ഏകവും പരിവര്‍ത്തനാതീതവുമായ പരമസത്ത

മതത്തെയും വേദത്തെയും പറ്റി പൊതുവായി പറയാവുന്ന ചില കാര്യങ്ങളുണ്ട്. അവ,

  • ഒന്ന്) മനുഷ്യന്‍, പ്രകൃതി, ഈശ്വരന്‍ എന്നീ മൂന്നു തത്വങ്ങളാണ് പൊതുവില്‍ മതത്തിന്റെയും വേദങ്ങളുടെയും കേന്ദ്രപ്രമേയം.
  • രണ്ട്) ഇതില്‍ മനുഷ്യനും പ്രകൃതിയും ഒരേകപരമസത്തയില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്ന് മതം വാദിക്കുന്നു.
  • മൂന്ന്) ആ സത്തയെയാണ് പൊതുവേ ഈശ്വരന്‍ എന്നു വിളിക്കുന്നത്.

ഇപ്പറയപ്പെട്ട തത്വങ്ങള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാഹോദര്യത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശരിയായ സഹവര്‍ത്തിത്വത്തെയും സൃഷ്ടിക്കുന്നു. എന്നാല്‍ നിലനില്‍ക്കുന്നതും അല്ലാത്തതുമായ സംഘടിത മതരൂപങ്ങള്‍ പലതും ഈ പ്രമേയങ്ങളുടെ നിരാകരണമായാണ് പ്രയോഗത്തില്‍ വര്‍ത്തിക്കുന്നത്. ഇത് മതത്തിന്റെ ആദിമവിശുദ്ധിയില്‍ നിന്നും മനുഷ്യന്റെ ആദിമ മതബോധത്തില്‍ നിന്നുമുള്ള വ്യതിയാനം നിമിത്തം സംഭവിക്കുന്നതാ!ണെന്നു നാം മനസ്സിലാക്കുന്നു.

ആദിമ അവബോധത്തില്‍ നിന്നുള്ള ഇത്തരം വ്യതിയാനങ്ങളെ തിരുത്തുകയെന്നതായിരുന്നു പ്രവാചകന്മാരുടെ ധര്‍മം. ഈശ്വരന്റെ ഏകത്വവും ആധിപത്യവുമെന്ന ആശയത്തില്‍ നിന്നുള്ള അപഭ്രംശം ഓരോ ഘട്ടത്തിലും ധാര്‍മികവും സാമൂഹികവുമായ അപചയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുന്നു. നമ്മുടെ നിലനില്‍പ്പിന്റെ ആധാരമായ ഭൂമിയും പ്രപഞ്ചവും ആലങ്കാരികമായിപ്പറഞ്ഞാല്‍ ഒട്ടേറെ നന്മകളാല്‍ സമൃദ്ധമാണ്. ഈ നന്മകള്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്നത്, ഇതിന്റെ പുരോയാനവും വികാസവും ഈശ്വരനിശ്ചിതമായൊരു വഴിയിലൂടെയാണ് എന്ന കാരണത്താലാണ്. മനുഷ്യനിലാകട്ടെ, സ്വതന്ത്രമായ ഒരു മാനസികഘടകമുണ്ട്. ഇതിനാല്‍ നിയന്ത്രിതമാണ് അവന്റെ കര്‍മ്മങ്ങള്‍. ഈശ്വരനിശ്ചിതമായ ഒരു നിയമവ്യവസ്ഥയ്ക്ക് പ്രപഞ്ചത്തിന്റെഗതിയോടും അതിന്റെ ആത്മാവിനോടും ചേര്‍ന്നു നില്‍ക്കുന്ന ധാര്‍മിക നൈതിക വ്യവസ്ഥയ്ക്ക് വിധേയരാകുന്നതിലൂടെ ഔന്നത്യം നേടാനാണ് പ്രവാചകന്മാര്‍ ആഹ്വാനം ചെയ്തത്. പ്രകൃതിക്കു മേലുള്ള ചെറിയ ഇടപെടലുകള്‍ വരെ മാത്രം വിശാലമാകുന്ന ഒരു പ്രവര്‍ത്തനമേഖലയിലാണ് മനുഷ്യന് സ്വാതന്ത്ര്യമുള്ളത്. ഇത്തരം ഇടപെടലുകള്‍ ദൈവവിധിക്ക്, പ്രാപഞ്ചിക മൂല്യവ്യവസ്ഥയ്ക്ക് വിരുദ്ധമാകുമ്പോള്‍ നേരത്തെ പറഞ്ഞ, ഭൂമിയിലെ നന്മകളുടെ ആനുകൂല്യങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു. അങ്ങനെ പാരിസ്ഥിതികവും സാമൂഹികവുമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാകുന്നു. അതിനാല്‍ ലാ തുഫ്‌സിദൂ ഫില്‍ അര്‍ദി ബഅദ ഇസ്‌ലാഹിഹാ (ഭൂമിയില്‍ അതിന്റെ നന്മകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കേ നിങ്ങള്‍ കുഴപ്പമുണ്ടാ!ക്കരുത്) എന്നത് പ്രവാചകന്മാരുടെ അടിസ്ഥാന ഉല്‍ബോധനങ്ങളില്‍ ഒന്നായിത്തീര്‍ന്നു.
spirit 1
ഏകം എന്ന ബോധം-

