പൌരോഹിത്യത്തിനും ബ്രാഹ്മണാധിപത്യത്തിനും എതിരായ പ്രതികരണം
ലോകായതദര്‍ശനം ബ്രാഹ്മണപൌരോഹിത്യത്തിനെതിരായ കടുത്ത പ്രതികരണമായിരുന്നു. മതം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും അതൊരധീശവ്യവസ്ഥയായി മാറുകയും പൌരോഹിത്യം സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന ചരിത്രസന്ദര്‍ഭങ്ങളിലാവാം പലപ്പോഴും ഇത്തരം ഭൌതിക മാത്ര ചിന്തകളും ദര്‍ശനങ്ങളും രൂപപ്പെടുന്നത്. ചാര്‍വാകനും പൌരാണിക ഹേതുദര്‍ശനവും മുതല്‍ മാര്‍ക്സ്, നീഷേ തുടങ്ങി ആധുനിക ചിന്തകന്മാര്‍ വരെയുള്ളവരുടെ മതനിരാസ പശ്ചാത്തലം പരിശോധിച്ചാല്‍ ഒരു പക്ഷേ അത് ബോധ്യപ്പെട്ടേക്കാം. പൌരോഹിത്യം മതത്തെ സ്ഥാപനവല്‍ക്കരിക്കുകയും അതിന്റെ മാനവിക മുഖവും വിമോചന ഉള്ളടക്കവും ചോര്‍ത്തിക്കളയുമ്പോള്‍ മതനിരാസം ഉണ്ടാകുന്നു. അഥവാ, സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മതനിരാസവും ഭൌതികവാദവും എന്നു പറയാം.(എന്നു പറഞ്ഞാല്‍ മതനിരാസത്തെ അനിവാര്യമക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതില്‍ മതം വിജയിച്ചെങ്കിലോ..?)
ധര്‍മോപദേശം നല്‍കുകയും യാഗാദികളിലേര്‍പ്പെടുകയും ചെയ്തിട്ട് അധാര്‍മിക ജീവിതം നയിക്കുന്ന പുരോഹിതന്മാരെ ചാര്‍വാകന്‍ പരിഹസിക്കുന്നുണ്ട്.
യാഗങ്ങളും സന്ധ്യാവന്ദനവും നാമജപവുമെല്ലാം അര്‍ത്ഥ സമ്പാദനാര്‍ത്ഥമാണ് ചെയ്യുന്നതെന്നാണ് ചാര്‍വാകന്റെ വിമര്‍ശം. എല്ലാ അനുഷ്ഠാനങ്ങളെയും അദ്ദേഹം പരിഹസിക്കുന്നു.
(അതിരൂക്ഷമായ ഒരു പരിഹാസമാണിത്. യജ്ഞകര്‍ത്താവിന്റെ പിതാവും ഒരു പശുവും തമ്മില്‍ മൌലികമായി യാതൊരു വ്യത്യാസവുമില്ലെന്ന് ഒന്ന്. അത്തരം ആളുകളെയൊക്കെ എളുപ്പം തീര്‍ത്ത് ഭൂമി ശുദ്ധമാക്കേണ്ടതാണ് എന്ന് മറ്റൊന്ന്).
- ഇപ്പറഞ്ഞവയില്‍ നിന്നു തന്നെ ബ്രാഹ്മണാധീശത്വത്തിനെതിരായ ബൃഹസ്പതിയുടെ രോഷം മനസ്സിലാക്കാവുന്നാതാണ്.
- അതേ സമയം അധീശരൂപം പ്രാപിക്കുന്ന മതത്തിനെതിരെ പോരാടേണ്ടത് വിശ്വാസത്തെയും ആത്മീയതയെയും നിരാകരിച്ചു കൊണ്ടാണോ? പൌരോഹിത്യത്തോടും ലോകായതത്തിന്റെ കേവല പദാര്‍ത്ഥ ദര്‍ശനത്തോടും ഒരു പോലെ പടവെട്ടിയ ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചപ്പോള്‍ ലോകായതത്തിനത് സാധിക്കാതെ പോയതെന്തുകൊണ്ടാണ്?
- ബൃഹസ്പതി ജീവിതത്തെക്കുറിച്ച് നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഉപദേശങ്ങളില്‍ ഭൌതികാസക്തിയുടെ ദര്‍ശനമാണുള്ളത്. കേവല പദാര്‍ത്ഥവാദം ആത്യന്തികമായി മനുഷ്യനില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ആസക്തി തന്നെയായിരിക്കില്ലേ? മത പൌരോഹിത്യം അധാര്‍മികതയിലേക്കു നീങ്ങുന്നത് ദര്‍ശനത്തോടുള്ള പ്രതിബദ്ധതയില്ലായ്മ മൂലമാണ്. മതം അധാര്‍മിക ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്യുന്നതു കൊണ്ടല്ല. എന്നാല്‍ പൌരാണിക ഹേതുവാദമായി വിലയിരുത്തുന്ന ചാര്‍വാക ദര്‍ശനത്തിന്റെ ആചാര്യന്‍, “ന ധര്‍മശ്ചരേത്” (ധര്‍മമാചരിക്കരുത്) എന്നുപദേശിക്കുന്നു. ദാനം തട്ടിപ്പുകാരുടെ പാഠമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
- ഇതില്‍ ധര്‍മം എന്നതുകൊണ്ടുദ്ദേശിച്ചത് ബ്രാഹ്മണര്‍ വിധിച്ച കര്‍മ്മങ്ങളാണെന്നു വേണമെങ്കില്‍ വാദിക്കാം. ദാനം എന്ന പേരില്‍ അക്കാലത്തു നില നിന്നിരുന്നതും ബ്രാഹ്മണര്‍ക്ക് പൊന്നും പശുവും നല്‍കുന്ന ഏര്‍പ്പാടായിരുന്നല്ലോ. തീര്‍ച്ചയായും നാം നേരത്തേ കണ്ടതു പോലെ അധീശമതത്തിനെതിരായ പ്രതിഷേധം തന്നെയാണിത്. എന്നാല്‍ ഇത് ഒരു ദര്‍ശനമായി വികസിച്ചപ്പോഴോ? മറ്റു ചില ഉപദേശങ്ങള്‍ ശ്രദ്ധിക്കൂ..
- അര്‍ത്ഥവും കാമവും മാത്രമാണ് പുരുഷാര്‍ത്ഥങ്ങളെന്ന് ബൃഹസ്പതി സിദ്ധാന്തിക്കുമ്പോള്‍ മോക്ഷം മാത്രമല്ല, ധര്‍മവും നിരാകരിക്കപ്പെടുകയാണ്. ധര്‍മബദ്ധമായ ജീവിതത്തെപ്പറ്റി അദ്ദേഹം പുലര്‍ത്തുന്ന ധാരണകളെന്തെന്ന് മേല്‍ ഉപദേശങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ? പ്രധാനപ്പെട്ട മറ്റൊരുദ്ധരണി കാണുക:
“യാവജ്ജീവം സുഖം ജീവേത്
ഋണം കൃത്വാ ഘൃതം പിബേത്
ഈ സുഖാസക്തിയല്ലേ ഭൌതിക വീക്ഷണങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക? ആസക്തി മത്സരമുണ്ടാക്കുന്നു. തല്‍ഫലമായി അധീശത്വവും അടിച്ചമര്‍ത്തലുമുണ്ടാകുന്നു. മറുഭാഗത്ത് പൌരോഹിത്യം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുകയും ഫലത്തില്‍ അധീശവ്യവസ്ഥയുടെ നിലനില്‍പ്പിന് സഹായമേകുകയും ചെയ്യുന്നു. ഈ രണ്ട് പ്രവണതകളേയും ചെറുത്തുകൊണ്ടാണ് ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നു വന്നത്. അവയെപ്പറ്റി പിന്നീട് ചര്‍ച്ച ചെയ്യാം.