കൃഷി, പ്രകൃതി, ആത്മീയത

കൃഷിയും പ്രകൃതിയും രണ്ടാം ഭാഗം (കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച)

നേരായ പ്രകൃതി, ജീവിതത്തിന്റെ ഭക്ഷണം തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്, ജപ്പാനിലെ, പ്രകൃതികൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്ക. നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ‘ആധ്യാത്മികാ’നുഭവങ്ങള്‍. എന്തു കൊണ്ട് നമുക്കിതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു?

 

2) മണ്ണും മനുഷ്യനും തമ്മിലുള്ള അന്യവല്‍ക്കരണം

ക- ലാഭം അധീശവ്യവസ്ഥയാകുന്നത്:-

അഗ്രിബിസിനസ് എന്ന വാക്ക് ഒരു പക്ഷേ അടുത്തകാലത്ത് മാത്രം രൂപപ്പെട്ടതാവാം. നേരത്തേ സൂചിപ്പിച്ചിരുന്ന, പ്രകൃതിയുടെ ഹിതം എന്നതില്‍ നിന്നു ഭിന്നമായി തന്റെ ലാഭേച്ഛയ്ക്കൊത്ത് മണ്ണീനെ മുറിപ്പെടുത്തുക എന്ന പ്രക്രിയ മനുഷ്യന്‍ ആരംഭിച്ചതോടെത്തന്നെ, പക്ഷേ കൃഷി സംസ്കാരം എന്നതില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് കേവല വ്യവഹാരമായിത്തീര്‍ന്നിരുന്നു.
അങ്ങനെ കാട് വെട്ടി പാടമാക്കി മാറ്റി. പിന്നീട് പാടം നികത്തി ഫാക്റ്ററിയുണ്ടാക്കുകയും.
മഹത്തായ ഒരു നിര്‍മാണപ്രക്രിയ എന്നതു വിട്ട് ലാഭവ്യവസ്ഥിതികള്‍ കൃഷിയെ സംഹാരാത്മകമാക്കി പരിവര്‍ത്തിപ്പിച്ചു. പാടങ്ങളുടെ ചുറ്റിലുമുള്ള കുറ്റിക്കാടുകള്‍ വെട്ടി നിരത്തി അതും കൂടി കൃഷിനിലമാക്കി മാറ്റിയതോടെ അവയിലധിവസിച്ചിരുന്ന കിളീകള്‍ നശിച്ചു. അപ്പോള്‍ പാടത്ത് കീടങ്ങള്‍ പെരുകി. അപ്പോള്‍ കീടനാശിനികളുല്പാദിപ്പിക്കപ്പെട്ടു. അതോടെ മണ്ണും അന്നവും വിഷമയമായി. മനുഷ്യന്റെ ശരീരവും മണ്ണും മലിനമായി.
ലാഭാധിഷ്ഠിത പ്രക്രിയകള്‍ സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ ഭാഗമായാണ് അധീശവ്യവസ്ഥകള്‍ രൂപം കൊണ്ടത്.
‘പരമ്പരാഗതം’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള കേരളത്തിലെ കൃഷിരീതി ഫ്യൂഡല്‍, ജാതി വ്യവസ്ഥകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. നേരത്തേ നമ്മള്‍ കണ്ട രണ്ടു ഗുണങ്ങളെ (പ്രകൃത്യനുബന്ധത, പ്രതിബദ്ധത) ആധാരമാക്കുന്നതല്ല അതും അതുല്പാദിച്ച സാമൂഹിക ക്രമവും. അത് അടിയാളനെ ചൂഷണം ചെയ്യാന്‍ ജന്മിക്ക് അവസരം നല്‍കി. ശ്രേണീബദ്ധമായ ഈ വ്യവസ്ഥ മനുഷ്യബന്ധങ്ങളെ മേല്‍ കീഴ് സങ്കല്പത്തിനുള്ളിലാക്കി. അഥവാ മനുഷ്യാന്തസ്സിനെ അത് കീഴ് മേല്‍ മറിച്ചു.