ഈശ്വരന്റെ ഏകത്വം, വിശേഷണങ്ങള്‍, പ്രവര്‍ത്തികള്‍ എന്നിവയെപ്പറ്റി വ്യത്യസ്ത വേദങ്ങള്‍ വിശദമായും സമാനമായും പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ അല്ലാഹുവിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: അല്ലദീ ഖലഖ ഫസവ്വാ, വല്ലദീ ഖദ്ദറ ഫഹദാ. അല്ലാഹു സൃഷ്ടിക്കുകയും സന്തുലിതമാക്കുകയും ചെയ്തു. അവന്‍ തന്നെ വിധി നിര്‍ണ്ണയിക്കുകയും വഴി കാട്ടുകയും ചെയ്തു (സൂറഃ അല്‍ അഅലാ).
ഇതില്‍ നാല് ശീര്‍ഷകങ്ങളുണ്ട്.

1) സൃഷ്ടിപ്പ് (തഖ്‌ലീഖ്)
2) സജ്ജീകരണം (തസ്‌വിയ)
3) നിര്‍ണ്ണയം (തഖ്ദീര്‍)
4) മാര്‍ഗദര്‍ശനം (ഹിദായ)

വളരെ കണിശവും സൂക്ഷ്മവുമാണ് പ്രപഞ്ചത്തിന്റെ സജ്ജീകരണം. ഭൂമിയില്‍ ചരിത്രം നിര്‍മ്മിക്കാന്‍ കഴിയുമാറ് കായികമായും മാനസികമായും മനുഷ്യനേയും സജ്ജീകരിച്ചിരിക്കുന്നു. വിധി അല്ലാഹുവിന്റെ പക്കലാണ്. അവന്‍ തന്നെയാണ് മാര്‍ഗദര്‍ശനം നല്‍കുന്നതും. സൂര്യനും ചന്ദ്രനും മേഘങ്ങളും അവന്റെ ആജ്ഞാനുവര്‍ത്തികളാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപികുന്നു. ഓരോ ജീവിക്കും അതതിന്റെ പങ്ക് ഈ പ്രകൃതിയില്‍ നിറവേറ്റുന്നതിനാവശ്യമായ വെളിപാട് (വഹ്‌യ്) നല്‍കിയതായും അത് പഠിപ്പിക്കുന്നു. വഹ്‌യ് എന്നു തന്നെയാണ് പ്രവാചകന്മാര്‍ക്കുണ്ടാവുന്ന വെളിപാടിനും പറയുക. വിധിക്കാന്‍ ദൈവത്തിനാണവകാശം. അതില്‍ നിന്ന് ശരിയായ മാര്‍ഗദര്‍ശനമുണ്ടാകും. ഇതിന് വഴിപ്പെടുമ്പോള്‍ മനുഷ്യന്റെ വഴി ഏറ്റവും ശരിയായതായിത്തീരും.

ഋതസത്യങ്ങളെക്കുറിച്ച ബോധം-

ഇപ്രകാരം, പ്രപഞ്ചം പ്രകൃത്യാ തന്നെ അതിന് നിര്‍ണ്ണയിക്കപ്പെട്ട വിധിയില്‍ നില കൊള്ളുന്നു. മനുഷ്യനാകട്ടെ, ധാര്‍മിക നിയമങ്ങള്‍ പാലിക്കാ!ന്‍ ബാധ്യസ്ഥനുമാകുന്നു.

