ഗസ്സ: ഭീകരതയെ അറിയേണ്ടതും നേരിടേണ്ടതും

198225_384489671633456_1385429050_n

കത്തിയെരിയുന്ന ജീവിതങ്ങളുടെ ചിത്രങ്ങളും അതേക്കുറിച്ച ചര്‍ച്ചകളും കൊണ്ട് സജീവമായിരിക്കുകയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍. ഗസ്സയിലും ഫിലിസ്തീനിലും പതിറ്റാണ്ടുകളായി ഇടയ്ക്കിടെ കണ്ടുകൊണ്ടേയിരിക്കുന്ന കാഴ്ചകളാണ് യഥാര്‍ത്ഥത്തിലിത്. ആധുനിക യിസ്രായേല്‍ രാഷ്ട്രത്തിന്റെ അന്യായമായ രൂപപ്പെടല്‍ മുതല്‍ക്കിങ്ങോട്ടുള്ള അക്രമങ്ങളുടെ പരമ്പര. 

 

 
കേവല വംശീയത ഒരു രാഷ്ട്രത്തിന്റെ തന്നെ ആധാരമായിത്തീരുമ്പോഴാണ് മനുഷ്യന്‍ എന്ന പരിഗണന അപ്രത്യക്ഷമാകുക. ജീവിതത്തെയും ലോകത്തെയും നിഷേധാത്മകമായാണ് വംശീയവാദികള്‍ സമീപിക്കുക. വംശീയതയുമായി ദേശത്തെ കൂട്ടിയിണക്കുമ്പോള്‍ ദേശത്തോടുള്ള സമീപനവും നിഷേധാത്മകമായിത്തീരുന്നു. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് വംശീയതയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രമാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ‘അന്യ’വംശങ്ങള്‍ക്കെതിരെ ദയയില്ലാത്ത പോരാട്ടത്തിനാഹ്വാനം ചെയ്യുന്നു. വംശപരമായ അധികാരത്തിന്റെ സംസ്ഥാപനത്തിനും. 1896ലെ തിയോഡര്‍ ഹെര്‍സലിന്റെ, ജൂതരാഷ്ട്ര(The Jewish State/ Der Judenstaat)മെന്ന പുസ്തകവും സയണിസ്റ്റ് പ്രോട്ടോകോളും ഇതില്‍പ്പെടും. ലോകത്തിന്റെ തന്നെ ആധിപത്യം പിടിച്ചെടുക്കാനുള്ള യഹൂദവംശീയതയുടെ ശ്രമത്തെയായിരുന്നു അവ വിളംബരം ചെയ്തത്. ഇതിന്റെ പ്രയോഗവല്‍ക്കരണം സാധ്യമാകുന്നതിനു മുമ്പേ യൂദന്മാര്‍ക്കെതിരെ നാസി വംശീയതയുടെ കെട്ടഴിഞ്ഞു. അതിക്രൂരമായ വംശീയപീഡനത്തിനവര്‍ ഇരയായി. ഇതേ കാലത്ത് വംശീയതയുടെ മറ്റൊരു മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്യപ്പെട്ടു. 1932 ല്‍ പ്രസിദ്ധീകരിച്ച, ബെനിറ്റോ മുസ്സോലിനിയുടെ The Doctrine of Fascism. ഇത്തരം ഓരോ പ്രഖ്യാപനങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ജീവന്‍ പകരം നല്‍കേണ്ടിവന്നിട്ടുണ്ട്. റുവാന്‍ഡയിലെ ഹുതു ഗോത്രക്കാര്‍ 1957ല്‍ പ്രസിദ്ധം ചെയ്ത Bahutu Manifesto ആണ് ഹുതു ദേശീയതയുടെ ആധാരമായത്. 1994ല്‍ തുത്സി വംശജരായ എട്ടു ലക്ഷത്തോളമാളുകളുടെ ജീവനൊടുങ്ങാനതു കാരണമായി. വിദ്വേഷം തുപ്പുന്ന ആക്രാമക ദേശീയതയാണ് ഗോല്‍വല്‍ക്കറുടെ വിചാരധാരയുടേയും ദര്‍ശനം. 
 
ഫിലിസ്തീന്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയമെന്തെന്നും അതിന്റെ ആധാരദര്‍ശനമെന്തെന്നും അറിഞ്ഞ് അതിനോടുള്ള നിലപാട് രൂപപ്പെടുത്താന്‍ നാം തയ്യാറാകേണ്ടതാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും ഭീഷണമായ വംശീയ സിദ്ധാന്തമാണ് സയണിസമെന്നും ഏറെ രാക്ഷസീയവും രക്തദാഹിയുമാണതെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അതിനെതിരില്‍ നില കൊള്ളുകയെന്നത് മാനവികതയുടെ തന്നെ ഒരാവശ്യമായിത്തീരുന്നു.

 Untitled-1
എന്നാല്‍ ഒരിക്കലും വംശീയതയെ കേവലപ്രതിവംശീയത കൊണ്ട് നേരിടാനാവില്ല. ആദര്‍ശാധിഷ്ഠിതവും വിശാലവുമായ മാനവിക കാഴ്ചപ്പാടാണ് അതിനാവശ്യം. എപ്പോഴും തിരിച്ചടിക്കുന്ന, ഇരുതലവാളു പോലുള്ള ഒന്നാണ് വംശീയവും സങ്കുചിതവുമായ ചിന്തകള്‍. ചരിത്രത്തിലതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പൗരാണിക ഈജിപ്തില്‍ കോപ്റ്റ് വംശീയവാദത്തിന്റെ ഇരകളായിരുന്നു യിസ്രായേല്യരെന്ന് ബൈബിളും ഖുര്‍ആനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായും മാറി. പുറജാതികളോടുള്ള അവരുടെ സമീപനം ഇതിനുദാഹരണമാണ്. ഒരു സങ്കുചിത സ്വത്വവാദത്തെ പക്ഷേ വേദപുസ്തകം പിന്തുണയ്ക്കുന്നില്ല. ബൈബിളിലെ യോനായുടെ പുസ്തകം ഇതിനു തെളിവാണ്. എന്നിട്ടും വംശീയമായ ഔന്നത്യത്തിലും വിശുദ്ധിവാദത്തിലും വിശ്വസിച്ച യിസ്രായേല്യര്‍ പില്‍ക്കാലത്ത് ഇതേ നിലപാടുവെച്ചുപുലര്‍ത്തിയ നാസി ഫാഷിസ്റ്റ് വംശീയതയുടെ ഇരകളായിത്തീര്‍ന്നു. ഏറ്റവുമവസാനം അവരുടെ നിലപാടില്‍ ഇതേ ആവര്‍ത്തനം.

യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന കുടിപ്പകയാണ് വംശീയബോധവും അപരവല്‍ക്കരണവും കൊണ്ടുണ്ടാവുക. കുടിപ്പകയുദ്ധങ്ങളില്‍ ആരു മുന്നേറിയാലും നഷ്ടം മനുഷ്യത്വത്തിനും മനുഷ്യനുമാണ്. മനുഷ്യനേക്കാള്‍ മുകളില്‍ ഒരു വംശവുമില്ല, ഒരു സമുദായവുമില്ല. അറിഞ്ഞോ അറിയാതെയോ വിദ്വേഷം പ്രചരിപ്പിക്കുകയാണ് വിവരദോഷികളായ ചിലര്‍. ഒരു പ്രശ്‌നത്തെയും സമചിത്തതയോടെയോ ശരിയായ അവബോധത്തില്‍ നിന്നു കൊണ്ടോ നേരിടാനും വിശകലനം ചെയ്യാനും അവര്‍ക്കാവില്ല. ഗസ്സ ആക്രമണത്തോടനുബന്ധിച്ച് യൂദമതവിശ്വാസികളെ മുഴുവന്‍ ഭര്‍ല്‍സിക്കുന്നവരും ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരുമൊക്കെ (അത്തരം പ്രവണതകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്) ഇക്കൂട്ടത്തില്‍പ്പെടുന്നു. 

finalRachel
യൂദമതവിശ്വാസികള്‍ മുഴുവനും സയനിസ്റ്റുകളോ വംശീയവാദികളോ അല്ല. അവരില്‍ സയനിസത്തെയും യിസ്രായേല്‍ രാഷ്ട്രത്തെയും ശക്തിയായെതിര്‍ക്കുന്ന വ്യക്തികളും വിഭാഗങ്ങളുമുണ്ട്. 2003ല്‍ ഫിലസ്തീനികള്‍ക്കു വേണ്ടി പ്രതിരോധിച്ചതിന്റെ പേരില്‍ യിസ്രായേലി ടാങ്കര്‍ മണ്ണിലേക്കാഴ്ത്തിക്കളഞ്ഞ, റേച്ചല്‍ കോറിയെന്ന അമേരിക്കന്‍ യൂദപ്പെണ്‍കുട്ടി ഒരു പ്രതീകമാണ്. യൂദന്മാര്‍ ജീവിക്കുന്നത് യിസ്രായേലില്‍ മാത്രമല്ല. യൂദരിലെ ഏറ്റവും യാഥാസ്ഥിതിക വിഭാഗങ്ങള്‍ സയനിസത്തിനും യിസ്രായേല്‍ രാഷ്ട്രത്തിനും എതിരാണ്. യിസ്രായേല്യരുടെ ചിതറലും ഡയസ്‌പോറയും ദൈവനിശ്ചയവും വേദനിയമവുമാണെന്നും അത് തെറ്റിക്കുന്ന വിധത്തില്‍ ആധുനിക യൂദരാഷ്ട്രസംസ്്ഥാപനം കടുത്ത ദൈവധിക്കാരമാണെന്നും അവര്‍ വിശ്വസിക്കുന്നു. മറ്റ് കാരണങ്ങളാലും യിസ്രായേല്‍ രാഷ്ട്രത്താടും സയനിസത്തോടും വിയോജിക്കുന്ന ഒട്ടേറെ യൂദന്മാര്‍ യിസ്രായേലിനു പുറത്ത് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇറാന്‍ അവര്‍ക്ക് ന്യൂനപക്ഷാവകാശങ്ങളും ഭരണപ്രാതിനിധ്യവും വകവെച്ചുകൊടുത്തിട്ടുമുണ്ട്. സയനിസ്റ്റുകള്‍ സയനിസ്റ്റുകള്‍ മാത്രമാണ്. കേവല യൂദന്മാരായി അവരെ വിശേഷിപ്പിക്കുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യരുത്.

ഈ വിഷയത്തില്‍ ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ അധിനിവേശത്തോടോ അധാര്‍മികതയോടോ ഉള്ള എതിര്‍പ്പല്ല, ആ വിഭാത്തോടു തന്നെയുള്ള അന്യായമായ വെറുപ്പാണ് ഹിറ്റ്‌ലറെയും നാസിസത്തെയും സൃഷ്ടിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ നിലപാടുകള്‍ക്ക് കാലാതീതമായ ഇംപാക്ടുകളുണ്ടാവും. ഒരു സമുദായവുമായി അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ശത്രുത ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. മുസ്ലിംകളില്‍ ചിലരോ ഭൂരിപക്ഷമോ ഭീകരവാദികളായാല്‍ ആ ഭീകരതയെ ഇസ്ലാമിന്റെ തോളില്‍ കെട്ടിവെക്കുന്നതിനെ ബോധമുള്ളവര്‍ അനുകൂലിക്കുമോ?

ഒരു മതവും ഒരു തരത്തിലുള്ള ഭീകരതയേയും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് വിവരമുള്ളവര്‍ക്കറിയാം. അഥവാ ഭീകരത സൃഷ്ടിക്കുന്നവര്‍ക്ക് തങ്ങളുടേതായ ന്യായമോ അന്യായമോ ആയ രാഷ്ട്രീയ താല്പര്യങ്ങളുണ്ടാവാം. സ്വാഭാവികമായും അതിനെ രാഷ്ട്രീയമായിത്തന്നെ കാണണം. യിസ്രായേല്യരിലെ പ്രവാചകന്മാരുള്‍പ്പെടെ ഒരാചാര്യനും വേദഗ്രന്ഥവും വംശീയതയെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സയനിസത്തിന് യൂദമതവുമായോ കുരിശു യുദ്ധങ്ങള്‍ക്ക് ക്രിസ്തുദര്‍ശനവുമായോ വിചാരധാരയ്ക്ക് സനാതന ഹിന്ദുധര്‍മവുമായോ താലിബാനിസത്തിന് ഇസ്ലാമുമായോ യാതൊരിടപാടുമില്ല. 
 
dscf2158ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനം എന്ന ആശയത്തെ ഭീരുക്കളുടെ സ്വപ്‌നമായാണ് വംശീയവാദികള്‍ വിലയിരുത്തുന്നത്. അവര്‍ ദയാരഹിതമായ പിടിച്ചടക്കലില്‍ വിശ്വസിക്കുന്നു. വാഗ്ദത്തഭൂമി എന്ന ആശയത്തെയാണ് സയനിസം തങ്ങളുടെ അധിനിവേശത്തിനുള്ള ന്യായമായിക്കാണുന്നത്. യഹൂദരും അറബികളുമായ പ്രവാചകന്മാരും അവരുടെ അധ്യാപനങ്ങളും സീയോന്‍ അഥവാ സയന്‍ (Zion) എന്ന, യരുശലേം ദേശത്തിന് ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെ വലിയ ആത്മീയപ്രാധാന്യം നല്കിയതായി കാണാം. അവര്‍ യരുശലേമിനെ ‘വിശുദ്ധഭൂമി’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ പലപ്പോഴായി യൂദര്‍ക്കിടയല്‍ തല പൊക്കിയ തീവ്രവംശീയത വിശുദ്ധഭൂമിയെ ‘വാഗ്ദത്തഭൂമി’ എന്ന സങ്കല്‍പ്പത്തിലേക്ക് തരം താഴ്ത്തി.

വിശുദ്ധഭൂമി (അര്‍ദ് മുഖദ്ദിസ Holy Land), വാഗ്ദത്തഭൂമി (അര്‍ദ് മീആദ് Promised Land) എന്നീ സങ്കല്‍പ്പങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് പ്രവാചകന്മാര്‍ അഭ്യസിപ്പിച്ച മാനവികതയേയും ആത്മീയതയേയും ധാര്‍മികൗന്നത്യത്തെയും വിളംബരം ചെയ്യുന്നുണ്ടെങ്കില്‍, രണ്ടാമത്തേത് വംശീയമായ വിശുദ്ധിബോധത്തിന്റെ അടയാളമാണ്. പിടിച്ചടക്കലിനുള്ള അവകാശവാദവുമാണത്. അതാണ് ആധുനികകാലത്ത് സയനിസത്തിന്റെ ആധാരമായിത്തീര്‍ന്നത്. മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും കര്‍ത്താവായ ദൈവം എന്ന തലത്തില്‍ നിന്ന് യിസ്രായേലിന്റെ കര്‍ത്താവും കുലദൈവവുമായ ദൈവം എന്ന സങ്കുചിതത്വത്തിലേക്ക് ആത്മീയതയെ ചുരുക്കലും ലോകത്തിന്റെ രാഷ്ട്രീയ അവബോധത്തെ മുഴുവനായും സയനിസം എന്ന, എക്കാലത്തേയും ഏറ്റവും അപകടകരവും ഭീകരവുമായ വംശീയവാദത്തില്‍ തളച്ചിടലുമാണ് ഹെര്‍സലിന്റെ സിദ്ധാന്തങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് ഗസ്സയില്‍ നടക്കുന്ന അക്രമം ലോകത്തിന്റെ നന്മയ്ക്കും സ്വാതന്ത്ര്യത്തിനും എതിരായൊരാക്രമണമായിത്തീരുന്നത്. 
For_Palestine_by_STiX2000
 
സ്വാഭാവികമായും ഈ ആക്രമണത്തെ മാനുഷികമായ തലത്തില്‍ നേരിടുക എന്നതാണ് ശരിയായ മാര്‍ഗം. അതിനനുസൃതമായൊരു തലത്തിലേക്ക് നമ്മുടെ അവബോധം വികസിക്കുകയെന്നത് പ്രധാനമാണു താനും. 
 

 

ഒരു അഭിപ്രായം ഇടൂ