മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ സംവേദനേന്ദ്രിയങ്ങളെപ്പറ്റി ഖുർആൻ പലേടത്തായി പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യസൃഷ്ടിപ്പിന്റെ വിഷയം പരാമര്‍ശിക്കുമ്പോള്‍ സൂറഃ അസ്സജദയില്‍ ഈ ഇന്ദ്രിയങ്ങളുടെ കാര്യം ഖുര്‍ആന്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ബാഹ്യേന്ദ്രിയങ്ങള്‍ പരാമര്ശിക്കപ്പെടുമ്പോള് കേള്‍വിക്കും കാഴ്ചയ്ക്കും വേദഗ്രന്ഥം കൂടുതല്‍ പ്രാധാന്യം നല്കുന്നു. ഇതോട് ചേര്‍ത്ത് ആന്തരികേന്ദ്രിയത്തെയും പരാമര്‍ശിക്കുന്നു. നിങ്ങള്‍ക്ക് നാം കാതും കണ്ണും മനസ്സും തന്നു (സൂറഃ അസ്സജദ). ഒരര്‍ത്ഥത്തില്‍ കാതും കണ്ണും മനസ്സിലേക്ക് തുറക്കുകയാണ് ചെയ്യുന്നത്. മനസ്സ് എന്നതിന് ഇവിടെ ഉപയോഗിക്കുന്ന പദം അഫ്ഇദ (വജഅല ലകുമു സ്സംഅ വല്‍ അബ്സ്വാറ വല്‍ അഫ്ഇദ) എന്നാണ്. ഫുആദ് എന്ന പദത്തിന്റെ ബഹുവചനമാണ് അഫ്ഇദ. ഈ പദത്തിനല്പം പ്രാധാന്യമുണ്ടെന്നു തോന്നുന്നു. ഫുആദ് എന്ന വാക്കിന്റെ മൂലപദം ഫഅദ എന്ന ക്രിയയാണ്. ഈ പദത്തിനാകട്ടെ, തീയില്‍ വേവിച്ചുവെന്നും കത്തിച്ചുവെന്നുമൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍ കേള്‍വിയിലൂടെയും കാഴ്ചയിലൂടെയുമൊക്കെ മനുഷ്യന് ആര്‍ജിക്കേണ്ടതായ ആന്തരിക പ്രകാശത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നു തോന്നുന്നു. മറ്റൊരു നിലക്ക് പറഞ്ഞാല്‍, കത്തുന്ന ഒരു വിളക്കാണ് മനസ്സ്. അതിലേക്കെണ്ണ പകരുന്ന നാളികളത്രേ കാതും കണ്ണും മറ്റിന്ദ്രിയങ്ങളും. അങ്ങനെ ചിന്തിക്കുമ്പോള്‍ അതിലൂടെ ഒഴിക്കപ്പെടുന്ന ഇന്ധനങ്ങളാണ് ശബ്ദങ്ങളും രൂപങ്ങളും മറ്റുമൊക്കെ. സ്വാഭാവികമായും ഖുര്‍ആന്‍ ഈ പരാമര്‍ശത്തിലൂടെ നമ്മളെ ഉദ്ബോധിപ്പിക്കുന്നത് കേള്‍ക്കേണ്ടതു പോലെ കേള്‍ക്കാനും കാണേണ്ടതു പോലെ കാണാനും തന്നെയാകുന്നു. കേള്‍ക്കുന്നില്ലേ, കാണുന്നില്ലേ എന്ന് വേദഗ്രന്ഥം അടിക്കടി ചോദിക്കുന്നുമുണ്ട്. ചിന്തകളെ ജ്വലിപ്പിക്കുന്നതാവണം കേള്‍വിയും കാഴ്ചയും. ശരിയായി കേട്ടും കണ്ടും ചിന്തിച്ചും മാത്രമേ നാം എന്തു നിലപാടും സ്വീകരിക്കാവൂ എന്നാണതിന്റെ ഉല്‍ബോധനം. അത് അതിന്റെ തന്നെ അധ്യാപനങ്ങളുടെ അനുധാവനമാണെങ്കില്‍പ്പോലും. യാന്ത്രികമായും പാരമ്പര്യത്തിന്റെ പേരിലും നാം ഒന്നിന്റയും അനുഗാതാക്കളാകരുത്. നിങ്ങള്‍ നിങ്ങള്‍ക്കറിയാത്തതിനെ പിന് തുടരരുത് എന്ന് ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് നിങ്ങളുടെ കാതും കണ്ണും മനസ്സും നിശ്ചയമായും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നാണ് (അല്‍ ഇസ്റാഅ് :36). അതായത് കേട്ടും കണ്ടും അറിഞ്ഞും ബോധ്യപ്പെട്ടതു തന്നെയാണോ നീ പിന്തുടര്ന്നതെന്ന്. നിന്റെ ചിന്തകള്‍ക്ക് തീ പിടിപ്പിക്കുന്ന ഇന്ദ്രിയങ്ങളാണ് നിനക്ക് തന്നിട്ടുള്ളതെന്നിരിക്കേ, ചിന്തിക്കാതെയും അറിയാന്‍ ശ്രമിക്കാതെയും ജീവിച്ചു തീര്‍ത്തതിന് നിനക്കെന്തു ന്യായമാണ് ബോധിപ്പിക്കാനുള്ളത് എന്നു കൂടിയാണ് ഇവിടെ ചോദിക്കപ്പെടുന്നത്.