ഈ പ്രാപഞ്ചിക, ധാര്‍മിക നിയമങ്ങളെയാണ് ഋഗ്വേദം ഋത സത്യങ്ങളെന്ന് വിശേഷിക്കുന്നത്.

ഏകനും അദൃശ്യ (ജാലവാന്‍  മായാവി)നുമായ ഏതൊരീശ്വരന്‍ തന്റെ ശക്തികളാല്‍ സര്‍വലോകങ്ങളേയും ഭരിക്കുന്നുവോ, ഏതൊരുവന്‍ ഏകനായിക്കൊണ്ടു തന്നെ ഉല്പത്തിയിലും സമ്യഗ് ഭാവത്തിലും തന്റെ ശക്തികളാല്‍ ഭരിക്കുന്നുവോ അവനെ അറിയുന്നവര്‍ മരണരഹിതരായി വര്‍ത്തിക്കുന്നു (ശ്വേതാശ്വതരോപനിഷത്ത് 3:1).

അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവന്റേതാകുന്നു (ഖുര്‍ആന്‍ അല്‍അഅറാഫ്:54).

തന്റെ സത്തയേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച സത്യങ്ങള്‍ ഈശ്വരന്‍ വേദത്തിലൂടെയും പ്രവാചകന്മാരിലൂടെയും വെളിപ്പെടുത്തുന്നു. അങ്ങനെ അവന്‍ സ്വയം പ്രകാശിപ്പിക്കുന്നു. ദൈവികാനുഭവങ്ങളിലൂടെ പ്രവാചകന്മാര്‍ ദൈവത്തിന്റെ യാഥാര്‍ത്ഥ്യത്തെയും ജീവിതത്തെക്കുറിച്ച ദൈവപാഠങ്ങളെയും അറിയുന്നു.

അബ്രഹാമിന് തൊണ്ണൂറ്റൊമ്പതു വയസ്സുള്ളപ്പോള്‍ കര്‍ത്താവു പ്രത്യക്ഷനായി അരുള്‍ ചെയ്തു: ഞാനാണ് സര്‍വ്വശക്തനായ ദൈവം. നീ എന്റെ മുമ്പാകെ നടക്കുക, കുറ്റമറ്റവനായിരിക്കുക. ഞാനും നീയും തമ്മില്‍ ഒരുടമ്പടി ഉണ്ടായിരിക്കും. ഞാന്‍ നിന്നെ വളരെ വര്‍ദ്ധിപ്പിക്കും (ബൈബിള്‍  ഉല്പത്തി 17:1).

അവിടെയെത്തിയപ്പോള്‍ (മൂസാ) ഒരു വിളി കേട്ടു: അല്ലയോ മൂസാ, ഞാനാണ് നിന്റെ റബ്ബ് (ഈശ്വരന്‍). നിന്റെ പാദരക്ഷകള്‍ അഴിച്ചു വെക്കുക. നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ആകയാല്‍ ഞാന്‍ വെളിപ്പെടുത്തുന്നത് നീ ശ്രദ്ധിക്കുക. ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ അധികാരശക്തികളൊന്നും തന്നെയില്ല. അതിനാല്‍, എനിക്കു വഴിപ്പെടുക. എന്നെ സ്മരിക്കാന്‍ നിസ്‌കാരം നില നിര്‍ത്തുക (ഖുര്‍ആന്‍ ത്വാഹാ:11-14).

വെളിപാടു ലഭിച്ച പ്രവാചകന്മാര്‍ ഏകത്വത്തിലും ഈശ്വരീയ മൂല്യങ്ങളിലുമൂന്നിയ ജീവിതത്തെ പരിശീലിപ്പിച്ചു. ബൈബിളില്‍ ഇങ്ങനെ വായിക്കാം, യിസ്‌റായേലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്‌നേഹിക്കണം. (ആവര്‍ത്തനം 6:45). ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍. നീ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്ത്വീകരിച്ചു (യോഹന്നാന്‍ 17:34). അയക്കപ്പെട്ടവരും ദൌത്യം ഏല്‍പ്പിക്കപ്പെട്ടവരുമായിരുന്നു പ്രവാചകന്മാര്‍.

പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ-

ഉണ്ടാവണം എന്ന, ഈശ്വരന്റെ ഉദ്ദേശ്യവും ഉണ്ടാവുക എന്ന കല്പനയുമാണ് ഉല്പത്തിയുടെ നിദാനമെന്ന് വേദം. ഒരു കാര്യം ഉണ്ടാവണമെന്നുദ്ദേശിച്ചു കഴിഞ്ഞാല്‍ അതിനോടവന്‍ ഉണ്ടാവുക എന്നു കല്പിക്കുന്നു. അപ്പോള്‍ അതുണ്ടാവുന്നു (ഖുര്‍ആന്‍  യാസീന്‍:82). ആദിയില്‍, അഥവാ ഭൌതികപ്രപഞ്ചത്തിന്റെ ആദിക്കുമപ്പുറത്ത് അനാദിയായി നിലകൊണ്ടിരുന്ന ഈശ്വരനെ പരാമര്‍ശിച്ചുകൊണ്ടാണ് ഐതരേയോപനിഷത്ത് ആരംഭിക്കുന്നത്. ഈ ഈശ്വരന്‍ സ്വധയോടു കൂടിയ ഒന്നാണ് എന്ന് ഋഗ്വേദം. സ്വധാ എന്നാല്‍ തന്നില്‍ത്തന്നെയുള്ള ധാരണാശക്തി.

ഈ സ്വധയാണ് പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ. ഖുര്‍ആന്‍ ഇതിനെ ഇറാദത്ത്, ഖദാ എന്നെല്ലാം വിശേഷിപ്പിക്കുന്നു. ഇതില്‍ നിന്നാണ് ഉണ്ടാവട്ടെ (ഖുര്‍ആന്റെ ഭാഷയില്‍ കുന്‍) എന്ന കല്പനയുണ്ടാകുന്നത്. പദാര്‍ത്ഥപ്രപഞ്ചം ഒരു നിലക്ക് അനാദിയായിത്തന്നെ നിലകൊണ്ടിരുന്നു. പദാര്‍ത്ഥവാദികള്‍ വാദിക്കുമ്പോലെ കേവലഭൌതികമായിക്കൊണ്ടല്ല. മറിച്ച് അഭൌതിക രൂപത്തില്‍, ഈശ്വരന്റെ ഇച്ഛയായിക്കൊണ്ട്. ആ ഇച്ഛയാണ് പദാര്‍ത്ഥലോകമായി വികാസം പ്രാപിക്കുന്നത്. അത് വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പദാര്‍ത്ഥത്തിനുണ്ടാകുന്ന പരിവര്‍ത്തനം പരിണാമമാണ് ഭൌതികവാദിക്ക്. എന്നാല്‍ വേദവീക്ഷണത്തില്‍ അത് വികാസമാണ്. ഈശ്വരന്റെ സ്വധാ (ഖദാ, ഇറാദത്ത്) ദൃശ്യപ്രപഞ്ചത്തിലേക്ക് വികസിച്ചു. ശേഷം ഈശ്വരകല്പനകള്‍ക്ക്, പ്രപഞ്ചനിയമങ്ങള്‍ക്ക് വിധേയമായി പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു. ആകാശത്തെ നാം നമ്മുടെ ശേഷിയാല്‍ നിര്‍മ്മിച്ചു. എന്നിട്ടാകട്ടെ, നാമതിനെ വികസിപ്പിക്കുന്നവനുമാകുന്നു (ഖുര്‍ആന്‍  അദ്ദാരിയാത്ത്:47).