ഇതില്‍ മണ്ണിനോടിടപെടുന്നവന്‍ കേവലം അടിമപ്പണിക്കാരന്‍ മാത്രമായിരുന്നു. അവന്റെ വികാരങ്ങള്‍ക്കോ ചോദനകള്‍ക്കോ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല. അതിനാല്‍ അവന് മണ്ണിനെ അറിയാനവസരം ലഭിച്ചില്ല. അഥവാ അറിഞ്ഞാലും അതിനൊത്ത് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ഹരിതവിപ്ലവാനന്തരം വികസിച്ച ശാസ്ത്രീയ കൃഷി കേരളത്തില്‍ മുതലാളിത്ത വ്യവസ്ഥയും മനസ്സുമുല്പാദിപ്പിച്ചു. ലാഭം തന്നെ പ്രേരകവും പ്രത്യയശാസ്ത്രവുമായിത്തീര്‍ന്നു. സകല മൂല്യങ്ങളെയും വെല്ലു വിളിക്കുന്ന കമ്പനികളുടെ (മൂലധനശക്തികളുടെ) ആധിപത്യം കൃഷിക്കും പ്രകൃതിക്കും മേലുണ്ടായി. അതിന് സഹായകമായ വിധത്തില്‍ ലോകക്രമം അട്ടിമറിക്കപ്പെട്ടു. ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ചുട്ടെടുത്ത് കൃഷിയുടെ നിയന്ത്രണം കമ്പനികള്‍ കൈയടക്കി. അതിന് സഹായകമായ ശാസ്ത്ര സാങ്കേതിക വികാസങ്ങളുണ്ടാവുകയും വിളകള്‍ക്ക് ജനിതകവ്യതിയാനം വരുത്തുകയും ചെയ്തു.
ഖ) ശാസ്ത്രവും സാങ്കേതികവിദ്യയും സ്വയം ധര്‍മനീതിയായിത്തീരുന്നു:-
ഇക്കാലത്ത് ഉന്നതശാസ്ത്രജ്ഞാനമായി കരുതപ്പെടുന്നതു തന്നെ കേവല സാങ്കേതിക പരികല്പനകളും നിര്‍മിതികളുമാകുന്നു. ജീവിതത്തിന്റെയും പ്രകൃതിയുടെയും പുറന്തോടുകളില്‍ തട്ടിക്കളിക്കുകയൂം ഉന്മത്ത വ്യാമോഹങ്ങളുടെ പുറകെ പായുകയും ചെയ്യുന്ന ആഴമില്ലാത്ത പ്രക്രിയയായി വിദ്യാഭ്യാസം മാറി.
ഭൌതികമാത്രമായ നാഗരികതയിലേക്ക് ആധുനിക ലോകം കൂപ്പു കുത്തി.
പുരോഗതിയെക്കുറിച്ച വര്‍ത്തമാനങ്ങളുടെ  അകമ്പടിയോടെ (ഭ്രമിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറയുന്നവര്‍ -വ മിനന്നാസി മന്‍ യുഅജിബുക ഖൌലുഹു- എന്ന് ഖുര്‍‌ആന്‍) പ്രവേശിച്ച അധീശവ്യവസ്ഥ പ്രകൃതിയേയും മനുഷ്യനേയും തകര്‍ത്തു. (അവര്‍ക്ക് ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരവിടെ നാശം പടര്‍ത്തുകയും വിളകളെയും മനുഷ്യ വംശങ്ങളെയും നശിപ്പിക്കുകയും ചെയ്യും -ഖുര്‍‌ആന്‍).
ഈശ്വരീയമായ ജ്ഞാനത്തില്‍ നിന്നും അവബോധത്തില്‍ നിന്നും മനുഷ്യജ്ഞാനം വഴി പിരിഞ്ഞു. മനുഷ്യ യുക്തി ഈശ്വരന്റെയും പ്രകൃതിയുടെയും ജ്ഞാനത്തെക്കാള്‍ മുന്തിയതാണെന്ന സങ്കല്പമുണ്ടായി. സ്വധിഷണയില്‍ മനുഷ്യനു തോന്നിയ അതിരു വിട്ട വിശ്വാസം ജീവിതത്തിന്റെയും പ്രകൃതിയുടെയും ഈശ്വരന്റെയും ദര്‍ശനത്തെ അവന് നഷ്ടപ്പെടുത്തി. “മനുഷ്യന്‍ ആദിയില്‍ മരങ്ങളുടെയും നദികളുടെയും നക്ഷത്രങ്ങളുടെയും മാര്‍ഗം പിന്തുടര്‍ന്നിരുന്നു. കൂടുതല്‍ വിദ്യ നേടി പലതും കണ്ടുപിടിച്ചതോടെയാണ് അവന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടു തുടങ്ങിയതെ”ന്ന് ലൌ ത്‌സു പറയുന്നു.