കേള്‍ക്കാതിരിക്കാന്‍ വേണ്ടി കാതു മൂടിക്കളഞ്ഞ സമൂഹത്തിന്റെ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. അവരുടെ നിലപാട് അവരെ നാശത്തിലേക്കു നയിച്ചതിന്റെ ചരിത്രമാണ് പിന്നീട് വിവരിക്കപ്പെടുന്നത്. സത്യത്തില്‍ കാഴ്ചയും കേള്‍വിയുമുള്‍പ്പെടെയുള്ള നമ്മുടെ ശേഷികള്‍, അവയവങ്ങള്‍, നമുക്കു ലഭിച്ചിട്ടുള്ള സൗകര്യങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെല്ലാം തന്നെ അല്ലാഹു നമ്മെയേല്‍പ്പിച്ച സൂക്ഷിപ്പുമുതലുക (അമാനത്ത്)കളാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അമാനത്തുകള്‍ അവയുടെ ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പിക്കേണ്ടതാകുന്നു. മേല്‍പ്പറഞ്ഞ സംഗതികളാകട്ടെ, അതിന്റെ ഏറ്റവും വിശുദ്ധവും പ്രയോജനപ്രദവുമായ വിനിയോഗം എന്നത് നമുക്ക് ദൈവത്തോടുള്ള ബാധ്യതയായും പഠിപ്പിക്കപ്പെടുന്നുണ്ട്. ആകയാല്‍ അറിവും ചിന്തയും പ്രവര്‍ത്തനവും ദൈവത്തോടു നമുക്കുള്ള ബാധ്യതകളത്രേ.
കാഴ്ചയുടെ ദർശനവും കേൾവിയുടെ സുവിശേഷവും-
പൗരാണികകാലം മുതല്ക്കുള്ള മനുഷ്യന്റെ ദാര്‍ശനികാന്വേഷണങ്ങള്‍, വെളിപാടുകള്‍ എന്നിവയില്‍ നിന്ന് ശരിയായതിനെ നിലനിര്‍ത്തുന്ന വേദമായാണ് ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഈ ബൃഹദ് ചരിതത്തെ വേദഗ്രന്ഥം സ്വാംശീകരിക്കുകയും സമന്വയിക്കുകയും ചെയ്യുന്നതെന്നന്വേഷിക്കേണ്ടതാണ്. മതത്തിന്റെയും ദര്‍ശനത്തിന്റെയും ചരിത്രവും വികാസവും പരിശോധിച്ചാല്‍ നരവര്‍ഗങ്ങളില്‍ രണ്ടു വിഭാഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു കരുതാം. ഇന്‍ഡോ യൂറോപ്യന്മാര് അഥവാ ആര്യന്മാരാണ് ഒന്ന്. രണ്ടാമത്തെ വിഭാഗം സെമൈറ്റുകളാണ്. കാസ്പിയന്‍ കരിങ്കടല്‍ തീരത്തു നിന്ന് പുറപ്പെട്ട് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും പിന്നെ ഇറാനിലും ഇന്ത്യയിലും കുടിയേറിയവരാണ് ഇന്‍ഡോ യൂറോപ്യന്മാര് അഥവാ ആര്യന്മാര് എന്നതാണല്ലോ പ്രസിദ്ധമായ സിദ്ധാന്തം. അവരുടെ തത്വചിന്തകളില്‍ കാഴ്ചയും കണ്ണുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു പാടുള്ളതായി കാണാം. ഉദാഹരണത്തിന് ആര്യഭാഷയായ സംസ്കൃതത്തിലെ വേദം എന്ന പദമെടുക്കുക. അറിയുക എന്നര്‍ത്ഥമുള്ള വിദ് എന്ന ധാതുവില്‍ നിന്നുണ്ടായതാണീ ശബ്ദം. സമാനമായൊരു പദമാണ് ദേവ. ദിവ്യതി ഇതി ദേവാഃ എന്നാണ് ഈ വാക്കിന്റെ വിശദീകരണം. പ്രകാശിക്കുന്നത് ദേവ എന്നര്‍ത്ഥം. അതോടൊപ്പം തന്നെ ഈ ശബ്ദം മനസ്സിനെയും ബുദ്ധിയെയും സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഭഗവദ് ഗീതയിലെ യാന്തി ദേവവ്രതാ എന്നു തുടങ്ങുന്ന മന്ത്രത്തിലെ ദേവ ശബ്ദത്തിന് നിത്യചൈതന്യയതി നല്‍കിയിട്ടുള്ള അര്‍ത്ഥമങ്ങനെയാണ്. പ്രകാശിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ത്തന്നെയാവാം ഇതും. എങ്ങനെയാണ് മനസ്സ് പ്രകാശിക്കുന്നത്? നമ്മുടെ കാഴ്ചയിലൂടെ, കേള്‍വിയിലൂടെ. ഇതില്‍ത്തന്നെ ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകളില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ളത് കാഴ്ചയ്ക്കാണ്. തികച്ചും തത്വചിന്താപരമായ, ദാര്‍ശനികമായ ഒരു പശ്ചാത്തലമായിരുന്നു ആര്യന്മാരുടേത്. കാഴ്ചയില്‍ നിന്നാണ് ദര്‍ശനം എന്ന പദമുണ്ടാകുന്നത്. ആ വാക്കിന്റെ അര്‍ത്ഥം തന്നെ കാഴ്ച എന്നാണല്ലോ.
മുകളില്‍ സൂചിപ്പിച്ച, വിദ് എന്ന പദവും ഐഡിയ (idea) എന്ന ഗ്രീക്ക് പദവും തമ്മില്‍ ബന്ധമുണ്ട്. ഐഡിയ എന്നതിന് ഇംഗ്ലീഷില്‍ ആശയം എന്നര്‍ത്ഥമുണ്ടെങ്കിലും ഗ്രീക്കില്‍ അതിന് വിജ്ഞാനം എന്നു തന്നെയാണ് അര്‍ത്ഥം. വീഡിയോ (vedio) എന്ന ഗ്രീക്ക് പദവും ഇതില്‍ നിന്നുണ്ടായതാണ്. ഞാന്‍ കാണുന്നു എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഞാന്‍ അറിയുന്നു എന്നു കൂടി ഇതിനര്‍ത്ഥം പറയാം. പ്രവാചകന്മാര് കാഴ്ചയെ അറിവ് എന്ന അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിച്ചതായി ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ഉറക്കത്തില്‍ ഞാന്‍ കണ്ടു (ഇന്നീ അറാ ഫില്‍ മനാം) എന്ന് ഇബ്റാഹീം നബി പറയുമ്പോള്‍ കേവലം ഞാന്‍ സ്വപ്നം കണ്ടു എന്നല്ല അര്‍ത്ഥം. അവിടെ മനാം എന്നു പറഞ്ഞാല്‍ കേവല സുഷുപ്തിയുമല്ല. തുരീയാവസ്ഥയില്‍ എനിക്കൊരു ദര്‍ശനമുണ്ടായി, ഞാന്‍ അറിഞ്ഞു, എനിക്ക് വ്യക്തമായിരിക്കുന്നു എന്നൊക്കെയാണ് അവിടെ ഉദ്ദേശ്യം. (പ്രവാചകന്റെ കണ്ണുകള്‍ മാത്രമേ ഉറക്കത്തിലാഴുന്നുള്ളൂ, അവരുടെ മനസ്സ് ഉണര്‍ന്നിരിക്കുന്നു എന്ന ഒരാലങ്കാരിക പ്രയോഗം മുഹമ്മദ് നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്). അതു പോലെത്തന്നെ, നാം അബ്റഹാമിന് പ്രപഞ്ച വ്യവസ്ഥയെ മുഴുവന്‍ കാണിച്ചു കൊടുത്തു എന്ന് ഖുര്‍ആനില്‍ ഒരു കഥ പറയുന്നുണ്ട്. ഇവിടെയും കേവലമായ കാഴ്ചയെയല്ല അര്‍ത്ഥമാക്കുന്നത്. നീ അറിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ കണ്ടു എന്നര്‍ത്ഥമുള്ള, റആ എന്ന പദത്തിന്റെ തല്‍ഭവങ്ങള്‍ വേദഗ്രന്ഥം ധാരാളമായുപയോഗിച്ചിട്ടുണ്ട്.
വിദ് എന്നതില്‍ നിന്നാണ് വേദം വന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. വേദം ഋഷിപ്രോക്തമാണ്. എന്നാല്‍ വേദമന്ത്രങ്ങള്‍ ഋഷിമാര്‍ നിര്‍മിച്ചതല്ലെന്നാണ് വിശ്വാസം. ഋഷിമാര്‍ മന്ത്ര ദ്രഷ്ടാക്കളാണ്, മന്ത്ര സ്രഷ്ടാക്കളല്ല. അവിടെയും അറിവിന് ദര്‍ശനം (കാഴ്ച) എന്ന വാക്കു തന്നെ ഉപയോഗിച്ചിരിക്കുന്നു. വിദ് ധാതുവില്‍ നിന്നു തന്നെയാണ് വിദ്യ (അറിവ്) ഉണ്ടാവുന്നത്. വിദ്യയുമായി സാമ്യമുള്ള ഒട്ടേറെ ഇന്‍ഡോ യൂറോപ്യന്‍ പദങ്ങളുണ്ട്. ഇംഗ്ലീഷില്‍ wisdom, ജര്മനില് vissen നോര്‍വീജിയനില്‍ vitten എന്നെല്ലാം ഒരേ അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിക്കുന്നു. സമാനമായ പദപ്രയോഗങ്ങള്‍ ഇറാനിയന്‍ ഭാഷയിലുമുണ്ട്. ഇപ്രകാരം കാഴ്ചയെ, കണ്ണുകളെ അറിവിന്റെയും അവബോധത്തിന്റെയും ചിന്തയുടെയും അടയാളമായി ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകള്‍ സ്വീകരിക്കുന്നു. ദര്‍ശനം എന്ന പദം തന്നെ മറ്റൊരുദാഹരണമാണല്ലോ. phylosophy എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഈ പദത്തിന്റെയും ഭാഷാര്‍ത്ഥം കാഴ്ച എന്നു തന്നെ.
ഇനി നാം രണ്ടാമത്തെ വിഭാഗമായി പരാമര്‍ശിച്ചിട്ടുള്ള സെമിറ്റിക് ജനതയിലേക്കു വന്നാല്‍, സമാനമായ പ്രാധാന്യം കേള്‍വിക്ക് നല്‍കിയതായി കാണുന്നു. പൊതുവേ സെമൈറ്റുകള്‍ തത്വചിന്താപരമായ സ്വഭാവത്തിലല്ല ലോകത്തെപ്പറ്റി സംസാരിച്ചതും അറിഞ്ഞതും. കൂടുതല്‍ ചിന്തകന്മാരായിരുന്നില്ല അവര്‍, മറിച്ച് കൂടുതല്‍ ഭൂമിയില്‍ ജീവിക്കുന്നവരായിരുന്നു. മറ്റൊരു കാര്യം കൂടിയുള്ളത് ഇന്‍ഡോ യൂറോപ്യന്‍ ഭൂപ്രദേശങ്ങള്‍ തുറന്ന കാഴ്ചയെ ആവശ്യപ്പെടുന്നതാണെങ്കില്‍ സെമൈറ്റുകള്‍ പൊതുവേ മരുഭൂവാസികളായിരുന്നു. ബൈബിളില്‍ യിസ്രായേലേ കേള്‍ക്ക തുടങ്ങിയ പ്രയോഗങ്ങളാണ് കാണാന്‍ പറ്റുക. ഉള്‍ക്കൊള്ളുക, മനസ്സിലാക്കുക എന്നൊക്കെത്തന്നെയാണ് കേള്‍ക്കുക എന്നതു കൊണ്ട് ഇവിടെയും ഉദ്ദേശിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മിക്കവാറും സെമിറ്റിക് പ്രവാചകന്മാരെല്ലാവരും ഇപ്രകാരമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂസാ നബിയുടെ ചരിത്രം പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനും ഇവ്വിധം തന്നെ പറയുന്നുണ്ട്. ത്വുവാ താഴ്വരയിലെ മൂസായുടെ ദൈവദര്‍ശനത്തെപ്പറ്റി പറഞ്ഞത് മൂസാ കണ്ടു എന്നല്ല, കേട്ടു എന്നാണ്. അതേയവസരം സെമിറ്റിക് പ്രവാചകന്മാര്‍ക്കുണ്ടായ ബോധാനുഭവങ്ങളും ജാഞാനാനുഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടു എന്ന പദവും ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. യൂസഫിന്റെ ചരിത്രം പറയുമ്പോള്‍, അല്ലാഹുവിന്റെ അടയാളം (ബുര്‍ഹാന്‍) കണ്ടില്ലാിരുന്നെങ്കില്‍ അദ്ദേഹവും അധര്‍മത്തില്‍ വീഴുമായിരുന്നു എന്നു പ്രയോഗിക്കുന്നുണ്ട്. കേവല കണ്‍കാഴ്ചയെപ്പറ്റിയല്ല ഇവിടെ പറയുന്നതെന്നു വ്യക്തം. എന്റെ മനസ്സ് തീര്‍ത്തും അകളങ്കിതമായിരുന്നുവെന്നു ഞാനവകാശപ്പെടില്ല. നിശ്ചയം ചിലപ്പോള്‍ മനുഷ്യമനസ്സ് ദുഷ്പ്രേരകം തന്നെയായിത്തീരുന്നു എന്ന് യൂസഫ് പറയുന്നുണ്ട്. അതായത് മനസ്സിന്റെ ദൗര്‍ബ്ബല്യത്തെ അതിജയിക്കാന്‍ യൂസഫിന് കഴിഞ്ഞു. അത് ഇപ്പറഞ്ഞ ബുര്‍ഹാന്‍ ദര്‍ശിച്ചതു കൊണ്ടാണ്. അപ്പോള്‍ പാപപ്രേരണയെ അതിജയിക്കാന്‍ സാധിക്കുന്ന ഒരുള്‍ക്കാഴ്ചയെയാണ് കണ്ടു എന്നതു കൊണ്ട് ഖുര്‍ആന്‍ ഇവിടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ത്തന്നെയും പ്രവാചകകഥാകഥനത്തില്‍പ്പോലും ബൈബിള്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് കേള്‍വിക്കു തന്നെയാകുന്നു.
കണ്ണുകളുടെയും കാതുകളുടെയും ഏകോപനം-
അതേയവസരം ഖുര്‍ആന്‍ ജ്ഞാനത്തിന്റെ ഉപാധികളും പ്രമേയങ്ങളും സംബന്ധിച്ച പ്രതിപാദനത്തില്‍ കാഴ്ച, കേള്‍വി എന്നീ രണ്ടു പ്രയോഗങ്ങള്‍ക്കും ഏതാണ്ടൊരേ പ്രാധാന്യം നല്കിക്കാണുന്നു. സൂറഃ അസ്സജദയില്‍ സമൂഹത്തിന്റെ ചരിത്രം, പ്രകൃതി പ്രതിഭാസങ്ങള്‍ (സാമൂഹിക ശാസ്ത്രങ്ങളും പ്രകൃതി ശാസ്ത്രങ്ങളും) എന്നിവയുടെ പഠനത്തിന്റെ അനിവാര്യതയെ സൂചിപ്പിച്ചു കൊണ്ടുള്ള വചനങ്ങള്‍ ഇപ്രകാരം വായിക്കാം: ഇവര്‍ക്കു മുമ്പ് എത്ര സമൂഹങ്ങള്‍, നാമവരെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. അവരുടെ വാസസ്ഥലത്തു കൂടിത്തന്നെയാണിപ്പോഴിവര്‍ സഞ്ചരിക്കുന്നത്. എന്നിട്ടെന്തു കൊണ്ടിവര്‍ക്കിത് നല്‍വഴി കാട്ടുന്ന ഗുണപാഠമാകുന്നില്ല? തീര്‍ച്ച, ആ ചരിത്രങ്ങളിലൊക്കെയുമെത്രയോ അടയാളങ്ങള്‍. എന്നിട്ടുമെന്തേ ഇവര്‍ കേള്‍ക്കുന്നില്ല? ഇനിയും ഇവര്‍ കാണുന്നില്ലെന്നോ, വരണ്ട ഭൂമിയില്‍ നാം വെള്ളമൊഴുക്കുകയും അങ്ങനെയതില്‍ വിവിധവിളവുകളുണ്ടാവുകയും ചെയ്യുന്നത്? എന്നിട്ടതില്‍ നിന്നല്ലയോ ഇവര്‍ക്കും ഇവരുടെ കന്നുകാലികള്‍ക്കും ആഹാരം? എന്നിട്ടുമെന്തേ ഇവര്‍ കാണുന്നില്ല? (അസ്സജദഃ :26-27). ചരിത്രത്തെക്കുറിച്ചാവുമ്പോള്‍ കേള്‍ക്കുന്നില്ലേ എന്നും പ്രകൃതിയെപ്പറ്റിയാവുമ്പോള്‍ കാണുന്നില്ലേ എന്നുമാണ് ഇവിടെ ചോദിക്കുന്നത്. രണ്ടായാലും സകല ശാസ്ത്രശാഖകളിലൂടെയും അല്ലാഹുവിന്റെ അടയാളങ്ങളെ അറിയാന്‍ സാധിക്കുമെന്ന പ്രഖ്യാപനമാണിത്. സ്വാഭാവികമായും കേവലമായ കേള്‍വിക്കും കാഴ്ചയ്ക്കുമപ്പുറം, അറിയുന്നില്ലേ എന്നാണ് ചോദ്യം.
ഇവ്വിധം കേള്‍വിയേയും കാഴ്ചയേയും സമന്വയിപ്പിക്കുക എന്നുവെച്ചാല്‍ ഗ്രീസ് മുതല്‍ ഇന്ത്യ വരെയെത്തി നില്ക്കുന്ന ഇന്‍ഡോ യൂറോപ്യന്മാരെയും കനാനിലും മറ്റു മധ്യപൗരസ്ത്യദേശങ്ങളിലും ഈജിപ്തിലുമൊക്കെയായി വ്യാപിച്ചിട്ടുള്ള സെമൈറ്റുകളെയും സമന്വയിപ്പിക്കുക എന്നാണര്‍ത്ഥം. സത്യത്തില്‍ ലോകത്തുള്ള സകല ജനങ്ങളെയും അഭിമുഖീകരിച്ചു കൊണ്ടുള്ള പ്രതിപാദനശൈലിയാണ് ഖുര്‍ആന്റേത്. വംശപരമായി സെമിറ്റിക് ആണെങ്കിലും മുഹമ്മദ് നബിയുടെ പ്രബോധനം സെമിറ്റിക് വംശത്തോടു മാത്രമായിരുന്നില്ല. ഹദീസുകള്‍ പരിശോധിച്ചാല്‍, നബി തിരുമേനി ആദ്യകാലത്ത് അബ്ദു മനാഫ് സന്തതികളേ എന്നും ഹാശിം കുടുംബമേ എന്നും അല്പം കൂടി കഴിഞ്ഞപ്പോള്‍ ഖുറൈശികളേ എന്നുമൊക്കെയായിരുന്നു സംബോധന ചെയ്തിരുന്നതെങ്കില്‍പ്പോലും അധികം വൈകാതെ തന്നെ അത് മനുഷ്യരേ എന്നായിത്തീര്‍ന്നതായി കാണാം. വിടവാങ്ങല്‍ പ്രഭാഷണം എന്നറിയപ്പെടുന്ന, നബിയുടെ അറഫാ പ്രഭാഷണത്തില്‍ ഓരോ കാര്യവും അവിടുന്ന് പറയുന്നത് ജനങ്ങളേ (അയ്യുഹന്നാസ്) എന്നു വിളിച്ചു കൊണ്ടാണ്. അന്നാസ് എന്ന സംബോധന, വാസ്തവത്തില്‍ അതിരുകള്‍ ബാധകമാവാത്ത വിധം മനുഷ്യനെ അഭിമുഖീകരി്ക്കുന്ന ഒന്നാണ്. ഈ മാനവികത ഉറപ്പിച്ചു സംസ്ഥാപിക്കും വിധം മുന്‍കാലത്തുള്ള എല്ലാ സമൂഹങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം സകല അന്വേഷണങ്ങളെയും ചിന്തകളെയും ശരിയായി വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കരുക്കള്‍ നമുക്കതില്‍ നിന്നു ലഭിക്കുകയും ചെയ്യും. ശരിതെറ്റുകളെ വേര്‍തിരിക്കുന്നതിനുള്ള ആധാരങ്ങളും.
അപ്പോള്‍ കാണുന്നില്ലേ എന്നു ചോദിക്കുക വഴി ഇന്‍ഡോ യൂറോപ്യന്മാരുടെ, ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ പാരമ്പര്യത്തെയും കേള്‍ക്കുന്നില്ലേ എന്ന ചോദ്യത്തിലൂടെ സെമിറ്റിക് ജനതയുടെ, പറഞ്ഞും കേട്ടും കൈമാറി വികസിച്ച മതപാരമ്പര്യത്തെയും ചേര്‍ത്തു നിര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കാം. അതിനപ്പുറം കാഴ്ച കേള്‍വികളെ അവബോധത്തെ ജ്വലിപ്പിക്കുന്നതിനുള്ള, ചിന്തകള്‍ക്ക് തീ പിടിക്കുന്നതിനുള്ള ഇന്ധനങ്ങളാക്കി മാറ്റാനുള്ള ആഹ്വാനവും കൂടിയാണ് അത്.
എല്ലാം കേള്‍ക്കുകയും എന്നിട്ടതില്‍ നിന്ന് ശരിയായതു പിന്‍പറ്റുകയും ചെയ്യാന്‍ വേദഗ്രന്ഥം ആഹ്വാനം ചെയ്യുന്നുണ്ട്. അല്ലാഹുവിനെ കണ്‍മുന്നില്‍ക്കാണുമ്പോലെ ഉപാസിക്കാന്‍, ഉത്തമ പ്രവൃത്തികളിലേര്‍പ്പെടാന്‍ നബിതിരുമേനി പഠിപ്പിക്കുന്നു. ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും ആധാരമില്ലാതെ വെറും വിശ്വാസവും അനുഷ്ഠാനവും മാത്രമായി ചുരുങ്ങിപ്പോയ മതസമൂഹങ്ങളെപ്പറ്റി, കാഴ്ചയും കേള്‍വിയുമില്ലാത്ത ദൈവങ്ങളെ ഉപാസിക്കുന്നവര്‍ അവരുടെ ദൈവങ്ങളെപ്പോലെത്തന്നെ കാണാത്തവരും കേള്‍ക്കാത്തവരുമാണെന്ന് ബൈബിളില്‍ കാണാം. ഖുര്‍ആനിലിതു പോലെ മറ്റൊരു പരാമര്‍ശമുണ്ട്. മനസ്സുണ്ടവര്‍ക്ക്, എന്നാല്‍ ചിന്തിക്കുന്നില്ല. കാതുകളുണ്ട്, പക്ഷേ കേള്‍ക്കുന്നില്ല. കണ്ണുകളുണ്ടെങ്കിലും കാണുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു, അല്ല വഴി പിഴച്ചു പോയവരാകുന്നു.
സമുദായത്തിന്റെയും പൈതൃകത്തിന്റെയും അന്ധമായ അനുധാവനമല്ല, ജ്ഞാനത്തിന്റെയും ബോധ്യത്തിന്റെയും പിന്‍ബലമുള്ള ദര്‍ശനത്തിന്റെ സ്വീകാരമാണ് വേണ്ടതെന്നാണ് ഇത്തരം പാഠങ്ങളിലൂടെ വേദപുസ്തകം പറയുന്നത്.