ഈ ഇറാദത്തിനെ, സ്വധയെ, ആവാം ഐതരേയോപനിഷത്ത്  തുടര്‍ന്നു വിശദീകരിക്കുന്നത്. സ ഈക്ഷത ലോകാന്നു സൃജാ ഇതി (ലോകങ്ങളെ സൃഷ്ടിക്കട്ടെ എന്ന് ഈശ്വരന്‍ ഉദ്ദേശിച്ചു). ഖുര്‍ആനില്‍, വ ഇദാ ഖദാ അംറന്‍ (ഒരു കാര്യം അവന്‍ ഉദ്ദേശിച്ചാല്‍) എന്നു പറയുന്നതിലും ദൈവികമായ ഉദ്ദേശ്യം എന്നു വരുന്നുണ്ട്. ഈ ഉദ്ദേശ്യത്തെയും ഉദ്ദേശാനുസൃതമായ പ്രവര്‍ത്തനത്തെയും വിവരിച്ചു കൊണ്ടാണ് ബൈബിള്‍ ഉല്പത്തി പുസ്തകം ആരംഭിക്കുന്നത്. അതില്‍ വിവരിച്ചിട്ടുള്ള സൃഷ്ടിക്രമത്തിന്റെ വിശദാംശങ്ങളില്‍ അശാസ്ത്രീയത ആരോപിക്കാന്‍ പറ്റും. വിവരണത്തില്‍ പില്‍ക്കാലത്ത് സംഭവിച്ച അബദ്ധം നിമിത്തമാവാം അത്. എന്നാല്‍ അതില്‍ സൂചിതമാകുന്ന അടിസ്ഥാനാശയം ഈ ഖദാ (സ്വധ) തന്നെയാണ്. ഈശ്വരന്റെ ഉദ്ദേശ്യത്താല്‍ അംഭസ്സ്, മരീചി, മരം, അപ് എന്നീ ലോകങ്ങളുണ്ടായി. ഉപരിലോകമാണ് അംഭസ്സ്. മരീചിയെന്നാല്‍ അന്തരീക്ഷം. മരം ഭൂമിയും അപ് ഭൂമിക്കു കീഴെയുള്ളതുമാകുന്നു. ഇത് ഭൂമിയില്‍ നില കൊള്ളുന്ന മനുഷ്യന്റെ കാഴ്ചാനുഭവങ്ങളെ ആധാരമാക്കി മാത്രമുള്ളൊരു വിഭജനമാകുന്നു. ഈ നാല് ലോകങ്ങളുടെയും അധിപന്‍ അല്ലാഹുവാണെന്ന് (ലഹു മാ ഫിസ്സമാവാത്തി വല്‍ അര്‍ദി വമാ ബൈനഹുമാ വമാ തഹ്തഥറാ = ആകാശങ്ങളിലും അംഭസ്സ് ഭൂമിയിലും മരം അവയ്ക്കിടയിലും മരീചി മണ്ണിനടിയിലും അപ് ഉള്ളതെല്ലാം അവന്റേതു തന്നെ ത്വാഹാ:6 ) ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

മനുഷ്യന്റെയും ആദിമ സൂക്ഷ്മരൂപം ഈ ഖദായില്‍ത്തന്നെ കുടി കൊണ്ടിരുന്നു. ലോകോല്പത്തി വിവരണത്തിനു ശേഷം ഉപനിഷത്ത് അതിങ്ങനെ തുടരുന്നു: സ ഈക്ഷതേ മേനു ലോകാ ലോകപാലാന്നു സൃജാ ഇതി (ഈശ്വരന്‍ വിചാരിച്ചു: തീര്‍ച്ചയായും ഇതെല്ലാം ലോകങ്ങളായിത്തീര്‍ന്നു. ഇനി ലോകപാലകനെ മനുഷ്യനെ സൃഷ്ടിക്കട്ടെ)ഐതരേയോപനിഷത്ത് 1:1:3. ലോകപാലകന്‍ എന്ന പ്രയോഗം മനുഷ്യന്റെ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ ഇതിന് സമാനമായി ഖലീഫ എന്ന പദമുപയോഗിക്കുന്നു. ജീവാത്മാവ് എന്ന അസ്തിത്വത്തിന്റെ അധിഷ്ഠാനമായി മനുഷ്യശരീരം നിര്‍മ്മിക്കപ്പെടുന്നത് ഐതരേയോപനിഷത്ത് ഒന്നാമധ്യായം രണ്ടാം ഖണ്ഡത്തില്‍ കാണാം. തുടര്‍ന്ന് മൂന്നാം ഖണ്ഡത്തില്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കുമാവശ്യമായ ജീവനോപാധികള്‍ നിര്‍മ്മിച്ചതും ഈശ്വരനില്‍ നിന്നൊരാത്മാവ് മനുഷ്യനില്‍ പ്രവേശിച്ചതും വിവരിക്കുന്നു.

