ഒരു സംവാദം -ഞാന്‍ പറഞ്ഞതും ചിലര്‍ കേട്ടതും

ഇങ്ങനെയൊരു കുറിപ്പ് ഞാന്‍ ആഗ്രഹിച്ചതല്ല. വേണ്ടിവരുമെന്നു കരുതിയതുമല്ല. മതവും സംസ്‌കാരവും എന്നി വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ യുക്തിവാദിസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. പരിപാടി തീരുമാനിച്ച ശേഷം യുക്തിവാദി പക്ഷത്ത് തീരുമാനിക്കപ്പെട്ടിരുന്ന സംവാദകന് അസൗകര്യമുള്ളതിനാല്‍ ആളു മാറിയെന്നും വിഷയം മാറ്റണമെന്നും അവര്‍ വിളിച്ചു പറഞ്ഞു. അവര്‍ പറഞ്ഞ വിഷയം എനിക്കു സ്വീകാര്യമായിരുന്നില്ല. അവസാനം എനിക്കും കൂടി സ്വീകാര്യമായ വിഷയം നിശ്ചയിച്ച് മറ്റു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. മതവും ശാസ്ത്രവും എന്നതായിരുന്നു വിഷയം. അയ്യൂബ് മൗലവി എന്ന സുഹൃത്തായിയുന്നു യുക്തിവാദി സംവാദകന്‍.

പരിപാടി ഭംഗിയായി നടന്നു. ഒരു കോഴിപ്പോരില്‍ താല്‍പര്യമില്ലെന്നും പറയാനുള്ളത് പറയുകയും അതിലുള്ള അന്വേഷണങ്ങള്‍ക്ക് നല്ല രീതിയില്‍ മറുപടി പറയുകയും ചെയ്യുക, അവരവരുടെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തുക എന്നിവയാണ് സംവാദത്തെക്കുറിച്ച എന്റെ സങ്കല്‍പമെന്നും ഞാന്‍ ആദ്യമേ സംഘാടകരോട് പറഞ്ഞിരുന്നു. അതേ സമയം പരിപാടിയുടെ പ്രചാരം തുടങ്ങിയതു മുതല്‍ ഫ്രീ തിങ്കേര്‍സ് പോലുള്ള ഫേസ്ബുക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ തന്നെ അവരുടെ താല്‍പര്യം അത്തരമൊരു പരിപാടിയായിരുന്നില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു. “പി.എം അയൂബ് V/S മുഹമ്മദ് ശമീം” എന്ന് ഏതാണ്ടൊരു ഗുസ്തിമല്‍സരം നടക്കുന്ന രീതിയിലുള്ള ഒന്നായിരുന്നു അത്. ഇതിലുള്ള അതൃപ്തി അവരെ അറിയിച്ചു കൊണ്ടു തന്നെയാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത്.

quran090312a

ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നതിനുള്ള കാരണം പക്ഷേ അതല്ല. പ്രോഗ്രാമിനെ വിശകലനം ചെയ്തു കൊണ്ട് ഫ്രീ തിങ്കേര്‍സില്‍ നടക്കുന്ന ചര്‍ച്ച ഞാന്‍ പിന്തുടര്‍ന്നു. അതില്‍ എന്റെ അവതരണത്തെസ്സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്നില്‍ വളരെയധികം കൗതുകം ജനിപ്പിച്ചു. അത് വായിച്ചപ്പോള്‍ മനസ്സിലായത് ഒന്നുകില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കു മനസ്സിലായില്ല, അല്ലെങ്കില്‍ എനിക്ക് കാര്യങ്ങള്‍ വേണ്ട വിധം അവതരിപ്പിക്കാനായില്ല, അതുമല്ലെങ്കില്‍ എന്റെ വാക്കുകളെ കേവലം ഉപരിപ്ലവമായി മാത്രം വായിക്കുകയോ മനഃപൂര്‍വ്വം വളച്ചൊടിക്കുകയോ ചെയ്തു. എന്തായാലും പ്രസംഗവുമായി ബന്ധപ്പെട്ട എന്റെ പരിചയവും അനുഭവവും വച്ച്, കാര്യങ്ങള്‍ വേണ്ട വിധം അവതരിപ്പിക്കാന്‍ എനിക്കു പറ്റാതെ വന്നിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാലും ചില വിശദീകരണങ്ങള്‍ ആവശ്യമാണെന്നു തോന്നിയതിനാലാണ് ഇവിടെയിത് പോസ്റ്റുന്നത്.

മതവും ശാസ്ത്രവും എന്നതായിരുന്നു വിഷയമെങ്കിലും അവതരണത്തില്‍ അയ്യൂബ് മൗലവി ഖുര്‍ആനിനെതിരായ പഴയ വിമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. അതേസമയം എന്‌റെ ഊഴമെത്തിയപ്പോള്‍ അതിന് മറുപടി പറയാനൊന്നും ഞാന്‍ പോയില്ല. ശാസ്ത്രത്തോടുള്ള മതത്തിന്റെ സമീപനത്തിന്റെ തത്വശാസ്ത്രം എന്താണെന്നു വിവരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ യുക്തിവാദം ശാസ്ത്രത്തെ എങ്ങനെയാണ് സമീപിക്കുന്നത് എന്നത് താത്വികമായി വിവരിക്കാന്‍ മൗലവി മിനക്കെട്ടില്ല. ഒരു പക്ഷേ ശാസ്ത്രം എന്തു പറഞ്ഞാലും ശരി എന്നും ജീവിതത്തെ നിര്‍ണയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ശാസ്ത്രം എന്നും അദ്ദേഹം കരുതുന്നുണ്ടാവാം.

മതവും ശാസ്ത്രവും എന്നതാണ് വിഷയം. എന്റെ അവതരണത്തിന് നാല് ഭാഗങ്ങളുണ്ടായിരുന്നു. 1) ജ്ഞാനത്തോടുള്ള മതത്തിന്റെ സമീപനം, 2) മതത്തിന്റെ ശാസ്ത്രീയ ജീവിതവീക്ഷണം അഥവാ അതിന്റെ തത്വചിന്തയും ഡയലക്റ്റിക്‌സും, 3) ശാസ്ത്രവും തത്വശാസ്ത്രവും ആധുനികശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രവും, 4) ആധുനിക ശാസ്ത്രത്തെപ്പറ്റി ഇസ്ലാമിക ചിന്താലോകത്തുണ്ടായ ചര്‍ച്ചകളുടെ വികാസങ്ങള്‍.

അവതരണത്തെത്തുടര്‍ന്നുണ്ടായ അവസരങ്ങളില്‍ ഞാന്‍ മൗലവിയുടെയും സദസ്സിന്റെയും ചോദ്യങ്ങള്‍ക്ക് എന്നെക്കൊണ്ടാവുന്ന വിധം മറുപടി പറഞ്ഞു.

ഇനി ഫ്രീ തിങ്കേര്‍സിലെ വിശകലനങ്ങളിലേക്കു വരാം. ആദ്യമാദ്യം ഒരാരോപണമായിരുന്നു അതിലുണ്ടായിരുന്നത്. അയൂബ് വിഷയം കൃത്യമായിപ്പറഞ്ഞു, എന്നാല്‍ ശമീം വിഷയം പറയാതെ ഫിലോസഫി പറഞ്ഞു കളഞ്ഞു എന്നതായിരുന്നു അത്. സവിനയം ഒരു കാര്യം ചോദിക്കട്ടെ, പറയാന്‍ പ്രത്യേകിച്ചൊരു ഫിലോസഫി അയ്യൂബിനില്ലാതെ പോയത് എങ്ങനെയാണ് ശമീമിന്റെ കുറ്റമാകുന്നത്? മാത്രവുമല്ല, മതത്തെയോ ശാസ്ത്രത്തെയോ സംബന്ധിച്ച എന്തെങ്കിലും ദര്‍ശനമവതരിപ്പിക്കാതെ എണ്‍പതുകളില്‍ ഈയുള്ളവന്‍ യുക്തിവാദിയായി നടന്നിരുന്ന കാലത്ത് മുസ്ലിയാക്കന്മാരോടു ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോ അയ്യൂബ് മൗലവി ചെയ്തത്. (സാധാരണ പഴകിയ വീഞ്ഞിന്റെ കുപ്പി മാറ്റാറുണ്ട്, എന്നാല്‍ ഇവിടെ അതു പോലുമുണ്ടായില്ല, അതേ കുപ്പി, അതേ വീഞ്ഞ്). അവര്‍ പ്രതീക്ഷിക്കുന്ന ഒരു പരമ്പരാഗതമതപ്രസംഗം ഞാന്‍ നടത്തിയില്ലെന്നത് അവരെ വിഷമിപ്പിച്ചിരിക്കാം.

ഇനി ചില കാര്യങ്ങളില്‍ ഞാന്‍ പറഞ്ഞതെന്ത്, “സ്വതന്ത്ര ചിന്തകന്മാര്‍” മനസ്സിലാക്കിയതെന്ത് എന്ന് അക്കമിട്ടു വിശദീകരിക്കാം.

1) വിഷയം അവതരിപ്പിക്കുമ്പോള്‍ ആധുനിക ശാസ്ത്രത്തെപ്പറ്റി ഇസ്ലാമിക ചിന്താലോകത്തുണ്ടായ ചര്‍ച്ചകളുടെ വികാസങ്ങള്‍ വിവരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത്, അയ്യൂബ് മൗലവി ആധുനികശാസ്ത്രത്തോടുള്ള സമീപനം പഠിക്കാന്‍ പഴയ തഫ്‌സീറുകള്‍ മാത്രം തെരഞ്ഞിട്ടു കാര്യമില്ല, അതിന് പുതിയ ചിന്തകളും വ്യാഖ്യാനങ്ങളും പഠിക്കണം.

# ഫ്രീ തിങ്കേര്‍സില്‍ പറയുന്നത്, ശമീം തഫ്‌സീറുകളെ പുച്ഛിച്ചു തള്ളിക്കളഞ്ഞു.

2) അതേ ഭാഗത്തു തന്നെ ശാസ്ത്രത്തെ ദൈവികദൃഷ്ടാന്തങ്ങളുടെ പ്രകാശനമായി മനസ്സിലാക്കുന്ന സമീപനം പറഞ്ഞപ്പോള്‍ ഞാന്‍ മോറിസ് ബുക്കായിയെപ്പറ്റി പരാമര്‍ശിച്ചു. സകല കണ്ടുപിടുത്തങ്ങളും ഖുര്‍ആനില്‍ തെരയുന്ന പ്രവണതയായി അത് വികസിച്ചപ്പോള്‍ ബുക്കായിസം എന്നു പേരിട്ടു കൊണ്ട് പിന്നീട് വന്ന ചിന്തകന്മാര്‍ ഇതിനെ വിമര്‍ശിച്ചു. ബുക്കായിസത്തെ ഞാനും അംഗീകരിക്കുന്നില്ല, എന്നാല്‍ മോറിസ് ബുക്കായി വിജ്ഞാനരംഗത്തും ഇസ്ലാമിന്റെ ശാസ്ത്രവായനയിലും ചെയ്തിട്ടുള്ള വലിയ സേവനങ്ങളെ നിരാകരിക്കാനും ഞാനാളല്ല.

# സ്വതന്ത്രചിന്തകന്മാര്‍ പ്രചരിപ്പിക്കുന്നതോ, മോറിസ് ബുക്കായിയെത്തന്നെ ഞാന്‍ തള്ളിക്കളഞ്ഞുവെന്നും അതു വഴി എം.എം അക്ബറിന്റെയും മറ്റും പോസ്റ്റില്‍ ഞാന്‍ ഗോളടിച്ചെന്നും.

3) ഖുര്‍ആനാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണം. അതേ സമയം ഇതിന്റെ ഒന്നാമത്തെ പ്രായോഗിക മാതൃകയാണ് നബിയുടെ സുന്നത്ത്. സുന്നത്ത് മനസ്സിലാക്കുന്നതിനു വേണ്ടി ഹദീസുകളുടെ സമാഹാരം ഉപയോഗിക്കുന്നു. ഇതില്‍ത്തന്നെ മുസ്ലിംകളിലെ വലിയൊരു വിഭാഗം ബുഖാരി ഉദ്ധരിച്ച ഹദീസുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ബുഖാരി ഉള്‍പ്പെടെയുള്ള എല്ലാ ഗ്രന്ഥങ്ങളിലെയും ഹദീസ് നിദാനശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ച് വിലയിരുത്തപ്പെടാറുണ്ട്. ഖുര്‍ആനിനോ കേവലയുക്തിക്കോ നിരക്കാത്ത ഒരു വര്‍ത്തമാനവും ബുഖാരിയല്ല, അല്ലാഹുവിന്റെ മലക്ക് ജിബ്‌രീല്‍ തന്നെ വന്നു പറഞ്ഞാലും അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ല.

# എന്നാല്‍ ഞാന്‍ ഹദീസുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞുവെന്ന് സ്വതന്ത്രചിന്തകന്മാര്‍ കണ്ടുപിടിച്ചു കളഞ്ഞു.

4) ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ കണ്ടെത്താന്‍ ഖുര്‍ആന്‍ നോക്കേണ്ടതില്ല. മനുഷ്യന്റെ അന്വേഷണങ്ങളെ മുരടിപ്പിക്കുന്ന ഒരു നിലപാട് വേദഗ്രന്ഥം സ്വീകരിക്കില്ല. പ്രകൃതിയിലെ സകല പ്രതിഭാസങ്ങളെക്കുറിച്ചും അന്വേഷണം നടത്താനാണ് അതാവശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളും നമ്മളാണ് നടത്തേണ്ടത്.

# യുക്തിചിന്തകന്മാരാകട്ടെ, ഖുര്‍ആന്‍ ശാസ്ത്രവിരുദ്ധമാണെന്ന് ഞാന്‍ സമ്മതിച്ചുവെന്ന് ആശ്വസിക്കുകയോ അങ്ങനെ പ്രചരിപ്പിച്ചു കൊണ്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നു.

ഇതോടനുബന്ധിച്ച് മറ്റൊരു തമാശയുമുണ്ട്. BOOK OF SCIENCE അല്ല, BOOK OF SIGNS ആണ് ഖുര്‍ആന്‍ എന്നു ഞാന്‍ പറഞ്ഞിരുന്നു. സൈന്‍സ് എന്നു പറഞ്ഞാല്‍ അടയാളങ്ങള്‍ എന്നു കൂട്ടിച്ചേര്‍ത്തു. ഇടയ്ക്കുറങ്ങിപ്പോയ ഒരു സ്വതന്ത്രചിന്തകന്‍ ഇതില്‍ ഒന്നാമത്തെ വാക്യം കേട്ടില്ല. രണ്ടാമത്തേതില്‍ സൈന്‍സ് എന്നു പറഞ്ഞത് സയന്‍സ് എന്നു കേള്‍ക്കുകയും ചെയ്തു. എന്നിട്ടൊരുപദേശം, ശമീമേ, സയന്‍സ് എന്നു പറഞ്ഞാല്‍ അടയാളങ്ങള്‍ എന്നല്ല, ശാസ്ത്രം എന്നു തന്നെയാ അര്‍ത്ഥമെന്ന്. എങ്ങനെയുണ്ട്?

5) അതോടൊപ്പം നീട്ടിപ്പരത്തിയ ഭൂമിയെപ്പറ്റിയുള്ള ഖുര്‍ആന്റെ പരാമര്‍ശം ജീവിതത്തിന്റെ വിശാലതയെപ്പറ്റി പഠിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും ഭൂമിയുടെ ആകൃതി വേദത്തിന്റെയല്ല, ശാസ്ത്രത്തിന്റെ വിഷയമാണെന്നും ഞാന്‍ പറഞ്ഞു. തന്നെയുമല്ല, ഒരര്‍ത്ഥത്തില്‍ ഇത് ഖുര്‍ആനിലെ ശാസ്ത്രസൂചനയാണെന്നും കരുതാമെന്നു വിശദീകരിച്ചു. കാരണം ഏതൊരു ബിന്ദുവില്‍ നിന്നു നോക്കിയാലും ഒരേ പരപ്പനുഭവപ്പെടുന്ന ഒരേയൊരു ക്ഷേത്രഗണിതരൂപം ഗോളമാണല്ലോ. ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ് വേദം.

# അപ്പോള്‍ സ്വതന്ത്രചിന്തകർ പറയുന്നു, ഭൂമിയുടെ ആകൃതിയുടെ കാര്യത്തില്‍ ഖുര്‍ആനിന് തെറ്റു പറ്റിയെന്ന് ശമീം സമ്മതിച്ചിരിക്കുന്നു. (ഹൊ.., എന്തൊരു സമാധാനം). ഒരാള്‍ പറഞ്ഞതാകട്ടെ, ഭൂമിയിലുള്ളവരുടെ കാഴ്ചയെപ്പറ്റിയാണ് ഖുര്‍ആന്‍ പറഞ്ഞതെന്നാണ് ഞാന്‍ പറഞ്ഞതെന്നാണ്. ഞാന്‍ പറഞ്ഞത് അതല്ല, ഭൂമിയിലുള്ളവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഭൂമി എന്ന പ്രതലത്തിന്റെ സാധ്യതയെപ്പറ്റിയാണ് ഖുര്‍ആന്‍ വിവരിക്കുന്നത് എന്നാണ്.

6) അനന്തരാവകാശം ആയിരുന്നല്ലോ അയൂബ് മൗലവിയുടെ ഇഷ്ടവിഷയം. ഈ വിഷയം പറയുമ്പോള്‍ ഞാന്‍ സൂക്ഷ്മവിശദാംശങ്ങളില്‍ ഖുര്‍ആനിലോ സുന്നത്തിലോ പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ നേരിടുമെന്നും അപ്പോള്‍ ഇതു രണ്ടിന്റെയും കല്‍പനയില്‍ നിലനിന്നു കൊണ്ട് സ്വന്തമായ തീരുമാനങ്ങളെടുക്കാമെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ ശേഷം മൗലവി പറഞ്ഞ പ്രശ്‌നം പരിഹരിക്കുന്നതിന് പണ്ഡിതന്മാര്‍ നിര്‍ദ്ദേശിച്ച രീതി വിവരിച്ചു.

അപ്പോള്‍ യുക്തിവാദി പറയുന്നതോ, ഖുര്‍ആന്റെ കണക്ക് തെറ്റാണെന്നും ശരീഅത്ത് ജീവിതത്തില്‍ പ്രായോഗികമല്ലെന്നും ശമീം സമ്മതിച്ചുവെന്ന്.

ഇനിയുമൊരുപാടുണ്ട് തമാശകള്‍. വിസ്താരഭയം നിമിത്തം നിര്‍ത്തുന്നു. ബുദ്ധനെയും കങ് ഫ്യു ചിസിനെയും പിന്നെ ഋഗ്വേദത്തെയുമൊക്കെ ഉദ്ധരിച്ചതിനെയും ഒരാള്‍ പരിഹസിച്ചു. സ്വന്തം ഇക്കാക്കമാരെയൊന്നും കിട്ടാഞ്ഞിട്ടാണോ എന്ന്. സത്യം പറഞ്ഞാല്‍ ഇവരും എന്റെ സ്വന്തം ഇക്കാക്കമാര്‍ തന്നെയാണ്. പോരാത്തതിന് മതവും ശാസ്ത്രവും എന്നതാണ്, ഇസ്ലാമും ശാസ്ത്രവും എന്നതായിരുന്നില്ല ചര്‍ച്ചാ വിഷയം.

സംവാദങ്ങള്‍ പരസ്പരം അറിയാന്‍ വേണ്ടിയുള്ളതാണ്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാകട്ടെ, സത്യസന്ധവുമായിരിക്കണം. ജയം അവകാശപ്പെടാനുള്ള ഒരു ഗെയിമും ഞാനവിടെ നടത്തിയിട്ടില്ല. ഇപ്പോള്‍ ഇത്രയും വിശദീകരിക്കാന്‍ തന്നെ ഞാന്‍ നിര്‍ബ്ബന്ധിതനായതാണ്. (അവിടെ അവതരിപ്പിച്ച വിഷയം പറ്റിയാല്‍ പിന്നീട് പോസ്റ്റുന്നുണ്ട്).

ചാര്‍വാകം – പൌരാണിക ഹേതുവാദം (രണ്ട്)

 

പൌരോഹിത്യത്തിനും ബ്രാഹ്മണാധിപത്യത്തിനും എതിരായ പ്രതികരണം

  • ലോകായതദര്‍ശനം ബ്രാഹ്മണപൌരോഹിത്യത്തിനെതിരായ കടുത്ത പ്രതികരണമായിരുന്നു. മതം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും അതൊരധീശവ്യവസ്ഥയായി മാറുകയും പൌരോഹിത്യം സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന ചരിത്രസന്ദര്‍ഭങ്ങളിലാവാം പലപ്പോഴും ഇത്തരം ഭൌതിക മാത്ര ചിന്തകളും ദര്‍ശനങ്ങളും രൂപപ്പെടുന്നത്. ചാര്‍വാകനും പൌരാണിക ഹേതുദര്‍ശനവും മുതല്‍ മാര്‍ക്സ്, നീഷേ തുടങ്ങി ആധുനിക ചിന്തകന്മാര്‍ വരെയുള്ളവരുടെ മതനിരാസ പശ്ചാത്തലം പരിശോധിച്ചാല്‍ ഒരു പക്ഷേ അത് ബോധ്യപ്പെട്ടേക്കാം. പൌരോഹിത്യം മതത്തെ സ്ഥാപനവല്‍ക്കരിക്കുകയും അതിന്റെ മാനവിക മുഖവും വിമോചന ഉള്ളടക്കവും ചോര്‍ത്തിക്കളയുമ്പോള്‍ മതനിരാസം ഉണ്ടാകുന്നു. അഥവാ, സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മതനിരാസവും ഭൌതികവാദവും എന്നു പറയാം.(എന്നു പറഞ്ഞാല്‍ മതനിരാസത്തെ അനിവാര്യമക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതില്‍ മതം വിജയിച്ചെങ്കിലോ..?)
എതിര്‍പ്പിന്റെ ശബ്ദമാണ് (നിഷേധാത്മക നിലപാടാണ്) ബൃഹസ്പതിയുടേത്. ചില വിമര്‍ശങ്ങള്‍ ശ്രദ്ധിക്കൂ.
“ത്രയോ വേദസ്യ കര്‍ത്താരോ ദണ്ഡ ധൂര്‍ത്ത നിശാചരാ: ജര്‍ഭരീ തുര്‍ഫരീത്യാദി പണ്ഡിതാനാം വച: കുത:” =തെമ്മാടികളും ധൂര്‍ത്തന്മാരും രാക്ഷസന്മാരുമാണ് മൂന്നു വേദങ്ങളുടെ കര്‍ത്താക്കള്‍. ജര്‍ഭരീ, തുര്‍ഫരീ (വേദമന്ത്രങ്ങളിലെ ചില പദങ്ങള്‍) തുടങ്ങിയ നിരര്‍ത്ഥക പദങ്ങളെങ്ങനെ പണ്ഡിത വചനങ്ങളാകും?
“അഗ്നിഹോത്രം ത്രയോവേദാ: ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധി പൌരുഷ ഹീനാനാം ജീവികാ ധാതൃ നിര്‍മിതാ”
=അഗ്നിഹോത്രഹോമം, ത്രിവേദങ്ങള്‍, ത്രിദണ്ഡം, ഭസ്മലേപനം ഇവയെല്ലാം ബുദ്ധിയും കരുത്തുമില്ലാത്തവര്‍ക്കു വേണ്ടി (അവരുടെ സങ്കല്പ) ബ്രഹ്മാവ് നിര്‍മ്മിച്ച ജീവിതോപായങ്ങളാണ്.

ധര്‍മോപദേശം നല്‍കുകയും യാഗാദികളിലേര്‍പ്പെടുകയും ചെയ്തിട്ട് അധാര്‍മിക ജീവിതം നയിക്കുന്ന പുരോഹിതന്മാരെ ചാര്‍വാകന്‍ പരിഹസിക്കുന്നുണ്ട്.

 “സ്വദോഷം ഗൂഹിതും കാമാര്‍ത്തോ വേദം പഠതി”
=സ്വദോഷം മറയ്ക്കാന്‍ വേണ്ടി കാമാര്‍ത്തന്മാര്‍ വേദം ചൊല്ലുന്നു.
“അഗ്നിഹോത്രാദീന്‍ കരോതി”
=(അതിനായിത്തന്നെ) അഗ്നിഹോത്രം മുതലായവയും.
“സുരപാനാര്‍ത്ഥം മഹിളാ മോഹനാര്‍ത്ഥം കരോതി”
=കള്ളുകുടിക്കാനും പെണ്ണു പിടിക്കാനും വേണ്ടി (യാഗാദികള്‍) ചെയ്യുന്നു.

യാഗങ്ങളും സന്ധ്യാവന്ദനവും നാമജപവുമെല്ലാം അര്‍ത്ഥ സമ്പാദനാര്‍ത്ഥമാണ് ചെയ്യുന്നതെന്നാണ് ചാര്‍വാകന്റെ വിമര്‍ശം. എല്ലാ അനുഷ്ഠാനങ്ങളെയും അദ്ദേഹം പരിഹസിക്കുന്നു.

“ജ്യോതിഷ്ടോമയജ്ഞത്തില്‍ യജ്ഞകര്‍ത്താവ് കൊല്ലുന്ന പശു സ്വര്‍ഗത്തില്‍ പോകുമെങ്കില്‍ അയാള്‍ക്കെന്തുകൊണ്ട് സ്വ പിതാവിനെ ബലിമൃഗമാക്കി വധിച്ചുകൂടാ? എങ്കില്‍ പിതാവിന് പ്രയത്നമൊന്നും കൂടാതെ സ്വര്‍ഗം ലഭിക്കുമായിരുന്നല്ലോ?”

(അതിരൂക്ഷമായ ഒരു പരിഹാസമാണിത്. യജ്ഞകര്‍ത്താവിന്റെ പിതാവും ഒരു പശുവും തമ്മില്‍ മൌലികമായി യാതൊരു വ്യത്യാസവുമില്ലെന്ന് ഒന്ന്. അത്തരം ആളുകളെയൊക്കെ എളുപ്പം തീര്‍ത്ത് ഭൂമി ശുദ്ധമാക്കേണ്ടതാണ് എന്ന് മറ്റൊന്ന്).

  • ഇപ്പറഞ്ഞവയില്‍ നിന്നു തന്നെ ബ്രാഹ്മണാധീശത്വത്തിനെതിരായ ബൃഹസ്പതിയുടെ രോഷം മനസ്സിലാക്കാവുന്നാതാണ്.
  • അതേ സമയം അധീശരൂപം പ്രാപിക്കുന്ന മതത്തിനെതിരെ പോരാടേണ്ടത് വിശ്വാസത്തെയും ആത്മീയതയെയും നിരാകരിച്ചു കൊണ്ടാണോ? പൌരോഹിത്യത്തോടും ലോകായതത്തിന്റെ കേവല പദാര്‍ത്ഥ ദര്‍ശനത്തോടും ഒരു പോലെ പടവെട്ടിയ ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചപ്പോള്‍ ലോകായതത്തിനത് സാധിക്കാതെ പോയതെന്തുകൊണ്ടാണ്?
ചാര്‍വാക ദര്‍ശനവും ധാര്‍മികതയും
  • ബൃഹസ്പതി ജീവിതത്തെക്കുറിച്ച് നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഉപദേശങ്ങളില്‍ ഭൌതികാസക്തിയുടെ ദര്‍ശനമാണുള്ളത്. കേവല പദാര്‍ത്ഥവാദം ആത്യന്തികമായി മനുഷ്യനില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ആസക്തി തന്നെയായിരിക്കില്ലേ? മത പൌരോഹിത്യം അധാര്‍മികതയിലേക്കു നീങ്ങുന്നത് ദര്‍ശനത്തോടുള്ള പ്രതിബദ്ധതയില്ലായ്മ മൂലമാണ്. മതം അധാര്‍മിക ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്യുന്നതു കൊണ്ടല്ല. എന്നാല്‍ പൌരാണിക ഹേതുവാദമായി വിലയിരുത്തുന്ന ചാര്‍വാക ദര്‍ശനത്തിന്റെ ആചാര്യന്‍, “ന ധര്‍മശ്ചരേത്” (ധര്‍മമാചരിക്കരുത്) എന്നുപദേശിക്കുന്നു. ദാനം തട്ടിപ്പുകാരുടെ പാഠമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
  • ഇതില്‍ ധര്‍മം എന്നതുകൊണ്ടുദ്ദേശിച്ചത് ബ്രാഹ്മണര്‍ വിധിച്ച കര്‍മ്മങ്ങളാണെന്നു വേണമെങ്കില്‍ വാദിക്കാം. ദാനം എന്ന പേരില്‍ അക്കാലത്തു നില നിന്നിരുന്നതും ബ്രാഹ്മണര്‍ക്ക് പൊന്നും പശുവും നല്‍കുന്ന ഏര്‍പ്പാടായിരുന്നല്ലോ. തീര്‍ച്ചയായും നാം നേരത്തേ കണ്ടതു പോലെ അധീശമതത്തിനെതിരായ പ്രതിഷേധം തന്നെയാണിത്. എന്നാല്‍ ഇത് ഒരു ദര്‍ശനമായി വികസിച്ചപ്പോഴോ? മറ്റു ചില ഉപദേശങ്ങള്‍ ശ്രദ്ധിക്കൂ..
“അക്ഷൈര്‍ ദീവ്യാത്”
=ചൂതു കളിക്കണം.
“ദിവ്യ പ്രമദാ ദര്‍ശനം ച”
=അത്യധിക സൌന്ദര്യമുള്ള സ്ത്രീകളെ നോക്കി ആസ്വദിക്കണം.
“മത്ത കാമിന്യ സേവ്യ:”
=മത്തു പിടിച്ച സ്ത്രീകളോടൊപ്പം മേളിക്കണം.
  • അര്‍ത്ഥവും കാമവും മാത്രമാണ് പുരുഷാര്‍ത്ഥങ്ങളെന്ന് ബൃഹസ്പതി സിദ്ധാന്തിക്കുമ്പോള്‍ മോക്ഷം മാത്രമല്ല, ധര്‍മവും നിരാകരിക്കപ്പെടുകയാണ്. ധര്‍മബദ്ധമായ ജീവിതത്തെപ്പറ്റി അദ്ദേഹം പുലര്‍ത്തുന്ന ധാരണകളെന്തെന്ന് മേല്‍ ഉപദേശങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ? പ്രധാനപ്പെട്ട  മറ്റൊരുദ്ധരണി കാണുക:

“യാവജ്ജീവം സുഖം ജീവേത്

ഋണം കൃത്വാ ഘൃതം പിബേത്

ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:”
=ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കുടിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്‍പ്പിന്നെ പുനരുജ്ജീവനമെങ്ങേയാണ്?

ഈ സുഖാസക്തിയല്ലേ ഭൌതിക വീക്ഷണങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക? ആസക്തി മത്സരമുണ്ടാക്കുന്നു. തല്‍ഫലമായി അധീശത്വവും അടിച്ചമര്‍ത്തലുമുണ്ടാകുന്നു. മറുഭാഗത്ത് പൌരോഹിത്യം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുകയും ഫലത്തില്‍ അധീശവ്യവസ്ഥയുടെ നിലനില്‍പ്പിന് സഹായമേകുകയും ചെയ്യുന്നു. ഈ രണ്ട് പ്രവണതകളേയും ചെറുത്തുകൊണ്ടാണ് ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നു വന്നത്.  അവയെപ്പറ്റി പിന്നീട് ചര്‍ച്ച ചെയ്യാം.

ചാര്‍വാകം – പൌരാണിക ഹേതുവാദം (ഒന്ന്)

പൌരാണിക ഭാരതത്തിൽ നില നിന്നിരുന്ന ഹേതുവാദമാണ് ചാർവ്വാകം. ആദിമ യുക്തിവാദം എന്നു പറയാം. ഭാരതത്തിന്റെ ചിന്താപൈതൃകം തന്നെ ചാർവ്വാകദർശനത്തിനു ചാർത്തിക്കൊടുക്കാൻ ചിലർ ധൃഷ്ടരാവാറുണ്ട്.

എന്താണ് ചാർവ്വാകം? അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളെന്തൊക്കെ? അത് മുന്നോട്ടു വെക്കുന്ന ജീവിതദർശനമെന്ത്?

ഇക്കാര്യങ്ങൾ പഠിക്കാൻ ഒരു ശ്രമം നടത്തി. എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള വിവരങ്ങൾ ഇവിടെ പങ്കു വെക്കുന്നു.

 

  • ഭാരതത്തിലെ അതിപ്രാചീനമായ ഭൌതികവാദദര്‍ശനമാണ് ലോകായതം. പൌരാണിക ഹേതുവാദമെന്ന് പറയാം. നിലനിന്നിരുന്ന അനുഷ്ഠാനമതസമ്പ്രദായങ്ങളോടും അതിന്റെ മനുഷ്യവിരുദ്ധതയോടും പൌരോഹിത്യത്തോടുമെല്ലാം കലഹിച്ചു കൊണ്ട് വികാസം പ്രാപിച്ച ലോകായത ദര്‍ശനം വേദം, ആത്മീയത തുടങ്ങിയവയെ നിഷേധിച്ചു. ബൃഹസ്പതിയാണ് ലോകായതത്തിന്റെ സ്ഥാപകന്‍. ചാര്‍വാകന്‍ എന്നും ഇദ്ദേഹത്തിന് പേരുണ്ട്.

 

  • ചാര്‍വാകന്മാരുടെ ദര്‍ശനമാണ് ചാര്‍വാകം. ചര്‍വണശീലരെന്ന് (‘ചര്‍വ്’എന്നാല്‍ ചവയ്ക്കല്‍ എന്നര്‍ത്ഥം) പരിഹസിക്കപ്പെട്ടതു മൂലമാവാം ചാര്‍വാകന്മാരായത്. തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നതാണല്ലോ ഈ ദര്‍ശനം മുന്നോട്ടുവെക്കുന്ന ജീവിതലക്ഷ്യം. ചാരുവായ വാകത്താല്‍ (സുന്ദരമായ പദങ്ങളാല്‍) ജനങ്ങളെ വശീകരിച്ചു വഴി തെറ്റിക്കുന്നവര്‍ എന്ന പൌരോഹിത്യ വിമര്‍ശവുമാകാം ഈ പേരിന് നിദാനം.
  • ലോകായതം എന്ന പേരിന് രണ്ട് വിശദീകരണങ്ങളുണ്ട്. ലോകേഷു (ജനങ്ങളില്‍) ആയതേ (വ്യാപിച്ചത്) എന്നതാണൊന്ന്. ലോകത്തെ (ലോകമെന്നാല്‍ ചാര്‍വാകര്‍ക്ക് പദാര്‍ത്ഥ ലോകമാണ്, അതായത് ഇന്ദ്രിയഗോചര ലോകം) ആസ്പദമാക്കിയുള്ള ദര്‍ശനം എന്നും വിശദീകരിക്കപ്പെടാറുണ്ട്.

 

pic
ലോകായത സിദ്ധാന്തങ്ങള്‍

ചാര്‍വാകദര്‍ശനത്തിലെ മുഖ്യസിദ്ധാന്തങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.

 

1) നിരീശ്വരവാദം:-
  • ലോകസ്രഷ്ടാവായ ഒരീശ്വരന്‍ ഇല്ല. ഈ സിദ്ധാന്തമാണ് ലോകായത ദര്‍ശനത്തിന്റെ നാരായ വേര്. ഈശ്വരനെ പ്രത്യക്ഷജ്ഞാനത്താലോ അനുമാനത്താലോ അറിയാന്‍ കഴിയില്ല. (ലോകായതത്തില്‍ പ്രത്യക്ഷം മാത്രമാണ് ജ്ഞാനത്തിന്റെ ആധാരം. അനുമാനം ആവാമെങ്കില്‍പ്പോലും അത് നേര്‍ക്കു നേര്‍ പ്രത്യക്ഷത്തെ ആശ്രയിച്ചു മാത്രമേ നില നില്‍ക്കുകയുള്ളൂ. ഹേതുവാദത്തിന്റെ മുഖ്യ സവിശേഷതയായി ഈ നിലപാടിനെ കരുതാം).

 

2) പദാര്‍ത്ഥവാദം:-
  • ഭൂമി, വായു, ജലം, അഗ്നി ( ഇതിനെ വേണമെങ്കില്‍ ആധുനിക ശാസ്ത്രഭാഷയിലെ ഖരം, വാതകം, ദ്രാവകം, ഊര്‍ജ്ജം എന്നതിനു സമാനമായി ഗണിക്കാം) എന്നീ ചതുര്‍ഭൂതങ്ങളാണ് മൂലപദാര്‍ത്ഥങ്ങള്‍. ഇവയുടെ വ്യത്യസ്തമായ സംയോഗത്തില്‍ നിന്നാണ് ശരീരം, ഇന്ദ്രിയങ്ങള്‍, വസ്തുക്കള്‍ ഇവയെല്ലാമുണ്ടാകുന്നത്.

 

3) പ്രജ്ഞാവാദം:-
  • ചതുര്‍ഭൂതങ്ങളുടെ (മൂലകങ്ങളുടെ) സംയോഗത്തില്‍ നിന്നു തന്നെയാണ് പ്രജ്ഞ അഥവാ ചൈതന്യവുമുണ്ടാകുന്നത്. മൂലപദാര്‍ത്ഥങ്ങളില്‍ ചൈതന്യമില്ലെങ്കിലും അവ ചേരുമ്പോള്‍ അതുണ്ടാവാം. വ്യത്യസ്ത ധാന്യങ്ങള്‍ ചേര്‍ന്ന് മദ്യമാകുമ്പോള്‍ ഘടകപദാര്‍ത്ഥങ്ങള്‍ക്കില്ലാത്ത ലഹരി അതിനുണ്ടാകുന്നതു പോലെയാണിതും.

 

4) ദേഹാത്മവാദം (ആത്മാ നിഷേധം):-
  • പ്രജ്ഞയോടു കൂടിയ ശരീരം തന്നെ ആത്മാവ്. അതിനപ്പുറമൊരാത്മീയാസ്തിത്വമില്ല. ഞാന്‍ വെളുത്തിട്ട്, കറുത്തിട്ട്, ഞാന്‍ കാണുന്നു കേള്‍ക്കുന്നു എന്നെല്ലാം പറയുമ്പോള്‍ ഇതിലെ ഞാന്‍ ശരീരം തന്നെയാണല്ലോ..?

 

5) സ്വഭാവവാദം:-
  • തീയുടെ ചൂടും വെള്ളത്തിന്റെ ദ്രവത്വവും കരിമ്പിന്റെ മധുരവുമെല്ലാം അവയുടെ സ്വാഭാവിക ഗുണങ്ങളാണ്. കുടം നിര്‍മ്മിക്കാന്‍ കുശവന്‍ വേണമെന്നു വെച്ച് കാറ്റു വീശാനും വിത്തു മുളയ്ക്കാനും ചേതനാകാരണം വേണമെന്നില്ല.
6) പുനര്‍ജ്ജന്മ നിരാസം:-
  • മരണത്തിനപ്പുറം നിലനില്‍ക്കുന്ന ഒന്നും നമ്മിലില്ല. ദേഹമോ ഇന്ദ്രിയങ്ങളോ മനസ്സോ പ്രാണനോ അല്ലാതെ ഒരാത്മാവുമില്ല. ശരീരം നശിക്കുന്നതോടെ ചേതന നശിക്കും അതോടെ ജീവിതവും അവസാനിക്കും.
  • പുനര്‍ജ്ജന്മമില്ലാത്തതിനാല്‍ പരലോകവുമില്ല. പരലോകമുണ്ടെങ്കില്‍ അവിടെ പോകുന്ന ആത്മാക്കള്‍ ബന്ധുജന സന്ദര്‍ശനത്തിനായി എന്നെങ്കിലും തിരിച്ചു വരേണ്ടതല്ലേ? ശ്രാദ്ധം ഊട്ടുന്നത് നിരര്‍ത്ഥകമാണ്.  പരലോകത്തു പോകുന്നവര്‍ക്കു വേണ്ടി ഇവിടെ ആരെങ്കിലും തിന്നിട്ടെന്ത്? അങ്ങനെയെങ്കില്‍ ദേശാടനത്തിനു പോകുന്നവന്‍ പൊതിച്ചോറു കൊണ്ടു പോകുന്നതെന്തിന്? അവനു വേണ്ടി നാട്ടില്‍ നിന്നു തന്നെ ആരെങ്കിലും തിന്നാല്‍ പോരേ?
  • മരണം തന്നെ മോക്ഷം. അതിനപ്പുറം ജീവിതമില്ല. മരണത്തോടു കൂടി ജീവിതം അവസാനിക്കുമെന്നതിനാല്‍ അര്‍ത്ഥവും (ധനസമ്പാദനം) കാമവും (ജീവിത സുഖം) മാത്രമാണ് പുരുഷാര്‍ത്ഥങ്ങള്‍. (ജീവിതത്തിന് നാല് ലക്ഷ്യങ്ങളുണ്ടെന്നാണ് ഹൈന്ദവ ധര്‍മശാസനം. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. ഇവയെ പുരുഷാര്‍ത്ഥങ്ങള്‍ എന്നു പറയുന്നു). സുഖവും ദു:ഖവും ഈ ലോകത്തില്‍ത്തന്നെ. ഈ ലോകജീവിതം കൂടുതല്‍ സുഖകരവും ആനന്ദപ്രദവുമാക്കുകയെന്നതല്ലാതെ ജീവിത ലക്ഷ്യങ്ങളൊന്നുമില്ല.
  • ചാര്‍വാക ദര്‍ശനത്തിന്റെ മുഖ്യ തത്വങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട സാമൂഹിക പശ്ചാത്തലങ്ങള്‍, ജീവിതത്തെയും ധാര്‍മികതയെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവ കൂടി പരിശോധിക്കേണ്ടതുണ്ട്. അത് അടുത്ത പോസ്റ്റില്‍.