ബുദ്ധിക്ക് ദുര്‍മ്മേദസ്സ് പിടിപെട്ടു.ആര്‍ത്തിക്കു കത്താന്‍ ശാസ്ത്രം എണ്ണയൊഴിച്ചു കൊടുത്തു. മണ്ണിനെയും മറ്റ് മനുഷ്യരെയും അറിയാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെട്ടു. ഇതിനോട് എതിരു നില്‍ക്കുന്നത് ‘മഹാപാപ’മായി കരുതപ്പെട്ടു. ജനിതക വിത്തുകളെയും കീടനാശിനികളെയും എതിര്‍ക്കുന്നത് അന്ധവിശ്വാസമായിത്തീരുന്നതങ്ങനെയാണ്.
ഗ) മരുഭൂമികളുണ്ടാവുന്നു:-
പൌരാണിക നാഗരികതകളുടെ (കൃഷിയായിരുന്നല്ലോ അവയുടെ ആധാരം) കേന്ദ്രങ്ങള്‍ പോലും ഇന്ന് മരുപ്പറമ്പായി നില കൊള്ളുകയാണല്ലോ.
യൂഫ്രട്ടീസ് -ടൈഗ്രിസ് തടത്തില്‍, പ്രാചീന മെസൊപട്ടേമിയയിലാണ് കാട്ടുഗോതമ്പ് ഉല്‍ഭവിച്ചത്. അങ്ങനെ മനുഷ്യന്‍ ഗോതമ്പു വളര്‍ത്താന്‍ തുടങ്ങി. ആഫ്രിക്കയിലെ സഹാറന്‍ മേഖലയില്‍ പ്രാചീനദശയില്‍ നെല്ലു വളര്‍ത്തിയിരുന്നു. എങ്ങനെയാണ് ഈ സ്ഥലങ്ങളെല്ലാം ഇന്നത്തെ അവസ്ഥയിലേക്ക് പരിവര്‍ത്തിതമായത്?
ചില മണ്ണ് പ്രത്യേകമായ ചില വിളകളെ ആഗ്രഹിക്കുന്നു. ഈയഭിലാഷത്തെ അംഗീകരിക്കുന്നവനാവണം കര്‍ഷകന്‍. അവിടെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നത് പ്രകൃതിയോടു കാണിക്കുന്ന അക്രമമത്രെ. കേരളത്തിലെ മണ്ണിന്റെ ഗുണം (അതിന്റെ അഭിലാഷം), കേരളീയന്റെ അന്നം എന്നിവ അറിഞ്ഞു കൊണ്ടു വേണം കേരളത്തിലെ കൃഷി.
മാനുഷികവും പ്രകൃതിപരവുമായ ഒരു പ്രമാണത്തിലേക്ക്
ഈശ്വരന്‍, അതായത് നന്മകള്‍ അധിവസിക്കുന്ന ഒരു ഭൂമിയിലേക്കുള്ള (സ്വര്‍ഗത്തിലേക്കുള്ള) മടക്കത്തെപ്പറ്റി ചിന്തിക്കണം.
ദര്‍ശനത്തിന്റെയും മതത്തിന്റെയും വിശുദ്ധി വീണ്ടെടുക്കണം.
അറിവിന്റെ ലക്ഷ്യത്തെപ്പറ്റിയും മാനവികമായ ഒരു ശാസ്ത്രത്തെപ്പറ്റിയുമുള്ള ഒരവബോധത്തിലേക്ക് നാം വികസിക്കണം.
മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലുമുള്ള ധൈഷണികതയെ, ധിഷണാശാലികളെ, ജ്ഞാനികളെ സമ്മേളിപ്പിക്കുകയും സര്‍വ്വ മതങ്ങളിലെയു ശാസ്ത്രങ്ങളിലെയും കലകളിലെയും സാമൂഹിക വിജ്ഞാനീയങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് കാലാനുസൃതമായി വികസിപ്പിക്കാനും പ്രതിബദ്ധതയുടെ ഒരു ദര്‍ശനമായി അതിനെ സ്വാംശീകരിക്കാനും നമുക്ക് സാധിക്കണം.