ആദികാരണം-

കാര്യകാരണബന്ധങ്ങളുടെ  വലിയൊരു ശൃംഖലയിലാണ് ലോകം നിലനില്‍ക്കുന്നത്. ഈ കാരണങ്ങളുടെയെല്ലാം കാരണമായ ആദികാരണമാണ് ഈശ്വരന്‍. അവനാണ് അല്ലാഹു. യിസ്രാഏലിന്റെ യാഹ്‌വേയും സരതുഷ്ട്രരുടെ അഹുരമസ്ദും അഖ്‌നാറ്റന്റെ ആറ്റനും ഇതേ ആദികാരണം തന്നെ. പരബ്രഹ്മമെന്നും താവോ എന്നുമൊക്കെ ചിന്തകന്മാര്‍ വിളിക്കുന്നത് പരിവര്‍ത്തനാതീതമായ ഇതേ ആദിമപരമസത്തയെത്തന്നെ. പ്രപഞ്ചനിയമങ്ങളും സദാചാരനിയമങ്ങളും അവനില്‍ നിന്നാണെന്ന് ഖുര്‍ആന്‍. അഥവാ അവനാണ് ഋതസത്യങ്ങളുടെ ആവിഷ്‌കാരകന്‍. ജഗത്തിന്റെ മുഴുവന്‍ അധിപനായ ആറ്റന്‍ സദചാരവ്യവസ്ഥയുടെയും കര്‍ത്താവാണെന്ന് ഫറോവ അഖ്‌നാറ്റന്‍. മനുഷ്യന്റെ ചാരിത്ര്യ ശുദ്ധിക്കും സത്യസന്ധതക്കും പ്രതിഫലം തരുന്നവനാണ് ആറ്റന്‍. മനുഷ്യനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനും പ്രതിഫലദിവസത്തിന്റെ ഉടമസ്ഥനു (മാലിക് യൌമിദ്ദീന്‍)മാണ് അല്ലാഹു. അവന് തുല്യനായി ആരും തന്നെയില്ല (വലം യകുന്‍ ലഹു കുഫുവന്‍ അഹദ് ഖുര്‍ആന്‍ അല്‍ ഇഖ്‌ലാസ്).

ആദിമധ്യാന്ത വിഹീനനായ താവോ സ്വര്‍ഗവും ഭൂമിയും ഉണ്ടാകും മുമ്പേ ഉള്ളതാണ് (ലൌ ദ്‌സു താവോ തെ ചിങ്ങ്). അതായത് അതിന് ആദിയും അന്ത്യവുമില്ല. എന്നാല്‍ ആദിയും അന്ത്യവും അതു തന്നെയാണ്. തദൈജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ തദന്തരസ്യ സര്‍വസ്യ തദു സര്‍വസ്യാസ്യ ബാഹ്യത (അത് ചലിക്കുന്നു, എന്നാല്‍ അത് നിഴലവുമാണ്. അത് ദൂരത്താണ്, അടുത്തുമാണ്. അത് എല്ലാറ്റിന്റെയും ഉള്ളിലാണ്, എല്ലാറ്റിന്റെയും പുറത്തുമാണ്.) എന്ന് ഈശാവാസ്യോപനിഷത്ത് (5). ഹുവല്‍ അവ്വലു വല്‍ ആഖിറു വള്ളാഹിറു വല്‍ ബാത്വിന്‍ (അവന്‍ ആദിയാണ് അന്ത്യവുമാണ്. അകവും പുറവുമാണ്.) എന്ന് ഖുര്‍ആനിലും (അല്‍ ഹദീദ്:3) കാണാം.
purity -Mojgan Kazemifakhr
പ്രപഞ്ചത്തിന്റെ വെളിച്ചം-

അതുല്യപ്രകാശമാണ് അഹുരമസ്ദ് (സെന്ദ് അവെസ്ത). ആകാശ ഭൂമികളുടെ പ്രകാശമായി ഖുര്‍ആന്‍ (അന്നൂര്‍:35) അല്ലാഹുവിനെ വിശേഷിപ്പിക്കുന്നു. ദൈവികമായ ആ കിരണപ്രവാഹത്തെ, ശ്രേഷ്ഠമായ ചൈതന്യത്തെ (സവിതാവിന) ഞങ്ങള്‍ ധ്യാനിക്കുന്നു (തത് സവിതുര്‍ വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി) എന്ന് ഋഗ്, യജുര്‍, സാമ വേദങ്ങള്‍.

