ഒരു കണ്ണ് നഷ്ടപ്പെട്ട്, പകരം ഗ്ലാസ്സിന്റെ കൃത്രമക്കണ്ണ് പിടിപ്പിച്ചിരുന്ന നാസി പട്ടാള ഓഫീസര്‍ തടവുകാരനായ ഒരു ജൂതനോടു പറഞ്ഞു: “എന്റെ രണ്ടു കണ്ണുകളില്‍ ഏതാണ് ഗ്ലാസ്സു കൊണ്ടുള്ളതെന്ന് കൃത്യമായിപ്പറഞ്ഞാല്‍ നിന്നെ വെറുതെ വിടാം.”
അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കിയ ശേഷം യഹൂദന്‍ പറഞ്ഞു: “സര്‍., താങ്കളുടെ ഇടതുകണ്ണാണ് ഗ്ലാസ്സിന്റേത്.”
“കൊള്ളാം. തനിക്കതെങ്ങനെ മനസ്സിലായി?”
“ആ കണ്ണിലാണ് സര്‍ എന്നോടല്പം ദയയുള്ളത്.”
***** ***** ***** *****
പൌരാണിക റോമിലെ അധികാര ചിഹ്നമാണ് ഫാഷിയ (fascia). റോമന്‍ ഭടന്റെ (lictor) കൈയിലെ മഴുവും ഇരുമ്പു ദണ്ഡുകളും എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം (bundle of rods with an axe carried by lictor). രാഷ്ട്രീയം തീര്‍ത്തും അധികാര കേന്ദ്രിതവും അധികാരം ആയുധബലത്തിലധിഷ്ഠിതവുമായിരിക്കുന്ന ഒരവസ്ഥയുടെ പ്രതീകമാണത്.
ഫാഷിയ എന്ന വാക്കില്‍ നിന്നുണ്ടായതാണ് ഫാഷിസം. ഫാഷിസം അധികാരത്തില്‍ മാത്രം വിശ്വസിക്കുന്നു. കരുത്തും അതിജീവനശേഷിയുമാണ് അതംഗീകരിക്കുന്ന മൂല്യങ്ങള്‍. അധികാരപ്രാപ്തിക്ക് അക്രമവും യുദ്ധവും ന്യായമാണെന്നും അതു വിശ്വസിക്കുന്നു.

ഇന്ത്യന്‍ ഫാഷിസത്തിന്റെ ആധാരം ദേശീയമായ അപമാനത്തെക്കുറിച്ച വ്യാജവാദങ്ങളാണ്. ദേശീയതയുമായി ബന്ധപ്പെട്ട് ഏകമുഖമായ ഒരു സാംസ്കാരിക വീക്ഷണം മുന്നോട്ടു വെക്കുകയും ഇതരസമൂഹങ്ങളെയും സംസ്കാരങ്ങളെയും ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്തു. ചരിത്രത്തെ വികലമാക്കി, അസത്യത്തെ ചരിത്രമാക്കി. ഫാഷിസ്റ്റ് തത്വദര്‍ശനത്തിനു കീഴില്‍ അസത്യം ഒരു മാനസികാവസ്ഥ തന്നെയായി മാറുന്നു. യാഥാര്‍ത്ഥ്യത്തെ വസ്തുതാപരമായി നേരിടാനുള്ള ഭയത്തില്‍ നിന്നാണ് ഈ മാനസികാവസ്ഥയുണ്ടാകുന്നത് (ഉണ്ണി.ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008 നവംബര്‍ 23). യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനുള്ള ശേഷിക്കുറവില്‍ നിന്നാണ് ഒരാള്‍ ഫാഷിസ്റ്റിലേക്ക് മന:പരിവര്‍ത്തനം ചെയ്യുന്നത് (അതേ ലേഖനം). ഈ മന:പരിവര്‍ത്തനത്തെ മൃഗപരിവര്‍ത്തനം എന്നു വിശേഷിപ്പിക്കുന്നു കെ.ഇ.എന്‍. (പച്ചക്കുതിര 2008 നവംബര്‍). ഒറീസ്സയിലെ പ്രശ്നം മതപരിവര്‍ത്തനമല്ല, മൃഗപരിവര്‍ത്തനമാണെന്ന് അദ്ദേഹമെഴുതി. യഥാര്‍ത്ഥത്തില്‍ ഫാഷിസം തുല്യതയില്ലാത്തൊരു രാക്ഷസീയപരിവര്‍ത്തനത്തില്‍ മനുഷ്യനെക്കൊണ്ടെത്തിക്കുന്നു.
ഭയം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വ്യാജവാദങ്ങള്‍:
വ്യാജവാദങ്ങളും വ്യാജപരിവേഷങ്ങളുമാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ അക്രമത്തിന് ന്യായമാക്കുക. പ്രത്യേക വിഭാഗങ്ങളും പ്രത്യേക ദേശങ്ങളുമായി ബന്ധപ്പെട്ട് വിഭ്രാന്തി ജനിപ്പിക്കാറുണ്ടവര്‍. ‘ശത്രു’വിന്റെ ശേഷിയെ പൊലിപ്പിച്ചു കാണിക്കാന്‍ ഹിറ്റ്‌ലറും മുസ്സോലിനിയും നിര്‍ദ്ദേശിച്ചിരുന്നു. മുസ്‌ലിംകളെയും കമ്യൂനിസ്റ്റുകളെയും കൂറിച്ച ഭയമുണ്ടാക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെ ഫാഷിസ്റ്റുകള്‍ മലപ്പൂറം, കണ്ണൂര്‍ ജില്ലകളെപ്പറ്റി വിഭ്രാന്തി ജനിപ്പിക്കുന്നത്. ഭയം ഉല്‍പ്പാദിപ്പിച്ചുകൊണ്ട് മാത്രമാണ് ഫാഷിസം നില നില്‍ക്കുന്നത്.1933ല്‍ ജര്‍മന്‍ പാര്‍ലിമെന്റില്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ അതിന്റെ കുറ്റം ചാര്‍ത്തപ്പെട്ടത് കമ്യൂനിസ്റ്റുകളിലായിരുന്നു. എന്നാല്‍ അത് തങ്ങള്‍ തന്നെ ചെയ്തതാണെന്ന് ന്യൂറംബര്‍ഗ് വിചാരണയില്‍ നാസികള്‍ തന്നെ സമ്മതിച്ചു. ഗോധ്ര മുതല്‍ പാര്‍ലിമെന്റ് ആക്രമണം വരെയുള്ള കേസുകളില്‍ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. മാലെഗാവ്, മക്കാ മസ്ജിദ്, സംജോത തുടങ്ങിയ സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വികാസങ്ങളേയും ഓര്‍ക്കുക. ആശയങ്ങളുടെ ആവര്‍ത്തനത്തിന്റെ പ്രാധാന്യം ഹിറ്റ്‌ലറൂടെ സഹപ്രവര്‍ത്തകനായിരുന്ന ഗീബല്‍സ് നിരന്തരം ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഏതു നുണയേയും സത്യമാക്കി മാറ്റാമത്രെ.
സങ്കുചിത ദേശീയത; അപരവല്‍ക്കരണം:
ഫാഷിസ്റ്റ് ദേശീയതാ സങ്കല്പം ദേശസ്വത്വത്തെ നിഷേധാത്മകമായാണ് സമീപിക്കുന്നത്. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്കാരം ഏകപക്ഷീയമാണെന്ന ചിന്തയാണത്. വംശീയതയാണിതിന്റെ ആധാരം. ഇറ്റാലിയന്‍ വംശജര്‍ അവരുടെ വംശവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നു അതിനാലവര്‍ ഉന്നതരാണെന്നും മുസ്സോലിനി പ്രഖ്യാപിച്ചു. ജര്‍മന്‍ ആര്യന്മാരെപ്പറ്റി ഹിറ്റ്‌ലറും ഇതു തന്നെ പറഞ്ഞു. ഇന്ത്യയിലെ സാംസ്കാരിക ദേശീയതാവാദികള്‍ ബ്രാഹ്‌മണദേശീയതയുടെ പ്രതിനിധികളാണ്. ഈ ബ്രാഹ്‌മണ ദേശീയതയാകട്ടെ, ഇന്ത്യക്കാര്‍ തന്നെയായ ബഹുഭൂരിപക്ഷത്തിനും (സ്ത്രീകള്‍, കീഴാളപക്ഷക്കാര്‍, അയിത്തജാതിക്കാര്‍, ഗോത്രസമൂഹങ്ങള്‍ …..) പൂര്‍ണ്ണ മനുഷ്യരായിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്യുന്നു. (മീരാനന്ദ:prophets facing backwards). ഗോത്രസമൂഹങ്ങള്‍ കാട്ടുവാസികളാണ്. ഉന്നതമായ സാഹോദര്യബോധവും മാനവികതയും പിലര്‍ത്തിയിരുന്ന നിഷാദരെക്കുറിച്ച നീചസങ്കല്പം പൊതുബോധത്തിലേക്ക് കടത്തിവിട്ടത് ബ്രാഹ്‌മണ പുരാണങ്ങളാണ്. നീചപ്രവൃത്തികളെ കിരാതം, കാട്ടാളത്തം എന്നെല്ലാം വിശേഷിപ്പിക്കുന്ന പ്രവണത നമ്മുടെ വ്യവഹാരഭാഷയുടെ തന്നെ ഭാഗമായിട്ടുണ്ടല്ലോ. ഭാഷ പോലും അപകടകരമാം വിധം ഹൈജാക്ക് ചെയ്യപ്പെടുന്നു.
പാപിയും അധര്‍മിയുമായ വേനരാജാവിന്റെ മക്കളില്‍ ‘കറമ്പനും കുള്ളനു’മായ നിഷാദന്‍ വേനന്റെ പാപവുമായി കാട്ടില്‍ച്ചെന്ന് ‘അപരിഷ്കൃതരും പാപതല്പരരുമായ’ നിഷാദന്മാര്‍ക്ക് (കാട്ടാളന്മാര്‍ക്ക്) ജന്മം നല്‍കി. ‘അഗ്നിയുടെ നിറ‘മുള്ള പൃഥു നായകനും അവതാരവുമായി വാഴ്ത്തപ്പെട്ടു. മിത്തുകള്‍ ചിലപ്പോള്‍ വരേണ്യമായ താല്പര്യങ്ങളില്‍ നിന്നാണ് ജനിക്കുന്നത്. ഇവിടെ ധര്‍മാധര്‍മങ്ങളുടെ നിര്‍ണ്ണയത്തിന് വംശവും വര്‍ണ്ണവും ആധാരമായിത്തീരുന്നു. ഔന്നത്യനീചത്വങ്ങള്‍ക്ക് നിദാനവും അതു തന്നെ. കറുത്തവനെ ഫാഷിസ്റ്റ് വംശീയത പാപിയെന്നും വര്‍ണ്ണ സാമ്രാജ്യത്വം അപരിഷ്കൃതനെന്നും മുദ്ര കുത്തുന്നു.
അപരവല്‍ക്കരണം വംശീയതയുടെ മുഖമുദ്രയാണ്. അപരന്‍ പാപിയും കൊള്ളരുതാത്തവനുമായിരിക്കും അതിന്റെ കാഴ്ചയില്‍. പൌരാണിക ഈജിപ്തില്‍ കോപ്റ്റിക് വംശീയതയുടെ ഇരകളായിരുന്ന യിസ്രായേല്യര്‍ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായിര്‍ത്തീരുന്നു. ‘ജാതിക’ളോടുള്ള അവരുടെ സമീപനം അതാണ് സൂചിപ്പിക്കുന്നത്. പിന്നീടാകട്ടെ, വര്‍ണ്ണവും വംശവും ഉല്‍കൃഷ്ടതയുടെ മാനദണ്ഡങ്ങളായിത്തീരുന്ന ഫാഷിസ്റ്റ് ചിന്തയുടെ ഇരകളായി നാസി ജര്‍മനിയില്‍ അവര്‍ മാറി. എന്നാലോ, പുതിയ കാലത്ത് സയണിസ്റ്റ് ചിന്താഗതിക്കു കീഴില്‍ അവര്‍ അവരുടെ വംശീയ മിഥ്യാഭിമാനത്തെ ഏറ്റവും ആക്രാമകമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.
ശ്രേണീബദ്ധമായ ഒരു സാമൂഹ്യക്രമത്തെയാണ് ഫാഷിസം പ്രോത്സാഹിപ്പിക്കുക.“ഫാഷിസം എക്കാലത്തും വിശുദ്ധിയിലും വീരഭാവത്തിലും വിശ്വസിക്കുന്നു. … മനുഷ്യസമൂഹത്തിന് മാറ്റാന്‍ പറ്റാത്തതും പ്രയോജനപ്രദവും സഫലവുമായ അസമത്വത്തെ ഫാഷിസം സ്ഥിരീകരിക്കുന്നു” (മുസ്സോലിനി).
ശാസ്ത്രവും ചരിത്രവും പുരാവൃത്തങ്ങളും:
ആര്യ വംശീയ ദേശീയതയുടെ മൂലതത്വങ്ങളിലേക്കുള്ള തിരിച്ചു പോക്ക് തികച്ചും ശാസ്ത്രീയമായ ഒരു നിലപാടായിരിക്കുമെന്നു സമര്‍ത്ഥിക്കാന്‍ ഇന്ത്യന്‍ ഫാഷിസം ശ്രമിക്കുന്നു. സമഗ്രമായ ഒരു ശാസ്ത്ര ധാര വേദ, പുരാണങ്ങളില്‍ ആദ്യമേ ഉണ്ടായിരുന്നെന്ന അവകാശവാദമുന്നയിക്കുകയാണ് ഒരു ഭാഗത്ത്. അങ്ങനെയാണ് വേദിക് സയന്‍സും വേദിക് മാത്തമാറ്റിക്സുമൊക്കെയുണ്ടാവുന്നത്. (വേദങ്ങളുടെ ധര്‍മം ശാസ്ത്രം പഠിപ്പിക്കലല്ല. ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കലാണ്). യക്ഷിക്കഥയിലെ പറക്കും തളികയും മാന്ത്രികവടിയും പോലെയോ മറ്റോ പുരാണകഥകളില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പകവും ദിവ്യാസ്ത്രവുമൊക്കെ വിമാനത്തിന്റെയും അണുബോംബിന്റെയും പൂര്‍വ്വമാതൃകകളായും സങ്കല്‍പ്പിച്ചു തുടങ്ങി. മറ്റൊരു വശത്താകട്ടെ, ജ്യോതിഷവും മന്ത്രവാദവും പോലെയുള്ള അശാസ്ത്രീയ കപടവ്യവഹാരങ്ങള്‍ക്കും ശുദ്ധാശുദ്ധങ്ങളുമായി ബന്ധപ്പെട്ട അയുക്തിക ധാരണകള്‍ക്കും ശാസ്ത്ര പഠന വിഷയങ്ങളില്‍ സ്ഥനം നല്‍കാനും ശ്രമിക്കുന്നു.
വംശവിശുദ്ധിയെ ശാസ്ത്രമാക്കുന്നതിന് ഹിറ്റ്‌ലര്‍ അവലംബമാക്കിയത് റോസന്‍ബര്‍ഗിന്റെ ആര്യസിദ്ധാന്തത്തെയാണ്. നവ ആര്യവാദമെന്നറിയപ്പെടുന്ന ഒരു വംശീയ ചരിത്ര ശാസ്ത്ര പാഠം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കുമുണ്ട്. അതിജീവനത്തെക്കുറിച്ച, ഡാര്‍വിന്‍ സിദ്ധാന്തം മുതലാളിത്ത സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെല്ലാം പിടിവള്ളിയായിട്ടുണ്ട്. കീഴടക്കപ്പെട്ടവര്‍ക്കു മേലുള്ള അധിനിവേശവും അടിച്ചമര്‍ത്തലും അങ്ങനെ പ്രകൃതിനിയമം തന്നെയായി. മുസ്സോലിനിയുടെ അഭിപ്രായത്തില്‍ സ്ത്രീക്ക് മാതൃത്വം പോലെയാണ് പുരുഷന് യുദ്ധം. ഫാഷിസം അപരന്മാരും ശത്രുക്കളും ‘നഷ്ടപ്പെടുത്തിക്കളഞ്ഞ’ പ്രതാപൈശ്വര്യങ്ങളെക്കുറിച്ച അസത്യങ്ങളാലും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളാലും വീര്യമുണര്‍ത്താന്‍ ശ്രമിച്ചു,. പണവും അധികാരവും യഹൂദന്റെ കൈയിലാണെന്ന ബോധം സൃഷ്ടിച്ചാണ് ഹിറ്റ്‌ലര്‍ വികാരമിളക്കി വിട്ടത്. ഇന്ത്യന്‍ ഫാഷിസം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അക്രമികളും ഇന്ത്യയുടെ ആന്തരിക ദൌര്‍ബ്ബല്യങ്ങളുമായി ചിത്രീകരിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെയും പെണ്ണുങ്ങള്‍ അപഹരിക്കപ്പെട്ടതിന്റെയും കണക്കുകളുണ്ടാക്കി വിദ്വേഷമുണര്‍ത്തി. അധമ, മ്ലേച്ഛവിഭാഗങ്ങളെ ഉന്മൂലനം ചെയ്തെങ്കിലേ വംശീയവും ദേശീയവുമായ അന്തസ്സ് വീണ്ടെടുക്കാന്‍ കഴിയൂ എന്ന ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് ജീവിക്കാനുള്ള ഒരേയൊരു വഴി നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുക എന്നതാകുന്നു. വെറുപ്പും വിദ്വേഷവുമാണ് നിലനില്‍ക്കുന്ന മൂല്യങ്ങള്‍. ഗര്‍ഭസ്ഥമായ ഒരു ഭ്രൂണത്തോടു പോലും തോന്നുന്ന പക. ഫാഷിസം എപ്പോഴും അടിച്ചമര്‍ത്തലിനെയും കൂട്ടക്കൊലകളെയും ന്യായീകരിക്കുന്നു. കൊലയെ ഉത്സവമാക്കി മാറ്റിയ ഒരാള്‍ക്ക് ദേശീയ നേതാവാകാന്‍ സാധിക്കുന്നതും അങ്ങനെയാണ്.
ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനമെന്നത് മുസ്സോലിനിയുടെ ഭാഷയില്‍ ഭീരുവിന്റെ സ്വപ്നം മാത്രമാണ്. “ഫാഷിസം ശാശ്വതസമാധാനത്തിന്റെ സാധ്യതയിലോ പ്രയോജനത്തിലോ വിശ്വസിക്കുന്നില്ല. സമാധാനവാദസിദ്ധാന്തത്തെ അത് നിരാകരിക്കുന്നു. … മുഴുവന്‍ മനുഷ്യോര്‍ജ്ജത്തെയും അതിന്റെ അത്യുന്നത മാനസികസംഘട്ടനത്തിലേക്ക് കൊണ്ടുവരുന്നതും നേരിടാന്‍ ധൈര്യമുള്ള ഒരു ജനതക്കു മേല്‍ ഔന്നത്യത്തിന്റെ മുദ്ര പതിപ്പിക്കുന്നതും യുദ്ധം മാത്രമാണ്. … സമാധാനത്തിന്റെ തത്വത്തിന്മേല്‍ കെട്ടിപ്പടുത്തിട്ടുള്ള സകല സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണ്.” (മുസ്സോലിനി).
ലോകസമാധാനം എന്ന ആശയത്തോട് മുസ്സോലിനി പുലര്‍ത്തിയ അതേ നിലപാട് ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനു നേരെ ഗോള്‍വല്‍ക്കറും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഗോള്‍വല്‍ക്കറുടെ അഭിപ്രായത്തില്‍ സമാധാനത്തെപ്പറ്റി പറയുന്നവര്‍ ഭീരുക്കളാണ്. മഹാഭാരതത്തിലെ ബകവധകഥയെ ഉപജീവിച്ച് വിചാരധാരയില്‍ അത് വിവരിക്കുന്നുണ്ട്. ഭീകരനും ശത്രുവുമായ ബകന്‍ എന്ന രാക്ഷസന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏകചക്രാപുരി ഗ്രാമവാസികള്‍ അവനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ദിവസേന ഒരു വണ്ടി ചോറും വണ്ടി വലിക്കുന്ന പോത്തുകളും വണ്ടിക്കാരനും ബകന് ഭക്ഷണം. എന്നാല്‍ ഭീമസേനന്‍ ബകനെ “വാടാ, കണക്കു തീര്‍ത്തു കളയാം” എന്നു പറഞ്ഞ് നേരിട്ട്, വധിച്ചു കളഞ്ഞു. ശത്രുവായ മുസല്‍മാനാണ് ഗോള്‍വല്‍ക്കര്‍ക്ക് ബകന്‍. ഏകചക്രാപുരിക്കാരെപ്പോലെ ഭീരുത്വം കൊണ്ടു മാത്രം ഒരുവിഭാഗം സമാധാനത്തെപ്പറ്റി സംസാരിക്കുകയാണെന്നും വാടാ, കണക്കു തീര്‍ക്കാം എന്ന നിലപാടാണ് തങ്ങളുടേതെന്നും ഗോള്‍വല്‍ക്കര്‍ വിവരിക്കുന്നു.
രാഷ്ട്രവും അതിന്റെ സാന്മാര്‍ഗികതയും ആത്മീയതയും:
വ്യക്തിസ്വാതന്ത്ര്യത്തെ തീര്‍ത്തും നിരാകരിക്കുന്ന ഒന്നാണ് ഫാഷിസത്തിന്റെ സാമൂഹ്യഘടന. രാഷ്ട്രത്തിന്റെയും അധികാരത്തിന്റെയും ഇടപെടലുകള്‍ക്ക് യാതൊരു പരിധിയുമില്ല. ഫാഷിസത്തിന്റെ അടയാളമായ സ്വസ്തിക വിധേയത്വത്തെയാണ് സൂചിപ്പിക്കുന്നത്. “കെട്ടപ്പെട്ട കൈകളാണ് സ്വസ്തിക.” (എം.എന്‍.വിജയന്‍)
രാഷ്ട്രം ആത്മീയവും സാന്മാര്‍ഗികവുമാണെന്ന് മുസ്സോലിനി പറഞ്ഞു. ആധ്യാത്മികതയുടെ അഭാവം കൊണ്ടാണത്രേ ജനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകാത്തത്. ലോകം ആത്മീയ സമ്പൂര്‍ണ്ണതക്കും മുക്തിക്കും വേണ്ടി ദാഹിക്കുകയാണെന്നും അതിനായി ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും പറയുമ്പോള്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകളും ഉദ്ദേശിക്കുന്നത് ഈ അധികാരാധിഷ്ഠിത ആത്മീയതയെയാണ്.
ഈ ആത്മീയതയും വംശീയതയില്‍ അധിഷ്ഠിതമാണ്. ഒരേയൊരു സാംസ്കാരികധാരയുമായി യോജിച്ചു പോകുന്ന അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ദേശീയപദവി നല്‍കുന്നു. ഒപ്പം മറ്റ് രീതികളോടും വൈവിധ്യങ്ങളോടും കടുത്ത അസഹിഷ്ണുത വച്ചു പുലര്‍ത്തി. ഒരു പള്ളി തകര്‍ത്തുവെന്നതാണല്ലോ ഇന്ത്യന്‍ ഫാഷിസ്റ്റ് ആത്മീയത അതിന്റെ സ്വാഭിമാന പ്രതീകമായി ഉയര്‍ത്തിക്കാട്ടിയത്. ഒരു പ്രാര്‍ത്ഥനായോഗത്തിനു തൊട്ടുടനെയാണ് ഗാന്ധിജി ഇതേ ആത്മീയതയുടെ വെടിയുണ്ടയേറ്റു മരിച്ചത്.
രാഷ്ട്രം ആത്മീയതയിലധിഷ്ഠിതം എന്നതല്ല, വംശീയ ദേശീയത്വത്തിലധിഷ്ഠിതമായ രാഷ്ട്രം തന്നെയാണ് ആത്മീയത എന്നാണ് വരുന്നത്. രാഷ്ട്രമാണ് പ്രധാനം എന്ന മുദ്രാവാക്യം ഉദാഹരണമായെടുക്കാം. ഇത് ദേശസ്നേഹികളെ വഴി തെറ്റിച്ചേക്കാം. യഥാര്‍ത്ഥത്തില്‍ രാഷ്ട്രമെന്നാല്‍ വംശീയാധിഷ്ഠിതവും കേന്ദ്രീകൃതവുമായ അധികാരമാണ്. ദൈവമല്ല മനുഷ്യനാണ് പ്രധാനം എന്ന് ആധുനികത തീരുമാനിച്ചപ്പോള്‍ (സത്യത്തില്‍ അതിലൂടെ മനുഷ്യന്‍ എന്ന സംവര്‍ഗത്തെ ധാര്‍മികമായി ചിട്ടപ്പെടുത്തുന്നതിന് സഹായകമായ മൂല്യങ്ങളെ നിരാകരിക്കുകയായിരുന്നു ചെയ്തത്), ഫാഷിസം ദൈവവും മനുഷ്യനുമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന് പ്രഖ്യാപിക്കുകയും രാഷ്ട്രം എന്നതിനെ ആദര്‍ശവും ആത്മീയതയുമാക്കുകയും വംശീയ ദേശീയതയില്‍ രാഷ്ട്രത്തിന്റെ സ്വത്വവും ഘടനയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃത അധികാര ഘടനയില്‍ നിന്നു വ്യത്യസ്തമായി മാനവികതയ്ക്കൂന്നല്‍ നല്‍കുന്ന മതമൂല്യങ്ങളെ തിരസ്കരിക്കുന്ന മാനസികാവസ്ഥയില്‍ നിന്നാണ് മതമല്ല, രാഷ്ട്രമാണ് വേണ്ടതെന്ന തീര്‍പ്പുണ്ടാകുന്നത്. ഫാഷിസം ജനവിരുദ്ധ ആധുനികതയെയാണ് പ്രതിനിധീകരിക്കുന്നത്. മതം, അതിന്റെ യഥാര്‍ത്ഥസ്വഭാവത്തില്‍ വിശാലവും മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. രാഷ്ട്രമാകട്ടെ, അധികാരമാണ്. ഫാഷിസത്തില്‍ അധികാരമെന്നാല്‍ ഒട്ടും അയവില്ലാത്ത സര്‍വ്വാധിപത്യമാണ്. ജനവിരുദ്ധമായ ഒരു മതമായിത്തന്നെ രാഷ്ട്രത്തെ പരിവര്‍ത്തിപ്പിക്കലുമാണത്. നേതാക്കന്മാരെ അനുസരിക്കണമെന്ന് പൌരനോടാവശ്യപ്പെടുന്ന മതം നേതൃത്വം വഴി തെറ്റുമ്പോള്‍ ബലം പ്രയോഗിച്ചു തിരുത്താനുള്ള ധൈര്യവും ശേഷിയും അവനില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പരിവര്‍ത്തനോന്മുഖ ധാര്‍മികതയുടെയും വിപ്ലവാത്മകതയുടെയും നിരാകരണമാണ് രാഷ്ട്രമാദ്യം, പിന്നെ മതം എന്ന മുദ്രാവാക്യത്തിലുള്ളത്. ആദ്യം മനുഷ്യന്‍ എന്നു പറയാനുള്ള വിവേകത്തില്‍ നിന്ന് ഫാഷിസം മനുഷ്യനെ അകറ്റുന്നു. കടുത്ത നിയമങ്ങൾക്കു വേണ്ടി ഫാഷിസ്റ്റ് ദേശീയതാവാദികള്‍ സംസാരിക്കുന്നതതുകൊണ്ടാണ്.
ഫാഷിസം പ്രതിനിധീകരിക്കുന്ന ആക്രാമക ദേശീയതയുടെ വികാസം സാമ്രാജ്യത്വവുമാണ്. “ജീവിതത്തിന്റെ മാറ്റമില്ലാത്ത നിയമമാണ് സാമ്രാജ്യത്വം” (മുസ്സോലിനി). വംശീയ ദേശീയ വാദികളുടെ ധാര്‍മിക ആധ്യാത്മിക രാഷ്ട്രമെന്നത് അയവില്ലാത്ത ജനവിരുദ്ധസര്‍വ്വാധിപത്യ ഘടനയിലുള്ള രാഷ്ട്രം, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും നിഷേധം, അപരവല്‍ക്കരണം, സാമ്രാജ്യത്വം എന്നിവയുടെ ഒത്തുചേരലാകുന്നു.
ഇന്ത്യയില്‍ ഫാഷിസ്റ്റ് ദേശീയതാവാദികള്‍ രാഷ്ട്രം എന്ന സംജ്ഞയെ, ഹിന്ദു എന്ന വാക്കിന് അവര്‍ തന്നെ നല്‍കുന്ന പരികല്പനയില്‍ (അതാകട്ടെ, യഥാര്‍ത്ഥഹിന്ദു മതവുമായി ബന്ധമുള്ളതല്ല) ആ വാക്കിന്റെ പര്യായമായാണ് ഉപയോഗിക്കുന്നതെന്നതും ഇതോടു ചേര്‍ത്തു മനസ്സിലാക്കണം. ‘രാഷ്ട്രീയ സ്വയംസേവക് സംഘ്’ എന്ന പേരിനെ ഗോള്‍വല്‍ക്കര്‍ ഇങ്ങനെ വിശദീകരിക്കുന്നു: “എന്തു കൊണ്ട് ഹിന്ദു എന്നാവാതെ രാഷ്ട്രീയ എന്നുപയോഗിച്ചു? നമ്മുടെ നാട്ടില്‍ രാഷ്ട്രീയ എന്ന പദത്തിന്റെ അര്‍ത്ഥം ഹിന്ദു എന്നു തന്നെയാണെന്നും അതിനാല്‍ ഹിന്ദു എന്ന പദം (പ്രത്യേകം) ഉപയോഗിക്കേണ്ടതില്ലെന്നും ഡോക്റ്റര്‍ജി പറയാറുണ്ടായിരുന്നു.” (എം.എസ്.ഗോള്‍വല്‍ക്കര്‍ -വിചാരധാര, ഭൂപരമായ ദേശീയത എന്ന അധ്യായം). രാഷ്ട്രമാദ്യം മതം പിന്നെ എന്ന പരികല്പനയിലും അര്‍ത്ഥം മറ്റൊന്നാവില്ല.
ഭൂമിയുടെ വിശാലതയിലേക്കും മനുഷ്യന്‍ എന്ന സാമൂഹികാവസ്ഥയിലേക്കും അതിരില്ലാത്ത ഭൂമിയില്‍ മനുഷ്യന്റെ വ്യാപനത്തെക്കുറിച്ചും സങ്കുചിതതമല്ലാത്ത മാനവ പൊതു പൈതൃകത്തെയും ജനിതകത്തെയും കുറിച്ചും മതം സംസാരിക്കുമ്പോള്‍ ഫാഷിസം വംശ, ദേശ പവിത്രതാസങ്കല്പമെന്ന സങ്കുചിതത്വത്തിലേക്ക് ദര്‍ശനത്തെ ചുരുക്കുകയാണ് ചെയുന്നത്.
എല്ലാത്തരം സങ്കുചിതത്വങ്ങളും ചേര്‍ന്നാണ് മനുഷ്യജീവിതത്തെ ദുരിതമയമാക്കുന്നത്. വംശീയവും ദേശീയവുമായ ഔദ്ധത്യബോധങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അവ തമ്മില്‍ ഏറ്റുമുട്ടും.രണ്ടാം ലോകയുദ്ധത്തില്‍ ഇറ്റലി-ജര്‍മനി-ജപ്പാന്‍ കൂട്ടുകെട്ട് വിജയിച്ചിരുന്നെങ്കില്‍ത്തന്നെയും ഇറ്റലിയുടെയും ജര്‍മനിയുടെയും വംശവിശുദ്ധി ചിന്തകളും ഔന്നത്യബോധങ്ങളും തമ്മിലേറ്റുമുട്ടുമയിരുന്നു.അങ്ങനെ ലോകവും ജീവിതവും നിലയ്ക്കാത്ത യുദ്ധങ്ങളുടെയും കുടിപ്പകകളുടെയും ചരിത്രമായി മാറുന്നു.. രാജ്യത്തിനകത്തു തന്നെയും ഏകപക്ഷീയസാംസ്കാരിക ചിന്തകള്‍ക്ക് വഴിപ്പെടാത്ത ഉപദേശീയതകളെ അപരവല്‍ക്കരിക്ക്കുകയും അടിച്ചൊതുക്കുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന കാഴ്ചയാണല്ലോ നമ്മുടെ നാട്ടില്‍പ്പോലും ചിലപ്പോള്‍ ദൃശ്യമാകുന്നത്.
മനസ്സ് വിശാലമാകുന്ന ഒരു സമൂഹത്തിന്റെ സ്വത്താണ് സമാധാനം. അവര്‍ക്കു മാത്രമുള്ളതായിരിക്കുമത്.