അതതു ദേശങ്ങളിലെ സാംസ്കാരികവും പ്രാകൃതികവുമായ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടും നില നിര്‍ത്തിയും പ്രകൃത്യനുബന്ധമായ വികസന സംസ്കാരം, കാര്‍ഷിക രീതികള്‍ രൂപപ്പെടുത്തിയെടുക്കണം.

കൃഷിയും പ്രകൃതിയും

ഒന്നാം ഭാഗം

മനുഷ്യന്റെ സാംസ്കാരികവും നാഗരികവുമായ വികാസത്തിന്റെ ആരംഭത്തെയാ‍ണ് കൃഷി അടയാളപ്പെടുത്തുന്നത്. മനുഷ്യനെ കൂട്ടായ ജീവിതത്തിലേക്കും സാമൂഹികതയിലേക്കും നയിച്ചതും അതാണ്.

നദീതടങ്ങളിലാണ് പ്രാചീനമായ നാഗരികതകള്‍ മുഴുവനും വേരു പിടിച്ചത്. നദികളുടെ കൈവഴികള്‍ രക്തധമനികളും മരങ്ങള്‍ അസ്ഥികളുമായ ഒരു ശരീരമായിരുന്നു മനുഷ്യസംസ്കാരം. ഇതിന്റെ പോഷണത്തിനുള്ള അന്നമാണ് കൃഷിയിലൂടെ മനുഷ്യന്‍ സമ്പാദിച്ചത്. സ്ഥലം വില്‍ക്കണമെന്നാവശ്യപ്പെട്ട, അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധികളായ വെള്ളക്കാരോട് സിയാറ്റിലിലെ റെഡ് ഇന്ത്യന്‍ മൂപ്പന്‍ നടത്തിയ പ്രസംഗം വിഖ്യാതമാണല്ലോ? ഈ നദികളില്ലൂടെ ഒഴുകുന്ന വെള്ളം തങ്ങളുടെ രക്തമാണെന്നും മരങ്ങള്‍ പൂര്‍വ്വികരുടെ അസ്ഥികളാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവൃത്തിയിലൂടെ ആരോഗ്യം മാത്രമല്ല, സംസ്കാരത്തെയും സമൂഹത്തെയും തന്നെയാണ് മനുഷ്യന്‍ നിര്‍മ്മിച്ചത്. കൃഷിയിലധിഷ്ഠിതമായിരുന്നു പ്രഖ്യാതമായ മാനവസംസ്കാരങ്ങളെല്ലാം.

മനുഷ്യന്റെ ആധാരം മണ്ണാണെന്ന് ഖുര്‍‌ആനും ബൈബിളുമെല്ലാം പഠിപ്പിക്കുന്നുണ്ട്. “നിങ്ങളെല്ലാം ആദമില്‍ നിന്ന്, ആദമോ മണ്ണില്‍ നിന്ന്” എന്ന് നബിവചനമുണ്ട്. മനുഷ്യന്റെ അടിസ്ഥാനപ്രകൃതത്തെയാകാം ഇവിടെ ആദം എന്ന പദം കൊണ്ട് വിവക്ഷിക്കേണ്ടത്. ആ പ്രകൃതം മണ്ണില്‍ നിന്ന് രൂപപ്പെടുന്നതാണ്. അപ്പോള്‍ മണ്ണു നന്നായാല്‍ മനുഷ്യന്‍ നന്നായിയെന്നര്‍ത്ഥം. സമൃദ്ധവും ശുദ്ധവുമായ മണ്ണും വിളകളുമാണ് ശുദ്ധമായ മനുഷ്യപ്രകൃതിയെ നിര്‍മ്മിക്കുന്നത്.

1) കൃഷി -ഈശ്വരന്‍ അധിവസിക്കുന്ന പ്രകൃതിയുമായുള്ള വിനിമയം

ഖുര്‍‌ആനില്‍ മനുഷ്യന്റെ ഏതൊരു നന്മയേയും ശുദ്ധമായ മണ്ണിനോടും സമൃദ്ധമായ വിളകളോടും ഉപമിക്കുന്നതായി കാണാം. “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ധനമോ കഴിവോ) വ്യയം ചെയ്യുന്നവന്റെ പ്രവൃത്തി വിതയ്ക്കപ്പെട്ട ഒരു വിത്തു പോലെ. അതില്‍ ഏഴു കതിരുകള്‍ മുളച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികള്‍. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് പിന്നെയും ഇരട്ടിച്ചും നല്‍കുന്നു” (ഖുര്‍‌ആന്‍- സൂറ: അല്‍ ബഖറ:). നല്ല മനസ്സുകള്‍ നന്മ വിളയിക്കുന്നതിനെപ്പറ്റി ഖുര്‍‌ആന്‍ പറയുന്നു: “നല്ല ഭൂ പ്രദേശം അതിന്റെ നാഥന്റെ അനുമതിയോടെ നല്ല വിളവുകള്‍ നല്‍കുന്നു” (അല്‍ അ‌അറാഫ്).

ഈശ്വരന്‍ നന്മയാണ്. ഈശ്വരീയ സര്‍ഗാത്മകതയുടെ അടയാളമാണ് പ്രകൃതി. നന്മയുടെ ഒരാധാരത്തില്‍, ഭൂമിയില്‍ നിലനിന്നു കൊണ്ട് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന നന്മകളേയും അതിന് പിന്‍ബലമേകുന്ന പ്രകൃതി സ്രോതസ്സുകളേയും ഈശ്വരാനുഗ്രഹത്തേയുമെല്ലാം അനുഭവിപ്പിക്കുന്ന ഒട്ടേറെ ആധ്യാത്മിക വചനങ്ങളുണ്ട്. ഋഗ്വേദത്തില്‍ ഇപ്രകാരം വായിക്കാം. “ഹേ ശുന, ഹേ സീര.. എന്റെ വചനം ശ്രവിപ്പിന്‍. ഈ നഭസ്സില്‍ ഒരുക്കിയ ജലത്താല്‍ നിങ്ങളിരുവരും ചേര്‍ന്ന് ഭൂമിയെ നനച്ചാലും”(5.57.5). ശുനന്‍ വായുവും സീരന്‍ സൂര്യനുമാണ് (യാസ്കന്‍). നഭസ്സിലൊരുക്കപ്പെട്ട (ഉന്നതവും ശുദ്ധവുമായ), ജീവാധാരമായ ജലവും ശുദ്ധ വായുവും സൌരോര്‍ജ്ജവും പ്രകൃതി നിയമത്തോട് എന്ന പോലെ മനുഷ്യന്റെ അഭിലാഷത്തോടും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉത്തമമായ വിളകളുണ്ടാവുന്നു. മനുഷ്യന്റെ അധ്വാനം അതിനെ കൃഷിയും സംസ്കാരവുമായി (അഗ്രികള്‍ച്ചര്‍) പരിവര്‍ത്തിപ്പിക്കുന്നു. “ഞങ്ങളോടൊപ്പം ഞങ്ങളെ കൈവിടാതെ നില്‍ക്കുന്ന ക്ഷേത്രപതിയുടെ (ക്ഷേത്രം എന്നാല്‍ ഗര്‍ഭപാത്രം, വീട്, നാട്, കൃഷിനിലം, ആരാധനാലയം എന്നെല്ലാം അര്‍ത്ഥം, ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന ഒരു വാക്ക്) സഹായത്താല്‍ ഞങ്ങള്‍ ഗോവ്, അശ്വം, വിളകള്‍ എന്നിവയെ നേടുന്നു. ഇവ്വിധം എല്ലാക്കാര്യങ്ങളിലും അവന്‍ ഞങ്ങളോട് കരണ കാണിക്കുന്നു” (ഋഗ്വേദം: 4.57.1).
മല, മഴ, മണ്ണ്, അന്തരീക്ഷം, വിള എന്നിവയെ മനുഷ്യന്റെ നിലനില്‍പ്പിന്റെ ഉപാധികളായും ഈശ്വരീയ ദൃഷ്ടാന്തങ്ങളായും ഖുര്‍‌ആന്‍ അവതരിപ്പിക്കുന്നു. “മനുഷ്യന്‍ അവന്റെ ആഹാരത്തിലേക്കു നോക്കട്ടെ. നാം നന്നായി ജലം വര്‍ഷിച്ചത്. പിന്നെ മണ്ണിനെ പിളര്‍ക്കുകയും (വിളയാന്‍ പാകമാക്കുകയും) അതില്‍ ധാരാളം ധാന്യങ്ങളുല്‍പ്പാദിപ്പിക്കുകയും ചെയ്തത്. അതു പോലെ മുന്തിരികളും പച്ചക്കറികളും. പിന്നെ ഒലിവും ഈത്തപ്പഴവും. അപ്രകാരം തന്നെ ഇടതൂര്‍ന്ന തോട്ടങ്ങള്‍. പഴങ്ങളും പുല്‍ വര്‍ഗങ്ങളും. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ജീവനോപായങ്ങള്‍” (അബസ).

ഇതുമായി ബന്ധപ്പെട്ട ചില ധാര്‍മിക തത്വങ്ങള്‍..,
ക) ഏകത്വം എന്ന ദര്‍ശനം:-

ഏകത്വം എന്ന, ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം കേവലം ഒരൊറ്റ ദൈവത്തിലുള്ള വിശ്വാസം എന്നതിനെ മാത്രമല്ല കുറിക്കുന്നത്. പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ താളൈക്യവും കൂടിയാണത്. പ്രകൃതിയിലെ സര്‍വ്വ വൈവിധ്യങ്ങളും, മനുഷ്യന്റെ മനസ്സും ശരീരവും, വ്യക്തിയും സമൂഹവും എല്ലാം ഒരേകകമായിത്തീരുന്നു. ഖുര്‍‌ആന്‍, ഋഗ്വേദം, ധര്‍മപദം, താവോ തെ ചിങ് തുടങ്ങി സര്‍വ്വ ആധ്യാത്മിക പാഠങ്ങളും മനുഷ്യനോടാവശ്യപ്പെടുന്നത് പ്രകൃതിയുടെ മതം സ്വീകരിക്കാനത്രേ.

ഖ) ഈശ്വരന്റെ പ്രതിനിധിയായ മനുഷ്യന്‍ എന്ന സങ്കല്പം:-

ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്ന സ്ഥാനത്ത് വേദം മനുഷ്യനെ പ്രതിഷ്ഠിക്കുന്നു. ഈയനന്ത പ്രപഞ്ചത്തില്‍ ഭൂമിയിലാണ് ഈശ്വരന്റെ പ്രതിനിധി (ഖലീഫ) നിലകൊള്ളുന്നതെന്നത് ഭൂമിയുടെ പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഒപ്പം മനുഷ്യന്റെ ആത്മീയ പ്രാധാന്യത്തെയും അത് സൂചിപ്പിക്കുന്നു.

നന്മയാണ് ദൈവം. നന്മയുടെ പ്രത്യക്ഷമാണ് ഭൂമി. പ്രവര്‍ത്തിക്കാന്‍ മനുഷ്യനോടുള്ള ആഹ്വാനമാണ് വേദം. “ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടി” എന്ന, ഖുര്‍‌ആന്‍ വചനത്തെ ഭോഗാര്‍ത്ഥത്തില്‍ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. സത്യത്തില്‍ മനുഷ്യന് തന്റെ നന്മകളാല്‍  സ്വര്‍ഗം പണിയാനുള്ളതാണ് ഭൂമി എന്ന ആശയമാണത്. ഭൂമിയുടെ സഹജമായ നന്മകളെ നിലനിര്‍ത്തുക മാത്രമല്ല സ്വപരിശ്രമങ്ങളാല്‍ അതിനെ വളര്‍ത്തുകയും ചെയ്യാനുള്ള ബാധ്യതയെയാണ് വേദം പഠിപ്പിക്കുന്നത്. “നിങ്ങള്‍ മണ്ണില്‍ നിന്ന് പടക്കപ്പെടുകയും മണ്ണിന്റെ പരിപാലനം ഏല്‍പ്പിക്കപ്പെടുകയും ചെയ്തു”വെന്ന് ഖുര്‍‌ആന്‍ (ഹൂദ്). നിഷ്ക്രിയനാവലോ ചുമ്മാതിരിക്കലോ അല്ല, മറിച്ച് ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുകയെന്നതാണ് മനുഷ്യന്റെ ചുമതലയെന്നര്‍ത്ഥം.
ഈ പ്രവര്‍ത്തനമാണ് വികസനത്തിന്റെ ആധാരമാകേണ്ടത്. കൃഷിയുടേയും. ഈ വികസനം പ്രകൃത്യനുബന്ധമാണ്. അതു കൊണ്ടു തന്നെ ഈ കൃഷി കാടിനനുബന്ധവും. അതിനാല്‍ ശരിയായ കൃഷിയെ നാം പ്രകൃത്യനുബന്ധ കൃഷിയെന്നു വിളിക്കും. ഭൂമിയില്‍ ആദിമമായ നന്മകള്‍ വിളയിച്ച ഈശ്വരനാണ് ആദിമ കര്‍ഷകന്‍. ഈശ്വരീയതയുടെ നൈരന്തര്യമായി അപ്പോള്‍ കൃഷിയെ പരിഗണിക്കാം. ഇവിടെ നല്ല മനുഷ്യന്‍ എന്നതിനു തന്നെ നല്ല കര്‍ഷകന്‍ എന്ന അര്‍ത്ഥമുണ്ടാകുന്നു. കര്‍ഷകന്‍ ദൈവത്തിന്റെ അനന്തരാവകാശിയായിത്തീരുന്നു.
പ്രകൃതിയുടെ ആത്മാവു കണ്ടെത്താനുള്ള ശ്രമമാണ് കൃഷി. പ്രകൃതിയില്‍ കുടിക്കൊള്ളുന്ന ഈശ്വരേച്ഛയാണ് അതിന്റെ ആത്മാവ്.
ഈ പ്രക്രിയയില്‍ മനുഷ്യന്‍ നിലത്തെ ഭോഗിക്കുകയല്ല. അതിന്റെ സ്പന്ദനങ്ങളെ അവന്‍ അനുഭവിക്കുന്നു, അഭിലാഷങ്ങളെ അറിയുന്നു.
ഖുര്‍‌ആന്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധത്തെ നിലവും കര്‍ഷകനും തമ്മിലുള്ള ബന്ധത്തോടുപമിച്ചിട്ടുണ്ട്. സ്വാഭാവികമായും തിരിച്ച്, നിലവും കര്‍ഷകനും തമ്മിലുള്ളത്, പരസ്പരം തീവ്രാനുരാഗവും ഗുണകാംക്ഷയും പുലര്‍ത്തുന്ന ഇണകള്‍ തമ്മിലുള്ള ബന്ധമാവണമെന്നും പറയാം. ഹൈന്ദവദര്‍ശനത്തില്‍ ഈ സങ്കല്പം പ്രകൃതി-പുരുഷ മിത്തായി വികസിക്കുന്നുണ്ട്. കര്‍ഷകന്‍ നിലത്തിനു വേണ്ടി മാത്രമല്ല, നിലം കര്‍ഷനു വേണ്ടിയും ആഗ്രഹിക്കുന്നു. “നിങ്ങള്‍ വെള്ളത്തിനു വേണ്ടി ദാഹിക്കുമ്പോഴെല്ലാം വെള്ളം നിങ്ങള്‍ക്കു വേണ്ടിയും ദാഹിക്കുന്നു” (ജലാലുദ്ദീന്‍ റൂമി).
ഒരു നബിവചനത്തില്‍ ഒരു മാതൃകാ മനുഷ്യനെപ്പറ്റി പറയുന്നുണ്ട്. കര്‍ഷകനായ അയാള്‍ ഭൂമി തനിക്കു തരുന്ന ആദായത്തെ മൂന്നായി ഭാഗിക്കുന്നു. ഒരു പങ്ക് തനിക്കും കുടുംബത്തിനും. ഒന്ന് സമൂഹത്തിനു വേണ്ടി, അഥവാ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി. മൂന്നാമത്തെത് അയാള്‍ മണ്ണിലേക്കു തന്നെ മടക്കുന്നു. അതിന്റെ പോഷണത്തിനു വേണ്ടി. കൃഷി പ്രതിബദ്ധതയിലധിഷ്ഠിതമാവണം. സമൂഹത്തോട്, പ്രകൃതിയോട്, മണ്ണിനോട്. അതു വഴി ഈശ്വരനോട്.
ആദ്യമേ തന്നെ പ്രകൃതി ഉണ്ട്; ഭക്ഷണവും. നേരായ പ്രകൃതി, ജീവിതത്തിന്റെ ഭക്ഷണം എന്ന് നമുക്കവയെ വിശേഷിപ്പിക്കാം (മസനോബു ഫുക്കുവോക്ക). ഖുര്‍‌ആന്റെ ഭാഷയില്‍ സംസ്കരിക്കപ്പെട്ട ഭൂമി. അതിനു നടുവിലാണ് മനുഷ്യന്റെ ഉല്‍ഭവം. എന്നാല്‍ തനിക്കാണ് പ്രഥമസ്ഥാനമുള്ളതെന്നും തനിക്കിഷ്ടമുള്ള വിധം എന്തും തനിക്കു ചെയ്യാ(ഉല്‍പ്പാദിപ്പിക്കാം)മെന്നുമുള്ള ദര്‍ശനമംഗീകരിച്ചതോടെ ഗുണകാംക്ഷ പുലര്‍ത്തുന്ന ഇണ എന്നതില്‍ നിന്ന് പ്രകൃതിയോട് കല്‍പ്പിക്കുന്ന അഹങ്കാരിയായ യജമാനന്‍ എന്ന നിലയിലേക്ക് മനുഷ്യന്‍ മാറി. പ്രകൃതിയോടുള്ള ഏറ്റുമുട്ടലും പ്രകൃതിയെ കീഴടക്കുന്നതിനെക്കുറിച്ച ദര്‍ശനങ്ങളും മുതല്‍ അന്തക വിത്തുകളിലെത്തി നില്‍ക്കുന്ന സാങ്കേതികവിദ്യകള്‍ വരെ അങ്ങനെയുണ്ടാകുന്നതാണ്.

ഈയവസ്ഥ മനുഷ്യനെ പ്രകൃതിയില്‍ നിന്ന് അന്യവല്‍ക്കരിച്ചു. അതേപ്പറ്റിയും പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ അനിവാര്യതയെപ്പറ്റിയും അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം….