഗ്യജീവിതത്തിന്റെ മഹത്വത്തെസ്സംബന്ധിച്ച മതപാഠങ്ങളോടുള്ള വിയോജിപ്പുകളാവണം യോനി പൂജ, ഉര്‍വരതാതാധന പോലുള്ള രീതികളുടെ പ്രചോദനം.
1798698_628323220566342_1182557279_n
എന്തായാലും ഇത്തരത്തിലുള്ള സകല പ്രവണതകളെയും ചൂഷണം ചെയ്യാനുള്ള സംഘടിതമായ പരിശ്രമം നവീന മുക്തിപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെസ്സംബന്ധിച്ച വിചാരങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നത് ഇത്തരം മുക്ത്യാഭാസ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നവീന ഗുരുക്കന്മാര്‍ ഒന്നുകില്‍ തനിത്തട്ടിപ്പുകാരായിരിക്കും, അല്ലെങ്കില്‍ തീവ്രമനോരോഗികളായിരിക്കും എന്നതാണ്. അതി ഭീകരമായ അധീശത്വ മനസ്സുള്ളവരായിരിക്കും, അമ്മയെന്നോ ബാബയെന്നോ ഒക്കെ വിളിക്കപ്പെടുന്ന മിക്ക ഗുരുക്കന്മാരും. ചിലരെസ്സംബന്ധിച്ചേടത്തോളം, അവരുണ്ടാക്കിയിട്ടുള്ള നിഗൂഢതാ സിദ്ധാന്തങ്ങളും വൈരാഗ്യജീവിതത്തിലുള്ള കാര്‍ക്കശ്യവും അവരില്‍ കടുത്ത ആധിപത്യ മനസ്സ് സൃഷ്ടിക്കുകയാണ് ചെയ്യുക. ഉംബര്‍ടോ എക്കോയുടെ The Name of the Rose എന്ന നോവലില്‍ ഹോര്‍ഹെ എന്ന ഒരു കഥാപാത്രമുണ്ട്. ചിരിക്കുന്നതു പോലും നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന അന്ധസന്യാസിയായ ഹോര്‍ഹെ ഇപ്രകാരമുള്ള ഒരധീശമാനസിക നിലയുള്ളൊരാളാണ്. അയാളുടെ അന്ധതയും അയാളുടെ മതകാര്‍ക്കശ്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. ആശ്രമത്തിലെ സാധാരണ അന്തേവാസികളിലാകട്ടെ, ഇത്തരം നിയന്ത്രണങ്ങള്‍ വഴക്കത്തിന്റെ മാനസികാവസ്ഥയാണ് സൃഷ്ടിക്കുക. ഒരു തരം castration complex ഇതിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടാവാം. മറ്റു ചില ഗുരുക്കന്മാര്‍ ഉന്മാദവും വിഷാദവും ഇടകലര്‍ന്നു വരുന്ന Manic-Depressive മനോനിലയുള്ളവരായിരിക്കുമെന്നും പഠനങ്ങളുണ്ട്. അമേരിക്കയിലെ ജിം ജോണ്‍സിനെയും ഡേവിഡ് കോര്‍ഷിനെയും പോലുള്ള ആശ്രമഗുരുക്കന്മാര്‍ തങ്ങളുടെ അണികളെക്കൊണ്ട് കൂട്ട ആത്മഹത്യ ചെയ്യിച്ച സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ. ടോകിയോവില്‍ ട്രെയിനുകള്‍ക്കു നേരെ സരീന്‍ വാതകാക്രമണം നടത്തിയ, ഷോകോ അസാഹരയുടെ ഓം ഷിന്റിക്യോ പ്രസ്ഥാനത്തെയും കൂട്ടത്തില്‍ വായിക്കാം. ഉന്മാദം എത്രത്തോളം അപകടകരമായ അവസ്ഥയിലേക്കെത്താമെന്നതിന്റെ ഉദാഹരണമാണിത്. ഒരാളെ ഗുരുവോ ദൈവമോ അമ്മയോ ഉസ്താദോ ആയി അംഗീകരിച്ചു കഴിഞ്ഞാല്‍പ്പിന്നെ കള്‍ട്ട് അംഗത്തെസ്സംബന്ധിച്ചിടത്തോളം അയാളെക്കുറിച്ച സയുക്തികമായ വിലയിരുത്തലുകള്‍ പാടേ ഇല്ലാതാവുകയാണ്. ഇങ്ങനെ വരുമ്പോള്‍ മനോവ്യതിയാനങ്ങള്‍ക്ക് ഗുരുവും ശിഷ്യനും ഇരയായിത്തീരുന്നുണ്ടെന്നര്‍ത്ഥം. പങ്കുവെക്കപ്പെടുന്ന മതിഭ്രമങ്ങളാവട്ടെ, പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. ഫോളി അ ദ് (Folie a deux) പോലുള്ള സൈക്യാട്രിക് പ്രതിഭാസങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നതായി ആന്റണി സ്‌റ്റോര്‍ Feet of Clay, A Study of Gurus എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അധീശത്വം സ്ഥാപിക്കുന്നതിനു വേണ്ടി സാമ്പത്തികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് പല ഗുരുക്കന്മാരും ആശ്രമവാസികളെ ഇരയാക്കിയിട്ടുണ്ട്. റാസ്പുടിന്‍, ഗുര്‍ജിഫ് മുതല്‍ നമ്മുടെ നാട്ടിലെ നിത്യാനന്ദസ്വാമി വരെ ഇതിനുദാഹരണങ്ങളാണ്. അധികാരം നന്നായി ആസ്വദിച്ചിരുന്നവരായിരുന്നു പല ഗുരുക്കന്മാരും. നന്നായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട പല മുക്തിപ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ബഹുവിധങ്ങളായ ചൂഷണങ്ങളുടെ കഥകള്‍ പല കാലത്തും പുറത്തു വന്നിട്ടുണ്ട്. മാതാ അമൃതാനന്ദ മയിയെപ്പറ്റിയുള്ള, ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍ അവസാനത്തെ ഉദാഹരണം മാത്രം. അധികാര രാഷ്ട്രീയത്തിന് പുരോഹിതാധിപത്യവുമായി പണ്ടേയുള്ള അവിശുദ്ധബന്ധമാണ് ഇപ്പോഴും ഭരണകൂടത്തെ ഇത്തരം തട്ടിപ്പുകളുടെ സംരക്ഷകരാക്കിത്തീര്‍ക്കുന്നത്.

മതത്തിനും വേദതത്വങ്ങള്‍ക്കും വിചിത്രമായ വ്യാഖ്യാനങ്ങളും പ്രയോഗരീതികളും കണ്ടെത്തുകയാണ് പലപ്പോഴും കള്‍ട്ട് ഗുരുക്കന്മാര്‍. ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ ഖലീഫമാരെത്തുടര്‍ന്ന് മുസ്ലിം ലോകത്ത് അധികാരം കൈയടക്കിയ രാജാക്കന്മാര്‍ പ്രതിനിധാനം ചെയ്ത അതിധാരാളിത്ത ജീവിതശൈലിയോടുള്ള തീവ്രമായ വിയോജിപ്പ് വിപ്ലവകാരികളായ ചില പണ്ഡിതന്മാരെ ഒറ്റപ്പുതപ്പു പുതച്ചു ജീവിക്കുന്ന, അവശ്യമല്ലാത്ത സകലതുമുപേക്ഷിക്കുന്ന സൂഫികളാക്കി മാറ്റി (പരുക്കന്‍ കമ്പിളിപ്പുതപ്പിനാണ് അറബിയില്‍ സൂഫ് എന്നു പറയുക. ഇതില്‍ നിന്നുള്ളതാണ് സൂഫി, തസവ്വുഫ് തുടങ്ങിയ പദങ്ങള്‍). തീര്‍ച്ചയായും ശക്തമായൊരു പ്രതികരണം എന്ന നിലക്ക് അതിന് രാഷ്ട്രീയ സ്വഭാവമുണ്ടായിരുന്നു. ഇസ്ലാമിക ലോകത്തെ സിനിക്കുകള്‍ എന്ന് ഇവരെ വിളിക്കാം. (ഡയോജനിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിച്ച തത്വചിന്താ പ്രസ്ഥാനമാണ് സിനിസിസം. ഒരൂന്നുവടിയും ഒരേയൊരു ഭക്ഷണപാത്രവും പിന്നെയൊരൊറ്റ വസ്ത്രവും, ഇത്രയുമായിരുന്നു ഡയോജനിസിന്റെ സ്വകാര്യ സമ്പാദ്യം. ഒരു വീപ്പയ്ക്കകത്താണ് അദ്ദേഹം താമസിച്ചിരുന്നത്). ഇതിനെ സിദ്ധാന്തവല്‍ക്കരിച്ചു കൊണ്ട് പ്രയോജനരഹിതവും അത്യാഡംബരപൂര്‍ണവുമായ ത്വരീഖത്തു പ്രസ്ഥാനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ചിലപ്പോള്‍ ത്വരീഖത്ത് ഗുരുക്കന്മാരുടെ ശവകുടീരങ്ങള്‍ വരെ ഈ അത്യാഡംബരത്തെയാണ് പ്രകാശിപ്പിക്കാറ്. പ്രവാചകന്റെ അടയാളത്തെ (അഥര്‍) മൂര്‍ത്തിവല്‍ക്കരിച്ച് ആത്മീയോല്‍സവം നടത്തിയ സാമിരിയെന്ന കള്‍ട്ട് ഗുരുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ആ മൂര്‍ത്തിയെ കത്തിച്ചു പൊടിച്ച് കടലില്‍ക്കലക്കുമെന്ന് പ്രവാചകന്‍ മൂസ പറയുന്നുണ്ട്. കത്താത്ത മുടിയുമില്ല, പാത്രവുമില്ല. മനുഷ്യന്റെ ചോരയില്‍ നിന്നും ചിന്തയില്‍ നിന്നും നബിയെ അകറ്റിക്കളയുന്ന രോമവും പാനപാത്രവും ഒരു നാള്‍ കത്തുക തന്നെ ചെയ്യും.

സത്യത്തിൽ ഒരേ മനശ്ശാസ്ത്രം തന്നെയാണ് മഠത്തിന്റെയും മുടിയുടെയും കാര്യത്തിൽ പ്രവർത്തനക്ഷമമാവുന്നത്.

ഹൈന്ദവ ആധ്യാത്മികതയിലെ വേദാന്ത ധാരയിലേയും താന്ത്രിക ധാരയിലെയും പല സങ്കല്പങ്ങളെയും തത്വങ്ങളെയും തങ്ങള്‍ക്കനുരൂപമായി വ്യാഖ്യാനിച്ചു കൊണ്ടത്രേ പല ആള്‍ദൈവ പ്രസ്ഥാനങ്ങളും നില നില്‍ക്കുന്നത്. കുണ്ഡലിനി ഉദ്ദീപനവുമായി ബന്ധപ്പെട്ട, യാതൊരു യുക്തി പിന്‍ബലവുമില്ലാത്ത സിദ്ധാന്തങ്ങള്‍ മുതല്‍ അദൈ്വതം തുടങ്ങിയ, വേദാന്തത്തിലെ ദര്‍ശനങ്ങളെ വരെ ഇതിനായി ദുരുപയോഗം ചെയ്യാറുണ്ട്.

ആത്മാവും ശരീരവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള യത്‌നത്തെയാണ് മതം എന്നു പറയുന്നത്. കള്‍ട്ടുകളും ആശ്രമങ്ങളും ഇതിനെ വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. മതം ഉദ്‌ഘോഷിക്കുന്ന മനുഷ്യാന്തസ്സ് തിരിച്ചു പിടിക്കുകയെന്നത് യഥാര്‍ത്ഥത്തിലുള്ള മാനവലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനും തട്ടിപ്പുകാരുടെയും മനോരോഗികളുടെയും ചൂഷണത്തില്‍ നിന്നുള്ള വിമോചനത്തിനും അനിവാര്യമാകുന്നു.

ചാര്‍വാകം – പൌരാണിക ഹേതുവാദം (രണ്ട്)

 

പൌരോഹിത്യത്തിനും ബ്രാഹ്മണാധിപത്യത്തിനും എതിരായ പ്രതികരണം

  • ലോകായതദര്‍ശനം ബ്രാഹ്മണപൌരോഹിത്യത്തിനെതിരായ കടുത്ത പ്രതികരണമായിരുന്നു. മതം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും അതൊരധീശവ്യവസ്ഥയായി മാറുകയും പൌരോഹിത്യം സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന ചരിത്രസന്ദര്‍ഭങ്ങളിലാവാം പലപ്പോഴും ഇത്തരം ഭൌതിക മാത്ര ചിന്തകളും ദര്‍ശനങ്ങളും രൂപപ്പെടുന്നത്. ചാര്‍വാകനും പൌരാണിക ഹേതുദര്‍ശനവും മുതല്‍ മാര്‍ക്സ്, നീഷേ തുടങ്ങി ആധുനിക ചിന്തകന്മാര്‍ വരെയുള്ളവരുടെ മതനിരാസ പശ്ചാത്തലം പരിശോധിച്ചാല്‍ ഒരു പക്ഷേ അത് ബോധ്യപ്പെട്ടേക്കാം. പൌരോഹിത്യം മതത്തെ സ്ഥാപനവല്‍ക്കരിക്കുകയും അതിന്റെ മാനവിക മുഖവും വിമോചന ഉള്ളടക്കവും ചോര്‍ത്തിക്കളയുമ്പോള്‍ മതനിരാസം ഉണ്ടാകുന്നു. അഥവാ, സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മതനിരാസവും ഭൌതികവാദവും എന്നു പറയാം.(എന്നു പറഞ്ഞാല്‍ മതനിരാസത്തെ അനിവാര്യമക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതില്‍ മതം വിജയിച്ചെങ്കിലോ..?)
എതിര്‍പ്പിന്റെ ശബ്ദമാണ് (നിഷേധാത്മക നിലപാടാണ്) ബൃഹസ്പതിയുടേത്. ചില വിമര്‍ശങ്ങള്‍ ശ്രദ്ധിക്കൂ.
“ത്രയോ വേദസ്യ കര്‍ത്താരോ ദണ്ഡ ധൂര്‍ത്ത നിശാചരാ: ജര്‍ഭരീ തുര്‍ഫരീത്യാദി പണ്ഡിതാനാം വച: കുത:” =തെമ്മാടികളും ധൂര്‍ത്തന്മാരും രാക്ഷസന്മാരുമാണ് മൂന്നു വേദങ്ങളുടെ കര്‍ത്താക്കള്‍. ജര്‍ഭരീ, തുര്‍ഫരീ (വേദമന്ത്രങ്ങളിലെ ചില പദങ്ങള്‍) തുടങ്ങിയ നിരര്‍ത്ഥക പദങ്ങളെങ്ങനെ പണ്ഡിത വചനങ്ങളാകും?
“അഗ്നിഹോത്രം ത്രയോവേദാ: ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധി പൌരുഷ ഹീനാനാം ജീവികാ ധാതൃ നിര്‍മിതാ”
=അഗ്നിഹോത്രഹോമം, ത്രിവേദങ്ങള്‍, ത്രിദണ്ഡം, ഭസ്മലേപനം ഇവയെല്ലാം ബുദ്ധിയും കരുത്തുമില്ലാത്തവര്‍ക്കു വേണ്ടി (അവരുടെ സങ്കല്പ) ബ്രഹ്മാവ് നിര്‍മ്മിച്ച ജീവിതോപായങ്ങളാണ്.

ധര്‍മോപദേശം നല്‍കുകയും യാഗാദികളിലേര്‍പ്പെടുകയും ചെയ്തിട്ട് അധാര്‍മിക ജീവിതം നയിക്കുന്ന പുരോഹിതന്മാരെ ചാര്‍വാകന്‍ പരിഹസിക്കുന്നുണ്ട്.

 “സ്വദോഷം ഗൂഹിതും കാമാര്‍ത്തോ വേദം പഠതി”
=സ്വദോഷം മറയ്ക്കാന്‍ വേണ്ടി കാമാര്‍ത്തന്മാര്‍ വേദം ചൊല്ലുന്നു.
“അഗ്നിഹോത്രാദീന്‍ കരോതി”
=(അതിനായിത്തന്നെ) അഗ്നിഹോത്രം മുതലായവയും.
“സുരപാനാര്‍ത്ഥം മഹിളാ മോഹനാര്‍ത്ഥം കരോതി”
=കള്ളുകുടിക്കാനും പെണ്ണു പിടിക്കാനും വേണ്ടി (യാഗാദികള്‍) ചെയ്യുന്നു.

യാഗങ്ങളും സന്ധ്യാവന്ദനവും നാമജപവുമെല്ലാം അര്‍ത്ഥ സമ്പാദനാര്‍ത്ഥമാണ് ചെയ്യുന്നതെന്നാണ് ചാര്‍വാകന്റെ വിമര്‍ശം. എല്ലാ അനുഷ്ഠാനങ്ങളെയും അദ്ദേഹം പരിഹസിക്കുന്നു.

“ജ്യോതിഷ്ടോമയജ്ഞത്തില്‍ യജ്ഞകര്‍ത്താവ് കൊല്ലുന്ന പശു സ്വര്‍ഗത്തില്‍ പോകുമെങ്കില്‍ അയാള്‍ക്കെന്തുകൊണ്ട് സ്വ പിതാവിനെ ബലിമൃഗമാക്കി വധിച്ചുകൂടാ? എങ്കില്‍ പിതാവിന് പ്രയത്നമൊന്നും കൂടാതെ സ്വര്‍ഗം ലഭിക്കുമായിരുന്നല്ലോ?”

(അതിരൂക്ഷമായ ഒരു പരിഹാസമാണിത്. യജ്ഞകര്‍ത്താവിന്റെ പിതാവും ഒരു പശുവും തമ്മില്‍ മൌലികമായി യാതൊരു വ്യത്യാസവുമില്ലെന്ന് ഒന്ന്. അത്തരം ആളുകളെയൊക്കെ എളുപ്പം തീര്‍ത്ത് ഭൂമി ശുദ്ധമാക്കേണ്ടതാണ് എന്ന് മറ്റൊന്ന്).

  • ഇപ്പറഞ്ഞവയില്‍ നിന്നു തന്നെ ബ്രാഹ്മണാധീശത്വത്തിനെതിരായ ബൃഹസ്പതിയുടെ രോഷം മനസ്സിലാക്കാവുന്നാതാണ്.
  • അതേ സമയം അധീശരൂപം പ്രാപിക്കുന്ന മതത്തിനെതിരെ പോരാടേണ്ടത് വിശ്വാസത്തെയും ആത്മീയതയെയും നിരാകരിച്ചു കൊണ്ടാണോ? പൌരോഹിത്യത്തോടും ലോകായതത്തിന്റെ കേവല പദാര്‍ത്ഥ ദര്‍ശനത്തോടും ഒരു പോലെ പടവെട്ടിയ ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചപ്പോള്‍ ലോകായതത്തിനത് സാധിക്കാതെ പോയതെന്തുകൊണ്ടാണ്?
ചാര്‍വാക ദര്‍ശനവും ധാര്‍മികതയും
  • ബൃഹസ്പതി ജീവിതത്തെക്കുറിച്ച് നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഉപദേശങ്ങളില്‍ ഭൌതികാസക്തിയുടെ ദര്‍ശനമാണുള്ളത്. കേവല പദാര്‍ത്ഥവാദം ആത്യന്തികമായി മനുഷ്യനില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ആസക്തി തന്നെയായിരിക്കില്ലേ? മത പൌരോഹിത്യം അധാര്‍മികതയിലേക്കു നീങ്ങുന്നത് ദര്‍ശനത്തോടുള്ള പ്രതിബദ്ധതയില്ലായ്മ മൂലമാണ്. മതം അധാര്‍മിക ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്യുന്നതു കൊണ്ടല്ല. എന്നാല്‍ പൌരാണിക ഹേതുവാദമായി വിലയിരുത്തുന്ന ചാര്‍വാക ദര്‍ശനത്തിന്റെ ആചാര്യന്‍, “ന ധര്‍മശ്ചരേത്” (ധര്‍മമാചരിക്കരുത്) എന്നുപദേശിക്കുന്നു. ദാനം തട്ടിപ്പുകാരുടെ പാഠമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
  • ഇതില്‍ ധര്‍മം എന്നതുകൊണ്ടുദ്ദേശിച്ചത് ബ്രാഹ്മണര്‍ വിധിച്ച കര്‍മ്മങ്ങളാണെന്നു വേണമെങ്കില്‍ വാദിക്കാം. ദാനം എന്ന പേരില്‍ അക്കാലത്തു നില നിന്നിരുന്നതും ബ്രാഹ്മണര്‍ക്ക് പൊന്നും പശുവും നല്‍കുന്ന ഏര്‍പ്പാടായിരുന്നല്ലോ. തീര്‍ച്ചയായും നാം നേരത്തേ കണ്ടതു പോലെ അധീശമതത്തിനെതിരായ പ്രതിഷേധം തന്നെയാണിത്. എന്നാല്‍ ഇത് ഒരു ദര്‍ശനമായി വികസിച്ചപ്പോഴോ? മറ്റു ചില ഉപദേശങ്ങള്‍ ശ്രദ്ധിക്കൂ..
“അക്ഷൈര്‍ ദീവ്യാത്”
=ചൂതു കളിക്കണം.
“ദിവ്യ പ്രമദാ ദര്‍ശനം ച”
=അത്യധിക സൌന്ദര്യമുള്ള സ്ത്രീകളെ നോക്കി ആസ്വദിക്കണം.
“മത്ത കാമിന്യ സേവ്യ:”
=മത്തു പിടിച്ച സ്ത്രീകളോടൊപ്പം മേളിക്കണം.
  • അര്‍ത്ഥവും കാമവും മാത്രമാണ് പുരുഷാര്‍ത്ഥങ്ങളെന്ന് ബൃഹസ്പതി സിദ്ധാന്തിക്കുമ്പോള്‍ മോക്ഷം മാത്രമല്ല, ധര്‍മവും നിരാകരിക്കപ്പെടുകയാണ്. ധര്‍മബദ്ധമായ ജീവിതത്തെപ്പറ്റി അദ്ദേഹം പുലര്‍ത്തുന്ന ധാരണകളെന്തെന്ന് മേല്‍ ഉപദേശങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ? പ്രധാനപ്പെട്ട  മറ്റൊരുദ്ധരണി കാണുക:

“യാവജ്ജീവം സുഖം ജീവേത്

ഋണം കൃത്വാ ഘൃതം പിബേത്

ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:”
=ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കുടിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്‍പ്പിന്നെ പുനരുജ്ജീവനമെങ്ങേയാണ്?

ഈ സുഖാസക്തിയല്ലേ ഭൌതിക വീക്ഷണങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക? ആസക്തി മത്സരമുണ്ടാക്കുന്നു. തല്‍ഫലമായി അധീശത്വവും അടിച്ചമര്‍ത്തലുമുണ്ടാകുന്നു. മറുഭാഗത്ത് പൌരോഹിത്യം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുകയും ഫലത്തില്‍ അധീശവ്യവസ്ഥയുടെ നിലനില്‍പ്പിന് സഹായമേകുകയും ചെയ്യുന്നു. ഈ രണ്ട് പ്രവണതകളേയും ചെറുത്തുകൊണ്ടാണ് ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നു വന്നത്.  അവയെപ്പറ്റി പിന്നീട് ചര്‍ച്ച ചെയ്യാം.

ചാര്‍വാകം – പൌരാണിക ഹേതുവാദം (ഒന്ന്)

പൌരാണിക ഭാരതത്തിൽ നില നിന്നിരുന്ന ഹേതുവാദമാണ് ചാർവ്വാകം. ആദിമ യുക്തിവാദം എന്നു പറയാം. ഭാരതത്തിന്റെ ചിന്താപൈതൃകം തന്നെ ചാർവ്വാകദർശനത്തിനു ചാർത്തിക്കൊടുക്കാൻ ചിലർ ധൃഷ്ടരാവാറുണ്ട്.

എന്താണ് ചാർവ്വാകം? അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളെന്തൊക്കെ? അത് മുന്നോട്ടു വെക്കുന്ന ജീവിതദർശനമെന്ത്?

ഇക്കാര്യങ്ങൾ പഠിക്കാൻ ഒരു ശ്രമം നടത്തി. എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള വിവരങ്ങൾ ഇവിടെ പങ്കു വെക്കുന്നു.

 

  • ഭാരതത്തിലെ അതിപ്രാചീനമായ ഭൌതികവാദദര്‍ശനമാണ് ലോകായതം. പൌരാണിക ഹേതുവാദമെന്ന് പറയാം. നിലനിന്നിരുന്ന അനുഷ്ഠാനമതസമ്പ്രദായങ്ങളോടും അതിന്റെ മനുഷ്യവിരുദ്ധതയോടും പൌരോഹിത്യത്തോടുമെല്ലാം കലഹിച്ചു കൊണ്ട് വികാസം പ്രാപിച്ച ലോകായത ദര്‍ശനം വേദം, ആത്മീയത തുടങ്ങിയവയെ നിഷേധിച്ചു. ബൃഹസ്പതിയാണ് ലോകായതത്തിന്റെ സ്ഥാപകന്‍. ചാര്‍വാകന്‍ എന്നും ഇദ്ദേഹത്തിന് പേരുണ്ട്.

 

  • ചാര്‍വാകന്മാരുടെ ദര്‍ശനമാണ് ചാര്‍വാകം. ചര്‍വണശീലരെന്ന് (‘ചര്‍വ്’എന്നാല്‍ ചവയ്ക്കല്‍ എന്നര്‍ത്ഥം) പരിഹസിക്കപ്പെട്ടതു മൂലമാവാം ചാര്‍വാകന്മാരായത്. തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നതാണല്ലോ ഈ ദര്‍ശനം മുന്നോട്ടുവെക്കുന്ന ജീവിതലക്ഷ്യം. ചാരുവായ വാകത്താല്‍ (സുന്ദരമായ പദങ്ങളാല്‍) ജനങ്ങളെ വശീകരിച്ചു വഴി തെറ്റിക്കുന്നവര്‍ എന്ന പൌരോഹിത്യ വിമര്‍ശവുമാകാം ഈ പേരിന് നിദാനം.
  • ലോകായതം എന്ന പേരിന് രണ്ട് വിശദീകരണങ്ങളുണ്ട്. ലോകേഷു (ജനങ്ങളില്‍) ആയതേ (വ്യാപിച്ചത്) എന്നതാണൊന്ന്. ലോകത്തെ (ലോകമെന്നാല്‍ ചാര്‍വാകര്‍ക്ക് പദാര്‍ത്ഥ ലോകമാണ്, അതായത് ഇന്ദ്രിയഗോചര ലോകം) ആസ്പദമാക്കിയുള്ള ദര്‍ശനം എന്നും വിശദീകരിക്കപ്പെടാറുണ്ട്.

 

pic
ലോകായത സിദ്ധാന്തങ്ങള്‍

ചാര്‍വാകദര്‍ശനത്തിലെ മുഖ്യസിദ്ധാന്തങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.

 

1) നിരീശ്വരവാദം:-
  • ലോകസ്രഷ്ടാവായ ഒരീശ്വരന്‍ ഇല്ല. ഈ സിദ്ധാന്തമാണ് ലോകായത ദര്‍ശനത്തിന്റെ നാരായ വേര്. ഈശ്വരനെ പ്രത്യക്ഷജ്ഞാനത്താലോ അനുമാനത്താലോ അറിയാന്‍ കഴിയില്ല. (ലോകായതത്തില്‍ പ്രത്യക്ഷം മാത്രമാണ് ജ്ഞാനത്തിന്റെ ആധാരം. അനുമാനം ആവാമെങ്കില്‍പ്പോലും അത് നേര്‍ക്കു നേര്‍ പ്രത്യക്ഷത്തെ ആശ്രയിച്ചു മാത്രമേ നില നില്‍ക്കുകയുള്ളൂ. ഹേതുവാദത്തിന്റെ മുഖ്യ സവിശേഷതയായി ഈ നിലപാടിനെ കരുതാം).

 

2) പദാര്‍ത്ഥവാദം:-
  • ഭൂമി, വായു, ജലം, അഗ്നി ( ഇതിനെ വേണമെങ്കില്‍ ആധുനിക ശാസ്ത്രഭാഷയിലെ ഖരം, വാതകം, ദ്രാവകം, ഊര്‍ജ്ജം എന്നതിനു സമാനമായി ഗണിക്കാം) എന്നീ ചതുര്‍ഭൂതങ്ങളാണ് മൂലപദാര്‍ത്ഥങ്ങള്‍. ഇവയുടെ വ്യത്യസ്തമായ സംയോഗത്തില്‍ നിന്നാണ് ശരീരം, ഇന്ദ്രിയങ്ങള്‍, വസ്തുക്കള്‍ ഇവയെല്ലാമുണ്ടാകുന്നത്.

 

3) പ്രജ്ഞാവാദം:-
  • ചതുര്‍ഭൂതങ്ങളുടെ (മൂലകങ്ങളുടെ) സംയോഗത്തില്‍ നിന്നു തന്നെയാണ് പ്രജ്ഞ അഥവാ ചൈതന്യവുമുണ്ടാകുന്നത്. മൂലപദാര്‍ത്ഥങ്ങളില്‍ ചൈതന്യമില്ലെങ്കിലും അവ ചേരുമ്പോള്‍ അതുണ്ടാവാം. വ്യത്യസ്ത ധാന്യങ്ങള്‍ ചേര്‍ന്ന് മദ്യമാകുമ്പോള്‍ ഘടകപദാര്‍ത്ഥങ്ങള്‍ക്കില്ലാത്ത ലഹരി അതിനുണ്ടാകുന്നതു പോലെയാണിതും.

 

4) ദേഹാത്മവാദം (ആത്മാ നിഷേധം):-
  • പ്രജ്ഞയോടു കൂടിയ ശരീരം തന്നെ ആത്മാവ്. അതിനപ്പുറമൊരാത്മീയാസ്തിത്വമില്ല. ഞാന്‍ വെളുത്തിട്ട്, കറുത്തിട്ട്, ഞാന്‍ കാണുന്നു കേള്‍ക്കുന്നു എന്നെല്ലാം പറയുമ്പോള്‍ ഇതിലെ ഞാന്‍ ശരീരം തന്നെയാണല്ലോ..?

 

5) സ്വഭാവവാദം:-
  • തീയുടെ ചൂടും വെള്ളത്തിന്റെ ദ്രവത്വവും കരിമ്പിന്റെ മധുരവുമെല്ലാം അവയുടെ സ്വാഭാവിക ഗുണങ്ങളാണ്. കുടം നിര്‍മ്മിക്കാന്‍ കുശവന്‍ വേണമെന്നു വെച്ച് കാറ്റു വീശാനും വിത്തു മുളയ്ക്കാനും ചേതനാകാരണം വേണമെന്നില്ല.
6) പുനര്‍ജ്ജന്മ നിരാസം:-
  • മരണത്തിനപ്പുറം നിലനില്‍ക്കുന്ന ഒന്നും നമ്മിലില്ല. ദേഹമോ ഇന്ദ്രിയങ്ങളോ മനസ്സോ പ്രാണനോ അല്ലാതെ ഒരാത്മാവുമില്ല. ശരീരം നശിക്കുന്നതോടെ ചേതന നശിക്കും അതോടെ ജീവിതവും അവസാനിക്കും.
  • പുനര്‍ജ്ജന്മമില്ലാത്തതിനാല്‍ പരലോകവുമില്ല. പരലോകമുണ്ടെങ്കില്‍ അവിടെ പോകുന്ന ആത്മാക്കള്‍ ബന്ധുജന സന്ദര്‍ശനത്തിനായി എന്നെങ്കിലും തിരിച്ചു വരേണ്ടതല്ലേ? ശ്രാദ്ധം ഊട്ടുന്നത് നിരര്‍ത്ഥകമാണ്.  പരലോകത്തു പോകുന്നവര്‍ക്കു വേണ്ടി ഇവിടെ ആരെങ്കിലും തിന്നിട്ടെന്ത്? അങ്ങനെയെങ്കില്‍ ദേശാടനത്തിനു പോകുന്നവന്‍ പൊതിച്ചോറു കൊണ്ടു പോകുന്നതെന്തിന്? അവനു വേണ്ടി നാട്ടില്‍ നിന്നു തന്നെ ആരെങ്കിലും തിന്നാല്‍ പോരേ?
  • മരണം തന്നെ മോക്ഷം. അതിനപ്പുറം ജീവിതമില്ല. മരണത്തോടു കൂടി ജീവിതം അവസാനിക്കുമെന്നതിനാല്‍ അര്‍ത്ഥവും (ധനസമ്പാദനം) കാമവും (ജീവിത സുഖം) മാത്രമാണ് പുരുഷാര്‍ത്ഥങ്ങള്‍. (ജീവിതത്തിന് നാല് ലക്ഷ്യങ്ങളുണ്ടെന്നാണ് ഹൈന്ദവ ധര്‍മശാസനം. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. ഇവയെ പുരുഷാര്‍ത്ഥങ്ങള്‍ എന്നു പറയുന്നു). സുഖവും ദു:ഖവും ഈ ലോകത്തില്‍ത്തന്നെ. ഈ ലോകജീവിതം കൂടുതല്‍ സുഖകരവും ആനന്ദപ്രദവുമാക്കുകയെന്നതല്ലാതെ ജീവിത ലക്ഷ്യങ്ങളൊന്നുമില്ല.
  • ചാര്‍വാക ദര്‍ശനത്തിന്റെ മുഖ്യ തത്വങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട സാമൂഹിക പശ്ചാത്തലങ്ങള്‍, ജീവിതത്തെയും ധാര്‍മികതയെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവ കൂടി പരിശോധിക്കേണ്ടതുണ്ട്. അത് അടുത്ത പോസ്റ്റില്‍.

ദേശവും രാഷ്ട്രവും വംശീയതയും – ഫാഷിസത്തിന്റെ സാമൂഹ്യദര്‍ശനം

ഒരു കണ്ണ് നഷ്ടപ്പെട്ട്, പകരം ഗ്ലാസ്സിന്റെ കൃത്രമക്കണ്ണ് പിടിപ്പിച്ചിരുന്ന നാസി പട്ടാള ഓഫീസര്‍ തടവുകാരനായ ഒരു ജൂതനോടു പറഞ്ഞു: “എന്റെ രണ്ടു കണ്ണുകളില്‍ ഏതാണ് ഗ്ലാസ്സു കൊണ്ടുള്ളതെന്ന് കൃത്യമായിപ്പറഞ്ഞാല്‍ നിന്നെ വെറുതെ വിടാം.”
അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കിയ ശേഷം യഹൂദന്‍ പറഞ്ഞു: “സര്‍., താങ്കളുടെ ഇടതുകണ്ണാണ് ഗ്ലാസ്സിന്റേത്.”
“കൊള്ളാം. തനിക്കതെങ്ങനെ മനസ്സിലായി?”
“ആ കണ്ണിലാണ് സര്‍ എന്നോടല്പം ദയയുള്ളത്.”

*****                         *****                         *****                         *****

പൌരാണിക റോമിലെ അധികാര ചിഹ്നമാണ് ഫാഷിയ (fascia). റോമന്‍ ഭടന്റെ (lictor) കൈയിലെ മഴുവും ഇരുമ്പു ദണ്ഡുകളും എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം (bundle of rods with an axe carried by lictor). രാഷ്ട്രീയം തീര്‍ത്തും അധികാര കേന്ദ്രിതവും അധികാരം ആയുധബലത്തിലധിഷ്ഠിതവുമായിരിക്കുന്ന ഒരവസ്ഥയുടെ പ്രതീകമാണത്.
ഫാഷിയ എന്ന വാക്കില്‍ നിന്നുണ്ടായതാണ് ഫാഷിസം. ഫാഷിസം അധികാരത്തില്‍ മാത്രം വിശ്വസിക്കുന്നു. കരുത്തും അതിജീവനശേഷിയുമാണ് അതംഗീകരിക്കുന്ന മൂല്യങ്ങള്‍. അധികാരപ്രാപ്തിക്ക് അക്രമവും യുദ്ധവും ന്യായമാണെന്നും അതു വിശ്വസിക്കുന്നു.
800px-Italian_Fascist_flag_1930s-1940s.svg1932ല്‍ എന്‍സൈക്ലോപീഡിയ ഇറ്റാലിയാനയ്ക്കു വേണ്ടി ബെനിറ്റോ മുസ്സോലിനി എഴുതിയ thedoctrine of fascism എന്ന ലേഖനവും അദോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ mien kamph ഉമാണ്  ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി വിലയിരുത്തപ്പെടാറുള്ളത്. ദേശീയമായ അപമാനത്തിന്റേയും നൈരാശ്യബോധത്തിന്റേയും ഫലമായിട്ടായിരുന്നു ഇറ്റലിയിലും  ജര്‍മ്മനിയിലും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. 1919ലെ വെര്‍സെയില്‍‌സ് ഉടമ്പടിയെത്തുടര്‍ന്ന് ഈ രാജ്യങ്ങളിലുണ്ടായ അതൃപ്തി അമിതമായ സ്വദേശബോധമായും പിന്നീട് ആക്രാമക ദേശീയതയായും വളര്‍ന്നു. നന്മതിന്മകളുടെ പോലും ആധാരം ദേശീയതയായിത്തീര്‍ന്നു. മുസ്സോലിനിയുടെ പ്രഖ്യാപനത്തില്‍ ഇറ്റലിക്ക് കീര്‍ത്തിയുണ്ടാക്കുന്ന എതു പ്രവര്‍ത്തിയും നന്മയാണ്. അക്രമാധിഷ്ഠിതമാണ് ഫാഷിസത്തിന്റെ രാഷ്ട്രീയം. കൈയേറ്റങ്ങളും കൊള്ളിവെപ്പുകളും സദാചാരപരമായും പ്രായോഗികമായും ആവശ്യമാണെന്നാണ് മുസ്സോലിനിയുടെ സിദ്ധാന്തം.
ഇന്ത്യന്‍ ഫാഷിസത്തിന്റെ ആധാരം ദേശീയമായ അപമാനത്തെക്കുറിച്ച വ്യാജവാദങ്ങളാണ്. ദേശീയതയുമായി ബന്ധപ്പെട്ട് ഏകമുഖമായ ഒരു സാംസ്കാരിക വീക്ഷണം മുന്നോട്ടു വെക്കുകയും ഇതരസമൂഹങ്ങളെയും സംസ്കാരങ്ങളെയും ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്തു. ചരിത്രത്തെ വികലമാക്കി, അസത്യത്തെ ചരിത്രമാക്കി. ഫാഷിസ്റ്റ് തത്വദര്‍ശനത്തിനു കീഴില്‍ അസത്യം ഒരു മാനസികാവസ്ഥ തന്നെയായി മാറുന്നു. യാഥാര്‍ത്ഥ്യത്തെ വസ്തുതാപരമായി നേരിടാനുള്ള ഭയത്തില്‍ നിന്നാണ് ഈ മാനസികാവസ്ഥയുണ്ടാകുന്നത് (ഉണ്ണി.ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008 നവംബര്‍ 23). യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനുള്ള ശേഷിക്കുറവില്‍ നിന്നാണ് ഒരാള്‍ ഫാഷിസ്റ്റിലേക്ക് മന:പരിവര്‍ത്തനം ചെയ്യുന്നത് (അതേ ലേഖനം). ഈ മന:പരിവര്‍ത്തനത്തെ മൃഗപരിവര്‍ത്തനം എന്നു വിശേഷിപ്പിക്കുന്നു കെ.ഇ.എന്‍. (പച്ചക്കുതിര 2008 നവംബര്‍). ഒറീസ്സയിലെ പ്രശ്നം മതപരിവര്‍ത്തനമല്ല, മൃഗപരിവര്‍ത്തനമാണെന്ന് അദ്ദേഹമെഴുതി. യഥാര്‍ത്ഥത്തില്‍ ഫാഷിസം തുല്യതയില്ലാത്തൊരു രാക്ഷസീയപരിവര്‍ത്തനത്തില്‍ മനുഷ്യനെക്കൊണ്ടെത്തിക്കുന്നു.
ഭയം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വ്യാജവാദങ്ങള്‍:
വ്യാജവാദങ്ങളും വ്യാജപരിവേഷങ്ങളുമാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ അക്രമത്തിന് ന്യായമാക്കുക. പ്രത്യേക വിഭാഗങ്ങളും പ്രത്യേക ദേശങ്ങളുമായി ബന്ധപ്പെട്ട് വിഭ്രാന്തി ജനിപ്പിക്കാറുണ്ടവര്‍. ‘ശത്രു’വിന്റെ ശേഷിയെ പൊലിപ്പിച്ചു കാണിക്കാന്‍ ഹിറ്റ്‌ലറും മുസ്സോലിനിയും നിര്‍ദ്ദേശിച്ചിരുന്നു. മുസ്‌ലിംകളെയും കമ്യൂനിസ്റ്റുകളെയും കൂറിച്ച ഭയമുണ്ടാക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെ ഫാഷിസ്റ്റുകള്‍ മലപ്പൂറം, കണ്ണൂര്‍ ജില്ലകളെപ്പറ്റി വിഭ്രാന്തി ജനിപ്പിക്കുന്നത്. ഭയം ഉല്‍പ്പാദിപ്പിച്ചുകൊണ്ട് മാത്രമാണ് ഫാഷിസം നില നില്‍ക്കുന്നത്.1933ല്‍ ജര്‍മന്‍ പാര്‍ലിമെന്റില്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ അതിന്റെ കുറ്റം ചാര്‍ത്തപ്പെട്ടത് കമ്യൂനിസ്റ്റുകളിലായിരുന്നു. എന്നാല്‍ അത് തങ്ങള്‍ തന്നെ ചെയ്തതാണെന്ന് ന്യൂറംബര്‍ഗ് വിചാരണയില്‍ നാസികള്‍ തന്നെ സമ്മതിച്ചു. ഗോധ്ര മുതല്‍ പാര്‍ലിമെന്റ് ആക്രമണം വരെയുള്ള കേസുകളില്‍ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. മാലെഗാവ്, മക്കാ മസ്ജിദ്, സംജോത തുടങ്ങിയ സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വികാസങ്ങളേയും ഓര്‍ക്കുക. ആശയങ്ങളുടെ ആവര്‍ത്തനത്തിന്റെ പ്രാധാന്യം ഹിറ്റ്‌ലറൂടെ സഹപ്രവര്‍ത്തകനായിരുന്ന ഗീബല്‍‌സ് നിരന്തരം ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഏതു നുണയേയും സത്യമാക്കി മാറ്റാമത്രെ.
സങ്കുചിത ദേശീയത; അപരവല്‍ക്കരണം:
ഫാഷിസ്റ്റ് ദേശീയതാ സങ്കല്പം ദേശസ്വത്വത്തെ നിഷേധാത്മകമായാ‍ണ് സമീപിക്കുന്നത്. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്കാരം ഏകപക്ഷീയമാണെന്ന ചിന്തയാണത്. വംശീയതയാണിതിന്റെ ആധാരം. ഇറ്റാലിയന്‍ വംശജര്‍ അവരുടെ വംശവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നു അതിനാലവര്‍ ഉന്നതരാണെന്നും മുസ്സോലിനി പ്രഖ്യാപിച്ചു. ജര്‍മന്‍ ആര്യന്മാരെപ്പറ്റി ഹിറ്റ്‌ലറും ഇതു തന്നെ പറഞ്ഞു. ഇന്ത്യയിലെ സാംസ്കാരിക ദേശീയതാവാദികള്‍ ബ്രാഹ്‌മണദേശീയതയുടെ പ്രതിനിധികളാണ്. ഈ ബ്രാഹ്‌മണ ദേശീയതയാകട്ടെ, ഇന്ത്യക്കാര്‍ തന്നെയായ ബഹുഭൂരിപക്ഷത്തിനും (സ്ത്രീകള്‍, കീഴാളപക്ഷക്കാര്‍, അയിത്തജാതിക്കാര്‍, ഗോത്രസമൂഹങ്ങള്‍ …..) പൂര്‍ണ്ണ മനുഷ്യരായിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്യുന്നു. (മീരാനന്ദ:prophets facing backwards). ഗോത്രസമൂഹങ്ങള്‍ കാട്ടുവാസികളാണ്. ഉന്നതമായ സാഹോദര്യബോധവും മാനവികതയും പിലര്‍ത്തിയിരുന്ന നിഷാദരെക്കുറിച്ച നീചസങ്കല്പം പൊതുബോധത്തിലേക്ക് കടത്തിവിട്ടത് ബ്രാഹ്‌മണ പുരാണങ്ങളാണ്. നീചപ്രവൃത്തികളെ കിരാതം, കാട്ടാളത്തം എന്നെല്ലാം വിശേഷിപ്പിക്കുന്ന പ്രവണത നമ്മുടെ വ്യവഹാരഭാഷയുടെ തന്നെ ഭാഗമായിട്ടുണ്ടല്ലോ. ഭാഷ പോലും അപകടകരമാം വിധം ഹൈജാക്ക് ചെയ്യപ്പെടുന്നു.
c12
പാപിയും അധര്‍മിയുമായ വേനരാജാവിന്റെ മക്കളില്‍ ‘കറമ്പനും കുള്ളനു’മായ നിഷാദന്‍ വേനന്റെ പാപവുമായി കാട്ടില്‍ച്ചെന്ന് ‘അപരിഷ്കൃതരും പാപതല്പരരുമായ’ നിഷാദന്മാര്‍ക്ക് (കാട്ടാളന്മാര്‍ക്ക്) ജന്മം നല്‍കി. ‘അഗ്നിയുടെ നിറ‘മുള്ള പൃഥു നായകനും അവതാരവുമായി വാഴ്ത്തപ്പെട്ടു. മിത്തുകള്‍ ചിലപ്പോള്‍ വരേണ്യമായ താല്പര്യങ്ങളില്‍ നിന്നാണ് ജനിക്കുന്നത്. ഇവിടെ ധര്‍മാധര്‍മങ്ങളുടെ നിര്‍ണ്ണയത്തിന് വംശവും വര്‍ണ്ണവും ആധാരമായിത്തീരുന്നു. ഔന്നത്യനീചത്വങ്ങള്‍ക്ക് നിദാനവും അതു തന്നെ. കറുത്തവനെ ഫാഷിസ്റ്റ് വംശീയത പാപിയെന്നും വര്‍ണ്ണ സാമ്രാജ്യത്വം അപരിഷ്കൃതനെന്നും മുദ്ര കുത്തുന്നു.
അപരവല്‍ക്കരണം വംശീയതയുടെ മുഖമുദ്രയാണ്. അപരന്‍ പാപിയും കൊള്ളരുതാത്തവനുമായിരിക്കും അതിന്റെ കാഴ്ചയില്‍. പൌരാണിക ഈജിപ്തില്‍ കോപ്റ്റിക് വംശീയതയുടെ ഇരകളായിരുന്ന യിസ്രായേല്യര്‍ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായിര്‍ത്തീരുന്നു. ‘ജാതിക’ളോടുള്ള അവരുടെ സമീപനം അതാണ് സൂചിപ്പിക്കുന്നത്.  പിന്നീടാകട്ടെ, വര്‍ണ്ണവും വംശവും ഉല്‍കൃഷ്ടതയുടെ മാനദണ്ഡങ്ങളായിത്തീരുന്ന ഫാഷിസ്റ്റ് ചിന്തയുടെ ഇരകളായി നാസി ജര്‍മനിയില്‍ അവര്‍ മാറി. എന്നാലോ, പുതിയ കാലത്ത് സയണിസ്റ്റ് ചിന്താഗതിക്കു കീഴില്‍ അവര്‍ അവരുടെ വംശീയ മിഥ്യാഭിമാനത്തെ ഏറ്റവും ആക്രാമകമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.
ശ്രേണീബദ്ധമായ ഒരു സാമൂഹ്യക്രമത്തെയാണ് ഫാഷിസം പ്രോത്സാഹിപ്പിക്കുക.“ഫാഷിസം എക്കാലത്തും വിശുദ്ധിയിലും വീരഭാവത്തിലും വിശ്വസിക്കുന്നു.  … മനുഷ്യസമൂഹത്തിന് മാറ്റാന്‍ പറ്റാത്തതും പ്രയോജനപ്രദവും സഫലവുമായ അസമത്വത്തെ ഫാഷിസം സ്ഥിരീകരിക്കുന്നു” (മുസ്സോലിനി).
ശാസ്ത്രവും ചരിത്രവും പുരാവൃത്തങ്ങളും:

ആര്യ വംശീയ ദേശീയതയുടെ മൂലതത്വങ്ങളിലേക്കുള്ള തിരിച്ചു പോക്ക് തികച്ചും ശാസ്ത്രീയമായ ഒരു നിലപാടായിരിക്കുമെന്നു സമര്‍ത്ഥിക്കാന്‍ ഇന്ത്യന്‍ ഫാഷിസം ശ്രമിക്കുന്നു. സമഗ്രമായ ഒരു ശാസ്ത്ര ധാര വേദ, പുരാണങ്ങളില്‍ ആദ്യമേ ഉണ്ടായിരുന്നെന്ന അവകാശവാദമുന്നയിക്കുകയാണ് ഒരു ഭാഗത്ത്. അങ്ങനെയാണ് വേദിക് സയന്‍സും വേദിക് മാത്തമാറ്റിക്സുമൊക്കെയുണ്ടാവുന്നത്. (വേദങ്ങളുടെ ധര്‍മം ശാസ്ത്രം പഠിപ്പിക്കലല്ല. ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കലാണ്). യക്ഷിക്കഥയിലെ പറക്കും തളികയും മാന്ത്രികവടിയും പോലെയോ മറ്റോ പുരാണകഥകളില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പകവും ദിവ്യാസ്ത്രവുമൊക്കെ വിമാനത്തിന്റെയും അണുബോംബിന്റെയും പൂര്‍വ്വമാതൃകകളായും സങ്കല്‍പ്പിച്ചു തുടങ്ങി. മറ്റൊരു വശത്താകട്ടെ, ജ്യോതിഷവും മന്ത്രവാദവും പോലെയുള്ള അശാസ്ത്രീയ കപടവ്യവഹാരങ്ങള്‍ക്കും ശുദ്ധാശുദ്ധങ്ങളുമായി ബന്ധപ്പെട്ട അയുക്തിക ധാരണകള്‍ക്കും ശാസ്ത്ര പഠന വിഷയങ്ങളില്‍ സ്ഥനം നല്‍കാനും ശ്രമിക്കുന്നു.
വംശവിശുദ്ധിയെ ശാസ്ത്രമാക്കുന്നതിന് ഹിറ്റ്‌ലര്‍ അവലംബമാക്കിയത് റോസന്‍ബര്‍ഗിന്റെ ആര്യസിദ്ധാന്തത്തെയാണ്. നവ ആര്യവാദമെന്നറിയപ്പെടുന്ന ഒരു വംശീയ ചരിത്ര ശാസ്ത്ര പാഠം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കുമുണ്ട്. അതിജീവനത്തെക്കുറിച്ച, ഡാര്‍വിന്‍ സിദ്ധാന്തം മുതലാളിത്ത സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെല്ലാം പിടിവള്ളിയായിട്ടുണ്ട്. കീഴടക്കപ്പെട്ടവര്‍ക്കു മേലുള്ള അധിനിവേശവും അടിച്ചമര്‍ത്തലും അങ്ങനെ പ്രകൃതിനിയമം തന്നെയായി. മുസ്സോലിനിയുടെ അഭിപ്രായത്തില്‍ സ്ത്രീക്ക് മാതൃത്വം പോലെയാണ് പുരുഷന് യുദ്ധം. ഫാഷിസം അപരന്മാരും ശത്രുക്കളും ‘നഷ്ടപ്പെടുത്തിക്കളഞ്ഞ’ പ്രതാപൈശ്വര്യങ്ങളെക്കുറിച്ച അസത്യങ്ങളാലും ചരിത്ര ദുര്‍‌വ്യാഖ്യാനങ്ങളാലും വീര്യമുണര്‍ത്താന്‍ ശ്രമിച്ചു,. പണവും അധികാരവും യഹൂദന്റെ കൈയിലാണെന്ന ബോധം സൃഷ്ടിച്ചാണ് ഹിറ്റ്‌ലര്‍ വികാരമിളക്കി വിട്ടത്. ഇന്ത്യന്‍ ഫാഷിസം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അക്രമികളും ഇന്ത്യയുടെ ആന്തരിക ദൌര്‍ബ്ബല്യങ്ങളുമായി ചിത്രീകരിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെയും പെണ്ണുങ്ങള്‍ അപഹരിക്കപ്പെട്ടതിന്റെയും കണക്കുകളുണ്ടാക്കി വിദ്വേഷമുണര്‍ത്തി. അധമ, മ്ലേച്ഛവിഭാഗങ്ങളെ ഉന്മൂലനം ചെയ്തെങ്കിലേ വംശീയവും ദേശീയവുമായ അന്തസ്സ് വീണ്ടെടുക്കാന്‍ കഴിയൂ എന്ന ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് ജീവിക്കാനുള്ള ഒരേയൊരു വഴി നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുക എന്നതാകുന്നു. വെറുപ്പും വിദ്വേഷവുമാണ് നിലനില്‍ക്കുന്ന മൂല്യങ്ങള്‍. ഗര്‍ഭസ്ഥമായ ഒരു ഭ്രൂണത്തോടു പോലും തോന്നുന്ന പക. ഫാഷിസം എപ്പോഴും അടിച്ചമര്‍ത്തലിനെയും കൂട്ടക്കൊലകളെയും ന്യായീകരിക്കുന്നു. കൊലയെ ഉത്സവമാക്കി മാറ്റിയ ഒരാള്‍ക്ക് ദേശീയ നേതാവാകാന്‍ സാധിക്കുന്നതും അങ്ങനെയാണ്.
ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനമെന്നത് മുസ്സോലിനിയുടെ ഭാഷയില്‍ ഭീരുവിന്റെ സ്വപ്നം മാത്രമാണ്. “ഫാഷിസം ശാശ്വതസമാധാനത്തിന്റെ സാധ്യതയിലോ പ്രയോജനത്തിലോ വിശ്വസിക്കുന്നില്ല. സമാധാനവാദസിദ്ധാന്തത്തെ അത് നിരാകരിക്കുന്നു.  … മുഴുവന്‍ മനുഷ്യോര്‍ജ്ജത്തെയും അതിന്റെ അത്യുന്നത മാനസികസംഘട്ടനത്തിലേക്ക് കൊണ്ടുവരുന്നതും നേരിടാന്‍ ധൈര്യമുള്ള ഒരു ജനതക്കു മേല്‍ ഔന്നത്യത്തിന്റെ മുദ്ര പതിപ്പിക്കുന്നതും യുദ്ധം മാത്രമാണ്.  … സമാധാനത്തിന്റെ തത്വത്തിന്മേല്‍ കെട്ടിപ്പടുത്തിട്ടുള്ള സകല സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണ്.” (മുസ്സോലിനി).
1440
ലോകസമാധാനം എന്ന ആശയത്തോട് മുസ്സോലിനി പുലര്‍ത്തിയ അതേ നിലപാട് ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനു നേരെ ഗോള്‍വല്‍ക്കറും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഗോള്‍വല്‍ക്കറുടെ അഭിപ്രായത്തില്‍ സമാധാനത്തെപ്പറ്റി പറയുന്നവര്‍ ഭീരുക്കളാണ്. മഹാഭാരതത്തിലെ ബകവധകഥയെ ഉപജീവിച്ച് വിചാരധാരയില്‍ അത് വിവരിക്കുന്നുണ്ട്. ഭീകരനും ശത്രുവുമായ ബകന്‍ എന്ന രാക്ഷസന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏകചക്രാപുരി ഗ്രാമവാസികള്‍ അവനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ദിവസേന ഒരു വണ്ടി ചോറും വണ്ടി വലിക്കുന്ന പോത്തുകളും വണ്ടിക്കാരനും ബകന് ഭക്ഷണം. എന്നാല്‍ ഭീമസേനന്‍ ബകനെ “വാടാ, കണക്കു തീര്‍ത്തു കളയാം” എന്നു പറഞ്ഞ് നേരിട്ട്, വധിച്ചു കളഞ്ഞു. ശത്രുവായ മുസല്‍മാനാണ് ഗോള്‍വല്‍ക്കര്‍ക്ക് ബകന്‍. ഏകചക്രാപുരിക്കാരെപ്പോലെ ഭീരുത്വം കൊണ്ടു മാത്രം ഒരുവിഭാഗം സമാധാനത്തെപ്പറ്റി സംസാരിക്കുകയാണെന്നും വാടാ, കണക്കു തീര്‍ക്കാം എന്ന നിലപാടാണ് തങ്ങളുടേതെന്നും ഗോള്‍വല്‍ക്കര്‍ വിവരിക്കുന്നു.
രാഷ്ട്രവും അതിന്റെ സാന്മാര്‍ഗികതയും ആത്മീയതയും:
വ്യക്തിസ്വാതന്ത്ര്യത്തെ തീര്‍ത്തും നിരാകരിക്കുന്ന ഒന്നാണ് ഫാഷിസത്തിന്റെ സാമൂഹ്യഘടന. രാഷ്ട്രത്തിന്റെയും അധികാരത്തിന്റെയും ഇടപെടലുകള്‍ക്ക് യാതൊരു പരിധിയുമില്ല. ഫാഷിസത്തിന്റെ അടയാളമായ സ്വസ്തിക വിധേയത്വത്തെയാണ് സൂചിപ്പിക്കുന്നത്. “കെട്ടപ്പെട്ട കൈകളാണ് സ്വസ്തിക.” (എം.എന്‍.വിജയന്‍)
രാഷ്ട്രം ആത്മീയവും സാന്മാര്‍ഗികവുമാണെന്ന് മുസ്സോലിനി പറഞ്ഞു. ആധ്യാത്മികതയുടെ അഭാവം കൊണ്ടാണത്രേ ജനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകാത്തത്. ലോകം ആത്മീയ സമ്പൂര്‍ണ്ണതക്കും മുക്തിക്കും വേണ്ടി ദാഹിക്കുകയാണെന്നും അതിനായി ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും പറയുമ്പോള്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകളും ഉദ്ദേശിക്കുന്നത് ഈ അധികാരാധിഷ്ഠിത ആത്മീയതയെയാണ്.
ഈ ആത്മീയതയും വംശീയതയില്‍ അധിഷ്ഠിതമാണ്. ഒരേയൊരു സാംസ്കാരികധാരയുമായി യോജിച്ചു പോകുന്ന അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ദേശീയപദവി നല്‍കുന്നു. ഒപ്പം മറ്റ് രീതികളോടും വൈവിധ്യങ്ങളോടും കടുത്ത അസഹിഷ്ണുത വച്ചു പുലര്‍ത്തി. ഒരു പള്ളി തകര്‍ത്തുവെന്നതാണല്ലോ ഇന്ത്യന്‍ ഫാഷിസ്റ്റ് ആത്മീയത അതിന്റെ സ്വാഭിമാന പ്രതീകമായി ഉയര്‍ത്തിക്കാട്ടിയത്. ഒരു പ്രാര്‍ത്ഥനായോഗത്തിനു തൊട്ടുടനെയാണ് ഗാന്ധിജി ഇതേ ആത്മീയതയുടെ വെടിയുണ്ടയേറ്റു മരിച്ചത്.
രാഷ്ട്രം ആത്മീയതയിലധിഷ്ഠിതം എന്നതല്ല, വംശീയ ദേശീയത്വത്തിലധിഷ്ഠിതമായ രാഷ്ട്രം തന്നെയാണ് ആത്മീയത എന്നാണ് വരുന്നത്. രാഷ്ട്രമാണ് പ്രധാനം എന്ന മുദ്രാവാക്യം ഉദാഹരണമായെടുക്കാം. ഇത് ദേശസ്നേഹികളെ വഴി തെറ്റിച്ചേക്കാം.  യഥാര്‍ത്ഥത്തില്‍ രാഷ്ട്രമെന്നാല്‍ വംശീയാധിഷ്ഠിതവും കേന്ദ്രീകൃതവുമായ അധികാരമാണ്. ദൈവമല്ല മനുഷ്യനാണ് പ്രധാനം എന്ന് ആധുനികത തീരുമാനിച്ചപ്പോള്‍ (സത്യത്തില്‍ അതിലൂടെ മനുഷ്യന്‍ എന്ന സംവര്‍ഗത്തെ ധാര്‍മികമായി ചിട്ടപ്പെടുത്തുന്നതിന് സഹായകമായ മൂല്യങ്ങളെ നിരാകരിക്കുകയായിരുന്നു ചെയ്തത്), ഫാഷിസം ദൈവവും മനുഷ്യനുമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന് പ്രഖ്യാപിക്കുകയും രാഷ്ട്രം എന്നതിനെ ആദര്‍ശവും ആത്മീയതയുമാക്കുകയും വംശീയ ദേശീയതയില്‍ രാഷ്ട്രത്തിന്റെ സ്വത്വവും ഘടനയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃത അധികാര ഘടനയില്‍ നിന്നു വ്യത്യസ്തമായി മാനവികതയ്ക്കൂന്നല്‍ നല്‍കുന്ന മതമൂല്യങ്ങളെ തിരസ്കരിക്കുന്ന മാനസികാവസ്ഥയില്‍ നിന്നാണ് മതമല്ല, രാഷ്ട്രമാണ് വേണ്ടതെന്ന തീര്‍പ്പുണ്ടാകുന്നത്. ഫാഷിസം ജനവിരുദ്ധ ആധുനികതയെയാണ് പ്രതിനിധീകരിക്കുന്നത്. മതം, അതിന്റെ യഥാര്‍ത്ഥസ്വഭാവത്തില്‍ വിശാലവും മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. രാഷ്ട്രമാകട്ടെ, അധികാരമാണ്. ഫാഷിസത്തില്‍ അധികാരമെന്നാല്‍ ഒട്ടും അയവില്ലാത്ത സര്‍വ്വാധിപത്യമാണ്. ജനവിരുദ്ധമായ ഒരു മതമായിത്തന്നെ രാഷ്ട്രത്തെ പരിവര്‍ത്തിപ്പിക്കലുമാണത്. നേതാക്കന്മാരെ അനുസരിക്കണമെന്ന് പൌരനോടാവശ്യപ്പെടുന്ന മതം നേതൃത്വം വഴി തെറ്റുമ്പോള്‍ ബലം പ്രയോഗിച്ചു തിരുത്താനുള്ള ധൈര്യവും ശേഷിയും അവനില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പരിവര്‍ത്തനോന്മുഖ ധാര്‍മികതയുടെയും വിപ്ലവാത്മകതയുടെയും നിരാകരണമാണ് രാഷ്ട്രമാദ്യം, പിന്നെ മതം എന്ന മുദ്രാവാക്യത്തിലുള്ളത്. ആദ്യം മനുഷ്യന്‍ എന്നു പറയാനുള്ള വിവേകത്തില്‍ നിന്ന് ഫാഷിസം മനുഷ്യനെ അകറ്റുന്നു. കടുത്ത നിയമങ്ങൾക്കു വേണ്ടി ഫാഷിസ്റ്റ് ദേശീയതാവാദികള്‍ സംസാരിക്കുന്നതതുകൊണ്ടാണ്.
ഫാഷിസം പ്രതിനിധീകരിക്കുന്ന ആക്രാമക ദേശീയതയുടെ വികാസം സാമ്രാജ്യത്വവുമാണ്. “ജീവിതത്തിന്റെ മാറ്റമില്ലാത്ത നിയമമാണ് സാമ്രാജ്യത്വം” (മുസ്സോലിനി). വംശീയ ദേശീയ വാദികളുടെ ധാര്‍മിക ആധ്യാത്മിക രാഷ്ട്രമെന്നത് അയവില്ലാത്ത ജനവിരുദ്ധസര്‍വ്വാധിപത്യ ഘടനയിലുള്ള രാഷ്ട്രം, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും നിഷേധം, അപരവല്‍ക്കരണം, സാമ്രാജ്യത്വം എന്നിവയുടെ ഒത്തുചേരലാകുന്നു.
ഇന്ത്യയില്‍ ഫാഷിസ്റ്റ് ദേശീയതാവാദികള്‍ രാഷ്ട്രം എന്ന സംജ്ഞയെ, ഹിന്ദു എന്ന വാക്കിന് അവര്‍ തന്നെ നല്‍കുന്ന പരികല്പനയില്‍ (അതാകട്ടെ, യഥാര്‍ത്ഥഹിന്ദു മതവുമായി ബന്ധമുള്ളതല്ല) ആ വാക്കിന്റെ പര്യായമായാണ് ഉപയോഗിക്കുന്നതെന്നതും ഇതോടു ചേര്‍ത്തു മനസ്സിലാക്കണം. ‘രാഷ്ട്രീയ സ്വയംസേവക് സംഘ്’ എന്ന പേരിനെ ഗോള്‍വല്‍ക്കര്‍ ഇങ്ങനെ വിശദീകരിക്കുന്നു: “എന്തു കൊണ്ട് ഹിന്ദു എന്നാവാതെ രാഷ്ട്രീയ എന്നുപയോഗിച്ചു? നമ്മുടെ നാട്ടില്‍ രാഷ്ട്രീയ എന്ന പദത്തിന്റെ അര്‍ത്ഥം ഹിന്ദു എന്നു തന്നെയാണെന്നും അതിനാല്‍ ഹിന്ദു എന്ന പദം (പ്രത്യേകം) ഉപയോഗിക്കേണ്ടതില്ലെന്നും ഡോക്റ്റര്‍ജി പറയാറുണ്ടായിരുന്നു.” (എം.എസ്.ഗോള്‍വല്‍ക്കര്‍ -വിചാരധാര, ഭൂപരമായ ദേശീയത എന്ന അധ്യായം). രാഷ്ട്രമാദ്യം മതം പിന്നെ എന്ന പരികല്പനയിലും അര്‍ത്ഥം മറ്റൊന്നാവില്ല.
firaaq-wallpapers09
ഭൂമിയുടെ വിശാലതയിലേക്കും മനുഷ്യന്‍ എന്ന സാമൂഹികാവസ്ഥയിലേക്കും അതിരില്ലാത്ത ഭൂമിയില്‍ മനുഷ്യന്റെ വ്യാപനത്തെക്കുറിച്ചും സങ്കുചിതതമല്ലാത്ത മാനവ പൊതു പൈതൃകത്തെയും ജനിതകത്തെയും കുറിച്ചും മതം സംസാരിക്കുമ്പോള്‍ ഫാഷിസം വംശ, ദേശ പവിത്രതാസങ്കല്പമെന്ന സങ്കുചിതത്വത്തിലേക്ക് ദര്‍ശനത്തെ ചുരുക്കുകയാണ് ചെയുന്നത്.
എല്ലാത്തരം സങ്കുചിതത്വങ്ങളും ചേര്‍ന്നാണ് മനുഷ്യജീവിതത്തെ ദുരിതമയമാക്കുന്നത്. വംശീയവും ദേശീയവുമായ ഔദ്ധത്യബോധങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അവ തമ്മില്‍ ഏറ്റുമുട്ടും.രണ്ടാം ലോകയുദ്ധത്തില്‍ ഇറ്റലി-ജര്‍മനി-ജപ്പാന്‍ കൂട്ടുകെട്ട് വിജയിച്ചിരുന്നെങ്കില്‍ത്തന്നെയും ഇറ്റലിയുടെയും ജര്‍മനിയുടെയും വംശവിശുദ്ധി ചിന്തകളും ഔന്നത്യബോധങ്ങളും തമ്മിലേറ്റുമുട്ടുമയിരുന്നു.അങ്ങനെ ലോകവും ജീവിതവും നിലയ്ക്കാത്ത യുദ്ധങ്ങളുടെയും കുടിപ്പകകളുടെയും ചരിത്രമായി മാറുന്നു.. രാജ്യത്തിനകത്തു തന്നെയും ഏകപക്ഷീയസാംസ്കാരിക ചിന്തകള്‍ക്ക് വഴിപ്പെടാത്ത ഉപദേശീയതകളെ അപരവല്‍ക്കരിക്ക്കുകയും അടിച്ചൊതുക്കുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന കാഴ്ചയാണല്ലോ നമ്മുടെ നാട്ടില്‍പ്പോലും ചിലപ്പോള്‍ ദൃശ്യമാകുന്നത്.
മനസ്സ് വിശാലമാകുന്ന ഒരു സമൂഹത്തിന്റെ സ്വത്താണ് സമാധാനം. അവര്‍ക്കു മാത്രമുള്ളതായിരിക്കുമത്.

അമേരിക്ക ഉണ്ടായത്

ചരിത്രത്തേയും വിദ്യാഭ്യാസത്തെയും ഭാഷയെയും സംസ്കരത്തെയും തീരുമാനിക്കുന്നത് പലപ്പോഴും അധിനിവേശശക്തികളാണ്. പോരട്ടത്തിന്റെയും അതിജീവനത്തിന്റെയും സിദ്ധാന്തങ്ങളും സാ‍മൊഹികാദര്‍ശങ്ങളും മെനഞ്ഞ് ജയിച്ചടക്കലിന് അവര്‍ താത്വിക പിന്‍‌ബലവും ഉണ്ടാക്കുന്നു. ജയിച്ചടക്കിക്കഴിഞ്ഞാല്‍ അവരാണ് ചരിത്രമെഴുതുന്നത്. (അവര്‍ ചരിത്രം നിര്‍മ്മിക്കുകയല്ല, ‘എഴുതുക’ മാത്രമാണ്.
ഏതൊരു തത്വത്തെയും സ്ഥാപനത്തെയും അവര്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നു. മതത്തെപ്പോലും.
ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ യഥാക്രമം പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ കത്തോലിക്കാ രാജ്യങ്ങള്‍ക്കുടമപ്പെടുത്തിക്കൊണ്ട് മാര്‍പ്പാപ്പ തീട്ടൂരം നല്‍കിയതിനെത്തുടര്‍ന്ന്, 1468ല്‍ ഷൂവോ പെരെ ദെ കോവിലാവോ പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട് കണ്ണൂരിന്റെ തീരത്തും 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനില്‍ നിന്ന് പുറപ്പെട്ട് ഇന്ന് അമേരിക്കയെന്നു പേരുള്ള ഭൂഖണ്ഡത്തിലെ സാല്‍സാല്വദോറിലും കപ്പലിറങ്ങി. കോവിലാവോയുടെ യാത്രാരേഖകള്‍ വച്ചു കൊണ്ട് 1498ല്‍ പോര്‍ച്ചുഗലില്‍ നിന്നു പുറപ്പെട്ട വാസ്കോ ദെ ഗാമ കോഴിക്കോട്ടും വന്നെത്തി.
കൊളംബസ് യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ച് കിഴക്കുള്ള ഇന്ത്യയില്‍ എത്തണമെന്ന ഉദ്ദേശ്യത്തില്‍ പുറപ്പെട്ടതായിരുന്നു. താന്‍ എത്തിയത് ഇന്ത്യയിലാണെന്നയാള്‍ ധരിച്ചു. അതിനു മുമ്പ് അങ്ങനെയൊരു സ്ഥലമുള്ളതായി പാശ്ചാത്യര്‍ക്ക് അറിവില്ലായിരുന്നതിനാല്‍, ആ സ്ഥലം കൊളംബസ് ‘കണ്ടുപിടിച്ചു’വെന്ന് അവര്‍ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി.
കൊളംബസും ഗാമയും പിന്‍‌ഗാമികളും മനുഷ്യ വംശങ്ങളെയും ചരിത്രത്തിന്റെ ശേഷിപ്പുകളെയും പ്രകൃതിയുടെ സന്തുലനത്തെയും അതിക്രൂരമായി തകര്‍ത്തു കളഞ്ഞു. കൊളംബസ് പടിഞ്ഞാറന്‍ ഭൂഭാഗത്തെ ആദിവാസികളെ ഇന്ത്യക്കാര്‍ എന്നു വിളിച്ചു. അതയാളുടെ വിവരക്കേടായി മനസ്സിലാക്കേണ്ടതിനു പകരം ചരിതകാരന്മാര്‍ അപ്പേരു തന്നെ സ്ഥിരപ്പെടുത്തിക്കളഞ്ഞു. ചുവന്ന നിറം കാരണം അവര്‍ റെഡ് ഇന്ത്യന്‍ എന്നു വിളിക്കപ്പെട്ടു. പിന്നീട് അമേരിന്ത്യന്‍ എന്നും. 1500ല്‍ ഇന്ത്യയിലേക്കു പുറപ്പെട്ട പോര്‍ച്ചുഗീസ് കപ്പിത്താന്‍ പെദ്രോ അല്‍‌വാരിസ് കെബ്രാളിന്റെ കപ്പല്‍ അഫ്രിക്കന്‍ തീരം പിന്നിട്ടപ്പോഴേക്കും കൊടുങ്കാറ്റില്‍പ്പെട്ട് വഴിതെറ്റി ബ്രസീലിന്റെ തീരത്തെത്തി. കെബ്രാള്‍ ആ പ്രദേശത്തിന് കുരിശുകളുടെ നാട് എന്നു പേര്‍ നല്‍കുകയും അത് പോര്‍ച്ചുഗലിന്റേതാണെന്ന് ‘പ്രഖ്യാപിക്കുകയും’ ചെയ്തു. ആ സംഘത്തിലുണ്ടായിരുന്ന അമെരിഗോ വെസ്പുചി എന്ന ഇറ്റലിക്കാരന്‍ “പുതിയ” ദേശത്തെക്കുറിച്ച വിവരങ്ങള്‍ ഒരു കത്തിലൂടെ യൂറോപ്പിലെത്തിച്ചു. ഇയളുടെ പേരില്‍ നിന്നാണ് അമേരിക്ക എന്ന വാക്കുണ്ടായത്.

കുലീനരായ ആദിമജനത:

പടിഞ്ഞാറന്‍ ഭൂഖണ്ഡത്തിലെ ആദിവാസികള്‍ പ്രബലരും ഉന്നതമായൊരു സംസ്കാരം പടുത്തവരുമായിരുന്നു. മെക്സിക്കോ, ഗ്വോട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നില നിന്നിരുന്ന മയന്‍ സംസ്കാരത്തിന്റെ ചരിത്രം ബി.സി.പത്താം നൂറ്റാണ്ടിലാരംഭിക്കുന്നു. സ്വന്തമായി അക്ഷരമാലയും കടലാസ് ഉപയോഗിച്ചുള്ള പുസ്തകങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. വിപുലവും ശാസ്ത്രീയവുമായ ഒരു കലണ്ടറും. കെച്‌വാ സമൂഹത്തില്‍പ്പെട്ട ഇന്‍‌കാ സംസ്കാരവും വളരെ പ്രബലമായിരുന്നു. ഇവരില്‍പ്പെട്ട, കോണ്‍‌ടിക്കി എന്ന രാജാവ് അനുയായികളോടൊപ്പം തടിച്ചങ്ങാടത്തില്‍ കടലു കടന്ന് അന്ന് ആള്‍പ്പാര്‍പ്പില്ലാതിരുന്ന പസഫിക് ദ്വീപുകളില്‍ കുടിയേറി ആവാസമുറപ്പിച്ചു. അങ്ങനെ അതിസാഹസികമായൊരു പര്യവേഷണത്തിലൂടെ തികച്ചും പുതിയ ഒരു ഭൂപ്രദേശം കണ്ടെത്തി അവിടെ ജീവിതവും സംസ്കാരവും പടുത്ത ജനതയുടെ ആവാസദേശത്തെയാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഒരു വെള്ളക്കാരന്‍ ‘കണ്ടുപിടിച്ചു’ കളഞ്ഞത്! ടോള്‍ടെക്, അസ്റ്റെക് തുടങ്ങി വേറെയും പ്രബലരായ ജനങ്ങവിഭാഗങ്ങളും അടങ്ങുന്നതായിരുന്നു അവിടുത്തെ സമൂഹം.
ഈ ജനതയെയും സംസ്കാരത്തെയുമാണ് കൊളോണിയല്‍ ശക്തികള്‍ നിഷ്ഠുരം നശിപ്പിച്ചത്. കൊളംബസിനു ശേഷം 1519ല്‍ ഹെര്‍നാന്റോ കോര്‍ട്ടസിന്റെ നേതൃത്വത്തില്‍ സ്പാനിയാര്‍ഡുകള്‍ മെക്സിക്കോയില്‍  ആദ്യ യൂറോപ്യന്‍ കോളനിയുണ്ടാക്കി. അതിനും മുമ്പ് 1497ല്‍ ജോണ്‍ കാബട്ട് ഇന്നത്തെ ന്യൂ ഫൌണ്ട്‌ലാന്റില്‍ വന്നിറങ്ങി, ആ പ്രദേശത്തിന്റെ ‘ഉടമാവകാശം’ ഇംഗ്ലീഷുകാര്‍ക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെബ്രാള്‍ ബ്രസീലില്‍ വന്നത് നാം മുകളില്‍ കണ്ടല്ലോ? ഏതായാലും സ്പെയിന്‍‌കാര്‍ മയന്‍ സംസ്കൃതിയെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.
പ്രകൃതിയോടിണങ്ങി, അതിനെ സംരക്ഷിച്ചു മുന്നോട്ടു പോവുന്ന ജീവിതരീതിയായിരുന്നു ആദിവാസികളുടേത്. അവര്‍ അതിഥികളെ ആദരിക്കുന്നവരും നിഷ്കളങ്കരുമായിരുന്നു. സാന്‍സാല്വദോറില്‍ വന്നിറങ്ങിയ കൊളംബസിനെ ദേശവാസികളായ ടെയിനോ ഗോത്രക്കാര്‍ സ്വീകരിച്ചു. അയാള്‍ സ്പാനിഷ് രാജ്ഞിക്കും രാജാവിനുമെഴുതിയ കത്തില്‍ “മെരുക്കമുള്ളവരും ശാന്തരുമായ ജനത, അയല്‍ക്കാരെ അവരെപ്പോലെ സ്നേഹിക്കുന്നവര്‍, ചിരിച്ചു കൊണ്ട് മധുരതരമായി സംസാരിക്കുന്നവര്‍, കുലീനമായ സമ്പ്രദായങ്ങള്‍ക്കുടയവര്‍ എന്നെല്ലാം ടെയിനോകളെ വിശേഷിപ്പിച്ചു. എന്നാല്‍ ഒരു നൂറ്റാണ്ടു തികയും മുമ്പ് കൊളംബസിന്‍റെ നാട്ടുകാര്‍ ടെയിനോകളെ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞു. (സത്യത്തില്‍ ആരാണ് യേശുവിന്റെ ആള്‍ക്കാര്‍? കോളംബസും കൂട്ടരുമോ അതോ അയല്‍ക്കാരെ തങ്ങളെപ്പോലെത്തന്നെ സ്നേഹിക്കുന്നവര്‍ എന്ന് അയാള്‍ തന്നെ വിശേഷിപ്പിച്ച ഈ ആദിമ ഗോത്രക്കാരോ?)
‘പുതിയ ഭൂമി’യുടെ മേലുള്ള അധികാരത്തിനു വേണ്ടി സ്പാനിയാര്‍ഡുകളും പറങ്കികളും വാദിച്ചു. മാര്‍പ്പാപ്പ രണ്ടു കൂട്ടര്‍ക്കുമായി അത് ‘ഭാഗിച്ചു’ കൊടുത്തു. കേപ്‌വെര്‍ദി ദ്വീപുകള്‍ക്ക് 370 ലീഗ് (1ലീഗ്= 3.5നാഴിക) പടിഞ്ഞാറ് ഒരു വര വരച്ച് അതിന്റെ കിഴക്കുള്ള എല്ലാ സ്ഥലങ്ങളും പോര്‍ച്ചുഗലിനും ബാക്കി സ്പെയിനിനും കൊടുത്തു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വീതംവെപ്പിനെ അംഗീകരിച്ചില്ല. ഏറ്റവും കത്തോലിക്കനായ ഫ്രഞ്ച് ചക്രവര്‍ത്തി പോലും. ഇംഗ്ലീഷുകാരും ഡെയിനുകളും സ്വീഡുകളും വടക്കേ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും കോളനികള്‍ സ്ഥാപിച്ചു തുടങ്ങി. തൊട്ടുടനെ ഡച്ചുകാരും.
ഹെര്‍നാന്റോ കോര്‍ട്ടസ് കോളനി സ്ഥാപിച്ചതിനെത്തുടര്‍ന്ന് 1534-41 കാലത്ത് ജാക്വസ് കോര്‍ട്ടിയര്‍ സെന്റ് ലോറന്‍സ് നദീമുഖങ്ങളില്‍ ഫ്രഞ്ച് അധീശത്വം സ്ഥാപിച്ചു. 1624ല്‍ ഡച്ചുകാര്‍ മാന്‍‌ഹാട്ടന്‍ ദ്വീപില്‍ ന്യൂ ആംസ്റ്റര്‍ഡാം കോളനിയുണ്ടാക്കി. ഇത് പിന്നീട് ഇംഗ്ലീഷുകാര്‍ കൈയേറി ന്യൂ യോര്‍ക് റിപ്പബ്ലിക്കാക്കി. 1638ല്‍ ദെലാവരെ നദീമുഖത്ത് സ്ഥാപിതമായ സ്വീഡിഷ് കോളനി 1650ല്‍ ലന്തക്കാര്‍ പിടിച്ചു. 1664ല്‍ ഇംഗ്ലീഷുകാര്‍ ലന്തക്കാരെ അമേരിക്കയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കി.
ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

വന്‍‌കരയില്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്പാനിയാര്‍ഡുകള്‍ ഗോത്രങ്ങളെ അടിച്ചമര്‍ത്തി. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി അടിമകളാക്കി വിറ്റു.
1607ല്‍ വെര്‍ജീനിയയിലാണ് ഇംഗ്ലീഷുകാരുടെ ആധിപത്യം ആദ്യമായി സ്ഥാപിതമായത്. പിന്നീട് 1620ല്‍ മസാചുസെറ്റ്സിലേക്ക് കുടിയേറിയ ഇംഗ്ലീഷുകാരെ അവിടത്തുകാര്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. കുടിയേറ്റക്കാരുടെ കപ്പലുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. ഇംഗ്ലീഷുകാര്‍ സ്ഥലം കൈയടക്കി കാടു വെട്ടിത്തെളിച്ചു. ഈ സ്ഥലത്തിനവര്‍ ന്യൂ ഇംഗ്ലണ്ട് എന്നു പേരിട്ടു. ഇത്രയുമായപ്പോള്‍ അവിടുത്തെ ആദിവാസിമൂപ്പന്‍ മെറ്റാകോം ഗോത്രങ്ങളെ സംഘടിപ്പിച്ച് സമര്‍ം ചെയ്തു. ഇത് അടിച്ചമര്‍ത്തപ്പെട്ടതോടെ വാമ്പനോവ, നാരഗന്‍ സെറ്റ് എന്നീ ഗോത്രങ്ങള്‍ ഭൂമുഖത്ത് ഇല്ലാതായി. മെറ്റാകോമിനെ കൊന്ന് അദ്ദേഹത്തിന്റെ തലയോട്ടി ദശകങ്ങളോളം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. ഇല്ലിനോയ്ഡില്‍ ചെറുത്തുനിന്ന ഗോത്ര മൂപ്പന്റെ അസ്ഥികൂടം അയോവാ പ്രവിശ്യയിലെ ഗവര്‍ണരുടെ ഓഫീസില്‍ കൌതുകവസ്തുവായി തൂക്കിയിട്ടു.
മാന്‍‌ഹാട്ടന്‍ ദ്വീപുകള്‍ സ്വന്തമാക്കിയ ഡച്ചുകാര്‍ ആദിവാസികളുമായി ഇടഞ്ഞു. തുടര്‍ന്ന് ലന്തക്കാര്‍ രണ്ടു ഗ്രാമങ്ങളിലെ മുഴുവന്‍ സ്ത്രീ പുരുഷന്മാരെയും കുഞ്ഞുങ്ങളേയും രാത്രി ഉറങ്ങിക്കിടക്കവേ വെട്ടിനുറുക്കി ഗ്രാമം തീയിട്ടു നശിപ്പിച്ചു. ഈ പ്രദേശങ്ങളെല്ലാം പിന്നീട് ഇംഗ്ലീഷുകാരുടെ കൈയിലായി. ‘ഭരിക്കാന്‍ അധികാരമുള്ളവരും പരിഷ്കൃതരു’മായ വെള്ളക്കാര്‍ അമേരിക്ക ‘കണ്ടുപിടിച്ച’തിന്റെ ചരിത്രമാണിത്. കുടിയേറിയ വെള്ളക്കാര്‍ ആദിവാസികളെ കൊന്നുമുടിച്ച്, വംശഹത്യയും അക്രമവുമഴിച്ചു വിട്ട് വിജയിപ്പിച്ചെടുത്ത ഒരു ദര്‍ശനത്തിന്റെ തന്നെ പേരാകുന്നു അമേരിക്കയെന്നത്. തങ്ങളുടെ ആധിപത്യം ലോകമെങ്ങും ഇതേ പ്രകാരം ക്രൂരതയഴിച്ചു വിട്ടു കൊണ്ടു തന്നെ സ്ഥാപിച്ചെടുക്കാനുള്ള അവരുടെ വ്യഗ്രതതയാണ് ഇപ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

അമേരിക്ക എന്ന ദര്‍ശനം:

ജീവിതത്തെയും ലോകത്തെയും സങ്കുചിതമായും സ്വാര്‍ത്ഥമായും സമീപിക്കുകയെന്നതാണ് അമേരിക്ക എന്ന വ്യവസ്ഥിതിയുടെ സ്വഭാവം. അതുണ്ടായത് റെഡ് ഇന്ത്യന്‍ ജനതയെ കൊന്നു മുടിച്ചിട്ട്. ആഫ്രിക്കയിലെ സ്വതന്ത്രരായ മനുഷ്യരെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കിയാണ് പിന്നെയതു വികസിച്ചത്. “ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരതില്‍ നാശമുണ്ടാക്കുകയും വംശഹത്യ നടത്തുകയും വിളവുകള്‍ നശിപ്പിക്കുകയും ചെയ്യും” എന്ന് ഖുര്‍‌ആന്‍ പ്രസ്താവിച്ചതിനു തുല്യമായ നിലപാടുകളാണ് അത് സ്വീകരിച്ചത്. പിന്നീട് ഐക്യനാടുകളുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഫാക്റ്ററികള്‍ സ്ഥാപിക്കപ്പെടുകയും ഉല്പാദനബന്ധം ഉടിമയും അടിമയും  എന്നതില്‍ നിന്ന്  തൊഴിലുടമയും തൊഴിലാളിയും എന്നതിലേക്ക് വികസിക്കുകയും ചെയ്തതോടെ അടിമത്തം നിരോധിക്കുകയും തൊഴില്‍ ചൂഷണത്തിന്റെ ഘട്ടം ആരംഭിക്കുകയും ചെയ്തു.
മെറ്റാകോം

മെറ്റാകോം

പ്രപഞ്ചത്തിന്റെയും ജീവന്റെയും അടിസ്ഥാനം കേവലം ഭൌതിക പദാര്‍ത്ഥമാണെന്ന തത്വചിന്തയും ജീവികള്‍ നിരന്തരം പൊരുതിയും അടിച്ചമര്‍ത്തിയുമാണ് അതിജീവിക്കുന്നതെന്നു സിദ്ധാന്തിക്കുന്ന ശാസ്ത്രവും അധിനിവേശത്തിന് സൈദ്ധാന്തിക പിന്‍ബലം നല്‍കുന്നുണ്ട്. ഭൂമിവെട്ടിപ്പിടിത്തവും അധിനിവേശവും നടത്തുന്നവരെ ജേതാക്കളും വിജയികളുമായി ചരിത്രം വാഴ്ത്തുകയും ചെയ്യുന്നു.
ഇങ്ങനെ ഭോഗതൃഷ്ണയുടെ ദര്‍ശനവും മത്സരത്തിന്റെ ലോകവും വെട്ടിപ്പിടുത്തത്തിന്റെ ലോകക്രമവുമുണ്ടായി. നീതി എന്ന മൂല്യത്തിനു പകരം ജീവിതസമരമെന്ന ആശയമുണ്ടായി.
നിരപരാധരായ കോടിക്കണക്കിനാളുകളെ അമേരിക്കന്‍ സാമ്രാജ്യത്വം കൊന്നൊടുക്കിയിട്ടുണ്ട്. ജപ്പാന്‍, വിയറ്റ്നാം, ചിലി, ഇന്തൊനേഷ്യ, ക്യൂബ, സൊമാലിയ, അഫ്ഗാന്‍, ഇറാഖ് … ഈ പട്ടിക പെട്ടെന്നൊന്നും അവസാനിക്കുകയില്ല. ആര്‍ത്തിയുടെ ദര്‍ശനം നിലനില്‍ക്കുവോളം അതു തുടരും.