ഇങ്ങനെയൊരു കുറിപ്പ് ഞാന്‍ ആഗ്രഹിച്ചതല്ല. വേണ്ടിവരുമെന്നു കരുതിയതുമല്ല. മതവും സംസ്കാരവും എന്നി വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ യുക്തിവാദിസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. പരിപാടി തീരുമാനിച്ച ശേഷം യുക്തിവാദി പക്ഷത്ത് തീരുമാനിക്കപ്പെട്ടിരുന്ന സംവാദകന് അസൗകര്യമുള്ളതിനാല്‍ ആളു മാറിയെന്നും വിഷയം മാറ്റണമെന്നും അവര്‍ വിളിച്ചു പറഞ്ഞു. അവര്‍ പറഞ്ഞ വിഷയം എനിക്കു സ്വീകാര്യമായിരുന്നില്ല. അവസാനം എനിക്കും കൂടി സ്വീകാര്യമായ വിഷയം നിശ്ചയിച്ച് മറ്റു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. മതവും ശാസ്ത്രവും എന്നതായിരുന്നു വിഷയം. അയ്യൂബ് മൗലവി എന്ന സുഹൃത്തായിയുന്നു യുക്തിവാദി സംവാദകന്.
പരിപാടി ഭംഗിയായി നടന്നു. ഒരു കോഴിപ്പോരില്‍ താല്പര്യമില്ലെന്നും പറയാനുള്ളത് പറയുകയും അതിലുള്ള അന്വേഷണങ്ങള്‍ക്ക് നല്ല രീതിയില്‍ മറുപടി പറയുകയും ചെയ്യുക, അവരവരുടെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തുക എന്നിവയാണ് സംവാദത്തെക്കുറിച്ച എന്റെ സങ്കല്പമെന്നും ഞാന്‍ ആദ്യമേ സംഘാടകരോട് പറഞ്ഞിരുന്നു. അതേ സമയം പരിപാടിയുടെ പ്രചാരം തുടങ്ങിയതു മുതല്‍ ഫ്രീ തിങ്കേര്‍സ് പോലുള്ള ഫേസ്ബുക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ തന്നെ അവരുടെ താല്പര്യം അത്തരമൊരു പരിപാടിയായിരുന്നില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു. “പി.എം അയൂബ് V/S മുഹമ്മദ് ശമീം” എന്ന് ഏതാണ്ടൊരു ഗുസ്തിമല്‍സരം നടക്കുന്ന രീതിയിലുള്ള ഒന്നായിരുന്നു അത്. ഇതിലുള്ള അതൃപ്തി അവരെ അറിയിച്ചു കൊണ്ടു തന്നെയാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത്.
ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നതിനുള്ള കാരണം പക്ഷേ അതല്ല. പ്രോഗ്രാമിനെ വിശകലനം ചെയ്തു കൊണ്ട് ഫ്രീ തിങ്കേര്‍സില്‍ നടക്കുന്ന ചര്‍ച്ച ഞാന്‍ പിന്തുടര്ന്നു. അതില്‍ എന്റെ അവതരണത്തെസ്സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്നില്‍ വളരെയധികം കൗതുകം ജനിപ്പിച്ചു. അത് വായിച്ചപ്പോള്‍ മനസ്സിലായത് ഒന്നുകില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കു മനസ്സിലായില്ല, അല്ലെങ്കില്‍ എനിക്ക് കാര്യങ്ങള്‍ വേണ്ട വിധം അവതരിപ്പിക്കാനായില്ല, അതുമല്ലെങ്കില്‍ എന്റെ വാക്കുകളെ കേവലം ഉപരിപ്ലവമായി മാത്രം വായിക്കുകയോ മനഃപൂര്‍വ്വം വളച്ചൊടിക്കുകയോ ചെയ്തു. എന്തായാലും പ്രസംഗവുമായി ബന്ധപ്പെട്ട എന്റെ പരിചയവും അനുഭവവും വച്ച്, കാര്യങ്ങള്‍ വേണ്ട വിധം അവതരിപ്പിക്കാന്‍ എനിക്കു പറ്റാതെ വന്നിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാലും ചില വിശദീകരണങ്ങള്‍ ആവശ്യമാണെന്നു തോന്നിയതിനാലാണ് ഇവിടെയിത് പോസ്റ്റുന്നത്.
മതവും ശാസ്ത്രവും എന്നതായിരുന്നു വിഷയമെങ്കിലും അവതരണത്തില്‍ അയ്യൂബ് മൗലവി ഖുര്‍ആനിനെതിരായ പഴയ വിമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. അതേസമയം എന്റെ ഊഴമെത്തിയപ്പോള്‍ അതിന് മറുപടി പറയാനൊന്നും ഞാന്‍ പോയില്ല. ശാസ്ത്രത്തോടുള്ള മതത്തിന്റെ സമീപനത്തിന്റെ തത്വശാസ്ത്രം എന്താണെന്നു വിവരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ യുക്തിവാദം ശാസ്ത്രത്തെ എങ്ങനെയാണ് സമീപിക്കുന്നത് എന്നത് താത്വികമായി വിവരിക്കാന്‍ മൗലവി മിനക്കെട്ടില്ല. ഒരു പക്ഷേ ശാസ്ത്രം എന്തു പറഞ്ഞാലും ശരി എന്നും ജീവിതത്തെ നിര്‍ണയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ശാസ്ത്രം എന്നും അദ്ദേഹം കരുതുന്നുണ്ടാവാം.
മതവും ശാസ്ത്രവും എന്നതാണ് വിഷയം. എന്റെ അവതരണത്തിന് നാല് ഭാഗങ്ങളുണ്ടായിരുന്നു. 1) ജ്ഞാനത്തോടുള്ള മതത്തിന്റെ സമീപനം, 2) മതത്തിന്റെ ശാസ്ത്രീയ ജീവിതവീക്ഷണം അഥവാ അതിന്റെ തത്വചിന്തയും ഡയലക്റ്റിക്സും, 3) ശാസ്ത്രവും തത്വശാസ്ത്രവും ആധുനികശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രവും, 4) ആധുനിക ശാസ്ത്രത്തെപ്പറ്റി ഇസ്ലാമിക ചിന്താലോകത്തുണ്ടായ ചര്‍ച്ചകളുടെ വികാസങ്ങള്‍.
അവതരണത്തെത്തുടര്‍ന്നുണ്ടായ അവസരങ്ങളില്‍ ഞാന്‍ മൗലവിയുടെയും സദസ്സിന്റെയും ചോദ്യങ്ങള്‍ക്ക് എന്നെക്കൊണ്ടാവുന്ന വിധം മറുപടി പറഞ്ഞു.
ഇനി ഫ്രീ തിങ്കേര്‍സിലെ വിശകലനങ്ങളിലേക്കു വരാം. ആദ്യമാദ്യം ഒരാരോപണമായിരുന്നു അതിലുണ്ടായിരുന്നത്. അയൂബ് വിഷയം കൃത്യമായിപ്പറഞ്ഞു, എന്നാല്‍ ശമീം വിഷയം പറയാതെ ഫിലോസഫി പറഞ്ഞു കളഞ്ഞു എന്നതായിരുന്നു അത്. സവിനയം ഒരു കാര്യം ചോദിക്കട്ടെ, പറയാന്‍ പ്രത്യേകിച്ചൊരു ഫിലോസഫി അയ്യൂബിനില്ലാതെ പോയത് എങ്ങനെയാണ് ശമീമിന്റെ കുറ്റമാകുന്നത്? മാത്രവുമല്ല, മതത്തെയോ ശാസ്ത്രത്തെയോ സംബന്ധിച്ച എന്തെങ്കിലും ദര്‍ശനമവതരിപ്പിക്കാതെ എണ്‍പതുകളില്‍ ഈയുള്ളവന് യുക്തിവാദിയായി നടന്നിരുന്ന കാലത്ത് മുസ്ലിയാക്കന്മാരോടു ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോ അയ്യൂബ് മൗലവി ചെയ്തത്. (സാധാരണ പഴകിയ വീഞ്ഞിന്റെ കുപ്പി മാറ്റാറുണ്ട്, എന്നാല്‍ ഇവിടെ അതു പോലുമുണ്ടായില്ല, അതേ കുപ്പി, അതേ വീഞ്ഞ്). അവര്‍ പ്രതീക്ഷിക്കുന്ന ഒരു പരമ്പരാഗതമതപ്രസംഗം ഞാന്‍ നടത്തിയില്ലെന്നത് അവരെ വിഷമിപ്പിച്ചിരിക്കാം.
ഇനി ചില കാര്യങ്ങളില്‍ ഞാന്‍ പറഞ്ഞതെന്ത്, “സ്വതന്ത്ര ചിന്തകന്മാര്” മനസ്സിലാക്കിയതെന്ത് എന്ന് അക്കമിട്ടു വിശദീകരിക്കാം.
1) വിഷയം അവതരിപ്പിക്കുമ്പോള്‍ ആധുനിക ശാസ്ത്രത്തെപ്പറ്റി ഇസ്ലാമിക ചിന്താലോകത്തുണ്ടായ ചര്‍ച്ചകളുടെ വികാസങ്ങള്‍ വിവരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത്, അയ്യൂബ് മൗലവി ആധുനികശാസ്ത്രത്തോടുള്ള സമീപനം പഠിക്കാന്‍ പഴയ തഫ്സീറുകള്‍ മാത്രം തെരഞ്ഞിട്ടു കാര്യമില്ല, അതിന് പുതിയ ചിന്തകളും വ്യാഖ്യാനങ്ങളും പഠിക്കണം.
# ഫ്രീ തിങ്കേര്‍സില്‍ പറയുന്നത്, ശമീം തഫ്സീറുകളെ പുച്ഛിച്ചു തള്ളിക്കളഞ്ഞു.
2) അതേ ഭാഗത്തു തന്നെ ശാസ്ത്രത്തെ ദൈവികദൃഷ്ടാന്തങ്ങളുടെ പ്രകാശനമായി മനസ്സിലാക്കുന്ന സമീപനം പറഞ്ഞപ്പോള്‍ ഞാന്‍ മോറിസ് ബുക്കായിയെപ്പറ്റി പരാമര്‍ശിച്ചു. സകല കണ്ടുപിടുത്തങ്ങളും ഖുര്‍ആനില്‍ തെരയുന്ന പ്രവണതയായി അത് വികസിച്ചപ്പോള്‍ ബുക്കായിസം എന്നു പേരിട്ടു കൊണ്ട് പിന്നീട് വന്ന ചിന്തകന്മാര് ഇതിനെ വിമര്‍ശിച്ചു. ബുക്കായിസത്തെ ഞാനും അംഗീകരിക്കുന്നില്ല, എന്നാല്‍ മോറിസ് ബുക്കായി വിജ്ഞാനരംഗത്തും ഇസ്ലാമിന്റെ ശാസ്ത്രവായനയിലും ചെയ്തിട്ടുള്ള വലിയ സേവനങ്ങളെ നിരാകരിക്കാനും ഞാനാളല്ല.
# സ്വതന്ത്രചിന്തകന്മാര് പ്രചരിപ്പിക്കുന്നതോ, മോറിസ് ബുക്കായിയെത്തന്നെ ഞാന്‍ തള്ളിക്കളഞ്ഞുവെന്നും അതു വഴി എം.എം അക്ബറിന്റെയും മറ്റും പോസ്റ്റില്‍ ഞാന്‍ ഗോളടിച്ചെന്നും.
3) ഖുര്‍ആനാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണം. അതേ സമയം ഇതിന്റെ ഒന്നാമത്തെ പ്രായോഗിക മാതൃകയാണ് നബിയുടെ സുന്നത്ത്. സുന്നത്ത് മനസ്സിലാക്കുന്നതിനു വേണ്ടി ഹദീസുകളുടെ സമാഹാരം ഉപയോഗിക്കുന്നു. ഇതില്‍ത്തന്നെ മുസ്ലിംകളിലെ വലിയൊരു വിഭാഗം ബുഖാരി ഉദ്ധരിച്ച ഹദീസുകള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നു. എന്നാല്‍ ബുഖാരി ഉള്‍പ്പെടെയുള്ള എല്ലാ ഗ്രന്ഥങ്ങളിലെയും ഹദീസ് നിദാനശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ച് വിലയിരുത്തപ്പെടാറുണ്ട്. ഖുര്‍ആനിനോ കേവലയുക്തിക്കോ നിരക്കാത്ത ഒരു വര്‍ത്തമാനവും ബുഖാരിയല്ല, അല്ലാഹുവിന്റെ മലക്ക് ജിബ്രീല്‍ തന്നെ വന്നു പറഞ്ഞാലും അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ല.
# എന്നാല്‍ ഞാന്‍ ഹദീസുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞുവെന്ന് സ്വതന്ത്രചിന്തകന്മാര് കണ്ടുപിടിച്ചു കളഞ്ഞു.
4) ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ കണ്ടെത്താന്‍ ഖുര്‍ആന്‍ നോക്കേണ്ടതില്ല. മനുഷ്യന്റെ അന്വേഷണങ്ങളെ മുരടിപ്പിക്കുന്ന ഒരു നിലപാട് വേദഗ്രന്ഥം സ്വീകരിക്കില്ല. പ്രകൃതിയിലെ സകല പ്രതിഭാസങ്ങളെക്കുറിച്ചും അന്വേഷണം നടത്താനാണ് അതാവശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളും നമ്മളാണ് നടത്തേണ്ടത്.
# യുക്തിചിന്തകന്മാരാകട്ടെ, ഖുര്‍ആന്‍ ശാസ്ത്രവിരുദ്ധമാണെന്ന് ഞാന്‍ സമ്മതിച്ചുവെന്ന് ആശ്വസിക്കുകയോ അങ്ങനെ പ്രചരിപ്പിച്ചു കൊണ്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നു.
ഇതോടനുബന്ധിച്ച് മറ്റൊരു തമാശയുമുണ്ട്. BOOK OF SCIENCE അല്ല, BOOK OF SIGNS ആണ് ഖുര്‍ആന്‍ എന്നു ഞാന്‍ പറഞ്ഞിരുന്നു. സൈന്‍സ് എന്നു പറഞ്ഞാല്‍ അടയാളങ്ങള്‍ എന്നു കൂട്ടിച്ചേര്‍ത്തു. ഇടയ്ക്കുറങ്ങിപ്പോയ ഒരു സ്വതന്ത്രചിന്തകന് ഇതില്‍ ഒന്നാമത്തെ വാക്യം കേട്ടില്ല. രണ്ടാമത്തേതില്‍ സൈന്‍സ് എന്നു പറഞ്ഞത് സയന്‍സ് എന്നു കേള്‍ക്കുകയും ചെയ്തു. എന്നിട്ടൊരുപദേശം, ശമീമേ, സയന്‍സ് എന്നു പറഞ്ഞാല്‍ അടയാളങ്ങള്‍ എന്നല്ല, ശാസ്ത്രം എന്നു തന്നെയാ അര്‍ത്ഥമെന്ന്. എങ്ങനെയുണ്ട്?
5) അതോടൊപ്പം നീട്ടിപ്പരത്തിയ ഭൂമിയെപ്പറ്റിയുള്ള ഖുര്‍ആന്റെ പരാമര്‍ശം ജീവിതത്തിന്റെ വിശാലതയെപ്പറ്റി പഠിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും ഭൂമിയുടെ ആകൃതി വേദത്തിന്റെയല്ല, ശാസ്ത്രത്തിന്റെ വിഷയമാണെന്നും ഞാന്‍ പറഞ്ഞു. തന്നെയുമല്ല, ഒരര്‍ത്ഥത്തില്‍ ഇത് ഖുര്‍ആനിലെ ശാസ്ത്രസൂചനയാണെന്നും കരുതാമെന്നു വിശദീകരിച്ചു. കാരണം ഏതൊരു ബിന്ദുവില്‍ നിന്നു നോക്കിയാലും ഒരേ പരപ്പനുഭവപ്പെടുന്ന ഒരേയൊരു ക്ഷേത്രഗണിതരൂപം ഗോളമാണല്ലോ. ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ് വേദം.
# അപ്പോള്‍ സ്വതന്ത്രചിന്തകർ പറയുന്നു, ഭൂമിയുടെ ആകൃതിയുടെ കാര്യത്തില്‍ ഖുര്‍ആനിന് തെറ്റു പറ്റിയെന്ന് ശമീം സമ്മതിച്ചിരിക്കുന്നു. (ഹൊ.., എന്തൊരു സമാധാനം). ഒരാള്‍ പറഞ്ഞതാകട്ടെ, ഭൂമിയിലുള്ളവരുടെ കാഴ്ചയെപ്പറ്റിയാണ് ഖുര്‍ആന്‍ പറഞ്ഞതെന്നാണ് ഞാന്‍ പറഞ്ഞതെന്നാണ്. ഞാന്‍ പറഞ്ഞത് അതല്ല, ഭൂമിയിലുള്ളവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഭൂമി എന്ന പ്രതലത്തിന്റെ സാധ്യതയെപ്പറ്റിയാണ് ഖുര്‍ആന്‍ വിവരിക്കുന്നത് എന്നാണ്.
6) അനന്തരാവകാശം ആയിരുന്നല്ലോ അയൂബ് മൗലവിയുടെ ഇഷ്ടവിഷയം. ഈ വിഷയം പറയുമ്പോള്‍ ഞാന്‍ സൂക്ഷ്മവിശദാംശങ്ങളില് ഖുര്‍ആനിലോ സുന്നത്തിലോ പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ നേരിടുമെന്നും അപ്പോള്‍ ഇതു രണ്ടിന്റെയും കല്പനയില് നിലനിന്നു കൊണ്ട് സ്വന്തമായ തീരുമാനങ്ങളെടുക്കാമെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ ശേഷം മൗലവി പറഞ്ഞ പ്രശ്നം പരിഹരിക്കുന്നതിന് പണ്ഡിതന്മാര് നിര്‍ദ്ദേശിച്ച രീതി വിവരിച്ചു.
അപ്പോള്‍ യുക്തിവാദി പറയുന്നതോ, ഖുര്‍ആന്റെ കണക്ക് തെറ്റാണെന്നും ശരീഅത്ത് ജീവിതത്തില്‍ പ്രായോഗികമല്ലെന്നും ശമീം സമ്മതിച്ചുവെന്ന്.
ഇനിയുമൊരുപാടുണ്ട് തമാശകള്‍. വിസ്താരഭയം നിമിത്തം നിര്‍ത്തുന്നു. ബുദ്ധനെയും കങ് ഫ്യു ചിസിനെയും പിന്നെ ഋഗ്വേദത്തെയുമൊക്കെ ഉദ്ധരിച്ചതിനെയും ഒരാള്‍ പരിഹസിച്ചു. സ്വന്തം ഇക്കാക്കമാരെയൊന്നും കിട്ടാഞ്ഞിട്ടാണോ എന്ന്. സത്യം പറഞ്ഞാല്‍ ഇവരും എന്റെ സ്വന്തം ഇക്കാക്കമാര് തന്നെയാണ്. പോരാത്തതിന് മതവും ശാസ്ത്രവും എന്നതാണ്, ഇസ്ലാമും ശാസ്ത്രവും എന്നതായിരുന്നില്ല ചര്‍ച്ചാ വിഷയം.
സംവാദങ്ങള്‍ പരസ്പരം അറിയാന്‍ വേണ്ടിയുള്ളതാണ്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാകട്ടെ, സത്യസന്ധവുമായിരിക്കണം. ജയം അവകാശപ്പെടാനുള്ള ഒരു ഗെയിമും ഞാനവിടെ നടത്തിയിട്ടില്ല. ഇപ്പോള്‍ ഇത്രയും വിശദീകരിക്കാന്‍ തന്നെ ഞാന്‍ നിര്ബ്ബന്ധിതനായതാണ്. (അവിടെ അവതരിപ്പിച്ച വിഷയം പറ്റിയാല്‍ പിന്നീട് പോസ്റ്റുന്നുണ്ട്).