മനുഷ്യന്റെ വാഗിന്ദ്രിയം, മനസ്സ്, കണ്ണ്, കാത്, പ്രാണന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പറാഞ്ഞു കൊണ്ടാണ് കേനോപനിഷത്തിന്റെ ആരംഭം. അവയ്ക്ക് യഥാക്രമം വാഗ്വൈഭവം, മനനശേഷി, കാഴ്ച, കേള്‍വി, പ്രവര്‍ത്തനൌത്സുക്യം എന്നിവ നല്‍കിയത് ഈശ്വരനാണെന്ന് സൂചിപ്പിക്കുകയും എന്നാല്‍ അവയൊന്നിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഈശ്വരന്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ഓരോ പരാമര്‍ശവും തദേവ ബ്രഹ്മത്വം വിദ്ധി, നേദം യദിതമുപാസതേ (ആ ഈശ്വരന്‍ തന്നെയആണ് പരബ്രഹ്മം, ഇത് എന്നറിഞ്ഞുകൊണ്ട് നീ ഉപാസിക്കുന്നതൊന്നുമല്ല) എന്നവസാനിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്ക് കര്‍മശേഷി നല്കിയത് അല്ലാഹുവാണെന്നും എന്നാല്‍ അവന്‍ ഇന്ദ്രിയങ്ങള്‍ക്കപ്രാപ്യനാണെന്നും ഖുര്‍ആന്‍. ലാ തുദ്‌രികുഹുല്‍ അബ്‌സാറു വഹുവ യുദ്‌രികുല്‍ അബ്‌സാറ വഹുവല്ലത്വീഫുല്‍ ഖബീര്‍ (കണ്ണുകള്‍ക്ക് അവനെ കാണാനാവുന്നില്ല, അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവന്‍, എല്ലാമറിയുന്നവന്‍ (അല്‍ അന്‍ആം:103). യേശു ഇങ്ങനെ പറഞ്ഞു: ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പിതാവ് എന്നെ അയച്ചിരിക്കുന്നുവെന്നതിന് സാക്ഷ്യം വഹിക്കുന്നു. എന്നെ അയച്ച പിതാവ് തന്നെ എനിക്കു സാക്ഷ്യം വഹിക്കുന്നു. നിങ്ങളോ, അവന്റെ ശബ്ദം ഒരു നാളും കേട്ടിട്ടില്ല, രൂപം ഒരു നാളും കണ്ടിട്ടില്ല (യോഹന്നാന്‍ 5:36-38).

സ്ഥലവും കാലവും-

ആദിയും അന്ത്യവുമായ അല്ലാഹു, കാലമാണ്. അഥവാ അല്ലാഹു തന്നെയാണ് കാലം. അനദ്ദഹ്ര്‍ (ഞാനാണ് കാലം) എന്ന് അല്ലാഹുവിന്റെ വചനം നബി ഉദ്ധരിച്ചിട്ടുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ഒത്തു ചേരുന്ന ഓം എന്ന വിശേഷണം നല്‍കിക്കൊണ്ട് പരബ്രഹ്മത്തെ വിവരിക്കുന്ന മാണ്ഡൂക്യോപനിഷത്ത് ഭൂതവും വര്‍ത്തമാനവും ഭാവിയും ത്രികാലങ്ങള്‍ക്കപ്പുറം കാലമുണ്ടെങ്കില്‍ അതും ഓംകാരം തന്നെയെന്നു പ്രകീര്‍ത്തിക്കുന്നു.

മതവും മതവും-

ഈശ്വരാഭീഷ്ടത്തിനു കീഴ്‌പ്പെടുന്നവര്‍ക്ക് എല്ലാ അസ്വാതന്ത്ര്യങ്ങളില്‍ നിന്നുമുള്ള മോചനവും നീതിയിലേക്കും മുക്തിയിലേക്കുമുള്ള യാത്രയും പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, കേവലാനുഷ്ഠാനപരവും വ്യവസ്ഥാപിതവുമായ മതങ്ങള്‍ ആത്മീയവും രാഷ്ട്രീയവുമായ അസ്വാതന്ത്ര്യത്തിലേക്ക് ജനതയെ നയിക്കുന്നു.ധാരാളം അനുഷ്ഠാനങ്ങള്‍ ധാരാളം ദൈവങ്ങളെ സൃഷ്ടിക്കുന്നു. അവയും അവയുടെ പുരോഹിതന്മാരും ചേര്‍ന്ന് ജീവിതത്തിനു മേല്‍ പല തരം ഭാരങ്ങള്‍ കെട്ടിവെക്കുന്നു. ഐഹികവും പാരത്രികവുമായ വിമോചനമത്രേ പ്രവാചകന്മാരുടെ ലക്ഷ്യം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )